Latest News
|^| Home -> Editorial -> യുവജനവും നവവൈദികരും

യുവജനവും നവവൈദികരും

Sathyadeepam

കേരള കത്തോലിക്കാസഭ 2018 യുവജന വര്‍ഷമായി ആചരിക്കാന്‍ ഒരുങ്ങുകയാണ്. കേരളത്തിന്‍റെ ഔദ്യോഗിക യുവജനപ്രസ്ഥാനം എന്ന പേരുള്ള കെസിവൈഎം രൂപീകൃതമായതിന്‍റെ റൂബിജൂബിലി വര്‍ഷമാണിത്.

യുവജനങ്ങളെ ‘നന്നാക്കാനും’, മാറ്റിയെടുക്കാനു’മുള്ള ഒരു വര്‍ഷമായിരിക്കരുത് ഇത്. സംഗമങ്ങളും പരിശീലനപരിപാടികളും റാലികളുംകൊണ്ടു മാത്രമായിരിക്കരുത് ഈ വര്‍ഷത്തെ കൊഴുപ്പിക്കേണ്ടത്. ക്രിസ്തു പകര്‍ന്നു നല്കുന്ന മൂല്യങ്ങളെയും ആദര്‍ശങ്ങളെയും മുറുകെപ്പിടിച്ചു യുവജനപ്രസ്ഥാനങ്ങള്‍ ആദര്‍ശാധിഷ്ഠിതവും വിശ്വാസജീവിതത്തില്‍ ഉറച്ച കൂട്ടായ്മകള്‍ രൂപപ്പെടുത്തുന്നതുമായി മാറണം. ഈ വര്‍ഷം ഒക്ടോബറില്‍ റോമില്‍ നടക്കാന്‍ പോകുന്ന ആഗോളമെത്രാന്‍ സിനഡിന്‍റെ വിഷയവും യുവജനങ്ങളാണല്ലോ. ഈ പശ്ചാത്തലത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഈ വര്‍ഷം യുവജനങ്ങള്‍ക്കായി സമര്‍പ്പിച്ചത് ഉചിതമായി.

യുവജനവര്‍ഷത്തില്‍ നവീകരിക്കപ്പെടേണ്ടതു യുവജനമുന്നേറ്റങ്ങള്‍ മാത്രമല്ല, അവരുടെ ചാലകശക്തികളാകേണ്ട മുതിര്‍ന്ന സമൂഹത്തിന്‍റെ വീക്ഷണശൈലികളും ഇടപെടലുകളുമാണ്. യുവജനങ്ങളുടെ ഹൃദയഭാവങ്ങള്‍ മനസ്സിലാക്കാനും അവരുടെ വേഗത്തില്‍ അവരോടൊപ്പം യാത്ര ചെയ്യാനും മുതിര്‍ന്ന സമൂഹം തയ്യാറാകണമെന്നു സിനഡിനായുള്ള ഒരുക്കരേഖയില്‍ മാര്‍പാപ്പ എഴുതിയ കാര്യം നാം വിസ്മരിച്ചുകൂടാ. ഈ നിലപാടുമാറ്റത്തില്‍ വൈദികസമൂഹത്തിന്‍റെ പങ്ക് ചില്ലറയല്ല. വി. അംബ്രോസിന്‍റെ വാക്കുകളില്‍ ദൈവസ്നേഹത്തിന്‍റെ വികാരിമാരാകാനാണല്ലോ അവര്‍ അഭിഷിക്തരായത്.

