റോഡപകടങ്ങള്‍: സഭയ്ക്കുത്തരവാദിത്വമുണ്ടോ?

റോഡപകടങ്ങള്‍: സഭയ്ക്കുത്തരവാദിത്വമുണ്ടോ?

നമ്മുടെ നാട്ടില്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ബൈക്കപകടങ്ങളുടെ എണ്ണത്തിനും ഭീകരതയ്ക്കും ആനുപാതികമായി കുഴപ്പക്കാരൊന്നുമല്ല ആ അപകടങ്ങളുണ്ടാക്കുകയും അതില്‍ പെടുകയും ചെയ്യുന്ന നമ്മുടെ യുവാക്കള്‍. ജീവിതത്തിലെ മറ്റ് ഒട്ടെല്ലാ സന്ദര്‍ഭങ്ങളിലും ശാന്തരും മര്യാദക്കാരും മനുഷ്യസ്നേഹികളുമായി പെരുമാറുന്നവര്‍ ബൈക്കോടിക്കുമ്പോള്‍ മാത്രം അപകടകാരികളായി മാറുന്നത് എന്തുകൊണ്ട്? ആലോചനയര്‍ഹിക്കുന്ന ഒരു വിഷയമാണത്. പുതിയ തലമുറ അപകടകാരികളായിരിക്കുന്നു എന്ന ഏകപക്ഷീയമായ വിധിയെഴുതുന്നതു യുക്തിസഹമല്ല, ആ വിധിയെഴുത്തുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുകയുമില്ല.

ബൈക്കും ഇതര വാഹനങ്ങളും ഓടിക്കുന്ന കൗമാരക്കാരുടെ എണ്ണം കുത്തനെ കൂടുകയും ശരാശരി പ്രായം കുറയുകയും ചെയ്തിട്ടുണ്ട്. ഉപയോഗിക്കുന്ന വാഹനങ്ങളുടെ കരുത്തും കുതിച്ചുയര്‍ന്നിട്ടുണ്ട്. ഈ യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിച്ചുകൊണ്ട് അനന്തരനടപടികള്‍ സ്വീകരിക്കാന്‍ കുടുംബങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും ഭരണകൂടവും യുവജനസംഘടനകളും തയ്യാറാകുകയാണു വേണ്ടത്.

കോളജ് വിദ്യാര്‍ത്ഥികള്‍ക്കു ബൈക്ക് വാങ്ങിക്കൊടുക്കില്ലെന്നോ ഓടിക്കാനനുവദിക്കില്ലെന്നോ ഒന്നും ഇനി തീരുമാനിക്കാനാകില്ല. ആ കാലം എന്നേ കഴിഞ്ഞുപോയി. മാതാപിതാക്കള്‍ വാങ്ങി കൊടുക്കുന്നില്ലെങ്കിലും ഓടിക്കാനും യാത്ര ചെയ്യാനുമായി ബൈക്കുകളും കാറുകളും എത്ര വേണമെങ്കിലും വിദ്യാര്‍ത്ഥിസമൂഹത്തില്‍ ഇന്നു ലഭ്യമാണ്.

കമ്പ്യൂട്ടറോ മൊബൈല്‍ ഫോണോ ഇല്ലാത്തതും വല്ലാതെ നിയന്ത്രിക്കപ്പെടുന്നതുമായ ഒരു ജീവിതം ഇനി അസാദ്ധ്യമായിരിക്കുന്നതുപോലെ വാഹനങ്ങളില്ലാത്ത വിദ്യാര്‍ത്ഥിജീവിതവും ഇനി ഒട്ടൊക്കെ അസാദ്ധ്യമാണ്. അതുകൊണ്ട് അപകടങ്ങളില്ലാതെ എങ്ങനെ വാഹനങ്ങളോടിക്കാം എന്നു വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയും ബോധവത്കരിക്കുകയും ചെയ്യുക ഇന്ന് ആവശ്യമായിരിക്കുന്നു. ഒരുപക്ഷേ മദ്യത്തിനും മയക്കുമരുന്നിനും എതിരെ നടക്കുന്ന പ്രചാരണത്തേക്കാള്‍ അധികമായി ഇന്നു വേണ്ടത് മോശമായ ഡ്രൈവിങ്ങ് ശൈലികള്‍ക്കെതിരായ പ്രചാരണവും ബോധവത്കരണവുമാണെന്നു പറയേണ്ടി വരും. അത്രമേല്‍ വ്യാപകമായിരിക്കുന്നു മോശം ഡ്രൈവിങ്ങ് ഉണ്ടാക്കുന്ന കെടുതികള്‍.

ഇന്ത്യയില്‍ ഓരോ മണിക്കൂറിലും 17 പേര്‍ റോഡപകടങ്ങളില്‍പെട്ടു മരിച്ചുകൊണ്ടിരിക്കുന്നു. ഒരു മണിക്കൂറില്‍ 55 അപകടങ്ങളാണ് ഉണ്ടാകുന്നത്. 2016 ല്‍ ഒരു ദിവസം 413 പേര്‍ വീതം ഇന്ത്യയില്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടു. ആകെ ഒന്നര ലക്ഷത്തിലധികം പേര്‍. ഏതു പകര്‍ച്ചവ്യാധിയും പ്രകൃതിദുരന്തവും കൊല്ലുന്നതിനേക്കാള്‍ എത്രയോ അധികം ആളുകള്‍ റോഡുകളില്‍ കൊല്ലപ്പെടുന്നു! മദ്യവും മയക്കുമരുന്നും മൂലമുള്ള മരണങ്ങളേക്കാളും വിനാശകരമാകുന്നത് അപകടമരണങ്ങളാണ് എന്ന് ഈ കണക്കുകളില്‍നിന്നു വ്യക്തമാകുന്നു.

