Latest News
|^| Home -> Editorial -> മാനവീകതയുടെ മഹിതമാര്‍ഗം

മാനവീകതയുടെ മഹിതമാര്‍ഗം

Sathyadeepam

‘ചരിത്രം എന്നു പറയുന്നതു നടന്ന കാര്യങ്ങളെക്കുറിച്ചുള്ള ഒരു രേഖ മാത്രമല്ല, വരാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളുമാണ്’ എന്ന് അഭിപ്രായപ്പെട്ടതു സാംസ്കാരികവിമര്‍ശകനും ദാര്‍ശനികനും പ്രഭാഷകനുമായിരുന്ന ശ്രീ എം.എന്‍. വിജയനാണ്. 19-ാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ അനിഷേധ്യവും അസാധാരണവുമായ ഇടപെടലുകളിലൂടെ ഒരു കാലഘട്ടത്തെ പ്രചോദിപ്പിച്ചും പ്രകാശിപ്പിച്ചും കാലാതീതനായി പരിണമിച്ച വി. ചാവറപ്പിതാവിന്‍റെ (1805-1871) പരലോകപ്രാപ്തിയുടെ ശതോത്തര സുവര്‍ണജൂബിലിയോര്‍മിക്കുമ്പോള്‍, ചരിത്രത്തിലൂടെ നടന്നു ചരിത്രമായിത്തീര്‍ന്ന ഒരു മഹാമനീഷിയുടെ മഹിതമാര്‍ഗസ്മരണകൂടിയാകുന്നുവത്.

കേരളത്തിന്‍റെ നവോത്ഥാന നഭസ്സില്‍ ചാവറനക്ഷത്രത്തിന്‍റെ ശോഭ മറയ്ക്കുന്ന മനഃപൂര്‍വമായ ചില സാംസ്കാരിക ‘മറവി’കളുടെ മറ നീക്കാന്‍ ഈ അശ്രുപൂജയെ ആധുനിക കേരളം അവസരമാക്കണം.

പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന മഹിതദര്‍ശനത്തിലൂടെ വിദ്യാഭ്യാസരംഗത്തെ മാത്രമല്ല, ക്രിസ്തീയതയെക്കൂടി മതനിരപേക്ഷമാക്കിയ ക്രാന്തദര്‍ശിയായ ചാവറപ്പിതാവ്, 1871-ല്‍ അന്തരിക്കുമ്പോള്‍, ശ്രീനാരായണഗുരുവിനു 15 വയസ്സും ചട്ടമ്പിസ്വാമികള്‍ക്ക് 18 വയസ്സും അയ്യങ്കാളിക്ക് 8 വയസ്സുമെന്നുകൂടി ചേര്‍ത്തുവായിക്കുമ്പോഴാണ്, കേരളത്തിന്‍റെ നവോത്ഥാനവായന പൂര്‍ണമാകുന്നത്. 1846-ല്‍ സ്ഥാപിക്കപ്പെട്ട സംസ്കൃത പഠനക്കളരിയില്‍ അധഃകൃതനും പ്രവേശനാനുമതി ഉറപ്പാക്കിക്കൊണ്ട്, വര്‍ണഭേദത്തിന്‍റെ വിഭാഗീയപ്പിശാചിനെ വെളിയില്‍ നിര്‍ത്തിയ ചാവറദര്‍ശനത്തെ, സാക്ഷരകേരളം തിരികെ വിളിക്കേണ്ട കാലമാണിതെന്നുകൂടി തിരിച്ചറിയുമ്പോഴാണ്, വിജയന്‍മാഷ് ഓര്‍മിപ്പിക്കുന്നതുപോലെ, ചരിത്രം വെറും ചാവെഴുത്തു മാത്രമല്ലെന്നു മനസ്സിലാകുന്നത്.

പൗരത്വ പുനര്‍നിര്‍ണയതര്‍ക്കം ഒരു പ്രത്യേക മതവിഭാഗത്തെ മുഖ്യധാരയില്‍ നിന്നും മുറിച്ചുമാറ്റുന്നതു മാത്രമല്ലെന്നും രാജ്യത്തിന്‍റെ ഭരണഘടനയെപ്പോലും (ആര്‍ട്ടിക്കിള്‍ 14: “ഇന്ത്യന്‍ പ്രദേശത്തിനകത്ത് ഒരാള്‍ക്കും നിയമത്തിനു മുമ്പില്‍ സമത്വമോ തുല്യമായ നിയമസംരക്ഷണമോ രാഷ്ട്രം നിഷേധിച്ചു കൂടാത്തതാകുന്നു”) അസ്ഥിരമാക്കുന്ന അസഹിഷ്ണുതയുടെ അങ്കക്കലിയാണെന്നുമുള്ള ഓര്‍മയില്‍, എല്ലാവരെയും ഒന്നിച്ചു കാണാനും ഒരുമിച്ചു നിര്‍ത്താനും നൂറ്റമ്പതാണ്ടുകള്‍ക്കിപ്പുറം കേരളത്തിലെ ക്രിസ്തീയസഭയ്ക്കിപ്പോള്‍ നേതൃത്വപരമായി കഴിയാത്തവിധം താത്ക്കാലിക രാഷ്ട്രീയനേട്ടങ്ങളുടെ തണലിടങ്ങളില്‍ സ്വയം മറയ്ക്കുമ്പോള്‍, സഭയുടെ നവോത്ഥാനപാരമ്പര്യത്തെ മാത്രമല്ല, വി. ചാവറപ്പിതാവിന്‍റെ മതേതരത്വ മഹാദര്‍ശനത്തെപ്പോലുമാണതു തള്ളിപ്പറയുന്നതെന്നോര്‍ക്കണം. സഭയുടെ പൂമുഖത്തു വര്‍ഗീയപാര്‍ട്ടിയുടെ പരസ്യപ്പലക വയ്ക്കാനൊരിക്കലുമനുവദിക്കരുത്.

