സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങളുടെ ശക്തി

സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങളുടെ ശക്തി

വിദൂരസ്ഥരെ സമീപസ്ഥരും സമീപസ്ഥരെ വിദൂരസ്ഥരുമാക്കാനുമുള്ള ശക്തി പേറുന്ന ഇരുതല മൂര്‍ച്ചയുള്ള വാളാണു സാമൂഹ്യമാധ്യമങ്ങള്‍. ആധുനിക ലോകത്തില്‍ സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങള്‍ ചെലുത്തുന്ന ഈ ദ്വിവിധ സ്വാധീനം തിരിച്ചറിയാനും അതിനോടു പക്വതയോടെ പ്രതികരിക്കാനുമുള്ള ആഹ്വാനമാണ് ഈ വര്‍ഷത്തെ സാമൂഹ്യസമ്പര്‍ക്ക മാധ്യമദിനത്തോടനുബന്ധിച്ചു നല്കുന്ന സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ സഭയ്ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. കര്‍ത്താവിന്‍റെ സ്വര്‍ഗാരോഹണ തിരുനാളായ ജൂണ്‍ 2-നാണു സാമൂഹ്യ സമ്പര്‍ക്ക മാധ്യമദിനമെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ സ്വര്‍ഗീയമദ്ധ്യസ്ഥനായ വി. ഫ്രാന്‍സിസ് ഡി സാലസിന്‍റെ തിരുനാള്‍ ദിനമായ ജനുവരി 24-നാണു പാപ്പ എല്ലാവര്‍ഷവും തന്‍റെ സന്ദേശം പ്രസിദ്ധീകരിക്കുന്നത്. തന്‍റെ സന്ദേശത്തില്‍ പാപ്പ ഉപയോഗിക്കുന്ന മൂന്നു ബിംബങ്ങള്‍ ശ്രദ്ധേയമാണ്: വല, സമൂഹം, ഒരു ശരീരത്തിലെ അവയവങ്ങള്‍ എന്നിവയാണവ.

ഇന്‍റര്‍നെറ്റും സാമൂഹ്യമാധ്യമങ്ങളും ആധുനികലോകത്തിന്‍റെ സമ്പര്‍ക്ക ഉപകരണങ്ങളില്‍ മുന്‍പന്തിയില്‍ത്തന്നെയാണ്. ഇവ മനുഷ്യന്‍റെ വിവരമണ്ഡലത്തെ വികസ്വരമാക്കുക മാത്രമല്ല വികലമാക്കുകയും ചെയ്യുന്നുണ്ട്. ഇന്‍റര്‍നെറ്റ് വിവരങ്ങള്‍ മാത്രമല്ല വിവരക്കേടുകളും കൈമാറുന്ന ഇടങ്ങളായി മാറുന്നുണ്ട്. സഭയിലെയും സമൂഹത്തിലെയും പല സമകാലിക സംഭവങ്ങളോടും സാമൂഹ്യമാധ്യമങ്ങള്‍ പ്രതികരിച്ച വിധം പരിശോധിക്കുമ്പോള്‍ നമുക്കതു മനസ്സിലാകും. ഒരു വലയുടെ ഊടും പാവുംപോലെ അഭേദ്യമായിരിക്കേണ്ടതാണു യാഥാര്‍ത്ഥ്യവും അതിന്‍റെ അവതരണവും. അതിന് ഇടിവു തട്ടുമ്പോള്‍ തകരുന്നതു വല തന്നെയാണ്.

നല്ലൊരു സമൂഹത്തെ സൃഷ്ടിക്കുന്നതു യാഥാര്‍ത്ഥ്യവും അതിന്‍റെ പ്രസിദ്ധീകരണവും തമ്മിലുള്ള ഇഴ പിരിയാത്ത ബന്ധമാണ്. യാഥാര്‍ത്ഥ്യത്തില്‍ നിന്നകന്നുള്ള വാര്‍ത്തകളും യാഥാര്‍ത്ഥ്യത്തെ തമസ്കരിച്ചുള്ള പ്രസ്താവനകളും സമൂഹത്തെ, കൂട്ടായ്മയെ തകര്‍ക്കാനേ ഉപകരിക്കൂ. കേള്‍വിയും പരസ്പരസംഭാഷണവും ഊടും പാവുംപോലെ ചേര്‍ന്നു നില്ക്കുന്നിടത്തു ബലമുള്ള വലകള്‍, സമൂഹങ്ങള്‍ ഉണ്ടാകും. അതിനു സഹായിക്കുന്നവയാകണം സാമൂഹ്യമാധ്യമങ്ങള്‍.

