അപ്രസക്തമാകാതിരിക്കാന്‍

അപ്രസക്തമാകാതിരിക്കാന്‍

"വലിയ സ്ഥാപനങ്ങള്‍ അവരുടെ ഏറ്റവും വലിയ മന്ദിരങ്ങള്‍ പണിതുയര്‍ത്തുന്നത് അവര്‍ അപ്രസക്തരാകുന്നതിനു തൊട്ടുമുമ്പാകാം" എന്നഭിപ്രായപ്പെട്ടതു ബ്രിട്ടീഷ് ചരിത്രകാരനും എഴുത്തുകാരനുമായ സിറിള്‍ നോര്‍ത്ത്കോട്ട് പാര്‍ക്കിന്‍സണാണ് (Cyril Northcote Parkinson).

ക്രിസ്തുവിന്‍റെ മൗതികശരീരമാണു സഭ. അത് ഒരു സ്ഥാപനമായി വലുതാകുന്നതിലും ശുശ്രൂഷകര്‍ വെറും ബ്യൂറോക്രാറ്റുകളായി 'ചെറുതാകുന്നതി'ലും നൂറ്റാണ്ടിലെ ഏറ്റവും വലിയ ആശങ്ക പങ്കുവച്ചത്, പാപ്പാസ്ഥാനത്തെ പ്രവാചകതുല്യം വിശുദ്ധീകരിച്ച ഫ്രാന്‍സിസ് പാപ്പയാണ്.

ഒരു സഭാസമൂഹത്തിന്‍റെ വളര്‍ച്ചയെ അടയാളപ്പെടുത്തുന്നതിന്‍റെ മാനദണ്ഡം അതുയര്‍ത്തിപ്പണിത സ്ഥാപനങ്ങളുടെ വിപുലീകരണമാണെന്ന ധാരണയില്‍ തെറ്റിപ്പോയൊരു കൂട്ടായ്മയാണോ നമ്മുടേതെന്നു ചിന്തിക്കേണ്ടതുണ്ട്. ഒരു ഇടവകയുടെയോ രൂപതയുടെയോ വളര്‍ച്ചയെ സൂചിപ്പിക്കാന്‍ അതിലുള്‍പ്പെട്ട സ്ഥാപനങ്ങളുടെ കണക്കെടുക്കുന്നതിന്‍റെ യുക്തി, അതല്ലാതെ പിന്നെ മറ്റെന്താണ്? തന്‍റെ കാലത്തു പുതുതായി പണിത പള്ളികളുടെയും, കൂട്ടിച്ചേര്‍ത്ത സ്ഥാപനങ്ങളുടെയും ലിസ്റ്റില്‍ ചാരിത്തന്നെയാണു പലപ്പോഴും അജപാലനശുശ്രൂഷയുടെ മഹത്ത്വത്തെ വൈദികരും, സഭാദ്ധ്യക്ഷന്മാര്‍പോലും ഓര്‍മിക്കുന്നതെന്നു തിരിച്ചറിയുമ്പോഴാണ് ഈ വ്യതിയാനത്തിന്‍റെ വ്യതിചലനം എത്രയോ ആഴത്തിലെന്നു മനസ്സിലാകുന്നത്. കോടികള്‍ മുടക്കി പുതുക്കിപ്പണിത പള്ളികള്‍ 'കൂടുതല്‍ സൗകര്യം, മെച്ചപ്പെട്ട സേവനം' എന്ന മുഖമറയിലൂടെ തന്നെയാണ് നമുക്കിടയിലേക്കു പ്രവേശിക്കുന്നത്. സൗകര്യത്തിന് അകലം എന്നൊരു അര്‍ത്ഥം കൂടിയുണ്ടെന്നു തോന്നാറുണ്ട്. വിശാലമായ പള്ളിക്കുള്ളില്‍ പലപ്പോഴും ആളുകള്‍ തമ്മിലുള്ള 'സമാധാനാശംസയുടെ' കയ്യേറുദൂരം കൂടിവരികയല്ലേ? കേരളസഭയില്‍ മൂന്നു റീത്തുകളിലായി നൂറിലധികം ദേവാലയങ്ങള്‍ ഇപ്പോള്‍ത്തന്നെ പുതിയതായി നിര്‍മാണപാതയിലാണ്. പള്ളിപണിയിലെ ധൂര്‍ത്തിനെയും ആഡംബരത്തെയും ഔദ്യോഗികമായി സഭ പലവട്ടം അഭിസംബോധന ചെയ്തിട്ടുള്ളതു മറക്കുന്നില്ല. അവിടെപ്പോലും അവസരവാദത്തിന്‍റെ അനൗചിത്യത്താല്‍ അത് അശ്ലീലമായിട്ടുമുണ്ട്.

