മയങ്ങി മറയുന്ന യുവകേരളം

മയങ്ങി മറയുന്ന യുവകേരളം

ലഹരിയാണ് ഇപ്പോള്‍ കേരളം നേരിടുന്ന മഹാവിപത്ത്. കുട്ടികളെ കൗമാരത്തില്‍ത്തന്നെ പിടികൂടി യൗവ്വനാരംഭത്തിലേ നശിപ്പിക്കുന്ന മഹാദുരന്തം! ലഹരിയെന്നാല്‍ മദ്യമോ കഞ്ചാവോ മാത്രമായിരുന്ന കാലമൊക്കെ മാറി. ഇതിപ്പോള്‍ രാസലഹരിയുടെ കാലമാണ്. മാത്രമല്ല അതു നമ്മുടെ തൊട്ടടുത്താണ്. നമുക്കറിയാവുന്ന കുട്ടികള്‍തന്നെ അതിനിരകളുമാണ്.

എക്സൈസ് വകുപ്പ് വിമുക്തി കൗണ്‍സില്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴേക്കും സഹായം തേടിയെത്തിയ കുട്ടികളുടെ എണ്ണം ആയിരത്തോളമെന്നറിയുമ്പോഴാണു ലഹരിയുടെ നീരാളിക്കൈകള്‍ എത്രയോ വലുതെന്നും വ്യാപകമെന്നും നാം തിരിച്ചറിയുന്നത്. 2019-ല്‍ മാത്രം കേരളത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ലഹരിക്കേസുകള്‍ 2640 എണ്ണമാണ്.

നമ്മുടെ വിദ്യാലയമുറ്റങ്ങളില്‍ കുട്ടികള്‍ക്കു കൈമാറുന്ന ലഹരികളെല്ലാം തനി നാടനല്ലെന്നും ബൊളീവിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ തുടങ്ങിയയിടങ്ങളില്‍ നിന്നുമാണെന്നും ചില 'ഡാര്‍ക് നെറ്റുകള്‍' വഴി കുറിയര്‍ സര്‍വീസിലൂടെയും മറ്റുമെത്തുന്ന ലഹരിയുടെ പെരുങ്കളിയാട്ടം നിര്‍ണയിക്കാനോ നിയന്ത്രിക്കാനോ കഴിയാതെ നമ്മുടെ നിയമസംവിധാനങ്ങള്‍ ഇരുട്ടില്‍ തപ്പുകയാണെന്നുമറിയുമ്പോഴാണു ലഹരിക്കടത്തിന്‍റെ അന്താരാഷ്ട്ര സംഘടിത ശക്തിക്കു മുമ്പില്‍ നാം നടുങ്ങി വിയര്‍ക്കുന്നത്. രാജ്യാന്തര ലഹരിക്കടത്തിന്‍റെ ഉറവിടമായ 'ബൊളീവിയന്‍ കാര്‍ട്ടലി'ന്‍റെ കണ്ണികള്‍ ഇന്ത്യയിലെ ഇരുപതിലധികം നഗരങ്ങളില്‍ സജീവമാണെന്നാണു റിപ്പോര്‍ട്ടുകള്‍.

ലഹരിമാഫിയയ്ക്ക് എപ്പോഴും താത്പര്യം കുട്ടികളെയാണ്. സൗജന്യമായി സമ്മാനിക്കുന്ന 'സ്റ്റഫി'ന്‍റെ ആസ്വാദനതലംവിട്ട് അതടിമത്തത്തിലേക്കു വളരുമ്പോള്‍ എത്ര പണം നല്കിയും ലഹരി സ്വന്തമാക്കാനുള്ള മരണവെപ്രാളത്തില്‍ പതുക്കെ ലഹരിക്കടത്തിന്‍റെ അവിഭാജ്യകണ്ണിയായി അവര്‍ അതിവേഗം ചേര്‍ക്കപ്പെടുകയാണു പതിവ്. അതേസമയം താരതമ്യേന സുരക്ഷിതമായ ലഹരിക്കടത്തും ലൈംഗികചൂഷണസാദ്ധ്യതയും പെണ്‍കുട്ടികളെ കൂടുതലായി ലഹരിവലയില്‍ കുരുക്കാനിടയാക്കുന്നുണ്ട്. പ്രണയം നടിച്ചു പെണ്‍കുട്ടികളെ ലഹരിക്കെണിയില്‍പ്പെടുത്തുന്ന കേസുകളും വര്‍ദ്ധിക്കുന്നു.

