ജൂബിലി നല്കുന്ന രണ്ടു വെളിച്ചങ്ങൾ

ജൂബിലി നല്കുന്ന രണ്ടു വെളിച്ചങ്ങൾ

2017 സീറോ മലബാര്‍ സഭയ്ക്ക് ഒരു അവിസ്മരണീയ വര്‍ഷമാണ്. മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവിയിലേക്കു സീറോ മലബാര്‍ സഭ ഉയര്‍ന്നതിന്‍റെ ജൂബിലി വര്‍ഷം. 1992 ഡിസംബര്‍ 16-ന് തിരുവെഴുത്തിലൂടെ സീറോ മലബാര്‍ സഭയെ ഒരു മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയായി ഉയര്‍ത്തിയ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയെയും ഈ ശുശ്രൂഷാപദവിയില്‍ സീറോ മലബാര്‍ സഭയെ ഒരുക്കി നയിച്ച ഭാഗ്യസ്മരണാര്‍ഹരായ മാര്‍ എബ്രഹാം കാട്ടുമന, കാര്‍ഡി. ആന്‍റണി പടിയറ, കാര്‍ഡി. വര്‍ക്കി വിതയത്തില്‍ എന്നിവരെയും ഇപ്പോള്‍ സഭയെ നയിക്കുന്ന കാര്‍ഡി. ജോര്‍ജ് ആലഞ്ചേരി പിതാവിനെയും കൃതജ്ഞതയോടെ സ്മരിക്കേണ്ട ദിനങ്ങളാണിവ.

കടലാസിലും കണക്കുകളിലും നമ്മെ അഭിമാനപൂരിതരാക്കുകയും ചോരയെ തിളപ്പിക്കുകയും ചെയ്യുന്ന ഒരു വികാരംതന്നെയാണു കേരളത്തിനു സീറോ-മലബാര്‍സഭ. 50 ലക്ഷത്തിലധികം വിശ്വാസികള്‍, 34 രൂപതകള്‍, 62 മെത്രാന്മാര്‍, നാലായിരത്തിലധികം രൂപതാ വൈദികര്‍, 36,000 സന്ന്യാസിനികള്‍, അയ്യായിരത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, 3200-ലധികം സാമൂഹ്യസേവന സ്ഥാപനങ്ങള്‍. ഭാരതത്തിനകത്തും പുറത്തുമായി അതിവേഗം വളരുന്ന സീറോ മലബാര്‍ സഭയുടെ അഭിമാനത്തിന്‍റെ പട്ടിക കണക്കുകള്‍ നീളുകയാണ്.

സീറോ മലബാര്‍ സഭയ്ക്ക് ഈ ജൂബിലി വര്‍ഷം രണ്ടു സമ്മാനങ്ങള്‍ ലഭിച്ചു. അതില്‍ ആദ്യത്തേത് ഇന്ത്യ മുഴുവനുമുള്ള അജപാലനാധികാരമാണ്. ഭാരതത്തില്‍ സീറോ മലബാര്‍ രൂപതകള്‍ ഇല്ലാത്ത മേഖലകളില്‍ വിശ്വാസികള്‍ക്കായി സ്വതന്ത്ര അജപാലനസംവിധാനങ്ങള്‍ ഒരുക്കാനുള്ള അനുമതിയാണു ഫ്രാന്‍സിസ് പാപ്പ ഭാരതത്തിലെ സീറോ മലബാര്‍ സഭയ്ക്കു നല്കിയത്.

ഒരു കത്തോലിക്കാസഭയിലെ പൗരസ്ത്യ റീത്തുകളില്‍ വളര്‍ച്ചയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെ നില്ക്കുന്ന സീറോ മലബാര്‍ സഭയെ സംബന്ധിച്ചിടത്തോളം അംഗീകാരത്തിന്‍റെ ഈ ജൂബിലിവര്‍ഷം പാരമ്പര്യത്തിന്‍റെയും പെരുമയുടെയും പേരു പറഞ്ഞുള്ള സിമ്പോസിയങ്ങളിലും കൃതജ്ഞതാബലികളിലും പത്രക്കുറിപ്പുകളിലും മാത്രം ഒതുക്കരുത്; ഇതു കൈവിട്ട അവസരങ്ങളുടെയും വളരേണ്ട മേഖലകളുടെയും നടത്തേണ്ട ചില പൊളിച്ചെഴുത്തലുകളുടെയും ഹൃദയവേദികള്‍ സൃഷ്ടിക്കുന്നതുകൂടിയാണ്.