തിരുപ്പട്ടങ്ങളുടെ കാലം കൂടിയാണ് ഇത്. ലാറ്റിന്‍, സീറോ മലബാര്‍, മലങ്കര റീത്തുകളിലായി ഇരുന്നൂറിലധികം യുവവൈദികരാണു കേരളത്തിലെ ഇടവകകള്‍ക്കായി ഈ വര്‍ഷം അഭിഷിരാകുന്നത്. വിവിധ സന്ന്യാസസമൂഹങ്ങള്‍ക്കുവേണ്ടി കേരളത്തില്‍ വൈദികപട്ടം സ്വീകരിക്കുന്നവര്‍ വേറെയും. ദൈവികപട്ടമായ ഈ വൈദികപട്ടത്തെ ശ്രേഷ്ഠവും സമുന്നതവും ദൈവിക അധികാരങ്ങളുടെ താക്കോലുമായി മാത്രം വാഴ്ത്താതെ ദൈവസ്നേഹത്തിന്‍റെയും കരുണയുടെയും കൃപയുടെയും നീര്‍ച്ചാലൊഴുകുന്ന, ശുശ്രൂഷയുടെ ഒരു ഇടമായി കൂടി അടയാളപ്പെടുത്തേണ്ടതുണ്ട്. പൗരോഹിത്യപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന വൈദികരെയല്ല പൗരോഹിത്യ ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെടുന്ന വൈദികരെയാണു യുവജനങ്ങള്‍ക്ക്, സഭയ്ക്ക് ഇന്നാവശ്യം.

2017-ലെ തന്‍റെ ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ 16 പേര്‍ക്ക് പൗരോഹിത്യം നല്കിക്കൊണ്ടു ഫ്രാന്‍സിസ് പാപ്പ പൗരോഹിത്യശുശ്രൂഷയുടെ സ്വഭാവത്തെക്കുറിച്ചു പറഞ്ഞത് ഇപ്രകാരമാണ്. ‘പുരോഹിതന്‍റെ ശുശ്രൂഷകളിലൂടെ ദൈവജനത്തിന്‍റെ ആത്മീയബലികള്‍ പൂര്‍ത്തിയാക്കപ്പെടണം.’ ദൈവജനത്തിന്‍റെ സദ്ഭാവങ്ങളെയും പ്രവൃത്തികളെയും ദൈവികമാക്കാനും പൂര്‍ത്തിയാക്കാനുമുള്ള വിളിയാണു പുരോഹിതന്‍റേത്. അപ്പോഴാണ് അവന്‍ ദൈവത്തിനും ജനത്തിനുമിടയിലെ പാലമാകുന്നത്.

വൈദികജീവിതത്തിന്‍റെ അടിസ്ഥാനഭാവമായ ശുശ്രൂഷാജീവിതത്തിനു തുരങ്കംവയ്ക്കുന്ന ധനമോഹവും അധികാരക്കൊതിയും സ്വാര്‍ത്ഥതാത്പര്യങ്ങളുമൊക്കെ നമ്മെ പ്രലോഭിപ്പിക്കുന്ന ഇക്കാലത്ത് ഫ്രാന്‍സിസ് പാപ്പ നല്കുന്ന പൗരോഹിത്യശുശ്രൂഷയുടെ ഏഴ് അടിസ്ഥാന സ്തംഭങ്ങളിലേക്കുള്ള ഒരു തിരിച്ചുപോക്കാണു കാലഘട്ടത്തിന്‍റെ ആവശ്യം. 1. യേശുവുമായുള്ള വ്യക്തിപരമായ ബന്ധമാണു ഒരു പുരോഹിതന്‍റെ ശക്തി. 2. യേശുവിനോടൊത്തായിരിക്കുന്നതുപോലെ അവന് ജനത്തോടൊപ്പമാകാന്‍ കഴിയണം. 3. പൗരോഹിത്യാധികാരം ശുശ്രൂഷയുമായാണു ബന്ധപ്പെട്ടിരിക്കുന്നത്. 4. പുരോഹിതന്‍ കരുണയുടെ ഒരു സ്ഥാനപതിയാണ്. 5. ലാളിത്യത്തിന്‍റെ മാതൃകയാണ്. 6. ആത്മാര്‍ത്ഥതയുടെ ആള്‍രൂപമാണ്. 7. അവന്‍ അനുഗ്രഹം നല്കുന്നവന്‍ മാത്രമല്ല, അനുഗ്രഹവുമാണ്.

നവവൈദികര്‍ക്ക് ഈ ശുശ്രൂഷാസാഗരത്തിലേക്കു സ്വാഗതം!

Leave a Comment

*
*