തിരുന്നാളുകള്‍ തിരികെയെത്താന്‍

തിരുന്നാളുകള്‍ തിരികെയെത്താന്‍

2016 ഏപ്രില്‍ 10-ന്, 100 പേര്‍ മരിക്കുകയും 400 പേര്‍ക്കു പരിക്കേല്ക്കുകയും ചെയ്ത കൊല്ലം. പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിന്‍റെ ദുരന്തകാരണങ്ങള്‍ അന്വേഷിച്ച ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നു. അന്നത്തെ ജില്ലാ ഭരണകൂടത്തിന്‍റെയും പൊലീസ് സംവിധാനത്തിന്‍റെയും ഏകോപനരാഹിത്യവും നിഷ്ക്രിയത്വവും ഒപ്പം ഉത്സവക്കമ്മിറ്റിയുടെ അതിരുവിട്ട ഉത്സാഹവും ചേര്‍ന്നൊരുക്കിയ അരക്കില്ലത്തില്‍ എരിഞ്ഞുതീര്‍ന്ന നഷ്ടങ്ങളെ എണ്ണിപ്പറയുന്നതാണു കമ്മീഷന്‍ റിപ്പോര്‍ട്ട്.

പുതിയൊരു ഉത്സവകാലത്തിലേക്കു കേരളം പ്രവേശിക്കുകയാണ്. അതില്‍ പ്രധാനം പള്ളിപ്പെരുന്നാളുകള്‍തന്നെയാണ്. ആഘോഷങ്ങളുടെ അതിരുകളും ആസ്വാദനത്തിന്‍റെ അഴകളവുകളും പുതുക്കി നിശ്ചയിക്കേണ്ട സമയമാണിത്. പ്രത്യേകിച്ചു തിരുനാളുകള്‍ പെരുന്നാളുകളായി മാറിത്തുടങ്ങിയ ആഘോഷങ്ങളുടെ ഈ അപചയകാലത്ത്.

സഭയിലെ തിരുന്നാളുകളുടെ വിശുദ്ധ ഗ്രന്ഥവീക്ഷണവും ദൈവശാസ്ത്രാഭിമുഖ്യവും ശരിയായി മനസ്സിലാക്കിയാല്‍ പെരുന്നാളുകളെ, തിരുനാള്‍ വഴികളിലേക്കു നമുക്കു തിരികെ നടത്താനാകും. തെരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേലിന്‍റെ ദൈവപരിപാലനാവഴികളില്‍ അവര്‍ അനുഭവിച്ച കരുണയുടെയും കരുതലിന്‍റെയും കണ്ണീര്‍പാഠങ്ങളെ ഒരുമിച്ചിരുന്ന് ഓര്‍ത്തെടുക്കാനും പ്രമാണപാതയില്‍ അചഞ്ചലമായി തുടരാനുമുള്ള കാരണങ്ങളെ പുതുതായി കണ്ടെത്താനും ആയിരുന്നു പഴയ നിയമത്തിലെ തിരുനാളാഘോഷങ്ങള്‍. പെസഹാ, പന്തക്കുസ്ത, കൂടാരത്തിരുന്നാള്‍ എന്നിവയായിരുന്നു അവരുടെ പ്രധാന തിരുനാളുകള്‍. എന്നാല്‍ പിന്നീടു 'ഉത്സവങ്ങളില്‍ അനീതി നിറഞ്ഞപ്പോള്‍, അതു ളവാക്കിയ അസഹനീയതയുടെ ആഴം' പ്രവാചകരുടെ വാക്കുകളില്‍ രോഷപ്പെടുന്നുണ്ട് (ഏശ. 1 : 10-20). യഹോവയില്‍ വെറുപ്പുളവാക്കിയ 'അമാവാസിയാഘോഷ'ങ്ങള്‍ എങ്ങനെ രക്തപങ്കിലമായി എന്നും അവര്‍ ഓര്‍മപ്പെടുത്തുന്നു. "അവര്‍ വയലുകള്‍ മോഹിക്കുന്നു, അവ പിടിച്ചടക്കുന്നു, വീടുകള്‍ മോഹിക്കുന്നു; അവ സ്വന്തമാക്കുന്നു" (മിക്ക. 2;1-2). 'അനാഥര്‍ക്കു നീതി നടത്തിയും വിധവകള്‍ക്കുവേണ്ടി വാദിച്ചും, തങ്ങളെത്തന്നെ കഴുകിവൃത്തിയാക്കി' വേണം കര്‍ത്താവിന്‍റെ അങ്കണത്തിലേക്കുള്ള പ്രവേശനയോഗ്യത നേടാനെന്നു വി. ഗ്രന്ഥം പ്രത്യേകിച്ചു പഴയ നിയമം ഓര്‍മിപ്പിക്കുന്നു.