പുതിയ കാലത്തു സഭയെ പലരും എഴുതിതോല്പിക്കുമ്പോള്‍, സാക്ഷരകേരളത്തിന് എഴുത്തോലയും എഴുത്താണിയും സമ്മാനിച്ച മഹത്തായൊരു ക്രൈസ്തവ ധൈഷണിക പാരമ്പര്യത്തിന്‍റെ ആദ്യതലയെടുപ്പാണു ചാവറപ്പിതാവെന്നറിയുക. മാന്നാനത്തെ അച്ചടിശാലയും പ്രസിദ്ധീകരണകേന്ദ്രവും ‘ദീപിക’യുടെ ചരിത്രപ്പിറവിയുമൊക്കെ ‘കുന്നിറ’ങ്ങിയത്, കുനിഞ്ഞുപോയൊരു തലമുറയ്ക്കു നിവര്‍ന്നുനില്ക്കാനുള്ള ഊര്‍ജ്ജമാകാനായിരുന്നു. സാഹിത്യമേഖലയ്ക്കും പിതാവു നല്കിയ സംഭാവനകള്‍ ഏകാന്ത മഹിമയാര്‍ന്നവയായിരുന്നു. ‘ആത്മാനുതാപവും’, ‘ഇടയനാടകങ്ങളും’, ‘അനസ്താസ്യായുടെ രക്തസാക്ഷിത്വമെന്ന’ ഖണ്ഡകാവ്യവുമൊക്കെ ചാവറത്തൂലികയുടേതെന്ന് ഇപ്പോഴും പലര്‍ക്കും അവിശ്വസനീയമായി തോന്നുന്നത്, പട്ടക്കാരനെ എപ്പോഴും പള്ളിയ്ക്കകത്തൊ തുക്കാനുള്ള സവര്‍ണമലയാളത്തിന്‍റെ പഴയ മാടമ്പിത്തരത്തിന്‍റെ പ്രേതബാധ വിട്ടുപോകാത്തതിനാലാണ്.

‘നല്ലയപ്പന്‍റെ ചാവരുകളുകളില്‍’ ചുരുള്‍ നിവരുന്ന നിര്‍ദ്ദേശങ്ങളിലൊന്ന്, ‘രക്തബന്ധമില്ലാത്തവരുടെ വീടുകളില്‍ കുട്ടികളെ രാപാര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നതായിരുന്നു’വെന്ന് അറിയുമ്പോള്‍, ഇന്നും പ്രസക്തമാകുന്ന ശിശുസൗഹൃദത്തിന്‍റെ കാലാതീത ജാഗ്രതാദര്‍ശനം വെളിപ്പെടുന്നു.

നലംതികഞ്ഞ ആത്മീയാചാര്യനും തീക്ഷ്ണമതിയായ വിശ്വാസസംരക്ഷകനും സഭാസ്നേഹിയുമായി തുടരുമ്പോഴും തനിക്കു ചുറ്റും വേദനിക്കുന്നവരോട് സംവദിച്ചും സഹകരിച്ചും സാക്ഷാത്കാരം നേടിയെന്നതാണു ചാവറമാഹാത്മ്യം. നവോത്ഥാനനായകനായും സാമൂഹ്യപരിഷ്കര്‍ത്താവായും ഒരു പട്ടക്കാരന്‍ പരുവപ്പെട്ടതങ്ങനെയാണ്. പള്ളിയിലേക്ക് ഉള്‍വലിയാനുള്ള പൗരോഹിത്യത്തിന്‍റെ പുതിയകാല പ്രലോഭനങ്ങള്‍ക്കു ചാവറദീക്ഷയുടെ തിരുത്ത്; അതാകട്ടെ കുരിയാക്കോസ് ഏലിയാസച്ചനോടുള്ള നമ്മുടെ കടമയും കടപ്പാടും.

Leave a Comment

*
*