ഉറച്ച നിലപാടുയര്‍ത്തി മെത്രാന്‍സമിതി

ഉറച്ച നിലപാടുയര്‍ത്തി മെത്രാന്‍സമിതി

ഡല്‍ഹി വീണ്ടും കത്തുകയാണ്. വടക്കു-കിഴക്കന്‍ മേഖലകളില്‍ ആളിപ്പടര്‍ന്ന കലാപത്തില്‍ ഇതുവരെ 22 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. അനേകം പേര്‍ ഭവനരഹിതരായി പലായനത്തില്‍. നൂറു കണക്കിനാളുകള്‍ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍. 1984-ലെ സിക്കു കലാപത്തെ ഓര്‍മിപ്പിക്കുംവിധമുള്ള വംശഹത്യയെന്നു കോടതി.

വിദ്വേഷത്തിന്‍റെ വൈരാഗ്യഭാഷയില്‍ ചിതറിക്കപ്പെട്ട വിഭാഗീയ ഭാരതത്തിനു സമന്വയത്തിന്‍റെ സംവാദത്തെ, സത്യത്തിലേക്കും ഉപവിയിലേക്കുമുള്ള സൗഹാര്‍ദ്ദപാതയായി അവതരിപ്പിച്ച ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി ഫെബ്രുവരി 13-19 വരെ ബാംഗ്ലൂരില്‍ കൂടിയ 34-ാമത് ജനറല്‍ പ്ലീനറി അസംബ്ലിയുടെ കണ്ടെത്തലുകള്‍ കാലികപ്രസക്തമായി. ഇന്ത്യയിലെ മൂന്നു റീത്തുകളെ പ്രതിനിധീകരിച്ചു 192 പിതാക്കന്മാര്‍ പങ്കെടുത്തു പുറപ്പെടുവിച്ച സമ്മേളനാനന്തര പ്രസ്താവനയില്‍, യേശുക്രിസ്തുവിന്‍റെ ഹൃദയത്തിനിണങ്ങിയ സര്‍വാശ്ലേഷിയായ സംഭാഷണത്തെ വിശ്വാസത്തിന്‍റെ അന്തസ്സത്തയായും ശുശ്രൂഷയുടെ അടിസ്ഥാനഭാവമായും തിരിച്ചറിഞ്ഞതും പലതായി മുറിഞ്ഞു ചിതറി നിശ്ശബ്ദമാകുന്ന സമകാലീന ഇന്ത്യയ്ക്കു പുതിയ വിനിമയവേദിയായി അതു പരിചയപ്പെടുത്തിയതും ശ്രദ്ധേയമായി.

ഭാരതത്തിന് അതിന്‍റെ പ്രാഥമികാസ്തിത്വത്തിനാധാരമായ ബഹുസ്വരതയിലേക്കു തിരികെയെത്താന്‍ സംവാദത്തിന്‍റെ സര്‍വാദരസരണിയെ തുറക്കാനും അതില്‍ തുടരാനും ആഹ്വാനം ചെയ്യുന്ന അഖില ഭാരത മെത്രാന്‍ സമിതിയുടെ പുതിയ ദര്‍ശനം അതിന്‍റെ സാരാംശത്തിന്‍റെ സമഗ്രതയാലും സമീപനത്തിന്‍റെ സത്യസന്ധതയാലും പൊതുവില്‍ സ്വീകാര്യവുമായി.

"വ്യക്തികളുടെ സാഹോദര്യവും അന്തസ്സും രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും പരിപോഷിപ്പിക്കുന്ന ഇന്ത്യന്‍ സ്വത്വത്തിന്‍റെ ചൈതന്യം ഭരണഘടനാമൂല്യങ്ങളിലാണു കുടികൊള്ളുന്നത്. ഭരണഘടനയിലെ ഈ ഉദാത്ത മാനവദര്‍ശനത്തിന്‍റെ അടിത്തറ ഇളക്കാനുള്ള ഏതു ശ്രമങ്ങള്‍ക്കുമെതിരെ എല്ലാ പൗരന്മാരും നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്" എന്ന ഓര്‍മപ്പെടുത്തലില്‍ ഈ നാടിന്‍റെ ഇപ്പോഴത്തെ വേദനയും വേവലാതിയും നിറഞ്ഞുനില്പുണ്ട്. അധീശസ്വഭാവമുള്ള ഏകീഭാവവും ഐകരൂപ്യവും സാംസ്കാരിക ഫാസിസമാണെന്ന സത്യത്തെ അടിവരയിട്ടുറപ്പിക്കുവാന്‍, "മറ്റുള്ളവരെ ശത്രുക്കളും എതിരാളികളുമായി കണക്കാക്കുന്നതിനുള്ള പ്രലോഭനങ്ങളില്‍ നിന്നു ശുദ്ധീകരിക്കപ്പെടാനുള്ള നിതാന്തജാഗ്രത മതജീവിതത്തിലുണ്ടാകണം" എന്ന ഫ്രാന്‍സിസ് പാപ്പയുടെ 2019-ലെ അബുദാബി സന്ദര്‍ശനവേളയിലെ ആഹ്വാനത്തെയാണു സിബിസിഐ പ്രസ്താവന ആധാരമാക്കിയത് എന്നതും ശ്രദ്ധേയം. "ഒരു സംസ്കാരവും മതവും മററുള്ളവയുടെ മേല്‍ വാഴ്ച നടത്തിക്കൂടാ" എന്ന അസന്ദിഗ്ദ്ധ പ്രസ്താവന, 'സാഹോദര്യത്തിനെതിരായി, തന്നെയും, തന്‍റെ വിഭാഗത്തെയും മറ്റെല്ലാറ്റിനും മീതെ ഉയര്‍ത്തിപ്പിടിക്കാനുള്ള വ്യക്തിവാദത്തെ' നന്നായി തള്ളിപ്പറയുന്നുമുണ്ട്.

