കരോളിന് പരോൾ കിട്ടുമോ?

കരോളിന് പരോൾ കിട്ടുമോ?

നാം ഈ പുതുവര്‍ഷത്തിലേക്കു കാലൂന്നുന്നതു ഭീഷണികളുടെയും ഭീതിയുടെയും കൈ പിടിച്ചാണ്. ക്രിസ്തുമസ് കരോള്‍ സംഘത്തിനു നേരെ മദ്ധ്യപ്രദേശിലെ സത്നയിലും രാജസ്ഥാനിലെ പ്രതാപ്ഗഡിലും ആക്രമണമുണ്ടായി. മതേതരഭാരതത്തിനു ഭീഷണിയായി വര്‍ഗീയവാദവും മതമൗലികവാദവും വീണ്ടും തലപൊക്കുകയാണ്. ഓഖി നമ്മുടെ കടലോരമക്കളുടെ ജീവിതങ്ങളുടെ സാമ്പത്തികഭദ്രത അനിശ്ചിതത്വത്തിലാക്കിയെങ്കില്‍ കരോള്‍ സംഘത്തിനെതിരെയുണ്ടായ ആക്രമണം ഇന്ത്യയുടെ മതേതരസ്വഭാവത്തെയാണ് ഒരു കെട്ടുകഥയാക്കിയിരിക്കുന്നത്. കരോള്‍ സംഘത്തെ ആക്രമിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തില്ല എന്നു മാത്രമല്ല, നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചു കരോള്‍ സംഘത്തിലെ ചിലരെ അറസ്റ്റും ചെയ്തു. വര്‍ഷങ്ങളായി നടത്തിവരാറുള്ള കരോള്‍സംഘത്തിന്‍റെ ഈ സമാധാനസന്ദേശയാത്രയില്‍ പൊടുന്നനെ ഒരു മതപരിവര്‍ത്തന ഭീഷണി തിരുകിക്കയറ്റി ഹിന്ദുത്വവാദികള്‍ അലങ്കോലമുണ്ടാക്കിയതു മതേതരസ്വഭാവമുള്ള ഭാരതത്തിന്‍റെ സാമൂഹ്യജീവിതത്തിനു ഭീഷണിയായിരിക്കുകയാണ്.

സമാധാനം പ്രഘോഷിക്കേണ്ട കരോള്‍ സംഘങ്ങള്‍ അനേകരുടെ സമാധാനം കെടുത്തിയ സംഭവം ഭാരതത്തിന്‍റെ സാമൂഹ്യജീവിത ചിന്താമണ്ഡലത്തിലേക്കു നുഴഞ്ഞുകയറുന്ന മൗലികവാദമെന്ന വിഷത്തെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നു. അതേസമയം തന്നെ ക്രിസ്തുജനനത്തിന്‍റെ സന്ദേശവും സമാധാനവും സന്തോഷവും സമൂഹത്തെ അറിയിക്കാനുള്ള ഒരു സംഘമായി നമ്മുടെ ക്രിസ്തുമസ് കരോള്‍ സംഘങ്ങള്‍ തുടരുന്നുണ്ടോ എന്ന ആത്മവിമര്‍ശനവും ഈ സംഭവം നമ്മോടാവശ്യപ്പെടുന്നു.

