കരുണയുടെ ആൾരൂപം: ഫാ. മരിയൻ സെൽസെക്

കരുണയുടെ ആൾരൂപം: ഫാ. മരിയൻ സെൽസെക്

"എന്‍റെ ജീവിതത്തിലെ ഈ കുരിശിനെ രണ്ടു കയ്യും നീട്ടി ഞാന്‍ സ്വീകരിക്കുകയും എന്‍റെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ഇതില്‍നിന്നു ഞാന്‍ ഓടി ഒളിക്കുന്നില്ല. കാരണം, എനിക്കറിയാം നീ എന്‍റെ കൂടെയുണ്ട്. ഈ കുരിശ് പുല്‍കുന്നതുവഴി ഞാന്‍ നിന്‍റെ പീഡാസഹനത്തിലും ഉത്ഥാനത്തിലും പങ്കാളിയാകുന്നു." വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് ഭരണകൂടം 13 വര്‍ഷം ഏകാന്തവാസത്തിനു ജെയിലില്‍ അടച്ച കാര്‍ഡിനല്‍ വാന്‍ തുവാന്‍ എഴുതിയ "അഞ്ചപ്പവും രണ്ടു മീനും" എന്ന പുസ്തകത്തിന്‍റെ 48-ാം പേജിലെ വരികളാണിവ. ക്രിസ്തുവിനെ പ്രഘോഷിച്ചതിന്‍റെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെടുകയും 13 വര്‍ഷം തന്‍റെ കഠിനമായ ഏകാന്തതടവിനെ മിഷന്‍ പ്രവര്‍ത്തനമാക്കുകയും ചെയ്ത ഒരു ധന്യാത്മാവ്.

കാര്‍ഡിനല്‍ വാന്‍ തുവാന്‍റെ ഇന്ത്യന്‍ പതിപ്പായ ഒറീസ മിഷനറി ഫാ. മരിയന്‍ സെല്‍സെക്കിന്‍റെ ജന്മശതാബ്ദി വര്‍ഷമാണിത്. എസ്ഡിവി സഭാംഗമായ ഈ പോളണ്ടുകാരന്‍ ഒറീസയിലെ കുഷ്ഠരോഗികള്‍ക്കായി തന്‍റെ മിഷനറി ജീവിതത്തിന്‍റെ 56 വര്‍ഷമാണു ചെലവഴിച്ചത്. കട്ടക് ഭുവനേശ്വര്‍ ആര്‍ച്ച്ബിഷപ് വിന്‍സന്‍റ് ബറുവ ഫാ. മരിയന്‍ സെല്‍സെക്കി ജീവിതത്തെ ദൈവികകരുണയുടെ വറ്റാത്ത ഉറവയോടാണ് ഉപമിച്ചത്.

സമൂഹത്തിലെ ഓരോ അംഗത്തിനും ലഭിക്കുന്ന വ്യക്ത്യധിഷ്ഠിതമായ കരുതലും സ്നേഹവുമാണ് ഒരു സമൂഹത്തിന്‍റെ പുരോഗതിയുടെ താക്കോല്‍. ഫാ. മരിയന്‍ സേവനം ചെയ്തിരുന്ന ജഗന്നാഥ് പുരിയിലെ ഗ്രാമവാസികള്‍ ഭൂരിഭാഗവും ഉന്നതകുലജാതിയില്‍പ്പെട്ടവരായിരുന്നു. എങ്കിലും പുരിയിലെ ക്ഷേത്രപരിസരത്ത് അലഞ്ഞു ഭിക്ഷ യാചിച്ചിരുന്ന കുഷ്ഠരോഗികളെ ശുശ്രൂഷിക്കുന്ന മിഷന്‍ പ്രവര്‍ത്തനത്തിലേക്കാണ് അദ്ദേഹം തിരിഞ്ഞത്. വ്യക്തിപരമായി അവരെ അടുത്തറിയാന്‍ അവരുടെ ഭാഷകള്‍ അദ്ദേഹം പഠിച്ചു. വൃണങ്ങള്‍ വച്ചുകെട്ടി അവരോടൊപ്പം കുടില്‍കെട്ടി താമസിച്ചു. മതപരിവര്‍ത്തനത്തിനല്ല; അവരുടെ മനഃപരിവര്‍ത്തനത്തിന് അദ്ദേഹം തന്‍റെ ജീവിതം ചെലവഴിച്ചു. അതുകൊണ്ടായിരിക്കാം പുരിയിലെ കുഷ്ഠരോഗികള്‍ ഫാ. മരിയനെക്കുറിച്ച് ഇങ്ങനെ ചിന്തിച്ചത്; തങ്ങളെ കഷ്ടപ്പാടുകളില്‍ നിന്ന് രക്ഷിക്കാന്‍ ജന്മമെടുത്ത മണ്‍മറഞ്ഞ തങ്ങളുടെ പിതാമഹന്മാരില്‍ ഒരാളാണു ഫാ. മരിയന്‍ എന്ന്.

