Latest News
|^| Home -> Editorial -> “ഫോണ്‍ താഴെ വയ്ക്കുക”

“ഫോണ്‍ താഴെ വയ്ക്കുക”

Sathyadeepam

വിരല്‍ത്തുമ്പിലേക്കുള്ള ജീവിതത്തിന്‍റെ ചുരുക്കെഴുത്താണു സെല്‍ഫോണ്‍. പ്രണയവും വിരഹവും ആഘോഷവും പ്രതിഷേധവും ഗൃഹാതുരതയുടെ കാല്പനികതയുമൊക്കെ കൈവെള്ളയിലേക്കു കൈമാറിയ പുതിയ കാലം യഥാര്‍ത്ഥത്തില്‍ ഫോര്‍വേര്‍ഡ് ചെയ്യുന്നതെന്താണെന്നു പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഈ-മെയിലും മെസഞ്ചറും വഴി സൈബര്‍ലോകം ആശയവിനിമയത്തില്‍ ഹരിശ്രീ കുറിച്ചത് 2000-ലാണ്. ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയായില്‍ ഇന്നു 250 ഭാഷകളില്‍ 800-ലധികം ലേഖനങ്ങള്‍ പ്രതിദിനം ചേര്‍ക്കപ്പെടുന്നുണ്ട്. ഓണ്‍ലൈന്‍ സൗഹൃദങ്ങളിലേക്കു മിഴി തുറന്നുകൊണ്ടുള്ള ഗൂഗിളിന്‍റെ ‘ഓര്‍ക്കൂട്ടി’ലൂടെയുള്ള രംഗപ്രവേശം 2004-ലായിരുന്നു. 2011-ഓടെ ഫെയ്സ് ബുക്ക് ജനകീയമായി. 240 കോടി ആളുകളാണ് ഇന്നു ‘മുഖപുസ്തകത്തില്‍’ സജീവം. സ്മാര്‍ട്ട് ഫോണുകളുടെ പ്രചാരത്തോടെ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാനും ചാറ്റിംഗിനും കോളിംഗിനുമുള്ള സൗകര്യങ്ങളോടെയും 2009-ലെത്തിയ വാട്സാപ്പ് നമ്മുടെ അനുദിനചര്യയുടെ അവിഭാജ്യതയായതു ശരവേഗത്തിലായിരുന്നു. 150 കോടിയോളം പേരാണ് ഇന്നു വാട്സാപ്പ് ഉപയോഗിക്കുന്നത്. 2000-ല്‍ ഒരു കോടിയില്‍ താഴെ ഉണ്ടായിരുന്ന ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ 2019-ല്‍ 56 കോടിയിലെത്തി. ദിവസവും വാട്സാആപ്പിലെത്തുന്നവര്‍ 100 കോടി ആളുകളെങ്കില്‍ ഫെയ്സ് ബുക്കിലേതു 160 കോടിയാണ്.

സോഷ്യല്‍ മീഡിയായുടെ (ദുരു) ഉപയോഗ ലോകത്തു പ്രായഭേദമെന്യേ എല്ലാവരും സജീവമെങ്കിലും പ്രായേണ പ്രായം കുറഞ്ഞവരില്‍ അതിന്‍റെ ആഘാതം പഠനവിധേയമാക്കേണ്ടതാണ്. ‘യുണിസെഫ് ചൈല്‍ഡ് ഓണ്‍ലൈന്‍ പ്രൊട്ടക്ഷന്‍ ഇന്‍ ഇന്ത്യ’യുടെ രണ്ടു വര്‍ഷം മുമ്പുള്ള റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ പത്തു കോടിയിലേറെ കുട്ടികള്‍ മൊബൈല്‍ ഫോണിലേക്കും ഇന്‍റര്‍നെറ്റിലേക്കും പ്രവേശിക്കുന്നുണ്ട്. കഴിഞ്ഞ സെപ്തംബറില്‍ പുറത്തുവന്ന മറ്റൊരു പഠനറിപ്പോര്‍ട്ടില്‍ അഞ്ചിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള ഏകദേശം 6.6 കോടി കുട്ടികള്‍ ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലുണ്ട്.

