Latest News
|^| Home -> Editorial -> ഹിറ്റ്ലർ മരിച്ചിട്ടില്ല

ഹിറ്റ്ലർ മരിച്ചിട്ടില്ല

Sathyadeepam

പോളണ്ടിലെ കുപ്രസിദ്ധമായ ഒൗഷ്വിറ്റ്സ് ക്യാമ്പിന്റെ പ്രധാന കവാടത്തിൽ ജോർജ് സാന്റിയാന എന്ന ചിന്തകന്റെ പ്രവാചകത്വം നിറഞ്ഞ ഒരു വാക്യം കുറിച്ചിട്ടുണ്ട്: “Those who donot remember the Past, are Condemned to repeat it.” ഭൂതകാലത്തെ സ്മരിക്കാത്തവർ അബദ്ധങ്ങൾ ആവർത്തിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു. 1945 ജനുവരി 27-ന് സോവിയറ്റ് റെഡ് ആർമി ഒൗഷ്വിറ്റ്സ് ക്യാമ്പ് ഒഴിപ്പിച്ചതിന്റെ 72-ാം സ്മരണ വർഷമാണിത്.

ആധുനികചരിത്രം കണ്ട ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറുടെ കിരാത ഭരണത്തിന്റെ നേർസാക്ഷ്യമാണ് ഒൗഷ്വിറ്റ്സിലെ ഏറ്റവും വലിയ ഇൗ നാസി ജർമ്മൻ കോൺസൻട്രേഷൻ ക്യാമ്പ്. 11 ലക്ഷം തടവുകാരെയാണു ഹിറ്റ്ലർ ഇൗ ക്യാമ്പിനകത്തു മാത്രം വകവരുത്തിയത്. അതിൽ 90 ശതമാനം പേരും യഹൂദരായിരുന്നു. വിഷം കുത്തിവച്ചും വിഷവാതകം ശ്വസിപ്പിച്ചും പട്ടിണിക്കിട്ടും വിചിത്രമായ പരീക്ഷണങ്ങൾക്ക് ഉപയോഗിച്ചും ഇത്രയും പേരെ കൊന്നൊടുക്കിയ ഹിറ്റ്ലർ ഒരു കത്തോലിക്കനായിരുന്നുവെന്നത് എല്ലാക്കാലത്തുമുള്ള ക്രിസ്തീയവിശ്വാസികളെ നൊമ്പരപ്പെടുത്തുന്നു, ലജ്ജിതരാക്കുന്നു.

ഹിറ്റ്ലറുടെ കിരാതവാഴ്ചക്കാലത്തു സഭയെ നയിച്ചിരുന്ന 12-ാം പീയൂസ് പാപ്പയുടെ മൗനം പിൽക്കാലത്തു കഠിനമായ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. പാപ്പ തന്റെ അധികാരവും ആത്മീയതയും ഉപയോഗിച്ച് ഹിറ്റ്ലറുടെ ഇൗ ജൂതഹത്യയെ തടയാനായി മറ്റു ലോകരാഷ്ട്രങ്ങളെ ഉണർത്തിയില്ല എന്നത് ഒരു ചരിത്രവസ്തുതയാണ്. അതുകൊണ്ടാണ് ആധുനികരായ മൂന്നു പാപ്പമാരുടെയും ഒൗഷ്വിറ്റ്സ് ക്യാമ്പ് സന്ദർശനം ലോകം ഉറ്റുനോക്കിയത്. വി. ജോൺ പോൾ പാപ്പ 1979 ജൂൺ 7-നും ബെനഡിക്ട് 16-ാമൻ പാപ്പ 2006 മേയ് 28-നും ഫ്രാൻസിസ് പാപ്പ 2016 ജൂലൈ 29-നുമാണ് ഇവിടം സന്ദർശിച്ചു പ്രാർത്ഥിച്ചത്. ഇവർ മൂവരും ഹിറ്റ്ലറുടെ സമകാലീനരും ഇൗ ഭീകരവാഴ്ചയുടെ ദുരന്തമനുഭവിച്ചവരുമാണ്. വി. ജോൺ പോൾ പാപ്പ ഒൗഷ്വിറ്റ്സ് സ്ഥിതി ചെയ്തിരുന്ന പോളണ്ടുകാരനാണ്. ബെനഡിക്ട് പാപ്പയാകട്ടെ ജർമ്മൻകാരനും ഹിറ്റ്ലറുടെ സൈന്യത്തിൽ നിർബന്ധിത സൈനികസേവനത്തിനു നിയോഗിക്കപ്പെട്ടവനുമായിരുന്നു.

വികാരനിർഭരമായിരുന്നു മൂന്നു പാപ്പമാരുടെയും ഒൗഷ് വിറ്റ്സ് സന്ദർശനം. വി. ജോൺ പോൾ പാപ്പ ക്യാമ്പിൽ വി. ബലിയർപ്പിച്ചു. ബെനഡിക്ട് പാപ്പ ക്യാമ്പിനകത്തുകൂടെ വാഹനമുപയോഗിക്കാതെ നടന്നു പ്രാർത്ഥിച്ചു. ജർമ്മൻ ഭാഷ ഉപയോഗിക്കാതെ ഇറ്റാലിയനിലും പോളീഷ് ഭാഷയിലും ജനത്തെ സംബോധന ചെയ്തു. ഫ്രാൻസിസ് പാപ്പയാകട്ടെ ദുഃഖത്തിൽ മുങ്ങിയ തന്റെ മൗനസന്ദർശനത്തിനുശേഷം സന്ദർശക ഡയറിയിൽ ഇങ്ങനെ കുറിച്ചു: “”കർത്താവേ, നിന്റെ ജനത്തിന്റെ മേൽ കരുണയുണ്ടാകണമേ. അവരുടെ ക്രൂരത പൊറുക്കണമേ.”