സ്ഥാപനവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സഭയുടെ മിഷന്‍ പ്രവര്‍ത്തനശൈലിക്കൊരു എതിര്‍വായനയാണു ഫാ. മരിയന്‍റെ ജീവിതം. വി. ജോണ്‍ പോള്‍ പാപ്പയുടെ നാട്ടുകാരനായ ഈ വൈദികന്‍ യേശു വിഭാവനം ചെയ്ത യഥാര്‍ത്ഥ സുവിശേഷവത്കരണത്തിന്‍റെ ആധുനികപതിപ്പാണ്. സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ഉണ്ടാക്കിയല്ല വ്യക്തിജീവിതങ്ങള്‍ക്കു വ്യക്തിപരമായി ക്രിസ്തുവിനെ പരിചയപ്പെടുത്തലാണു മിഷന്‍പ്രവര്‍ത്തനം. അതിനിടയില്‍ സ്വാഭാവികമായി ഉണ്ടായി വരേണ്ടതാണു സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും പ്രോജക്ടുകളും. അല്ലാതെ ഇവയിലൂടെ സംഭവിക്കേണ്ട ഒരു യാന്ത്രികപ്രവര്‍ത്തനമല്ല സുവിശേഷവത്കരണം. ഫാ. മരിയന്‍ കുഷ്ഠരോഗികളെ ആരെയും മാമ്മോദീസ മുക്കാതെതന്നെ ക്രിസ്തുമാര്‍ഗം ഓതിക്കൊടുത്തവനാണ്. അതിനാലാണു പോളണ്ടിലെ ബിഷപ് മസൂര്‍ ഫാ. മരിയനെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്: "ഫാ. മരിയന്‍ സെല്‍സെക് കുഷ്ഠരോഗികളെ മാമ്മോദീസ മുക്കിയില്ല; ദൈവസ്നേഹത്തിലാണ് അദ്ദേഹം അവരെ മുക്കിയെടുത്തത്."

സ്ഥാപനത്തിനകത്തും സ്വത്തുവകകളിലും കുടുങ്ങിക്കിടക്കുകയാണു കേരളസഭയുടെ മിഷന്‍ പ്രവര്‍ത്തനം. സഭയുടെ അളവറ്റ സമ്പത്തിനെയും മാനവശേഷിയെയും ആത്മീയതയെയുമൊക്കെ വേലികെട്ടി സംരക്ഷിച്ചുനിര്‍ത്താനുള്ള തത്രപ്പാടിലാണു നാം. നമ്മുടെ പാരമ്പര്യത്തിന്‍റെ മഹിമയിലും കടലാസിലെ കണക്കുകളിലും മയങ്ങി നമ്മുടെ കര്‍മ്മകാണ്ഠങ്ങളെ നാം കുഴിച്ചുമൂടുകയാണ്. കണ്‍വെന്‍ഷനുകളുടെയും വിടുതല്‍ ശുശ്രൂഷാകേന്ദ്രങ്ങളുടെയും ആലസ്യത്തില്‍നിന്ന് ആധുനിക കാലഘട്ടം ആവശ്യപ്പെടുന്ന വ്യക്ത്യധിഷ്ഠിതമായ ഒരു നവസുവിശേഷവത്കരണത്തിനു കാഹളമൂതുകയാണു നമുക്കു മുന്നില്‍ ഫാ. മരിയന്‍ സെല്‍സെക്.

സത്യദീപം പത്രാധിപരായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടിലിന്‍റെ പ്രാവാചികവ്യക്തിത്വത്തിനു മുന്നില്‍ കൂപ്പുകൈകളോടെ…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org