അതിസമ്പന്നതയുടെ വിടവ്

അതിസമ്പന്നതയുടെ വിടവ്

ഭാരതത്തിലെ സമ്പന്നന്മാര്‍ അതിസമ്പന്നരും ദരിദ്രര്‍ പരമദരിദ്രരുമായി മാറിക്കൊണ്ടിരിക്കുന്നു എന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ വാരത്തിലെ നമുക്കുള്ള സമ്മാനം. സ്വിറ്റ്സര്‍ലണ്ടില്‍ നടക്കാന്‍ പോകുന്ന ലോക സാമ്പത്തിക ഫോറം വാര്‍ഷിക ഉച്ചകോടിക്കു മുന്നോടിയായി അന്താരാഷട്ര സംഘടനയായ ഓക്സ്ഫാം ആണ് ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

ഇന്ത്യയിലെ ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ സമ്പത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമുണ്ടായത് 39 ശതമാനം വര്‍ദ്ധനവാണ്. നമ്മുടെ ഈ ദരിദ്രരാജ്യത്തിലെ അതിസമ്പന്നരുടെ ദിവസ വരുമാനം 2200 കോടി. ഏറ്റവും അടിത്തട്ടിലെ ദരിദ്രരുടെ ജീവിതം അനുദിനം കടക്കെണിയിലേക്കു നീങ്ങുമ്പോഴാണിത്. താഴെത്തട്ടിലുള്ള ജനസംഖ്യയുടെ 50 ശതമാനത്തിന്‍റെ സമ്പത്തിലെ വര്‍ദ്ധന 3 ശതമാനം മാത്രമാണ്.

വിരലിലെണ്ണാവുന്ന അതിസമ്പന്നര്‍ ഇന്ത്യയുടെ ആകെ സമ്പത്തിന്‍റെ ഭൂരിഭാഗവും കയ്യടക്കിക്കൊണ്ടിരിക്കുമ്പോള്‍ പാവപ്പെട്ടവര്‍ ഒരു നേരത്തെ ആഹാരത്തിനും കുട്ടികളുടെ മരുന്നിനുമായി ഇതേ ഭാരതത്തില്‍ത്തന്നെ നെട്ടോട്ടത്തിലാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ പത്തു ശതമാനം പേരാണു രാജ്യത്തെ ആകെ സമ്പത്തിന്‍റെ 77 ശതമാനവും കയ്യടക്കിവച്ചിരിക്കുന്നത്. പൊതുജനാരോഗ്യം, ചികിത്സ, ശുചിത്വം, ജലവിതരണം എന്നിവയ്ക്കുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആകെ റവന്യൂ-മൂലധന ചെലവിനേക്കാള്‍ കൂടുതലാണ് രാജ്യത്തെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ ആകെ സമ്പത്ത്. അംബാനിയുടെ പുത്രി ഇഷ അംബാനിയുടെ കല്യാണത്തിന്‍റെ ധൂര്‍ത്തിനെക്കുറിച്ചു സാമൂഹ്യമാധ്യമങ്ങളില്‍ ഒരു വൈദികന്‍ എഴുതിയിട്ട ആക്ഷേപഹാസ്യക്കുറിപ്പ് ഈ അതിസമ്പന്നരുടെ ധൂര്‍ത്തുണ്ടാക്കുന്ന പ്രത്യാഘാതങ്ങളുടെ ഒരു നേര്‍സാക്ഷ്യമായിരുന്നു.

ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നരും ബാക്കി ജനസംഖ്യയും തമ്മിലുള്ള ഈ വ്യത്യാസം തുടര്‍ന്നാല്‍ ഭാരതത്തിന്‍റെ സാമൂഹിക-ജനാധിപത്യഘടന തകിടം മറിയും. അമേരിക്കപോലുളള മുതലാളിത്ത രാജ്യങ്ങളില്‍പ്പോലും കാണാത്തത്ര തരത്തില്‍ വളര്‍ന്നിരിക്കുന്ന ഭാരതത്തിലെ അതിസമ്പന്നരും അതിദരിദ്രരും തമ്മിലുള്ള വിടവ്. സാമ്പത്തിക അസമത്വം ഈ തോതില്‍ വളരുന്നതിനു സര്‍ക്കാരും കാരണക്കാരാണ്. കോര്‍പ്പറേറ്റുകള്‍ക്കും അതിസമ്പന്നര്‍ക്കും നികുതി ആനുകൂല്യങ്ങളും വായ്പാവസരങ്ങളും പരിധികളില്ലാതെ വാരിക്കോരി നല്കപ്പെടുമ്പോള്‍ സാധാരണക്കാരനു നികുതി-വായ്പാനുകൂല്യങ്ങള്‍ പലപ്പോഴും കിട്ടാക്കനികളാണ്. അതിസമ്പന്നരും സാധാരണക്കാരും തമ്മിലുള്ള ഈ അസമത്വം തുടര്‍ന്നാല്‍ ഭാരതത്തിന്‍റെ സമ്പദ് വ്യവസ്ഥയെ മാത്രമല്ല ഇതു ബാധിക്കുക; ചിന്താ-പ്രവര്‍ത്തന മണ്ഡലങ്ങളിലും ഈ സ്ഥിതി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

സമ്പത്തിന്‍റെ സമത്വം നിറഞ്ഞ വിതരണത്തിനും സാമൂഹ്യസമത്വത്തിനും ശക്തവും വ്യക്തവുമായ സംഭാവനകള്‍ നല്കിയതാണു കേരളത്തിലെ സഭ. ദരിദ്രരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ നാം ചെലുത്തിയിട്ടുള്ള സ്വാധീനം അനന്യമാണ്. ഭാരതത്തിലെ അതിസമ്പന്നരും സാധാരണക്കാരും തമ്മിലുള്ള ഈ വിടവ് നികത്താനും ഭാരതത്തിന്‍റെ സവിശേഷമായ സാമൂഹിക-ജനാധിപത്യഘടന പുനഃക്രമീകരിക്കാനും ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയായ ക്രിസ്തുവിന്‍റെ അനുയായികള്‍ക്കു കഴിയണം.

അതിസമ്പന്നരുടെ വലിപ്പത്തിലല്ലെങ്കിലും സമ്പത്തു കൈവശം വയ്ക്കുന്ന കാര്യത്തിലും അതു ചെലവഴിക്കുന്ന കാര്യത്തിലും നമ്മുടെ ഇടയിലും വര്‍ദ്ധിച്ചുവരുന്ന അലംഭാവം കണ്ടില്ലെന്നു നടിക്കാനാവില്ല. കൂറ്റന്‍ വീടുകളുണ്ടാക്കുന്നതിനും ആഘോഷങ്ങളില്‍ ആഹാരം വിളമ്പുന്നതിനും അലങ്കാരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പളളികള്‍ മോടി പിടിപ്പിക്കുന്നതിനും നാം കാണിക്കുന്ന പൊങ്ങച്ചപ്രവണത നമ്മുടെ വിശ്വാസജീവിതത്തിലും ഒരു വിടവും ശൂന്യതയും സൃഷ്ടിക്കുമെന്നതില്‍ തര്‍ക്കമില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org