ബഹുസ്വരതയെ തമസ്കരിക്കുന്ന ഇടങ്ങളായി സാമൂഹ്യമാധ്യമങ്ങള്‍ മാറരുത്. എന്‍റെ വീക്ഷണത്തോടു ചേര്‍ന്നുനില്ക്കുന്നവര്‍ മാത്രം എന്‍റെ കൂട്ടായ്മയില്‍ എന്ന ചിന്ത സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങളെ സ്വാര്‍ത്ഥതയുടെ തുരുത്തുകളും, ഫാസിസ്റ്റ് ഇടങ്ങളുമാക്കും.

ഇവിടെയാണു ഫ്രാന്‍സിസ് പാപ്പയുടെ സാമൂഹ്യസമ്പര്‍ക്ക ദിനസന്ദേശത്തിലെ മൂന്നാം ബിംബത്തിന്‍റെ പ്രസക്തി. എഫേ. 4:25 ഉദ്ധരിച്ചുകൊണ്ടു 'വ്യാജം വെടിഞ്ഞു സത്യം സംസാരിച്ച് നാം ഒരേ ശരീരത്തിലെ അവയവങ്ങളാകണ'മെന്നു പാപ്പ ഓര്‍മിപ്പിക്കുന്നു. സത്യം കൂട്ടായ്മകളെ സൃഷ്ടിക്കുന്നു, നിലനിര്‍ത്തുന്നു. അസത്യമാകട്ടെ സ്വാര്‍ത്ഥത പടര്‍ത്തി വിള്ളലുകള്‍ ഉണ്ടാക്കുന്നു.

വര്‍ത്തമാനകാലം സത്യം നിറഞ്ഞ കൂട്ടായ്മകള്‍ സൃഷ്ടിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നു. അതിനുള്ള വാതിലുകളും പാതകളുമാകട്ടെ നമ്മുടെ സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങള്‍. ഇന്‍റര്‍നെറ്റും സോഷ്യല്‍ മീഡിയയും ഇത്തരത്തിലുള്ള ഇഴയടുപ്പമുള്ള ബന്ധങ്ങള്‍ ഉണ്ടാക്കാനുള്ള വേദികളാകട്ടെ. ഒരുമി ച്ചു ഭക്ഷിക്കാന്‍, ഒരുമിച്ചിരുന്ന് അല്പസമയം കണ്ണില്‍ നോക്കി സംസാരിക്കാന്‍ ഇന്‍റര്‍നെറ്റ് ഒരു കുടുംബത്തെ സഹായിക്കുമെങ്കില്‍ അതൊരു സമ്പത്താണ്; ഒരു ഇടവകസമൂഹത്തെ വി. ബലിക്കൂട്ടായ്മയില്‍ ഒന്നിപ്പിക്കാന്‍ ഇന്‍റര്‍നെറ്റ് സഹായിക്കുമെങ്കില്‍ അതൊരു സമ്പത്താണ്; ആവശ്യങ്ങളും ജീവിതനൊമ്പരങ്ങളും കൈമാറാനും അതിനു പ്രതിവിധി കണ്ടെത്താനും സാമൂഹ്യമാധ്യമങ്ങള്‍ ഒരു സമൂഹത്തെ സഹായിക്കുമെങ്കില്‍ അതൊരു സമ്പത്താണ്. അല്ലാത്ത സാമൂഹ്യമാധ്യമങ്ങള്‍ ആപത്താണ്; സ്മൈലികളിലും ലൈക്കുകളിലും മാത്രം ഒതുങ്ങുന്ന വെറും പുറംമോടികള്‍!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org