സംവാദം പ്രകൃതിയോടും സംസ്കാരങ്ങള്‍ തമ്മിലും, മതങ്ങള്‍ തമ്മിലും തുടരേണ്ടത്, സമഭാവനയുടെ സഹവര്‍ത്തിത്വത്തിന് അനുപേക്ഷണീയമായി സമിതി കരുതുന്നു. ദരിദ്രരോടും ദളിതരോടും ഗോത്രസമൂഹങ്ങളോടുമുള്ള വിമോചനാത്മക സംഭാഷണത്തിലേര്‍പ്പെടാന്‍ സഭ പാവങ്ങളുടെ സഭയായി പരിവര്‍ത്തിതമാകേണ്ടതാണെന്ന ഏറ്റുപറച്ചിലില്‍ നീതിയെ സുവിശേഷാത്മകമായി സമീപിക്കാനുള്ള ശ്രമവുമുണ്ട്. "ഇന്ത്യന്‍ പൗരത്വം നിര്‍ണയിക്കുന്നതില്‍ മതം ഒരു മാനദണ്ഡമാകരുത്" എന്നു വ്യക്തതയോടെ പറയുമ്പോള്‍ 'മതന്യൂനപക്ഷങ്ങളില്‍ പടരുന്ന ഭീതിയുടെയും അനിശ്ചിതത്വത്തിന്‍റെയും യഥാര്‍ത്ഥവും ആത്മാര്‍ത്ഥവുമായ പ്രതിഫലനവും പ്രതികരണവുമായതു മാറുന്നു.

ഗര്‍ഭധാരണത്തിന്‍റ ആദ്യനിമിഷം മുതല്‍ മനുഷ്യജീവനെ വ്യക്തിയായിത്തന്നെ ആദരിക്കുകയും പരിഗണിക്കുകയും വേണമെന്ന സഭയുടെ ജീവന്‍റെ സുവിശേഷത്തെ ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിച്ചതിലൂടെ, പിറക്കാനിരിക്കുന്നവരിലേക്കു കൂടി നീളുന്ന സംവാദസംസ്കാരത്തെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്.

വിശ്വാസത്തിന്‍റെ പേരിലുള്ള വിവേചനം, ഭരണഘടനയുടെ അടിസ്ഥാനമൂല്യമായ തുല്യതയ്ക്കെതിരാണെന്ന നിരീക്ഷണത്തിലൂടെ ക്രിസ്തീയ സാഹോദര്യത്തിന്‍റെ അന്തസ്സും അന്തസ്സത്തയും ഉയര്‍ത്തിപ്പിടിക്കുകയും സംവാദത്തെ സൗഹാര്‍ദ്ദപാതയായി സമര്‍പ്പിക്കുകയും ചെയ്തു. പലതും മറയ്ക്കാന്‍ മതിലുകള്‍ പണിയുന്ന പുതിയ കാലത്തു മറച്ചുപിടിക്കാത്ത വാക്കുകളിലൂടെ സമകാലീന ഭാരതത്തോടു വ്യക്തതയോടെ വ്യവഹരിച്ചുവെന്നതില്‍ മെത്രാന്‍സമിതിക്കഭിമാനിക്കാം. ആദരവിന്‍റെയും സത്യസന്ധതയുടെയും ഈ സംഭാഷണശൈലി തുടര്‍ന്നും സഭയുടെയും സഭാമക്കളുടെയും പുതിയ ശരീരഭാഷയാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org