Latest News
|^| Home -> Editorial -> അമ്പത് നോമ്പ്: അടക്കത്തിന്‍റെ അമ്പത് വഴികള്‍

അമ്പത് നോമ്പ്: അടക്കത്തിന്‍റെ അമ്പത് വഴികള്‍

Sathyadeepam

സൃഷ്ടികളില്‍നിന്ന് സ്രഷ്ടാവിലേക്കു തിരിയാന്‍, വസ്തുക്കളില്‍നിന്നു വാസ്തവങ്ങളിലേക്ക് ഉയരാന്‍ ഒരു നോമ്പുകാലം. നോമ്പിന്‍റെ 50 നീണ്ട ദിവസങ്ങള്‍ തുടങ്ങുന്നതിനുമുമ്പുള്ള സങ്കടം തീര്‍ക്കാനും അവസാനിച്ചതാഘോഷിക്കാനും കണ്ണും കാതും ഉദരവും ഒരുപോലെ ആഗ്രഹിക്കുന്നതിന്‍റെ പ്രലോഭനത്തിലാണു നാം. മാംസം ഒഴിവാക്കുന്നതു നോമ്പും അത് അളവില്‍ കൂടുതല്‍ അകത്താക്കുന്നത് ആഘോഷത്തിന്‍റെ ഉച്ചിസ്ഥായിയുമാണെന്നു നമ്മെ പഠിപ്പിച്ച വിദേശ സഭാപാരമ്പര്യത്തോടു കലഹിക്കാന്‍ തോന്നുന്നു.

ആഗോളസഭയില്‍ നോമ്പ് ആരംഭിക്കുന്ന വിഭൂതി തിരുനാള്‍ ഇത്തവണ വാലന്‍റൈന്‍സ് ഡേയില്‍ ആണെന്നതു കൗതുകകരമാണ്. പാശ്ചാത്യസഭയില്‍ ആരംഭിക്കുകയും പിന്നീടു ജാതി-ദേശ ഭേദമെന്യേ സ്നേഹത്തിന്‍റെ ഉത്സവമായി ലോകം മുഴുവന്‍ ഏറ്റെടുക്കുകയും ചെയ്ത ഈ തിരുനാള്‍ വിഭൂതിയോടു ചേര്‍ത്തുവയ്ക്കുന്നതു സ്നേഹത്തിനു നാം നല്കേണ്ട വിലയെ ഓര്‍മ്മിപ്പിക്കുന്നു. മാംസത്തെ കരിച്ചു ചാരമാക്കി, കുരിശാക്കി അതു നെറ്റിയിലണിയുമ്പോഴാണു സ്നേഹമെന്ന വികാരം ഹൃദയത്തിന്‍റെ ഭാഗമാകുന്നത്.

ഓശാന ഞായറില്‍ നമ്മള്‍ ഉപയോഗിച്ച വെഞ്ചെരിച്ച കുരുത്തോലകള്‍ കത്തിച്ചു ചാരമാക്കിയാണു വിഭൂതി തിരുനാളില്‍ നാം നെറ്റിയില്‍ പൂശുക. ജനം എന്നെ തോളിലേറ്റാന്‍ ഉപയോഗിച്ച അലങ്കാരങ്ങള്‍ നാളെ ചാരമാകുമെന്നും ഉയിര്‍പ്പിന്‍റെ മഹത്ത്വത്തിലേക്കുള്ള വഴി ഈ ചാരം പൂശിയ കുരിശാണെന്നും വിഭൂതി ഓര്‍മ്മിപ്പിക്കുന്നു. “മരണത്തിലൂടെ നടന്നു ജീവനിലേക്കു പ്രവേശിച്ച കര്‍ത്താവായ യേശു നമ്മില്‍ നിറയ്ക്കുന്ന പ്രത്യാശയുടെ കാലമാണു നോമ്പ്” എന്നു ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ വാക്കുകള്‍.

അടക്കത്തിന്‍റെ വഴികളും ശൈലികളും നാം പഠിക്കുന്നതും സ്വന്തമാക്കുന്നതുമായ ഒരു കാലമാകട്ടെ ഈ നോമ്പ്. മാംസാഹാരം ഒഴിവാക്കുന്നതും പ്രായശ്ചിത്ത പ്രവൃത്തികള്‍ അനുഷ്ഠിക്കുന്നതും നമ്മിലുണ്ടാകേണ്ട ഈ അടക്കത്തിന്‍റെ സംസ്കാരത്തിലേക്കുള്ള വഴികള്‍ മാത്രം. നോമ്പിന്‍റെ അമ്പതു ദിവസം ഭക്ഷണവും ചെലവുകളും ഉപേക്ഷിച്ചിട്ടു നോമ്പിനുശേഷം അതിന്‍റെ രണ്ടിരട്ടി കഴിക്കുന്നതും ആഘോഷങ്ങള്‍ നടത്തുന്നതുമാണോ നോമ്പിന്‍റെ ഉദ്ദേശ്യം? എന്നെ ഞാന്‍ അടക്കുന്നത് അത് എന്നിലെ ഒരു സംസ്കാരമാകാന്‍ വേണ്ടിയാണ്.