2005-ൽ യു.എൻ. ജനറൽ അസംബ്ലി ഒൗഷ്വിറ്റ്സ് ക്യാമ്പ് ഒഴിപ്പിച്ച ദിനത്തെ അന്തർദ്ദേശീയ ഹോളോകോസ്റ്റ് സ്മരണദിനമായി പ്രഖ്യാപിച്ചു. ജാതി-മത-വർഗ്ഗ-വർണ്ണങ്ങളുടെ പേരിൽ നടക്കുന്ന എല്ലാ കൂട്ടക്കുരുതികൾക്കുമെതിരെ നിലപാടുകൾ എടുക്കാനുള്ള ദൗത്യമാണ് ഇൗ ദിനം നമ്മെ ഒാർമ്മിപ്പിക്കുന്നത്. “”കൂട്ടക്കുരുതി സ്മരണയും വിദ്യാഭ്യാസവും നമ്മുടെ കൂട്ടായ ഉത്തരവാദിത്വം” എന്നതാണ് ഇൗ വർഷത്തെ എെക്യരാഷ്ട്രസഭയുടെ പ്രമേയം.

നിർഭാഗ്യമെന്നു പറയട്ടെ, ഹിറ്റ്ലർ മരിച്ചില്ല; ഭൂതകാല അബദ്ധങ്ങളിൽനിന്നു നാം പഠിച്ചുമില്ല. ഹിറ്റ്ലറുടെ തെറ്റുകൾ പല രൂപത്തിൽ, ഭാവത്തിൽ തലങ്ങളിൽ നാം ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇസ്രായേലിന്റെ കയ്യിൽപ്പെട്ടു ദുരിതത്തിലായിരിക്കുന്ന പാലസ്തീൻകാരും പല ദേശങ്ങളിലേക്കു പലായനം ചെയ്യാൻ വിധിക്കപ്പെട്ട റോഹിംഗ്യകളും, യെമനിലും സൊമാലിയായിലും തെക്കൻ സുഡാനിലും അടിച്ചമർത്തപ്പെടുന്ന ജനവുമൊക്കെ ഹിറ്റ്ലർ ഇനിയും മരിച്ചിട്ടില്ല എന്നുള്ളതിന്റെ നടുക്കുന്ന സൂചനകളാണ്.

ഹിറ്റ്ലറുടെ പ്രേതം ഭാരതത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-മതമേഖലകളിലേക്കും വ്യാപിക്കുകയാണ് എന്നതിന്റെ സൂചനയും വർത്തമാനകാല സംഭവങ്ങൾ നമുക്കു നല്കുന്നു. സഞ്ജയ് ലീല ബസൻസാലിയുടെ “”പത്മാവത്” ചിത്രപ്രദർശനത്തിനു വിലങ്ങുതടിയായി നില്ക്കുന്ന കർണിസേനയും ജനാധിപത്യത്തെ കാവിയുടുപ്പിക്കാനുള്ള അണിയറനീക്കങ്ങളും നീതിന്യായവകുപ്പിന്റെ സ്വാതന്ത്ര്യത്തെപ്പോലും കൂച്ചുവിലങ്ങിടാനുള്ള ശൈലികളും ആത്മീയതയുടെ അന്തഃസത്ത മറന്നു വ്യക്തിതാത്പര്യങ്ങൾക്കായി ദൈവത്തെയും മാമോനെയും ഒരുമിച്ചു കയ്യിലെടുക്കുന്ന ആൾദൈവങ്ങളും പറയാതെ നമ്മോടു പറയുന്നു: ഹിറ്റ്ലർ മരിച്ചിട്ടില്ല.

യഹൂദരെ സംരക്ഷിച്ചു എന്ന കുറ്റത്താൽ ഒൗഷ്വിറ്റ്സ് ക്യാമ്പിൽ അടക്കപ്പെടുകയും രക്തസാക്ഷിത്വം വരിച്ചു വിശുദ്ധനാകുകയും ചെയ്ത വി. മാക്സിമില്യൻ കോൾബെ 1941-ലെ തന്റെ അറസ്റ്റിനുമുമ്പ് ഇപ്രകാരം കുറിച്ചു: “”നമുക്കു ചെയ്യാവുന്നതും ചെയ്യേണ്ടതുമായ കാര്യമിതാണ്: സത്യത്തെ അന്വേഷിക്കുക; കിട്ടിയ സത്യത്തിന്റെ ദാസരാകുക. ബാഹ്യലോകത്തിലെ ശത്രുക്കൾക്കും കോൺസെൻട്രേഷൻ ക്യാമ്പുകൾക്കും മേലെ നമ്മിൽ തന്നെ രണ്ടു ശക്തികൾ ഒളിഞ്ഞിരിക്കുന്നു. നന്മയും തിന്മയും പാപവും പുണ്യവും. നമ്മിലെ നന്മയും തിന്മയും തമ്മിലുള്ള ഇൗ ആന്തരികയുദ്ധത്തിൽ നാം പരാജയപ്പെട്ടിട്ട് മറ്റെല്ലാ യുദ്ധങ്ങളിലും നാം വിജയിച്ചിട്ടെന്തു കാര്യം?”

Leave a Comment

*
*