ഈ ജൂബിലി വര്‍ഷത്തില്‍ സീറോ മലബാര്‍ സഭയ്ക്കു ദൈവം നല്കിയ മറ്റൊരു സമ്മാനമായിരുന്നു ഭൂമി ഇടപാടു വിവാദം. ഇതിനെ സത്യസന്ധതയോടെയും ക്രിസ്തീയ ഭാവത്തോടെയും അന്വേഷിക്കാനും പരിഹാരം തേടാനുമുള്ള മാര്‍ഗങ്ങള്‍ ഔദ്യോഗികതലത്തില്‍ നിന്നുതന്നെ ആരംഭിച്ചു എന്നുള്ളതു സത്യത്തെ വെളിച്ചത്തുകൊണ്ടുവരാനുള്ള വൈദിക നേതൃത്വത്തിന്‍റെ ധീരതയെ വ്യക്തമാക്കുന്നു. ക്രയവിക്രയങ്ങളിലെ ക്രമക്കേടുകളെക്കുറിച്ചു വിശദമായി അന്വേഷിക്കാന്‍ വിദഗ്ദ്ധരടങ്ങുന്ന ഒരു കമ്മീഷന്‍ അതിരൂപതയ്ക്കകത്തുനിന്നും അഞ്ചു മെത്രാന്മാരടങ്ങുന്ന ഒരു കമ്മിറ്റി സീറോ മലബാര്‍ മെത്രാന്‍ സിനഡിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതും ശ്ലാഘനീയമാണ്. വസ്തുതകളെ മൂടിവയ്ക്കാനും തെറ്റുകളെ ഒതുക്കിത്തീര്‍ക്കാനുമല്ല ഹൃദയം തുറന്നുള്ള ഏറ്റുപറച്ചിലുകള്‍ക്കും തുടര്‍ നടപടികള്‍ക്കും ക്ഷതം പരിഹരിക്കാനുള്ള കൂട്ടായ പരിശ്രമങ്ങള്‍ക്കും ഇവരുടെ ഇടപെടലുകള്‍ ഉപകരിക്കണം.

പിഴവുകള്‍ പറ്റിയെന്ന ആത്മാര്‍ത്ഥതയോടെയുള്ള മാര്‍പാപ്പമാരുടെ ഏറ്റുപറച്ചിലുകള്‍ ചരിത്രത്തില്‍ സഭയുടെ യശസ്സ് ഉയര്‍ത്തിയിട്ടേയുള്ളൂ സഭ വിശുദ്ധരുടെ മാത്രമല്ല, വിശുദ്ധി ആഗ്രഹിക്കുന്ന പാപികളുടേതുകൂടിയാണെന്ന് അത്തരം കുമ്പസാരങ്ങള്‍ വഴി ലോകം തിരിച്ചറിഞ്ഞതുമാണ്. മറകളില്ലാതെയുള്ള ഏറ്റുപറച്ചില്‍ കുറവുകളെ നിറവുകളിലേക്കുള്ള ചവിട്ടുപടികളാക്കുന്നു.

സാമൂഹ്യമാധ്യമങ്ങളിലും ചാനലുകളിലും ഈ പ്രശ്നത്തെക്കുറിച്ച് അതിരുവിട്ട അനവധി അഭിപ്രായപ്രകടനങ്ങളും സത്യവിരുദ്ധ പ്രസ്താവനകളും ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രകടനങ്ങള്‍ എല്ലാ വിഷയങ്ങളെക്കുറിച്ചും നാം കാണുന്നതാണ്. എങ്കിലും സംഭവിച്ച കാര്യങ്ങളെയും വസ്തുതകളെയും തെറ്റുകളെയും പൊതുജനമദ്ധ്യത്തില്‍ കൊണ്ടുവന്നു വിഴുപ്പലക്കരുത് എന്നു പറയുമ്പോള്‍ത്തന്നെ തുറന്നുപറയേണ്ട യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുപിടിക്കുന്നതും കാലത്തിനു യോജിച്ചതല്ല. സാമാന്യബുദ്ധിയുള്ളവര്‍ക്കൊക്കെ കാര്യങ്ങള്‍ അറിയാമെന്നിരിക്കെ സഭയുടെ പ്രതിച്ഛായയെക്കുറിച്ചും സല്‍പ്പേരിനെക്കുറിച്ചും ആകുലപ്പെട്ടു യാഥാര്‍ത്ഥ്യത്തെ തമസ്കരിക്കുന്നതു ശരിയല്ല.

കാലിത്തൊഴുത്തില്‍ ദരിദ്രനായി ജനിച്ചു ദരിദ്രനായി ജീവിച്ചു കുരിശില്‍ ദരിദ്രനായി മരിച്ച ക്രിസ്തുവിന്‍റെ മണവാട്ടിയാണു സഭ. മണവാളനെ മറന്നു സമ്പന്നയാകാന്‍ തിരുസഭ എപ്പോഴൊക്കെ ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ സഭ പ്രതിസന്ധിയുടെ പ്രതിക്കൂട്ടിലായിട്ടുണ്ട്. ഈ മണവാട്ടിക്കുണ്ടാകേണ്ട ദാരിദ്ര്യാരൂപി തിരിച്ചുപിടിക്കാന്‍ ദൈവം കാലാകാലങ്ങളില്‍ അയയ്ക്കുന്ന ആമോസുമാരെ തിരിച്ചറിയാന്‍ സഭയുടെ ജൂബിലി വര്‍ഷത്തിലെ ഈ പ്രതിസന്ധിക്കാലം നമ്മെ സഹായിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org