വായ്പയെന്ന കയ്പ്

വായ്പയെന്ന കയ്പ്

ഇതു വായ്പാക്കാലം. എന്തിനും ഏതിനും മലയാളി വായ്പയെടുക്കുന്ന കാലം. ഈ വായ്പാ 'മാനിയ'യുടെ പിടിയില്‍ പാവപ്പെട്ടവനുണ്ട്, പണക്കാരനുണ്ട്, വ്യക്തികളുണ്ട്, സ്ഥാപനങ്ങളുണ്ട്. വായ്പ എടുക്കുന്നത് അവസാന ആശ്രയമായല്ല, അവശ്യം വേണ്ട ഒരലങ്കാരമായിത്തന്നെ നാം മാറ്റിയിരിക്കുന്നു.

രണ്ടു ധനാഢ്യരുടെ വായ്പാത്തട്ടിപ്പിന്‍റെ കഥ വായിച്ചാണ് കഴിഞ്ഞ വാരത്തെ നാം കടത്തിവിട്ടത്: ഇന്ത്യയുടെ വജ്രരാജാവ് എന്നു ഫോബ്സ് മാസിക വിശേഷിപ്പിച്ച നീരവ് മോദിയും റോട്ടോമാക് പേന നിര്‍മ്മാതാവ് വിക്രം കോഠാരിയും. ഇവര്‍ ഒരു ഗതിയും പരഗതിയും ഇല്ലാത്തവരല്ല; കോടികള്‍ ആസ്തിയുള്ളവരാണ്, പാവപ്പെട്ടവരുടെ നിക്ഷേപങ്ങളെ തങ്ങളുടെ സ്വകാര്യജീവിതത്തിലെ ധൂര്‍ത്തിനുവേണ്ടി കൊള്ളയടിച്ചവര്‍.

ഇന്ത്യയിലെ ബാങ്കില്‍ നിന്നു ജാമ്യരേഖ നല്കി വിദേശത്തെ ബാങ്കുകളില്‍നിന്ന് ഹ്രസ്വകാല വായ്പയെടുക്കുന്ന 'ബയേഴ്സ് ക്രെഡിറ്റ്' സംവിധാനത്തിന്‍റെ ദുരുപയോഗം നടത്തിയാണ് നീരവ് 11,346 കോടിയുടെ തട്ടിപ്പ് നടത്തിയത്. 2017-ലെ അതിസമ്പന്നരുടെ പട്ടികയില്‍ 85-ാം സ്ഥാനം നീരവ് മോദിക്കുണ്ടെന്ന് ഓര്‍ക്കുക. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഉദ്യോഗസ്ഥരും നീരവും ചേര്‍ന്ന് ഒത്തുകളിച്ചാണ് ഈ തട്ടിപ്പ് നടത്തിയത്. 2011 മുതല്‍ നടന്നുവരുന്ന ഈ ക്രമക്കേട് കണ്ടുപിടിക്കാനും പരാതി നല്കാനും ഇത്ര വര്‍ഷമെടുത്തു എന്നു പറയുന്നത് ഈ വായ്പാത്തട്ടിപ്പിന്‍റെ ആഴം കൂട്ടുന്നു.

ഒരു പൊതുമേഖലാ ബാങ്കിലെ രണ്ടു ജീവനക്കാര്‍ തീരുമാനിച്ചാല്‍ അവിടെനിന്നു പതിനായിരം കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്താനാവുമോ എന്നതാണു മുഖ്യചോദ്യം. ഏഴു വര്‍ഷമായി നടന്നുകൊണ്ടിരുന്ന ഈ വായ്പാത്തട്ടിപ്പുകള്‍ വാര്‍ഷിക ഓഡിറ്റുകളില്‍പ്പോലും കണ്ടെത്തിയില്ല. പണക്കാരന്‍റെ ആര്‍ത്തിക്ക് കുട പിടിക്കാന്‍ രാജ്യത്തെ ഒരു പൊതുമേഖലാ ബാങ്കിലെ ജീവനക്കാര്‍ ഒത്തുകളിച്ചു എന്നത് ഇതിന്‍റെ രൂക്ഷത വര്‍ദ്ധിപ്പിക്കുന്നു. ഭാരതത്തിലെ സാധാരണക്കാരന്‍റെ വിയര്‍പ്പിന്‍റെ സമ്പാദ്യംകൊണ്ടാണ് ഈ കോടി രാജാക്കന്മാര്‍ പറന്നത് എന്ന വസ്തുത നമ്മുടെ നെഞ്ചു പിളര്‍ക്കുന്നു.

