ഭ്രാന്താലയമോ ഹര്‍ത്താലയമോ?

ഭ്രാന്താലയമോ ഹര്‍ത്താലയമോ?

കേരളത്തെ ഒരു ഭ്രാന്താലയമെന്നു വിളിച്ചതു സ്വാമി വിവേകാനന്ദനാണ്. ഹര്‍ത്താലുകളുടെ കുത്തൊഴുക്കില്‍ ദൈവത്തിന്‍റെ ഈ സ്വന്തം നാട് ഇന്നദ്ദേഹം സന്ദര്‍ശിച്ചാല്‍ കേരളത്തെ 'ഹര്‍ത്താലയം' എന്നു വിളിക്കാന്‍ സാദ്ധ്യതയുണ്ട്; ഹര്‍ത്താലുകള്‍ കൂടുകെട്ടി താമസിക്കുമിടം. വൈവിദ്ധ്യമാര്‍ന്ന പല തരം ഭ്രാന്തുകളെ പ്രവസവിക്കുന്ന ദിനങ്ങളായി മാറുകയാണ് ഓരോ ഹര്‍ത്താല്‍ദിനങ്ങളും. പേരുകള്‍ പലതുണ്ടതിന്; പണിമുടക്ക്, ബന്ദ്, കരിദിനം, ഹര്‍ത്താല്‍…. ഏതാണതില്‍ മൂത്ത വട്ടെന്നു തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയായിട്ടുണ്ട്. ഈ എഡിറ്റോറിയല്‍ കുറിപ്പെഴുതുന്നതും ഇത്തരം പണി നിരോധിച്ചുകൊണ്ടുള്ള ഒരു പണിമുടക്കു ദിനാന്ത്യത്തിലാണന്നതു വിചിത്രം.

കേരളത്തില്‍ സാധാരണക്കാരന്‍റെ സാധാരണ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. മനുഷ്യന്‍റെ അടിസ്ഥാനപ്രശ്നങ്ങളെപ്പറ്റി ചിന്തിക്കാതെ, അതിന്‍റെ നിവാരണത്തിനായി യത്നിക്കാതെ, പരസ്പരം തല്ലുന്ന പിന്തിരിപ്പന്മാരായി മാറുകയാണു നരകജീവിതത്തിന്‍റെ പര്യായപദമായ 'ഹര്‍ത്താല്‍' ആഹ്വാനം ചെയ്യുന്ന പാര്‍ട്ടികളും സമുദായങ്ങളും.

ശബരിമലവിഷയത്തില്‍ അഞ്ചാം ഹര്‍ത്താലും നമ്മള്‍ കണ്ടു. കഴിഞ്ഞ മൂന്നു മാസം ഏഴു ഹര്‍ത്താലുകളാണു നാം 'കൊണ്ടാടി'യത്. പ്രഖ്യാപിക്കാന്‍ ഏറ്റവും എളുപ്പമുള്ള സമര മാര്‍ഗമാണു ഹര്‍ത്താല്‍; അലസരായ ജനം അതങ്ങ് ഏറ്റെടുത്തുകൊള്ളും. കോഴിയും തിന്ന്, ചീട്ടും കളിച്ച്, ടി.വി.യും കണ്ട് കുടുംബത്തിലിരിക്കും; സമരം വിജയിപ്പിക്കും. വിജയത്തിന്‍റെ പകിട്ടു കൂട്ടാന്‍ ഏതെങ്കിലും പാവപ്പെട്ടവന്‍റെ വണ്ടിയോ കടയോ തല്ലിപ്പൊളിക്കും. പൊതുമുതല്‍ നശിപ്പിക്കുന്നതും ഇക്കൂട്ടര്‍ക്ക് ഒരു നേരമ്പോക്കു മാത്രം. സ്വന്തം കീശ തന്നെയാണ് അവര്‍ പോക്കറ്റടിക്കുന്നത്. കുടിക്കുന്ന വെള്ളം മുതല്‍ കിടപ്പാടത്തിനു വരെ നികുതി നല്കിയതുകൊണ്ടുണ്ടാക്കുന്നതാണാ പൊതുമുതല്‍ എന്ന് അവരറിയുന്നുണ്ടോ? ഈ ഹര്‍ത്താലെന്ന ജനദ്രോഹനയത്തെ ഇല്ലാതാക്കാന്‍ ആരാണ് ആര്‍ജ്ജവം കാണിക്കുക?

