പ്രതിഷേധത്തിന്‍റെ പെരുമാറ്റച്ചട്ടം

പ്രതിഷേധത്തിന്‍റെ  പെരുമാറ്റച്ചട്ടം

പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമാണെന്നു ഡല്‍ഹി പൊലീസിനെ ഓര്‍മിപ്പിച്ചു ഡല്‍ഹി തീസ് ഹസാരി കോടതി. പൗരത്വനിയമ ഭേദഗതിക്കെതിരെ ജുമാ മസ്ജിദിനു സമീപം പ്രതിഷേധിച്ചതിനു അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാമിനിലോ രൂക്ഷവിമര്‍ശനമുന്നയിച്ചത്. "പാര്‍ലമെന്‍റിനകത്തു പറയേണ്ടിയിരുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. അതുകൊണ്ടാണു ജനങ്ങള്‍ തെരുവിലിറങ്ങുന്നത്. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ പൂര്‍ണ അവകാശമുണ്ട്. നമ്മുടെ രാജ്യത്തെ നശിപ്പിക്കരുത്"- കോടതി ഓര്‍മിപ്പിച്ചു.

പൗരത്വ പുനര്‍നിര്‍ണയ തര്‍ക്കം തെരുവിലെത്തിയിട്ടു നാളേറെയായി. പ്രതിഷേധ കൊടുങ്കാറ്റില്‍ രാജ്യമൊന്നാകെയുലയുമ്പോഴും പിന്നോട്ടില്ലെന്ന നിലപാടിലാണ് ആഭ്യന്തരമന്ത്രിയും കേന്ദ്രസര്‍ക്കാരും. പാര്‍ലമെന്‍റില്‍ പാസ്സാക്കിയെന്ന ന്യായത്തിലൂന്നിയാണ് അമിത് ഷായുടെ ന്യായീകരണവും. പാര്‍ലമെന്‍റില്‍ വിഷയം വേണ്ടവിധത്തില്‍ ചര്‍ച്ച ചെയ്യാത്തതുകൊണ്ടാകാം അതിപ്പോള്‍ തെരുവിലെത്തിയതെന്നാണു കോടതിനിരീക്ഷണം. വിയോജിപ്പുകളോടു നിരന്തരം വിയോജിക്കുന്ന സര്‍ക്കാര്‍ നയം ഫാസിസത്തിന്‍റെ സര്‍വാധിപത്യ നൃശംസതയെയാണ് അടയാളപ്പെടുത്തുന്നത്.

ഇന്ത്യയെന്നാല്‍ ഭരണഘടനാ അനുച്ഛേദം ഒന്നില്‍ വിവരിക്കുന്ന പ്രകാരം സംസ്ഥാനങ്ങളുടെ യൂണിയനാണ്. നമ്മുടെ രാജ്യത്തിന്‍റെ അടിത്തറ തന്നെ ശക്തമായ ഒരു ഫെഡറല്‍ സംവിധാനമാണ്. ഫെഡറലിസം ഭരണഘടനയുടെ അടിസ്ഥാന ഘടനയെന്നു 'കുല്‍ദിപ് നയ്യാര്‍ V/S യൂണിയന്‍ ഓഫ് ഇന്ത്യ' എന്ന കേസില്‍ (AIR 2006/SC 3127) സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ ഈ ഫെഡറലിസത്തെ അട്ടിമറിക്കാന്‍ മറ്റൊരു ഭരണഘടനാ സംവിധാനമായ ഗവര്‍ണര്‍ പദവിയുടെ ദുരുപയോഗത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമിക്കുന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണു മഹാരാഷ്ട്രയില്‍ നാം കണ്ടത്. ചട്ടലംഘനത്തിന്‍റെ സാങ്കേതികതയില്‍ തട്ടിയാണെങ്കിലും കേരളത്തിലിപ്പോള്‍ ഇടതുസര്‍ക്കാരും ഗവര്‍ണറും രണ്ടു തട്ടിലാണെന്നതാണു വാസ്തവം.

ന്യൂനപക്ഷ ഭൂരിപക്ഷ ഭേദമെന്യേ എല്ലാവരും തുല്യമായി കേള്‍ക്കപ്പെടുന്ന ബഹുസ്വരതയുടെ വിനിമയഭാഷയാകണം ജനാധിപത്യത്തിന്‍റേത്. വിവിധ സംസ്ഥാനങ്ങളില്‍, വ്യത്യസ്ത സംസ്കാരങ്ങളില്‍ ഇന്ത്യയെന്ന പൊതുവികാരം ചിതറാതെ തുടരുന്നത്, ഭരണഘടനയുടെ ഐക്യഭാഷയില്‍ അതു നിരന്തരം വായിക്കപ്പെടുന്നതുകൊണ്ടാണ്. എന്നാല്‍ കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന ഐകരൂപ്യത്തിലൂടെ എല്ലാം ഔപചാരികമാക്കാനാണു സര്‍ക്കാര്‍ ശ്രമം. എല്ലാം ഔദ്യോഗികമാക്കുമ്പോള്‍, ഫാസിസം ഔപചാരികമാകും. വാര്‍ത്തകള്‍ വെറും സര്‍ക്കാര്‍ പരസ്യങ്ങളായി അധഃപതിക്കുന്നിടത്ത് അതു പൂര്‍ണമാവുകയും ചെയ്യും. ഒരൊറ്റ ഇന്ത്യയിലേക്ക് ഒരേപോലുള്ള വാര്‍ത്തകളിലൂടെ എളുപ്പത്തില്‍ പ്രവേശിക്കാമെന്നു ഫാസിസ്റ്റുകള്‍ക്കു നന്നായറിയാം. അവിടെയാണു പ്രതിഷേധംപോലും മുന്‍കൂട്ടി അനുമതി വാങ്ങിക്കൊണ്ടു മാത്രം നടത്തേണ്ട 'പ്രകടന'മാകുന്നത്. വിളിക്കേണ്ട മുദ്രാവാക്യങ്ങള്‍പോലും സര്‍ക്കാര്‍ എഴുതിത്തരും!

പ്രതിഷേധം ജനാധിപത്യത്തില്‍ പ്രധാനപ്പെട്ടതാകുന്നതുപോലെ, പ്രതിഷേധത്തിനകത്തെ ജനാധിപത്യവും പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ച് അഭിപ്രായപ്രകടനങ്ങള്‍ സൈബര്‍ ചുവരെഴുത്തായ പുതിയ കാലത്ത്. അസഹിഷ്ണുതയ്ക്കെതിരെ പറയുമ്പോഴും സഹിഷ്ണുതയോടെയാകണ്ടേ? 'സഭാസംരക്ഷകര്‍'പോലും വെറുപ്പിന്‍റെ ഭാഷ യാതൊരറപ്പുമില്ലാതെ ഉപയോഗിക്കുന്നതും ഫാസിസം തന്നെയാണ്. വിയോജിപ്പുകളുടെ വിചാരണമുറിയില്‍ (അതെത്ര അനീതിപരമായിരുന്നിട്ടും) വ്യത്യസ്തനായി നിന്ന ക്രിസ്തുവെട്ടത്തിലേക്കു നീങ്ങിനില്ക്കണം, സഭയും സമൂഹവും. രാജ്യം എല്ലാവരുടേതുമാകണം, സഭയും; ക്രിസ്തുവിനെപ്പോലെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org