ദുരന്തമരുതേ!

ദുരന്തമരുതേ!

ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും ഒരു വിഷമദ്യദുരന്തം നമ്മെ വേട്ടയാടി. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും നടന്ന മദ്യദുരന്തത്തില്‍ കാലം പടമാക്കിയതു നൂറിലധികം ജീവിതങ്ങളെയാണ്. അശ്രദ്ധയും ആര്‍ത്തിയും അമിതാഘോഷവും വിതയ്ക്കുന്നത് അപകടമാണെന്ന് ഈ ദുരന്തം നമ്മെ ഒരിക്കല്‍കൂടെ ഓര്‍മിപ്പിക്കുന്നു.

ആഘോഷപരിപാടിക്കിടെ പായ്ക്കറ്റുകളില്‍ വിളമ്പിയ വ്യാജമദ്യമാണു മരണകാരണം. ഇതൊക്കെ പരിശോധിക്കാനും നിയന്ത്രിക്കാനും ചുമതലപ്പെട്ടവരുടെ മൂക്കിനടിയില്‍ത്തന്നെയാണു വ്യാജമദ്യ ലോബികളുടെ വിളയാട്ടമെന്നത് ഈ ദുരന്തത്തിന്‍റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. ദുരന്തകാരണത്തിലേക്ക് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും വ്യാജമദ്യത്തിന്‍റെ ഉത്ഭവകേന്ദ്രങ്ങളെയും ഉത്തരവാദികളെയും കണ്ടുപിടിക്കാനോ നിയമത്തിനു മുന്നില്‍ കൊണ്ടുവരുവാനോ ഇതുവരെയും സര്‍ക്കാരിനു കഴിഞ്ഞിട്ടുമില്ല.

വ്യാജമദ്യത്തിന്‍റെ പ്രധാന കൂട്ടുകളിലൊന്നായ മീഥൈല്‍ ആല്‍ക്കഹോള്‍ എത്രമാത്രം മാരകമാണെന്ന് അതിന്‍റെ ഇതര ഉപയോഗങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ മനസ്സിലാകും. വാണിജ്യാടിസ്ഥാനത്തില്‍ ഇന്ധനങ്ങളുണ്ടാക്കാനും വസ്തുക്കളെ ദ്രവിപ്പിക്കാനുള്ള സോള്‍വന്‍റ് ഉണ്ടാക്കാനും ബയോ ഡീസല്‍ നിര്‍മിക്കാനുള്ള രാസപദാര്‍ത്ഥമായുമാണു മീഥൈല്‍ ആല്‍ക്കഹോള്‍ പ്രധാനമായി ഉപയോഗിക്കുന്നത്. മദ്യമുണ്ടാക്കുന്ന എത്തനോളുമായി സാമ്യമുളളതിനാലും വില വളരെ കുറഞ്ഞതുമായതിനാലും മീഥൈല്‍ വ്യാജമദ്യ ലോബികള്‍ അധികമായി ഉപയോഗിക്കുന്നു.

ആഘോഷങ്ങളുമായി ബന്ധപ്പെട്ടുതന്നെയാണു കേരളത്തിലും പ്രധാന മൂന്നു വിഷമദ്യദുരന്തങ്ങള്‍ ഉണ്ടായത്. 1981-ല്‍ പുനലൂരിലും 1982-ല്‍ വൈപ്പിനിലും 2000-ല്‍ കല്ലുവാതുക്കലുമായി മദ്യദുരന്തങ്ങളില്‍ പൊലിഞ്ഞത് 250-ലധികം ജീവനുകളാണ്. ജീവന്‍ നഷ്ടപ്പെട്ടവരേക്കാള്‍ എത്രയോ ഇരട്ടി കുടുംബങ്ങളാണ് ഇതിന്‍റെ തിക്തഫലങ്ങളും പേറി മരിച്ചു ജീവിക്കുന്നത്.

മദ്യത്തിനെതിരെ ഏറ്റവുമധികം പ്രസ്ഥാനങ്ങളും മുന്നേറ്റങ്ങളും ലഹരിവിമുക്ത കേന്ദ്രങ്ങളും ഉണ്ടാക്കിയ ക്രിസ്ത്യാനികള്‍ തന്നെയാണു കേരളത്തില്‍ മദ്യവില്പനയിലും ഉപയോഗത്തിലും ആണ്ടുനില്ക്കുന്നതെന്നതു നമ്മെ ലജ്ജിപ്പിക്കുന്നു. ഈ ആന്തരിക ജീര്‍ണത മദ്യമെന്ന വിപത്തിനെതിരെയുള്ള നമ്മുടെ എല്ലാ പരിശ്രമങ്ങളെയും ജലരേഖകളും വായുവിലെ മുഷ്ടിപ്രയോഗങ്ങളുമാക്കുന്നു.

മദ്യ ഉപയോഗവുമായി ബന്ധപ്പെട്ടുളള സര്‍ക്കാര്‍ നയങ്ങളോടും നിയമങ്ങളോടും പ്രതിഷേധിക്കുന്നതോടൊപ്പം തന്നെ, ഒരു വേള, അതിനേക്കാള്‍ പ്രാധാന്യത്തോടെ, ക്രിസ്ത്യാനികള്‍ക്കിടയിലെ മദ്യകച്ചവടത്തെയും ഉപഭോഗത്തെയും നിയന്ത്രിക്കാനുള്ള ചുവടുകള്‍ ചങ്കൂറ്റത്തോടെ എടുക്കാന്‍ നമുക്കാകണം. മദ്യം കുടിക്കാന്‍ മലയാളിക്കറിയില്ല; മദ്യം മലയാളിയെയാണു കുടിക്കുന്നത്.

ആഘോഷങ്ങള്‍ ആനന്ദിക്കാനുള്ള അവസരങ്ങള്‍ തന്നെയാണ്. അതു മദ്യലഹരിയില്‍ മുങ്ങി സുബോധം നഷ്ടപ്പെടുന്ന കുറച്ചുപേര്‍ക്കു തട്ടിയെടുക്കാനുള്ളതല്ല; പങ്കെടുക്കുന്ന എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ആഘോഷാവസരങ്ങള്‍ കൂട്ടായ്മയുടെ ലഹരി നമ്മില്‍ നിറയ്ക്കട്ടെ. മദ്യവര്‍ജ്ജന പ്രസ്ഥാനങ്ങള്‍ക്കൊപ്പം കൂട്ടായ്മ വര്‍ദ്ധന പ്രസ്ഥാനങ്ങള്‍ കൂടെ നമുക്കിടയില്‍ ഉണ്ടാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org