ഓരോ ഹര്‍ത്താലിലും തകരുന്ന പൊതുമുതലുകളെക്കുറിച്ചും പ്രവൃത്തിദിനങ്ങളിലെ നഷ്ടങ്ങളെക്കുറിച്ചും കാല്‍ക്കുലേറ്ററില്‍ തിട്ടപ്പെടുത്താനാവാത്ത സാധാരണക്കാരന്‍റെ കഷ്ടനഷ്ടങ്ങളെക്കുറിച്ചും കണക്കുകള്‍ നിരത്തി ഹൃദയമിടിപ്പ് കൂട്ടുന്നതെന്തിന്? ഉപ്പില്ലാത്ത കഞ്ഞിപോലെ ഹര്‍ത്താലില്ലാത്ത രാഷ്ട്രീയപാര്‍ട്ടികളുമില്ല. പ്രഖ്യാപിക്കുന്ന പാര്‍ട്ടിയൊഴികെ മറ്റെല്ലാവരും ആ ദിനത്തില്‍ ഹര്‍ത്താലിനെ പഴിക്കുന്നു; സ്വയം അതു പ്രഖ്യാപിക്കുമ്പോള്‍ അതിനെ സാധൂകരിക്കാന്‍ 101 ന്യായങ്ങള്‍ നിരത്തുകയും ചെയ്യുന്നു.

മറ്റു സംസ്ഥാനങ്ങളിലെ ആളുകള്‍ നമ്മുടെ നാട്ടില്‍ വന്നു എല്ലുമുറിയെ പണിയെടുക്കുമ്പോള്‍ നമ്മള്‍ ഇവിടെ കൊടികള്‍ പിടിച്ചു നടക്കും. അവര്‍ വിത്തുകള്‍ വിതയ്ക്കുമ്പോള്‍ നമ്മള്‍ അതു വെട്ടിനിരത്തും. വെറുതെ പണിയെടുത്തു സമ്പാദിക്കാന്‍ നമ്മള്‍ ബംഗാളികളോ തമിഴന്മാരോ അല്ലല്ലോ; മലയാളികളാണ്. നിയമസഭയിലും ലോക്സഭയിലും കൂടുന്ന മന്ത്രിസഭകളില്‍ ചിന്തിച്ചും ചര്‍ച്ച ചെയ്തും തീരുമാനത്തിലെത്തിക്കേണ്ട പലതും പ്രതിഷേധത്തിന്‍റെയും വിയോജിപ്പിന്‍റെയും പേരും പറഞ്ഞു നാം നിരത്തിലേക്കിറക്കുകയാണ്. ചര്‍ച്ചകളിലൂടെ മുറിക്കുള്ളില്‍ തീരേണ്ട കാര്യങ്ങള്‍ തെരുവിലേക്കു ചോരുന്നു, അതിന്‍റെ വിജയത്തില്‍ നാം അഭിമാനിക്കുന്നു.

ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നവര്‍ക്ക് ഒരു നിയമവും ബാധകമല്ലാതാകുന്നു. സാധാരണ ജനജീവിതത്തെ സ്തംഭിപ്പിക്കുന്നതാണു ഹര്‍ത്താലിന്‍റെ വിജയമായവര്‍ കാണുന്നത്. മദ്യംപോലെ ഹര്‍ത്താലും കേരളത്തിനൊരു ലഹരിയാവുകയാണ്. തിരുനാള്‍-ഉത്സവദിനങ്ങളിലെ വഴിമുടക്കിയുള്ള പ്രദക്ഷിണങ്ങളും സന്ധ്യമുതല്‍ പാതിരാവരെ വഴിയോരങ്ങളില്‍ ഉച്ചഭാഷിണികള്‍ കെട്ടി നടത്തുന്ന കവലയോഗങ്ങളും ചെവി പൊട്ടിക്കുന്ന വിധത്തിലുള്ള കണ്‍വെന്‍ഷനുകളും ഹര്‍ത്താലിന്‍റെ കുട്ടിരൂപങ്ങള്‍ തന്നെ. കേരളത്തെ തകര്‍ക്കുന്ന ഈ ഹര്‍ത്താല്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഏതു പാര്‍ട്ടിയാണാവോ ഒരു ഹര്‍ത്താല്‍ നടത്താന്‍ പോകുന്നത്?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org