പുതിയ നിയമത്തില്‍, തിരുനാളുകളുടെ ഓരം ചേര്‍ന്നു നടക്കുമ്പോഴും അവയില്‍ വെളിപാടിന്‍റെ പൂര്‍ണതയെ ചേര്‍ത്തു നിര്‍ത്താനാണു ക്രിസ്തു എപ്പോഴും ശ്രദ്ധിച്ചത്. കൂടാരത്തിരുനാളിന്‍റെ അവസാനദിവസത്തില്‍ ജെറുസലേം ദേവാലയത്തെ പ്രകാശപൂരിതമാക്കിയ വലിയ തീപ്പന്തങ്ങളെ സാക്ഷിയാക്കി, താന്‍ ലോകത്തിന്‍റെ പ്രകാശമാണെന്ന് അവന്‍ പ്രസ്താവിച്ചതങ്ങനെയാണ്. ക്രിസ്തുവെട്ടത്തിലൂടെയാകണം ഇനിയെല്ലാവരും നിത്യതയിലെത്താന്‍ (യോഹ. 7, 1-51; 8, 12-20).

ഇടവക മദ്ധ്യസ്ഥന്‍റെയോ മദ്ധ്യസ്ഥയുടെയോ ക്രിസ്ത്വാനുകരണവഴിയിലെ വീരോചിതസുകൃതങ്ങളെ അറിയാനും അനുകരിക്കാനുമുള്ള അവസരമെന്ന പ്രഥമ കാരണത്തില്‍നിന്നും നമ്മുടെ പള്ളി തിരുനാളുകള്‍ പിന്നീടു തെന്നിമാറിയതിനു പുറകില്‍ തിരുനാള്‍ കമ്മിറ്റിയെന്ന ഉത്സാഹക്കമ്മിറ്റിയുടെ അനുചിതമായ ആവേശപ്രകടനങ്ങള്‍ തന്നെയാണ്. ചിലയിടത്തെങ്കിലും ഉത്തരവാദിത്വം മറന്നു വികാരിയച്ചന്മാര്‍ വെറും കാഴ്ചക്കാരുടെ റോളിലേക്ക് ഒതുങ്ങിയൊഴിയുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോകാറുമുണ്ട്.

തിരുനാള്‍ മഹാമഹമാക്കാന്‍ മനഃപൂര്‍വം ചേര്‍ത്തുവയ്ക്കുന്ന ചില ചേരുവകളാണു പ്രശ്നം. പ്രകടനപരതയുടെ പ്രത്യക്ഷദോഷത്താല്‍ വിലക്ഷണമാവുകയെന്ന ദുര്യോഗം എപ്പോഴും പെരുന്നാള്‍ പാട്ടുകുര്‍ബാനയ്ക്കാണ്. വിശ്വാസികളെ അമ്പരപ്പി ച്ചും അത്ഭുതപ്പെടുത്തിയുമതു മുന്നേറുമ്പോള്‍ വി. ബലി വെറുമൊരു അരങ്ങുകാഴ്ചയായി അധഃപതിക്കുന്നു. ഒരുക്കമില്ലാത്ത ആള്‍ക്കൂട്ടത്തിന്‍റെ അനൗചിത്യംകൊണ്ട് അസഹനീയമാകയാല്‍, കപ്പേളകളിലെ തിരുനാള്‍ കുര്‍ബാനയും ഒഴിവാക്കേണ്ടതാണ്.

പ്രത്യക്ഷത്തില്‍ പള്ളിക്കു സാമ്പത്തികഭാരമേറ്റാത്ത 'സ്പോണ്‍സേര്‍ഡ്' പരിപാടികളിലൂടെയാണു തിരുനാളുകള്‍ക്കു വഴി തെറ്റുന്നതെന്നതാണു സത്യം. തീര്‍ത്ഥാടകസഭയെ ഓര്‍മിപ്പിക്കേണ്ട പ്രദക്ഷിണങ്ങള്‍ ശക്തിപ്രകടനമായി വഴിമുടക്കുന്നതും കരിമരുന്നിന്‍റെ അനിയന്ത്രിത പ്രയോഗങ്ങള്‍ ആകാശവിസ്മയമായി ആഘോഷിക്കുന്നതും യഥാര്‍ത്ഥ തിരുന്നാളല്ലെന്നെങ്കിലും സമ്മതിക്കണം. ഒരു തിരുനാള്‍ സീസണില്‍ കേരളത്തിലെ ക്രൈസ്തവസഭ 200 കോടിയിലധികം ചെലവഴിക്കുന്നുണ്ടെന്ന നിരീക്ഷണത്തെ, ആഘോഷത്തിനൊടുവില്‍ പാവപ്പെട്ടവര്‍ക്കു രണ്ടോ മൂന്നോ വീടുവച്ചു നല്കിയും നാമമാത്ര ചികിത്സാസഹായം പ്രഖ്യാപിച്ചും നിര്‍വീര്യമാക്കാമെന്നു കരുതരുത്. അസാധാരണമായ സാമ്പത്തികമാന്ദ്യത്തിലൂടെ രാജ്യവും നാടും നിരങ്ങിനീങ്ങുമ്പോള്‍ ഈ വര്‍ഷത്തെ തിരുനാള്‍ ചെലവുകളെപ്പറ്റിയെങ്കിലും വീണ്ടുവിചാരമുണ്ടാകണം. ഒപ്പം നമ്മുടെ ആഘോഷങ്ങളുടെ ആസ്വാദനനിലവാരം ഉയര്‍ത്തുകയും വേണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org