ലഹരി ഉപയോഗിക്കുന്ന കുട്ടികളെ തിരിച്ചറിയാനും തിരികെ നടത്താനുമുള്ള ഉത്തരവാദിത്വം പ്രഥമമായി മാതാപിതാക്കള്‍ക്കും പിന്നെ അദ്ധ്യാപകര്‍ക്കുമാണ്. തങ്ങളുടെ കുട്ടികള്‍ സുരക്ഷിതരാണെന്ന മിഥ്യാബോധമാണ് ആദ്യമകറ്റേണ്ടത്. കുട്ടികളിലെ പെരുമാറ്റത്തിലെ അസാധാരണത്വം ആദ്യമറിയേണ്ടതും അവര്‍തന്നെ. പഠനത്തിലെ താത്പര്യക്കുറവും അധികമായി പണമാവശ്യപ്പെടുന്നതും വീട്ടില്‍ വൈകിയെത്തുന്നതു പതിവാകുന്നതും അമിതമായ ദേഷ്യപ്രകടനവുമൊക്കെ അവര്‍ അകപ്പെട്ടിരിക്കുന്ന ലഹരിവലയത്തിന്‍റെ ആദ്യസൂചനകളാവാം. അവധിസമയം ചെലവഴിക്കുന്ന രീതിയും അത് ആരോടൊപ്പമാണെന്നതും നിരീക്ഷണവിധേയമാക്കണം.

ലഹരിവിമുക്ത പ്രചരണ പരിപാടികളില്‍ സമൂഹം മുഴുവന്‍ ഉത്തരവാദിത്വത്തോടെ ഉള്‍ച്ചേരേണ്ടതുണ്ട്. വിദ്യാലയങ്ങളും കലാലയങ്ങളും കേന്ദ്രീകരിച്ചു നിരീക്ഷണ സംവിധാനങ്ങളും പ്രതിരോധപരിപാടികളും സര്‍ക്കാര്‍ തലത്തില്‍ തന്നെ ക്രമീകരിക്കണം. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനമേഖലകളില്‍ കുട്ടികളിലെ ലഹരി ഉപയോഗവും ഗൗരവപൂര്‍വം ഉള്‍പ്പെടുത്തണം. കൗണ്‍സലിംഗും ചികിത്സാസഹായവും യഥാസമയം നല്കുകയും വേണം.

ഇടതു സര്‍ക്കാരിന്‍റെ ലഹരിനയം അത്ര 'ഇടതല്ല' എന്ന് ഇതിനോടകം തെളിയിക്കപ്പെട്ടിട്ടുണ്ട്. ബാര്‍ ലൈസന്‍സില്‍ മാത്രം ഈ വര്‍ഷം സര്‍ക്കാരിലെത്തിയത് 166.32 കോടിയെങ്കില്‍ 'വിമുക്തി'ക്കു മുടക്കിയത് 28.95 കോടിയാണെന്നറിയുമ്പോഴാണു ലഹരി തലയ്ക്കു പിടിച്ച ഒരു സര്‍ക്കാരിന്‍റെ ജനവിരുദ്ധതയുടെ നയകാപട്യം വെളിപ്പെടുന്നത്. മദ്യം വില്ക്കുന്നവര്‍തന്നെ മദ്യവിരുദ്ധരാകുന്നതിന്‍റെ 'വൈരുദ്ധ്യാത്മക' തയാണിതിന്‍റെ വലിയൊരു തമാശയും.

മദ്യത്തെ പ്രധാന വരുമാന മാര്‍ഗമാക്കുന്ന സര്‍ക്കാര്‍ നയമാണു യഥാര്‍ത്ഥത്തില്‍ തിരുത്തപ്പെടേണ്ടത്. പുതിയ ബജറ്റില്‍ മദ്യവില കൂട്ടിയില്ലെന്നതും ഇതിനോടു ചേര്‍ത്തു വായിക്കണം. ഒരു സമൂഹത്തെ മുഴുവന്‍ ഇരുട്ടില്‍ നിര്‍ത്തുന്ന ലഹരിയുടെ ഉപയോഗത്തെ സ്വാഭാവികവും സര്‍വസാധാരണവുമാക്കുന്ന നടപടികളില്‍ നിന്ന് എല്ലാറ്റിലും 'ഒപ്പ'മുള്ള സര്‍ക്കാര്‍ പിന്തിരിയുമോ? ആഘോഷവേളകളെ എപ്പോഴും ലഹരിയിലാഴ്ത്തുന്ന വിരുദ്ധ ശീലത്തില്‍ നിന്നു വിശ്വാസികള്‍ വിട്ടുനില്ക്കുമോ? കുടുംബബന്ധങ്ങള്‍ ലഹരിയാകുന്ന പുതിയ ശീലത്തിലേക്കു സമൂഹം തിരികെയെത്തുമോ? ഈ ചോദ്യങ്ങള്‍ക്കുള്ള ശരിയുത്തരമാണു നാളത്തെ ലഹരിവിമുക്ത കേരളം

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org