റിപ്പബ്ലിക്കാകാതെ ഇന്ത്യ!

റിപ്പബ്ലിക്കാകാതെ ഇന്ത്യ!

മറ്റൊരു റിപ്പബ്ലിക് ദിനാഘോഷത്തിനായി രാജ്യം ഒരുങ്ങുകയാണ്. 1947-ല്‍ സ്വതന്ത്രയായെങ്കിലും ഒരു പരമാധികാര രാഷ്ട്രത്തിന്‍റെ തലയെടുപ്പിലേക്ക് എഴുതപ്പെട്ട ഭരണഘടനയുടെ ആത്മവീര്യത്തോടെ ഭാരതമുയര്‍ന്നത് 1950-ലായിരുന്നു.

നാലു വര്‍ഷം മുമ്പു മാത്രമാണ്, ഭരണഘടനാദിനം രാജ്യം ഔപചാരികമായി ആഘോഷിക്കാനാരംഭിച്ചത്. നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം മാത്രം തുടങ്ങിയ ആ ആഘോഷം യഥാര്‍ത്ഥത്തില്‍ ഓരോര്‍മപ്പെടുത്തലായിരുന്നു; അട്ടിമറിക്കാന്‍ നമുക്കൊരു ഭരണഘടനയുണ്ടെന്ന ഓര്‍മപ്പെടുത്തല്‍. തന്‍റെ രണ്ടാം വരവില്‍ രാജ്യത്തിന്‍റെ അടിസ്ഥാന പ്രമാണമായ ഭരണഘടനയെ തൊട്ടുതൊഴുതാരംഭിച്ച മോദി, അതു മറവു ചെയ്യുന്നതിനു തൊട്ടുമുമ്പുള്ള അന്ത്യചുംബനമായിരുന്നുവോയെന്ന് ചിലരെങ്കിലും പിന്നീടു സംശയിക്കത്തക്കവിധത്തില്‍, ഭരണഘടനയുടെ അടിസ്ഥാനശിലയായ അനുഛേദം 14-നെ അസ്ഥിരപ്പെടുത്തുവോളം, പൗരത്വനിയമത്തിലെ തിരുത്തിലൂടെ 'തുല്യത'യെ റദ്ദ് ചെയ്തു.

ഇന്ത്യ ഒരു പരമാധികാര, ജനാധിപത്യ, മതനിരപേക്ഷ, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി തുടരുന്നതില്‍, ഭരണഘടനാ സംരക്ഷകര്‍ തന്നെ അസന്തുഷ്ടരാകുന്നതിന്‍റെ അസ്വാഭാവികതയാണിവിടത്തെ പ്രധാന പ്രശ്നം.

മതനിരപേക്ഷ ഭാരതത്തെ ഒരു മതരാഷ്ട്രമാക്കാനുള്ള ഹിന്ദുത്വ അജണ്ടയുടെ ഔപചാരിക പ്രഖ്യാപനമായി, മതത്തെ പ്രധാന യോഗ്യതയാക്കിയുള്ള, പൗരത്വനിയമത്തിലെ പുതിയ തിരുത്ത്. പൗരത്വത്തിന്‍റെ അടിസ്ഥാനം ജന്മമോ, താമസമോ അല്ല എന്ന നിശ്ചയത്തിനു പിന്നെ ചൂണ്ടുവാനുള്ളതു മതരാഷ്ട്രവാദത്തിലേക്കു മാത്രമാണ്. ഒരു പ്രത്യേക മതവിഭാഗത്തെ ഒറ്റപ്പെടുത്തിയൊഴിവാക്കാനുള്ള ആ ശ്രമത്തെ ഭരണഘടനാനിര്‍മാണകാലത്തെന്നപോലെ, ഇപ്പോഴും രാജ്യം ഒറ്റക്കെട്ടായി എതിര്‍ക്കുന്ന പ്രതിഷേധങ്ങളിലാണിനി പ്രതീക്ഷ.

ചങ്ങാത്ത മുതലാളിത്തം ഒരു നയമായി സ്വീകരിച്ചുകൊണ്ട്, ജനദ്രോഹപരിപാടികളിലൂടെ നിരന്തരം കോര്‍പ്പറേറ്റുകള്‍ക്കു കീഴടങ്ങുന്ന ഒരു രാജ്യമെങ്ങനെയാണ് അതിന്‍റെ പരമാധികാരത്തെപ്പറ്റി പരസ്യമായി പറയാന്‍ കെല്പുള്ളതാകുന്നത്? ഇന്ത്യന്‍ റെയില്‍വേയുടെ സ്വകാര്യവത്കരണത്തിനു പിന്നാലെ മറ്റൊരു പ്രധാന പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്‍-നെകൂടി സ്വകാര്യ കമ്പനിക്കു വിറ്റൊഴിവാക്കാനൊരുങ്ങുമ്പോള്‍ തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സൂചികയെ തൊടുകയാണെന്നോര്‍ക്കണം. രാജ്യത്തിന്‍റെ പൊതുക്ഷേമം, പൊതുമേഖലയുടെ നിലനില്പിനെ ആശ്രയിച്ചാകയാല്‍, ലാഭനഷ്ടങ്ങളുടെ തോതിലും തൂക്കത്തിലും അവയുടെ ആയുസ്സളക്കുന്നതിന്‍റെ യുക്തിയെന്താണ്?