കൗമാരക്കാരോ യുവാക്കളോ അപ്രതീക്ഷിതമായി അപകടത്തില്‍ മരിച്ചതിന്‍റെ ആഘാതമേല്‍ക്കാത്ത ഏതെങ്കിലും ഇടവക നമ്മുടെ അറിവില്‍ ഉണ്ടാകുകയില്ല. രൂപതകളുടെയാകെ കണക്കെടുത്താല്‍ ഓഖി ദുരന്തത്തില്‍ കൊല്ലപ്പെട്ടതിലുമധികം യുവാക്കള്‍ ഓരോ വര്‍ഷവും ഓരോ രൂപതയിലും റോഡുകളില്‍ കൊല്ലപ്പെടുന്നുണ്ടാകും. എന്താണ് സഭയ്ക്ക് അതിനോടുള്ള പ്രതികരണം, സ്വീകരിക്കുന്ന സമീപനം, കാണുന്ന പ്രതിവിധി?

മദ്യപാനം സാവധാനത്തിലുള്ള ആത്മഹത്യയാണെന്നു കുറ്റപ്പെടുത്തിയ വ്യക്തിയോടു മദ്യപന്‍ പറഞ്ഞ മറുപടി കുപ്രസിദ്ധമാണ്: "എനിക്കു തിരക്കില്ല!"

മദ്യപാനത്തേക്കാള്‍ പതിന്മടങ്ങു വേഗതയും ഭീകരതയുമുള്ള കൊലയാളിയാണ് റോഡപകടങ്ങള്‍. റോഡില്‍ വാഹനമോടിച്ച് മനഃപൂര്‍വമല്ലാത്ത ആത്മഹത്യകളും കൊലപാതകങ്ങളും നടത്തുന്നവര്‍ നമ്മുടെ സമൂഹത്തില്‍ ഒന്നും രണ്ടുമല്ല. ഇത്തരം അപകടങ്ങളില്‍ ജീവന്‍ ഹനിക്കുന്നവരിലേറെ പേരും മുപ്പതിനു താഴെ പ്രായമുള്ളവരും കുടുംബങ്ങളിലെ ഒന്നോ രണ്ടോ മക്കളില്‍ ഒരാളുമാണ്. കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും ഭാവിയുടെ നടുനായകത്വമേറ്റെടുക്കുമെന്നു കരുതപ്പെടുന്നവര്‍. ഇവരെ മാരകമായ ഈ മരണബാധയില്‍ നിന്നു രക്ഷിക്കാന്‍ സമൂഹത്തിനു ബാദ്ധ്യതയുണ്ട്.

റോഡുകള്‍ നന്നാക്കുക എന്നതാണ് പലരും ആദ്യമാവശ്യപ്പെടുന്ന പ്രതിവിധി. റോഡുകളുടെ കുഴപ്പങ്ങള്‍ കൊണ്ട് റോഡപകടങ്ങള്‍ ധാരാളമുണ്ടാകുന്നുണ്ട് എന്നതു വസ്തുതയുമാണ്. അതേസമയം റോഡ് നന്നാക്കിയാല്‍ അപകടങ്ങള്‍ കുറയുന്നുണ്ടോ? ഇല്ലെന്നു മാത്രമല്ല, പലേടത്തും റോഡുകള്‍ നന്നായപ്പോള്‍ വേഗത കൂടുകയും ഫലമായി അപകടങ്ങള്‍ പെരുകുകയുമാണുണ്ടായത്.

ആത്യന്തികമായ പ്രശ്നം റോഡുകളുടേതല്ല, വാഹനങ്ങളുടേതുമല്ല. റോഡുകളിലൂടെ വാഹനമോടിക്കുന്ന മനുഷ്യരുടേതു തന്നെയാണ്. റോഡറിഞ്ഞും വാഹനമറിഞ്ഞും ഡ്രൈവ് ചെയ്യാന്‍ അറിഞ്ഞിരിക്കണം. നല്ല ഡ്രൈവിങ്ങ് ഒരു സംസ്കാരമാണ്. ഈ സംസ്കാരം വളരുന്ന തലമുറയെ ശീലിപ്പിക്കാന്‍ വിദ്യാര്‍ത്ഥിജീവിതകാലത്തു തന്നെ ശ്രമങ്ങളുണ്ടാകണം. ഗതാഗതനിയമങ്ങള്‍ മാത്രമല്ല ഗതാഗതമര്യാദകളും കുട്ടിക്കാലത്തു തന്നെ ശീലിപ്പിക്കണം. മാന്യമായ ഒരു ഗതാഗതസംസ്കാരം നമ്മുടെ വളരുന്ന തലമുറയിലുണ്ടാക്കിയെടുക്കാന്‍ നമ്മുടെ യുവജനസംഘടനകള്‍ക്കും ബാദ്ധ്യതയുണ്ട്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ നിരന്തരസമരങ്ങളും ബോധവത്കരണങ്ങളും നടത്തുന്ന സഭയ്ക്കും ഈ വിഷയത്തില്‍ ഇടപെടാന്‍ ബാദ്ധ്യതയുണ്ട്. കുടുംബങ്ങളുടെയും സഭയുടെയും സമൂഹത്തിന്‍റെയും ഭാവിയാണ് റോഡുകളില്‍ പൊലിഞ്ഞു തീരുന്നതെന്ന ഓര്‍മ്മ നമുക്കുണ്ടാകണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org