ക്രൈസ്തവൈക്യശ്രമങ്ങള്‍ പ്രായോഗികമാകണം

ക്രൈസ്തവൈക്യശ്രമങ്ങള്‍ പ്രായോഗികമാകണം

ക്രൈസ്തവലോകം ഐക്യത്തിനായി പ്രാര്‍ത്ഥിക്കുന്ന ആഴ്ചയിലൂടെയാണു (ജനുവരി 18 -25) നാം കടന്നു പോകുന്നത്. "നീതി, നീതി മാത്രം തേടുക" എന്നതാണ് ഈ വര്‍ഷത്തെ ക്രൈസ്തവൈക്യ പ്രാര്‍ത്ഥനാവാരത്തിന്‍റെ പ്രമേയം. നീതിയില്ലാതെ സമാധാനമില്ല. നീതിയും ക്രൈസ്തവലോകത്തിലെ സമാധാനക്കേടും തമ്മില്‍ ബന്ധമുണ്ടോ? ആത്മപരിശോധന ചെയ്യേണ്ട വിഷയമാണത്. പരിശോധനാഫലം എന്തു തന്നെയായാലും സമാധാനവും ഐക്യവും സഭകള്‍ക്കിടയില്‍ സാദ്ധ്യമാക്കുക എന്നത് ഒഴിവാക്കാനാകാത്ത കാര്യമാണ്. അല്ലെങ്കില്‍ ക്രൈസ്തവജീവിതത്തിന് അര്‍ത്ഥമില്ലാതാകും, അത് എതിര്‍സാക്ഷ്യവുമായി തീരും.

അപ്പസ്തോലകാലം മുതല്‍ സഭയില്‍ ഭിന്നതകളുണ്ട്. അഭിപ്രായവ്യത്യാസങ്ങള്‍ സഭാഗാത്രത്തെ വെട്ടിപ്പിളര്‍ന്നു. തികച്ചും ലൗകികമായ കാരണങ്ങളാലും പിളര്‍പ്പുകളുണ്ടായി. 1054 ലെ മഹാശീശ്മ ഭിന്നതകളുടെ ചരിത്രത്തില്‍ വേറിട്ടു നില്‍ക്കുന്നു. സഭ പാശ്ചാത്യമെന്നും പൗരസ്ത്യമെന്നും വേര്‍പിരിഞ്ഞു. ഓര്‍ത്തഡോക്സ് സഭകള്‍ രൂപം കൊണ്ടു. പിന്നീട് പ്രൊട്ടസ്റ്റന്‍റ് നവീകരണമുണ്ടായി. പന്തക്കുസ്താ മുന്നേറ്റങ്ങളും പരസ്പരം വേറിട്ട അസംഖ്യം ക്രൈസ്തവസമൂഹങ്ങളുടെ രൂപീകരണത്തിനു നിദാനമായി.

ഈ ഭിന്നതകളുടെയെല്ലാം കാര്യകാരണങ്ങള്‍ വിശകലനം ചെയ്തു, തെറ്റും ശരിയും ഏതേതു പക്ഷങ്ങളിലെന്നു തിരിച്ചറിയുവാന്‍ ശ്രമിക്കുന്ന വിഷയവിദഗ്ദ്ധരെ നിരുത്സാഹപ്പെടുത്തേണ്ടതില്ല. അക്കാദമികമായ അന്വേഷണങ്ങള്‍ നടക്കട്ടെ. പക്ഷേ, എല്ലാ പഠനങ്ങള്‍ക്കും ശേഷം ഉണ്ടാകേണ്ടതല്ല ക്രൈസ്തവൈക്യം. നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള കൂട്ടായ വിശ്വാസജീവിതത്തിന്‍റെ സാദ്ധ്യതകള്‍ പ്രായോഗികതലത്തില്‍ ആരായുവാനും ആവിഷ്കരിക്കുവാനും എല്ലാ ക്രൈസ്തവസഭകള്‍ക്കും ബാദ്ധ്യതയുണ്ട്. അതു നിരന്തരമായി നടക്കേണ്ട ഒരു പ്രക്രിയയാണ്.