അഞ്ചു വര്‍ഷം കൂടുമ്പോള്‍ തെരഞ്ഞെടുപ്പു നടക്കുന്നതുകൊണ്ടു മാത്രം ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാകുമോ? തെരഞ്ഞെടുത്തതു ജനങ്ങളാണെങ്കിലും തെരഞ്ഞെടുക്കപ്പെട്ടവരുടെ അധികാരത്തിന്‍റെ ആഴത്തെ നിശ്ചയിക്കുന്നതു പലപ്പോഴും ജനങ്ങളല്ല എന്നതിന്‍റെ നേരനുച്ഛേദമല്ലേ, ഒരു നാടിനെ മുഴുവന്‍ ക്യുവില്‍ നിര്‍ത്തിയ നോട്ടുനിരോധനം? സമ്പദ്ഘടനയില്‍ ഇപ്പോഴും പ്രത്യാഘാതങ്ങളുളവാക്കുന്ന ആ തീരുമാനം ജനാധിപത്യത്തിന്‍റെ ശ്രീകോവിലായ പാര്‍ലമെന്‍ററിയാതെ പോയതെന്തുകൊണ്ടാണ്? കാശ്മീരിനെ വിഭജിച്ച തീരുമാനവും രാത്രിയിലായതു യാദൃച്ഛികമാണോ? ഇന്‍റര്‍നെറ്റുള്‍പ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങളെ നിരന്തരം വിച്ഛേദിച്ചുകൊണ്ട്, ജനകീയ പ്രതികരണങ്ങളെ നിശ്ശബ്ദമാക്കുമ്പോള്‍, ഇന്ത്യയില്‍ ജനാധിപത്യത്തിലെ പരമാധികാരം ജനങ്ങള്‍ക്കല്ലെന്നെങ്കിലും സമ്മതിക്കുമോ?

ഉദാസീനമായി നിര്‍വഹിക്കപ്പെടുന്ന പൗരബോധം തന്നെയാണു സമാനതകളില്ലാത്ത സമകാലികപ്രതിസന്ധിക്കു കാരണം. ഒരു ദല്ലാള്‍ സര്‍ക്കാരിന്‍റെ പിന്‍ബലത്തില്‍ കമ്പോളശക്തികളുടെ അധിനിവേശം അതിരുവിടുമ്പോള്‍, പ്രതിരോധമതിലുയര്‍ത്തേണ്ട ഭരണഘടനാ സ്ഥാപനങ്ങള്‍ അതിനു കഴിയാതെ അപ്രസക്തമാകുകയാല്‍, ജനകീയ പ്രതിഷേധം തന്നെയാണു പരിഹാരം. ജെ.എന്‍.യു., ജാമിയ മിലിയ പോലുള്ള രാജ്യത്തെ ആയിരക്കണക്കിനു ക്യാമ്പസുകളിപ്പോള്‍, ചരിത്രപഠനത്തിലല്ല, 'ചരിത്രരചന'യിലാണെന്നത് ആവേശാഭമാണ്. വിയോജിക്കുന്നതും വിട്ടുനില്ക്കുന്നതും ജനാധിപത്യത്തിന്‍റെ സര്‍ഗാത്മകതയായി സംരക്ഷിക്കപ്പെടണം. ഭരണഘടനയുടെ ആമുഖത്തിലെ പ്രധാന സൂചനയായ ബഹുസ്വരതയിലേക്കു മടങ്ങാന്‍ ഈ റിപ്പബ്ലിക് ദിനാഘോഷം കാരണമാകണം. സംസ്കൃതത്തില്‍ എക്സ്ക്ലൂഷന്‍ (exclusion) എന്ന ഇംഗ്ലീഷ് പദത്തിനു തുല്യപദമില്ലെന്നും, സഹിഷ്ണുതതന്നെ മതസാരമാകണമെന്നുമുള്ള സ്വാമി വിവേകാനന്ദന്‍റെ വിശാലവീക്ഷണത്തെ ഇന്ത്യ വീണ്ടെടുക്കേണ്ടതുണ്ട്. ഭാരതസംസ്കാരം റദ്ദാക്കപ്പെടരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org