ഉപയോഗം, ഉപഭോഗത്തിന്‍റെ തലത്തിലേക്കു താണു പതുക്കെ അടിമത്തത്തില്‍ അവസാനിക്കുന്ന അപകടം സൈബര്‍ലോകത്തെ പുതിയ പ്രശ്നമാണ്. മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ്, ഗെയിം കണ്‍സോള്‍, ടി.വി., കമ്പ്യൂട്ടര്‍ തുടങ്ങിയവയോടു തോന്നുന്ന ‘സ്ക്രീന്‍ അഡിക്ഷന്‍’ മുതിര്‍ന്നവരില്‍ എന്നതിനേക്കാള്‍ കുട്ടികളില്‍ മയക്കുമരുന്നിനു സമാനമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ട്. ഏകാഗ്രതക്കുറവും വിഷാദവും ഉറക്കക്കുറവും ഓര്‍മക്കുറവും തുടങ്ങി മസ്തിഷ്ക വികാസത്തെപ്പോലും അതു ദോഷകരമായി ബാധിക്കുന്നുണ്ടെന്നതാണു വിദഗ്ദ്ധമതം. അമിതമായ സ്ക്രീന്‍ ഉപയോഗം ‘കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം’ എന്ന നേത്രത്തകരാറിനുപോലും കാരണമാകുന്നതായി കണ്ടെത്തിയിട്ടുമുണ്ട്.

ഡിജിറ്റല്‍ അഡിക്ഷനു വിധേയമായ കുട്ടികളുടെ വീണ്ടെടുപ്പു വഴികളില്‍ ആദ്യചികിത്സ നല്കേണ്ടതു മാതാപിതാക്കള്‍ക്കുതന്നെയാണ്. ജീവിതത്തില്‍ ഒരു ‘ഡിജിറ്റല്‍ ഡിസിപ്ലി’ന്‍റെ അനിവാര്യത ആദ്യം ബോദ്ധ്യമാകേണ്ടതു മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമാണ്. കുട്ടികളെ ടെക്ഫ്രണ്ട്ലിയായി വളര്‍ത്തുമ്പോഴും അവരുടെ മാനസിക, ശാരീരിക കഴിവുകളുടെ വികാസത്തെ തടസ്സപ്പെടുത്തുംവിധം അതവര്‍ക്കു മീതെ വളര്‍ന്നുകൂടായെന്ന ജാഗ്രതയുടെ ശാഠ്യമുണ്ടാകണം. ഒപ്പം ഉചിതമായ സമയത്തു കൗണ്‍സലിംഗും ചികിത്സയും നല്കണം.

കേള്‍വിയിലൂടെയും വായനയിലൂടെയും വളരേണ്ട ഭാവനയുടെ വിസ്മയലോകം പുതിയ ഫോണ്‍തലമുറയ്ക്കു നഷ്ടമാകുന്നുണ്ട്. പുറത്തിറങ്ങാതെയും പുറത്തേയ്ക്കു നോക്കാതെയും ഒരുപാടു ജീവിതങ്ങള്‍ ഉള്ളിലേക്കൊതുങ്ങി ഒറ്റപ്പെടുകയാണ്. പെട്ടെന്നൊരു പ്രഭാതത്തില്‍ കുനിഞ്ഞുപോയ ആ ശിരസ്സുകളെ നിവര്‍ത്തിയുയര്‍ത്തുക എളുപ്പമാവില്ല. കുസൃതിയുടെ കുട്ടിക്കാലം വീഡിയോ ഗെയിമുകളില്‍ പാഴായിപ്പോകുന്നുവെന്നു പരാതിപ്പെടുന്നതിനു പകരം നന്മയുടെ നനവു പകരുന്ന നല്ല കാഴ്ചകളിലേക്കു പതുക്കെ ഉണര്‍ത്തിയെടുക്കുകയാണു വേണ്ടത്. പഠനമികവിലേക്കുയരാന്‍ ഇന്‍റര്‍നെറ്റിലെ പുതിയ സാദ്ധ്യതകളെ പരിചയപ്പെടുത്തുകയുമാവാം. ഒരുമിച്ചിരിക്കുമ്പോഴാണ് ഒന്നാവുന്നതും നന്നാവുന്നതെന്നും അവരറിയണം. ചില ദിവസങ്ങളിലെങ്കിലും ഫോണ്‍ പൂര്‍ണമായും നിശ്ശബ്ദമാക്കുകയുമാവാം.

ഇക്കഴിഞ്ഞ തിരുക്കുടുംബ തിരുനാള്‍ ദിനത്തില്‍ സെന്‍റ് പീറ്റേഴ്സ് അങ്കണത്തിലെ ത്രികാല പ്രാര്‍ത്ഥനയ്ക്കിടെ ഫ്രാന്‍സിസ് പാപ്പ നല്കിയ സന്ദേശം വളരെ പ്രധാനപ്പെട്ടതായിരുന്നു. “കുടുംബത്തില്‍ ആശയവിനിമയത്തിനു വളരെ പ്രാധാന്യമുണ്ട്. ഫോണുകള്‍ താഴെ വയ്ക്കുക. പരസ്പരം സംസാരിക്കുക.”

Leave a Comment

*
*