മതിലുകളല്ല, ആകാശങ്ങള്‍ ഉണ്ടാകട്ടെ

മതിലുകളല്ല, ആകാശങ്ങള്‍ ഉണ്ടാകട്ടെ

'മതിലുകള്‍' ഉയര്‍ത്തി പുതുവര്‍ഷത്തെ വരവേല്ക്കാന്‍ ഒരുങ്ങുകയാണു കേരളം. ഭയത്തില്‍ നിന്നുയരുന്ന പ്രതിരോധവികാരത്തിന്‍റെ അടയാളങ്ങളാണു മതിലുകള്‍. അറിവിലും സംസ്കാരത്തിലും വളര്‍ന്നു എന്ന് അഭിമാനിക്കുന്നവര്‍ മതിലുകള്‍ ഉയര്‍ത്തുകയല്ല ആത്മസ്വാതന്ത്ര്യത്തിന്‍റെ ആകാശം തുറന്നുകൊടുക്കുകയാണു വേണ്ടത്.

ജനുവരി 1-ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന വനിതാമതിലിനെ 'നവോത്ഥാനമതില്‍' എന്നു സര്‍ക്കാരും 'വര്‍ഗീയമതില്‍' എന്നു പ്രതിപക്ഷവും വിളിക്കുന്നു. പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍ഗണന കൊടുക്കേണ്ട ഈ അവസരത്തില്‍ സര്‍ക്കാര്‍ ചെലവിലുള്ള ഈ വനിതാവന്‍മതില്‍ എന്തിനാണെന്ന പ്രസക്തമായൊരു ചോദ്യവുമുണ്ട്. നവോത്ഥാനവും വര്‍ഗീയതയുടെ നിഷ്കാസനവും സാമൂഹ്യപരിഷ്കരണവുമെല്ലാം മതിലുകള്‍ ഉയര്‍ത്തിയല്ല, വാതിലുകള്‍ തുറന്നിട്ടാണ് ഉണ്ടാകേണ്ടത് എന്ന് ആര്‍ക്കാണറിയാത്തത്? ജനുവരി 1-ന് കേരളം കെട്ടുന്ന ഈ മതില്‍ കേരളത്തെ മുന്നോട്ടാണോ പിന്നോട്ടാണോ നയിക്കുക?

നമ്മുടെ നാടിനെ പല തരത്തിലുള്ള ജീര്‍ണതകള്‍ വല്ലാതെ ഗ്രസിച്ചിരിക്കുന്നു: ദുരഭിമാനത്തിന്‍റെ പേരിലുള്ള ആസൂത്രിത കൊലപാതകങ്ങള്‍, സദാചാരത്തിന്‍റെ പേരിലുള്ള അതിക്രമങ്ങള്‍, ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ ഉയരുന്ന ഭീഷണികള്‍, മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന സംഭവങ്ങള്‍. ഇത്തരം ജീര്‍ണതകള്‍ ദൈവത്തിന്‍റെ ഈ സ്വന്തം നാട്ടിലേക്കു തിരിച്ചെത്തുമ്പോള്‍ അതിനെ പ്രതിരോധിക്കുന്ന, തിരുത്തല്‍ ശക്തികളായി പ്രവര്‍ത്തിക്കുന്ന സമിതികളുടെയെല്ലാം ഒരു ഏകോപനം. 'വനിതാമതില്‍' എന്ന ആശയത്തിന്‍റെ താത്ത്വിക അടിത്തറയാണിത്. ശബരിമല സ്ത്രീപ്രവേശന വിഷയത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത ഒരു യോഗത്തില്‍ പുലയര്‍ മഹാസഭ ജനറല്‍ സെക്രട്ടറി ശ്രീ പുന്നല ശ്രീകുമാര്‍ അവതരിപ്പിച്ചതാണ് ഈ ആശയം. സമൂഹത്തിന്‍റെ ഉള്ളില്‍ത്തന്നെ ഉണ്ടാകേണ്ട ഒരു തുറവിയാണ്, ഉണര്‍വാണു നവോത്ഥാനം എന്നിരിക്കെ, മതിലെന്ന സങ്കല്പം അതിനെ എങ്ങനെ പ്രതിനിധീകരിക്കും?

സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി വനിതാമതില്‍ സൃഷ്ടിക്കുന്ന, അതേസമയം തന്നെ മദ്യാസക്തിയെന്ന സമ്മര്‍ദ്ദത്താല്‍ പുരുഷന്മാര്‍ വെബ്കോ ഔട്ട്ലെറ്റുകള്‍ക്കു മുന്നില്‍ സൃഷ്ടിക്കുന്ന പുരുഷമതിലിന്‍റെ നിര കേരളത്തിന് അപമാനകരമാണ്. ഈ രണ്ടു മതിലുകളും സര്‍ക്കാര്‍ സൃഷ്ടികളാണ്. വനിതാമതില്‍ സര്‍ക്കാരിന്‍റെ 50 കോടി ഇല്ലാതാക്കുമ്പോള്‍ മദ്യമുണ്ടാക്കുന്ന പുരുഷമതിലില്‍ നിന്ന് 5000 കോടി സര്‍ക്കാര്‍ വരുമാനമുണ്ടാക്കും. വെബ്കോ ഔട്ട്ലെറ്റുകള്‍ക്കു മുന്നിലെ ഈ നീണ്ട മതില്‍ നാടിന്‍റെ മാനസികജീര്‍ണതയുടെ പ്രതിഫലനംകൂടിയാണ്. കേരളത്തിലുടനീളം യഥേഷ്ടം മദ്യശാലകള്‍ അനുവദിച്ചശേഷം മദ്യത്തിന് അടിമകളായവരെ ചികിത്സിക്കാന്‍ വര്‍ജ്ജനം പറഞ്ഞും വിമുക്തി പറഞ്ഞും സര്‍ക്കാര്‍ വക ലഹരി വിമോചനചികിത്സാകേന്ദ്രങ്ങള്‍ തുടങ്ങുന്നതു വിരോധാഭാസമാണെന്ന കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിളയുടെ പ്രസ്താവന സത്യമാണ്.

ഓരോ ആഘോഷങ്ങള്‍ക്കുശേഷവും മദ്യവില്പനയുടെ കാര്യത്തിലും മദ്യ ഉപഭോഗത്തിന്‍റെ കാര്യത്തിലും റിക്കാര്‍ഡുകള്‍ തകര്‍ത്തു മുന്നേറുകയാണു കേരളം. തലച്ചോറിലെ മദ്യാസക്തിയുടെ ഇരിപ്പിടം MUNC 13-1 എന്ന പ്രോട്ടീനാണെന്നും അതിനെ നിയന്ത്രിക്കാനുള്ള മരുന്നു തയ്യാറായാല്‍ പ്രശ്നമെല്ലാം തീരുമെന്നും കണ്ടുപിടിച്ച അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ജോയ് ദീപദാസ്, ഇന്ത്യന്‍ വംശജനാണ്. മദ്യഉപയോഗത്തിന്‍റെ കാര്യത്തിലും വില്പനയിലും മുന്നില്‍ത്തന്നെ നില്ക്കുന്ന കേരള ക്രൈസ്തവസമൂഹം ഈ മദ്യമതിലിനെ ഇല്ലാതാക്കാന്‍ എന്തു മതിലാണു സൃഷ്ടിക്കേണ്ടത്? മദ്യപാനാസക്തി ഇല്ലാതാക്കുന്ന പ്രതിരോധ മരുന്നുകളുടെയും ലഹരി വിമോചന കേന്ദ്രങ്ങളുടെയും ഒരു മതിലോ അതോ ജീവിതത്തെ ലഹരിയാക്കാന്‍ സഹായിക്കുന്ന മൂല്യസംസ്കാരങ്ങളുടെ ഒരു ആകാശമോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org