സഭാസ്വത്തും സഭയുടെ സ്വത്വവും

സഭാസ്വത്തും സഭയുടെ സ്വത്വവും

സംസ്ഥാനത്തെ നിയമപരിഷ്കരണ കമ്മീഷന്‍ കേരള ദേവാലയ ബില്‍ 2019 പൊതുജനസമക്ഷം അഭിപ്രായ സ്വരൂപണത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ ക്രിസ്ത്യന്‍ സഭാവിഭാഗങ്ങളുടെ സ്വത്തുവകകളുടെ കൈകാര്യവും കൈമാറ്റവും കൂടുതല്‍ സുതാര്യവും നീതി പൂര്‍വകവുമാക്കാന്‍ വേണ്ടിയാണീ ബില്‍ എന്നാണു കമ്മീഷന്‍ ആമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

2009-ല്‍ ശ്രീ. അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ കാലത്തു ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായി അവതരിപ്പിച്ച കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ട്രസ്റ്റ് ബില്‍ 2009-ന്‍റെ പൊടി തട്ടിയെടുത്ത പുതിയ രൂപമാണ് 2019-ലെ ഈ ചര്‍ച്ച് ബില്‍. 2009-ല്‍ അവതരിപ്പിച്ച് അവസാനം ഉപേക്ഷിക്കേണ്ടി വന്ന ചര്‍ച്ച് ബില്‍ വീണ്ടും പുതിയ രൂപത്തില്‍ അവതരിപ്പിച്ചു പ്രാബല്യത്തില്‍ വരുത്താനുള്ളതിന്‍റെ കാര്യകാരണങ്ങളെക്കുറിച്ചു നാം ചിന്തിക്കണം.

സമീപകാലത്തു വസ്തുവില്പനയുമായി ബന്ധപ്പെട്ട് കേരളസഭയിലുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലമാണ് ഈ ബില്ലിന്‍റെ പുനഃരവതരണത്തിന്‍റെ പിന്നിലെന്ന് ഒരു നിരീക്ഷണമുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 (d) പ്രകാരം എല്ലാ മതവിഭാഗങ്ങള്‍ക്കും നിയമാനുസൃതം വസ്തുവകകള്‍ കൈകാര്യം ചെയ്യുന്നതിന് അവകാശമുണ്ട്. ക്രൈസ്തവസമൂഹത്തിലെ വിവിധ സഭാവിഭാഗങ്ങള്‍ക്ക് അവരവരുടേതായ വ്യക്തിസഭാ നിയമസംവിധാനങ്ങളുമുണ്ട്. മാത്രവുമല്ല, ക്രയവിക്രയങ്ങള്‍ക്കായുള്ള സര്‍ക്കാരിന്‍റെ ചട്ടവട്ടങ്ങള്‍ക്കുസരിച്ചാണ് വസ്തുവകകളുടെവില്പനയും വാങ്ങലും ഉടമസ്ഥാവകാശവും രാജ്യത്ത് നടക്കേണ്ടതും.

രാജ്യത്തു നിലവിലുള്ള നിയമവ്യവസ്ഥകള്‍ക്കും ഭരണഘടനയുടെ 26-ാം ആര്‍ട്ടിക്കിളിനും വിധേയമായി രാജ്യത്തുടനീളം ക്രൈസ്തവസ്ഥാപനങ്ങളും മറ്റു സഭാസംവിധാനങ്ങളും പ്രവര്‍ത്തിക്കുമ്പോള്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത ഒരു നിയമനിര്‍മാണത്തിനു കേരളം മുതിരുന്നതിനു പിന്നിലുള്ള ലക്ഷ്യം എന്താണ്? വസ്തുവിന്‍റെ വില്ക്കല്‍-വാങ്ങലിനും ഉടമസ്ഥാവകാശത്തിനും നിയമങ്ങള്‍ ഉള്ളപ്പോള്‍ അതൊരു സര്‍ക്കാര്‍ ട്രിബ്യൂണലിന്‍റെ കീഴില്‍ കൊണ്ടുവരണം എന്നു മറ്റൊരു നിയമമുണ്ടാക്കേണ്ടതുണ്ടോ? അതു സഭകളുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമല്ലേ?

ചര്‍ച്ച് ബില്ലിലെ വകുപ്പ് എട്ടും ഒമ്പതും ചര്‍ച്ച് ട്രിബ്യൂണലിന്‍റെ സ്ഥാപനത്തെയും അതിന്‍റെ അധികാരങ്ങളെയുംകുറിച്ചാണ്. സഭകളിലെ സ്വത്തുതര്‍ക്കങ്ങളെ സംബന്ധിച്ചു കോടതി ട്രിബ്യൂണലുകളിലേക്കെത്തുന്ന പരാതികള്‍ ഊതിവീര്‍പ്പിച്ചു ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കുള്ള സ്വത്തുവകകളുടെ പരിപൂര്‍ണ നിയന്ത്രണം സര്‍ക്കാരിലേക്കു മാറ്റുന്നതിനുള്ള ഒരു മുന്നൊരുക്കമാണോ ഇത്? സഭയുടെ വസ്തുവകകളെക്കുറിച്ചു തര്‍ക്കമുണ്ടായാല്‍ അതു പരിഹരിക്കുവാന്‍ അതാതു സഭകളില്‍ നടപടിക്രമങ്ങളും രാജ്യത്തു നിയമങ്ങളും ഉണ്ടെന്നിരിക്കെ, പ്രശ്നപരിഹാരത്തിനു പ്രത്യേക ട്രിബ്യൂണല്‍ സ്ഥാപിക്കണം എന്ന നിര്‍ദ്ദേശത്തിന് പിന്നിലെ ലക്ഷ്യമെന്താണ്?

വസ്തു ഇടുപാടുകളിലെ സുതാര്യതക്കുറവിന്‍റെയും തര്‍ക്കങ്ങളുടെ പേരുപറഞ്ഞു സഭാസ്ഥാപനങ്ങളുടെയും സ്വത്തുക്കളുടെയും നിയന്ത്രണം സര്‍ക്കാരിലാകണമെന്നു പറയാനാവുമോ? വസ്തു ഉടമസ്ഥതയും നടത്തിപ്പുമായി ബന്ധപ്പെട്ട് അതാതു വ്യക്തിഗതസഭകളിലുള്ള നടപടിക്രമങ്ങളെ കാലാനുസൃതമായി പരിഷ്കരിക്കുകയും നടപ്പിലാക്കാനുള്ള നടപടികള്‍ അതാതു സഭാസമൂഹങ്ങള്‍ കൈക്കൊള്ളുകയുമാണു വേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org