ഏറ്റവും വലിയതിന്‍റെ പുറകെ പോകുമ്പോള്‍ ക്രിസ്തു നിരന്തരം അഭിസംബോധന ചെയ്ത ചെറിയ അജഗണങ്ങള്‍ അവഗണിക്കപ്പെടുന്നുണ്ടെന്നോര്‍ക്കണം. സ്ഥാപനങ്ങളെ ക്രിസ്തുവിന്‍റെ നീട്ടപ്പെട്ട കരങ്ങളായി നാം വിശദീകരിക്കുമെങ്കിലും അതു താഴേക്കു നീളാതെ അകലങ്ങളിലേക്കു നീണ്ടുപോകുന്നതിനെക്കുറിച്ചുള്ള മറ്റുള്ളവരുടെ ആശങ്ക നമ്മുടേതുമാകണം. നമ്മുടെ അവൈലബിലിറ്റിയുടെ അരികില്‍ ആരൊക്കെയാണെന്നതും പരിശോധിക്കണം.

ദേവാലയശുദ്ധീകരണവുമായി ബന്ധപ്പെട്ട് ഫ്രാന്‍സിസ് പാപ്പയുടെ വ്യാഖ്യാനം ശ്രദ്ധേയമാകുന്നുണ്ടിവിടെ. "ദൈവം സ്വയം വെളിപ്പെടുത്തുകയും നമ്മോടു സംസാരിക്കുകയും, നമുക്കു നേരില്‍ കാണാനിട തരികയും ചെയ്ത യഥാര്‍ത്ഥ ദേവാലയമാണു ക്രിസ്തുവിന്‍റെ മനുഷ്യസ്വഭാവം" (വത്തിക്കാന്‍ സിറ്റി, മാര്‍ച്ച്, 2018). മനുഷ്യത്വത്തെ മഹത്ത്വീകരിക്കുന്ന മാതൃകയാലാകണം ദേവാലയങ്ങള്‍ ഇനി മുതല്‍ വിശുദ്ധീകരിക്കപ്പെടേണ്ടത്.

വലിയ എടുപ്പുകളെ കല്ലും മണ്ണുംകൊണ്ടു മാത്രമായി വിവേചിക്കുന്നതു വായന പൂര്‍ണമാക്കുന്നില്ല. അനാവശ്യവും അനുചിതവുമായ ആശയങ്ങളുടെ നിര്‍മിതിയും നിര്‍വഹണവും ഈ അപ്രസക്തീകരണത്തിന്‍റെ പരിധിയിലുള്‍പ്പെടുത്തി മനസ്സിലാക്കുന്നതു സിറിള്‍ നോര്‍ത്ത്കോട്ട് സൂചിപ്പിക്കുന്ന ആ വീഴ്ചയുടെ ആഘാതം അല്പമെങ്കിലും കുറച്ചേക്കും.

സഭയില്‍ പുതിയ നിര്‍മിതികളുടെ കാരണങ്ങള്‍പോലെ പുതിയ ചര്‍ച്ചകളുടെ കാര്യക്രമവും പരിശോധനാവിഷയമാക്കണം. പൗരത്വപുനര്‍നിര്‍ണയ പ്രശ്നത്തില്‍ രാജ്യം രണ്ടായി തിരിഞ്ഞു കത്തുമ്പോള്‍, കര്‍ഷകര്‍ ഭീതിയോടെ കൃഷിഭൂമികളുപേക്ഷിക്കുമ്പോള്‍, സഭ പുതുതായി ചര്‍ച്ചക്കെടുക്കുന്ന 'ആരാധനക്രമത്തിലെ ഏകീകരണം' പോലുള്ള വിഷയങ്ങളുടെ തെരഞ്ഞെടുപ്പില്‍ വീണ്ടുവിചാരമുണ്ടാകുന്നില്ലെങ്കില്‍, അപ്രസക്തമാകുന്നതിനു തൊട്ടുമുമ്പു നാം ഉയര്‍ത്തുന്ന അവസാനത്തെ 'നിര്‍മിതി'യാകുമത്. കൂടെയുള്ളവരുമായുള്ള മുഖാ മുഖംതന്നെയാണു ദൈവത്തിന്‍റെ ആമുഖം. സഭയുടെ തീര്‍ത്ഥാടനവഴികളെ ആരും തടസ്സപ്പെടുത്തരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org