എന്‍റെ വാഹനം നിരത്തിലൂടെ ഓടിക്കുന്നതിന്‍റെ ശൈലി, പൊതു ഇടങ്ങളും വസ്തുക്കളും ഉപയോഗിക്കുന്ന രീതി, മണ്ണും പൊന്നും ആര്‍ജ്ജിക്കുന്ന വഴികള്‍, വീടിനു പുറത്തെ എന്‍റെ വ്യക്തിബന്ധങ്ങളിലെ അളവ്, ആഘോഷങ്ങളോടുള്ള ആര്‍ത്തി… അച്ചുകളുടെ അടക്കങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നതല്ലേ ഈ “അച്ചടക്കം” എന്ന പദംകൊണ്ടു വിവക്ഷിക്കുന്നത്? “എന്തെന്നാല്‍ നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്‍റെ അധിപന്മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്” (എഫേ. 6;12) അടക്കത്തിന്‍റെ ഈ ശൈലി സ്വന്തമാക്കാന്‍ വേണ്ട ഉപകരണങ്ങളുടെ പട്ടികയും വി. പൗലോസ് തുടര്‍ന്നു നല്കുന്നുണ്ട്: അര മുറുക്കാന്‍ സത്യം, നീതിയുടെ കവചം, സമാധാനത്തിന്‍റെ സുവിശേഷമാകുന്ന പാദരക്ഷകള്‍, വിശ്വാസത്തിന്‍റെ പരിച, രക്ഷയുടെ പടത്തൊപ്പി, ആത്മാവിന്‍റെ വാള്‍.

വിശ്വാസത്തോടുള്ള ആവേശം നവീകരിക്കാനും ഹൃദയത്തിലെ ദൈവസ്നേഹജ്വാലയെ ആളിക്കത്തിക്കാനും ഈ കാലം ഉപയോഗിക്കണമെന്നാണു 2018-ലെ തന്‍റെ നോമ്പുകാലസന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ ലോകത്തോട് ആവശ്യപ്പെടുന്നത്. തണുത്ത ഹൃദയങ്ങള്‍ക്കും ആധുനിക ലോകത്തിലെ വ്യാജ പ്രവാചകന്മാര്‍ക്കുമെതിരെ തന്‍റെ സന്ദേശത്തില്‍ മാര്‍പാപ്പ മുന്നറിയിപ്പു നല്കുന്നു. വികാരങ്ങളുടെയും സമ്പത്തിനോടുള്ള ആര്‍ത്തിയുടെയും തടവറയിലേക്ക് അവ നമ്മെ പ്രലോഭിപ്പിച്ചയയ്ക്കുന്നു. പ്രാര്‍ത്ഥനയുടെ ദാനധര്‍മ്മവും ഉപവാസവും അടങ്ങുന്ന നോമ്പുകാലം സഭ നമുക്കു നല്കുന്ന ഒരു സൗഖ്യദായകപരിഹാരമാണ്; പാപ്പ എഴുതുന്നു.

ദൈവസ്നേഹത്തില്‍ മുങ്ങിനിവരാനുള്ളതാണീ നോമ്പുകാലം. അതിനുള്ള തീവ്രാഭിലാഷത്തില്‍ നാം മറന്നുപോകുന്ന ഭക്ഷണസമയങ്ങളാവട്ടെ നമ്മുടെ ഉപവാസങ്ങള്‍. തിരുഹൃദയസ്നേഹത്തില്‍ ലയിക്കാന്‍ നാമൊഴുക്കുന്ന ചോരയും നീരുമായിരിക്കട്ടെ നമ്മുടെ പ്രായശ്ചിത്ത പ്രവൃത്തികള്‍.

Comments

4 thoughts on “അമ്പത് നോമ്പ്: അടക്കത്തിന്‍റെ അമ്പത് വഴികള്‍”

 1. shaji says:

  why u using this pic?
  change it admin team

 2. jose says:

  ഇൗ ഫോട്ടോ ഇടേണ്ട ഒരു കാര്യവുമില്ല. രണ്ടു പേര്‍ ചൂണ്ടിക്കാട്ടിയിട്ട് ഒരു മാറ്റവുമില്ല. എന്തായിത്?

 3. jose says:

  ഫോട്ടോ മാറ്റിയല്ലോ. സന്തോഷം

Leave a Comment

*
*