കൗശലബുദ്ധിക്കാരായ വന്‍ ബിസിനസ്സ് രാജാക്കന്മാര്‍ വായ്പകളെടുത്തു രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥയെ കുളം തോണ്ടുമ്പോള്‍ ഭാരതത്തിലെ സാധാരണക്കാരില്‍ പലരും വിവരമില്ലാതെ വായ്പയെടുത്തു സ്വന്തം ജീവിതവും കുളം തോണ്ടുന്നുണ്ട്. വ്യക്തവും കൃത്യവുമായ നിയമസംവിധാനങ്ങളുള്ള ബാങ്കുകളെ സമര്‍ത്ഥമായി കബളിപ്പിച്ചു സുഖിക്കുന്ന കോടീശ്വരന്മാരും അവരുടെ പിണിയാളുകളാകുന്ന നിയമപാലകരും ഭാരതത്തിന്‍റെ സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്കൊരു വെല്ലുവിളിയാണ്. അതുപോലെതന്നെ, എങ്ങനെ, എന്തിന്, എപ്പോള്‍, എവിടെനിന്ന് വായ്പയെടുക്കണമെന്നറിയാതെ വായ്പയെടുത്തു കടക്കെണിയിലാകുന്ന സാധാരണക്കാരനും ഭാരതത്തിന്‍റെ സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്കൊരു ചോദ്യചിഹ്നമാണ്.

വായ്പാസമ്പ്രദായം നല്ലതുതന്നെ. കേരളത്തില്‍ അതിനെ പ്രോത്സാഹിപ്പിച്ചതും സഭ തന്നെയാണ്. അദ്ധ്വാനശീലം വളര്‍ത്താനും ബിസിനസ്സിലും ജീവിതത്തിലും പുരോഗതിയിലേക്കുള്ള ചവിട്ടുപടികള്‍ ഉണ്ടാക്കാനുമൊക്കെ നമ്മെ സഹായിക്കുന്ന ഒരു ഘടകമാണു വായ്പ. പക്ഷേ, അതിനൊരു കൃത്യതയും വ്യക്തതയും വേണം. തിരിച്ചടയ്ക്കേണ്ട അപരന്‍റെ വായ്പാമുതല്‍ സ്വന്തമായി ഉപയോഗിക്കുമ്പോള്‍, ശ്രദ്ധ ഒരു പടികൂടി വേണം. എടുത്തതു വായ്പയാണെന്നും അത് എനിക്ക് ഉയരാനുള്ള ഒരു ചവിട്ടുപടി മാത്രമാണെന്നുമുള്ള ബോദ്ധ്യമുണ്ടാകണം. ഈ ബോദ്ധ്യക്കുറവും വ്യക്തതക്കുറവും വായ്പയെടുക്കുന്ന അനേകരെ ബാദ്ധ്യതയുടെ കാണാക്കയങ്ങളിലാഴ്ത്തുന്നുണ്ട്.

സഭാപ്രസ്ഥാനങ്ങളിലേക്കും ഈ 'വായ്പയെടുക്കല്‍ മാനിയ' പടര്‍ന്നുപിടിച്ചു കഴിഞ്ഞു. സ്ഥാപനങ്ങളെ പെട്ടെന്നു വളര്‍ത്തിയെടുക്കാനുള്ള ആശയും മോടി പിടിപ്പിക്കാനുള്ള ആര്‍ത്തിയും നിയന്ത്രിച്ചില്ലെങ്കില്‍ അതു നമ്മെയും കടക്കെണിയിലാഴ്ത്തും. നിര്‍മ്മിതികളിലേക്ക് നയിക്കാതെ, ആഡംബര നിര്‍മ്മാണ സമുച്ചയങ്ങള്‍ക്കായി മാത്രം വായ്പയെടുക്കുന്നത് ആത്മഹത്യതന്നെയാണ്. "കൊള്ളപ്പലിശ, അതൊരു മാരക പാപംതന്നെയാണ്. അതു ജീവനെ ഹനിക്കുന്നു; മനുഷ്യമഹത്ത്വത്തെ ചവിട്ടിയരയ്ക്കുന്നു; നമ്മെ അഴിമതിയുടെ വാഹനമാക്കുന്നു; പൊതുനന്മയ്ക്കു വിലങ്ങുതടിയാകുന്നു" – ഫ്രാന്‍സിസ് പാപ്പ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org