ഉക്രെയിനില്‍ പുതിയ സ്വതന്ത്ര ദേശീയ ഓര്‍ത്തഡോക്സ് സഭ രൂപം കൊണ്ടതാണ് സമീപകാലത്ത് ക്രൈസ്തവലോകത്തിലുണ്ടായ ഒരു പ്രധാനസംഭവം. ഉക്രെയിനില്‍ ഭിന്നിച്ചു നിന്നിരുന്ന ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ ഒരു സഭയായി മാറുകയും ഒരു പാത്രിയര്‍ക്കീസിനെ തിരഞ്ഞെടുക്കുകയും ചെയ്തു. കോണ്‍സ്റ്റാന്‍റിനോപ്പിള്‍ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ഈ പുതിയ സഭയെ ഓര്‍ത്തഡോക്സ് കൂട്ടായ്മയിലേയ്ക്കു സ്വാഗതം ചെയ്തു, കത്തോലിക്കാസഭ ആശംസകളറിയിച്ചു. എന്നാല്‍, റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും അതിന്‍റെ തലവനായ മോസ്കോ പാത്രിയര്‍ക്കീസും ഇതില്‍ കടുത്ത വിയോജിപ്പു രേഖപ്പെടുത്തി. ഇത് ഓര്‍ത്തഡോക്സ് സഭാലോകത്തില്‍ പുതിയ ഉള്‍പ്പിരിവുകള്‍ക്കു കാരണമാകുകയും ചെയ്തു.

കേരളത്തിലെ ഓര്‍ത്തഡോക്സ്, യാക്കോബായ സഭാതര്‍ക്കം പുതിയ തലങ്ങളിലേയ്ക്കു മാറി കൂടുതല്‍ സങ്കീര്‍ണമാകുന്ന ദിവസങ്ങളാണിവ. സുപ്രീം കോടതി വിധിയെ തുടര്‍ന്നുണ്ടായിരിക്കുന്ന അന്തരീക്ഷം കേരള ക്രൈസ്തവസമൂഹത്തിനാകെ മനോവേദന ഉണ്ടാക്കുന്നുണ്ട്. ഈ പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു. സുവിശേഷചൈതന്യത്തിനു ചേരുന്ന വിട്ടുവീഴ്ചകളും നീക്കുപോക്കുകളും സമാധാനസ്ഥാപനത്തിന് ആവശ്യമായി വരും. അതിനു മുന്‍കൈയെടുക്കാന്‍ എല്ലാ ക്രൈസ്തവസഭാനേതാക്കള്‍ക്കും ബാദ്ധ്യതയുണ്ട്.

സീറോ മലബാര്‍ സഭയില്‍ ഭിന്നതകളുണ്ട് എന്ന പൊതുധാരണ പരക്കേയുണ്ട്. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വളരെയേറെ അകലെയാണ് ഈ ധാരണയ്ക്കു കാരണമാകുന്ന വാര്‍ത്തകളെങ്കിലും അങ്ങനെയൊരു ധാരണ ചില മേഖലകളില്‍ നിലനില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെ നിഷേധിക്കാനാവില്ല. വ്യാജവാര്‍ത്തകള്‍ക്കും അപവാദപ്രചാരണങ്ങള്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുമെന്നു സീറോ മലബാര്‍ സിനഡ് വ്യക്തമാക്കിയിട്ടുണ്ട്. അതു തികച്ചും ആവശ്യമാണെങ്കിലും, സഭയിലെ ഐക്യത്തെ പ്രവൃത്തികളിലൂടെ പ്രതിഫലിപ്പിക്കാനും പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്താനുമുള്ള പ്രായോഗിക പരിശ്രമങ്ങളും ഉണ്ടാകേണ്ടതുണ്ട്.

കേരളത്തിലെ വിവിധ ക്രൈസ്തവസഭകള്‍ ഒന്നിച്ചു ചേരുന്ന പരിപാടികളും പ്രവര്‍ത്തനപദ്ധതികളും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഐക്യത്തിലേയ്ക്കുള്ള പ്രയാണത്തിലെ പ്രധാനചുവടുവയ്പുകളാകാന്‍ ഇത്തരം സഭൈക്യ കര്‍മ്മപരിപാടികള്‍ക്കു കഴിയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org