ഹിന്ദുത്വ എന്ന പദം ആദ്യമായി കേള്‍ക്കുന്നത് 1923-ലാണ്. വിനായക് ദാമോദര്‍ സവര്‍ക്കര്‍ ആണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. ഒരു രാഷ്ട്രം, ഒരു സംസ്കാരം എന്ന ആവശ്യത്തിന്‍റെ രാഷ്ട്രീയവത്കരണമായിരുന്നു ഹിന്ദുത്വ എന്ന പ്രയോഗം അവതരിപ്പിക്കുക വഴി സവര്‍ക്കര്‍ നടത്തിയത്. അതില്‍ ന്യൂനപക്ഷങ്ങള്‍ എല്ലാവരും ഇതരര്‍ അല്ലെങ്കില്‍ അപരര്‍ മാത്രം; ചേമ്പിലയിലെ വെള്ളംപോലെ. ഭാരതത്തിന്‍റെ ചരിത്രവും പാരമ്പര്യവും അറിയാതെയുള്ള ഈ ചുവടുമാറ്റത്തിനു പിന്നീടു നാം വലിയ വില കൊടുക്കേണ്ടി വന്നു. 1980-ലെ ആര്‍എസ്എസ്സിന്‍റെ ഉത്ഭവവും 1984-ലെ സിക്ക് വിരുദ്ധതയും 1992-ലെ ബാബറി മസ്ജിദ് പ്രശ്നവും 2002-ലെ ഗുജറാത്ത് കലാപവും 2008-ലെ ഒറീസ സംഭവവും 'ഹിന്ദുത്വ' വികാരത്തിന്‍റെ ദുരന്തഫലങ്ങളായിരുന്നു. ഓര്‍ക്കുക, എ.ഡി. 743-ല്‍ മുസ്ലീങ്ങള്‍ക്കായി ഒരു അമ്പലം മോസ്കായി രൂപാന്തരപ്പെടുത്തി നല്കിയ ചേരരാജവംശത്തിന്‍റെ നാടാണിത്.

ഹിന്ദുത്വവാദികളില്‍ കടന്നുകൂടുന്ന ഹിറ്റ്ലര്‍ ശൈലികള്‍ തിരുത്തിയേ മതിയാകൂ. ജനക്കൂട്ടത്തെ ഇളക്കി മറിക്കാന്‍ വികാരമെന്ന ആയുധത്തെയും ചെറുസംഘത്തെ വരുതിക്കു നിര്‍ത്താന്‍ വിചാരത്തെയും തന്ത്രപൂര്‍വം ഉപയോഗിച്ചവനാണു ഹിറ്റ്ലര്‍. ആവര്‍ത്തിച്ചുള്ള പ്രയോഗം നുണയെ സത്യമാക്കും എന്നു തെളിയിച്ചതുമാണ് ഹിറ്റ്ലര്‍. ഭാരതത്തില്‍ വളരുന്ന വഴിതെറ്റിയ മൗലികവാദവും ആ വഴിക്കുതന്നെ.

ഭാരതത്തില്‍ വളരുന്ന മതേതരത്വത്തിലെ വിള്ളലുകളെ വിമര്‍ശിക്കുമ്പോള്‍ തന്നെ കേരള സഭയ്ക്കകത്തെ മാറുന്ന കരോള്‍ സംസ്കാരവും വിമര്‍ശനത്തിനു വിധേയമാക്കേണ്ടതാണ്. രക്ഷകന്‍റെ ജനനവാര്‍ത്തയൊഴികെ മറ്റെല്ലാം വിളമ്പുന്ന വേദികളായി കേരളത്തിലെ കരോള്‍ സംഘങ്ങള്‍ മാറുന്നുണ്ടോ? ഉണ്ണിയില്ലാത്ത സാന്തായാത്രകളും ഒരു കോടിക്കടുത്തു മുതല്‍മുടക്കു വരുന്ന 'ബോണ്‍ നത്താലെ' കളും ചടുലഗാനങ്ങള്‍ക്കനുസൃതം ചുവടു വയ്ക്കുന്ന ന്യൂജെന്‍ ക്രിസ്തുമസ് പാപ്പമാരും കേരളത്തില്‍ വര്‍ദ്ധിച്ചുവരികയാണ്. പാതിരാക്കുര്‍ബാനയിലെ തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം പള്ളിയങ്കണത്തില്‍ നടത്തപ്പെടുന്ന ക്രിസ്തുമസ് സന്ദേശം നല്കാത്ത ആഘോഷങ്ങളൊക്കെ പുനര്‍വായനയ്ക്കു വിധേയമാകണം. പാതിരാക്കുര്‍ബാന കഴിഞ്ഞിറങ്ങുന്നവര്‍ക്കു മുന്നില്‍ ക്രിസ്തുമസുമായി യാതൊരു ബന്ധവുമില്ലാത്ത തട്ടുപൊളിപ്പന്‍ സിനിമാഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഫ്ളാഷ് മോബ് ഉദാഹരണം. കരോളിനിറങ്ങിയവര്‍ പരോളിലിറങ്ങി പുതുവത്സരം ആഘോഷിക്കേണ്ട അവസ്ഥ ഉണ്ടാകരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org