Latest News
|^| Home -> Editorial -> പ്രതികാരത്തെ സ്ഫുടം ചെയ്തെടുക്കുന്നവര്‍

പ്രതികാരത്തെ സ്ഫുടം ചെയ്തെടുക്കുന്നവര്‍

Sathyadeepam

“മുറിവേല്പിച്ചവനെതിരെ മനസ്സില്‍ വൈരം ഉണക്കാതെ സൂക്ഷിക്കലാണു യഥാര്‍ത്ഥ പക” എന്നു പറഞ്ഞത് മാര്‍ക്കസ് ഔറേലിയസാണ്. മനസ്സിന്‍റെ നെരിപ്പോടില്‍ ഉരുക്കിയെടുക്കുന്ന വൈരം മനുഷ്യനെ മൃഗമാക്കും. അതിന്‍റെ ഉദാഹരണങ്ങള്‍ വിദ്യാര്‍ത്ഥിസംഘടനകള്‍ തമ്മില്‍ കലാലയത്തിനകത്തു നടത്തുന്ന സംഘട്ടനങ്ങള്‍ മുതല്‍ ഹര്‍ത്താലിന്‍റെ മറവില്‍ പൊതുയിടങ്ങളില്‍ നടത്തുന്ന അക്രമങ്ങളില്‍വരെ കാണാം. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമായിരുന്നു കലാലയ അക്രമത്തില്‍ കുത്തേറ്റ് തളര്‍ന്ന ശരീരവുമായി 35 വര്‍ഷം ജീവിച്ചു മരിച്ച സൈമണ്‍ ബ്രിട്ടോ.

മഹാരാജാസ് കോളജില്‍ എസ്എഫ്ഐ-കെഎസ്യു സംഘട്ടനത്തില്‍ പരിക്കേറ്റ എസ്എഫ്ഐ പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ 1983 ഒക്ടോബര്‍ 14-നായിരുന്നു ബ്രിട്ടോയ്ക്ക് നട്ടെല്ലിനു കുത്തേറ്റ് ശരീരം അരയ്ക്കു താഴെ തളര്‍ന്നുപോയത്. വേദനയിലും നിരാശയിലും അവസാനിക്കേണ്ട ആ ജീവിതം പക്ഷേ, തുടര്‍ന്നുള്ള 35 വര്‍ഷങ്ങളില്‍ കേരളത്തിനകത്തും പുറത്തും പാര്‍ട്ടിവേദികളിലും സാംസ്കാരിക സദസ്സുകളിലും പൊതുസമരവേദികളിലും സഹപ്രവര്‍ത്തകര്‍ക്കു സമാനതകളില്ലാത്ത പ്രചോദനമായി. അരയ്ക്കു താഴെ തളര്‍ന്നുപോയ ശരീരത്തിന്‍റെ വൈകല്യം വിഗണിച്ച് 138 ദിവസംകൊണ്ട് ഒരു അംബാസിഡര്‍ കാറില്‍ 2015-ല്‍ ഭാരതപര്യടനം നടത്തിയത് അദ്ദേഹത്തിന്‍റെ പതറാത്ത ഇച്ഛാശക്തിയുടെ ഉദാഹരണമാണ്.

കത്തിമുനയില്‍ ശരീരം നിശ്ചലമായെങ്കിലും നിരന്തരവായനയിലൂടെ, എഴുത്തുകളിലൂടെ, യാത്രകളിലൂടെ ബ്രിട്ടോ ആ തളര്‍ച്ചയെ അതിജീവിച്ചു. അദ്ദേഹം എഴുതിയ ആദ്യനോവലിന്‍റെ പേരില്‍ത്തന്നെയുണ്ട് ബ്രിട്ടോയുടെ ജീവചരിത്രം “അഗ്രഗാമി”… മുമ്പേ നടക്കുന്നവന്‍. “ഇനിയൊരിക്കലും എഴുന്നേല്ക്കാന്‍ കഴിയില്ലെന്നുറപ്പായിട്ടും ബ്രിട്ടോ വിട്ടുകൊടുത്തില്ല. തന്‍റെ ആ വീല്‍ച്ചെയറിലിരുന്നാണു ബ്രിട്ടോ കേരളമെമ്പാടും സുഹൃത്തുക്കളെ ഉണ്ടാക്കിയത്; രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയത്.” ചരമദിനത്തില്‍ ബ്രിട്ടോ സ്മരണകളില്‍ വിദ്യാര്‍ത്ഥികാലത്തെ സമകാലീനന്‍ കൂടിയായ കേരളത്തിന്‍റെ ഇപ്പോഴത്തെ ധനമന്ത്രി തോമസ് ഐസക് എഴുതി.

പകയുടെയും പ്രതികാരത്തിന്‍റെയും ഭീഷണികളുടെ നടുവില്‍ നട്ടെല്ലു തളര്‍ന്നിട്ടും നെഞ്ചുവിരിച്ചു ബ്രിട്ടോയെപ്പോലെ നില്ക്കാന്‍ അധികമാര്‍ക്കും കഴിയാറില്ല. ചേരിപ്പോരുകളിലും കുടിപ്പകകളിലുംപെട്ട് ഭീതിയില്‍ കഴിയുന്ന, ജീവിതം അനിശ്ചിതത്വത്തിലായിരിക്കുന്ന, അനേകര്‍ അന്നും ഇന്നും ധാരാളമുണ്ട്. കോട്ടയത്ത് ക്രിസ്തുമസ് കരോളുമായി പോകുമ്പോള്‍ ഡിവൈഎഫ്ഐ സംഘത്തിന്‍റെ ആക്രമണത്തിന് ഇരകളായി ആറു കുടുംബങ്ങളില 24 പേര്‍ കൂമ്പാടി ആംഗ്ലിക്കന്‍ പള്ളിയിലാണു താമസം. സിപിഎം പിന്തുണയോടെ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ച ഊരുവിലക്കിലാണ് ഈ കുടുംബങ്ങള്‍. ഇക്കഴിഞ്ഞ ക്രിസ്തുമസ് കാലത്തു ഭാരതത്തില്‍ പതിനെട്ടോളം സ്ഥലങ്ങളില്‍ ക്രിസ്ത്യന്‍ ആഘോഷങ്ങള്‍ക്കെതിരെ ഹിന്ദു തീവ്രവാദികളുടെ ആക്രമണമുണ്ടായെന്ന് ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യയുടെ വക്താക്കള്‍ ‘മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസ്’ എന്ന സ്വതന്ത്ര വാര്‍ത്താ ഏജന്‍സിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. എന്നാല്‍ നമ്മുടെ മുഖ്യധാരാ പത്രങ്ങളിലൊന്നും ഇതു സംബന്ധിച്ച് അധികം വാര്‍ത്തകളൊന്നും വന്നതുമില്ല.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗുജറാത്ത്, രാജസ്ഥാന്‍പോലുള്ള സംസ്ഥാനങ്ങളില്‍ ക്രിസ്തുമസ് കാലത്തു കരോള്‍ സംഘങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. സമാധാനരാജാവിന്‍റെ പിറവി ആഘോഷിക്കുന്ന ഈ തിരുനാളില്‍ അസമാധനത്തിന്‍റെ, ഭീതിയുടെ വിത്തുകള്‍ പാകുന്ന സംഭവങ്ങള്‍ കേരളത്തിലേക്കും പതുക്കെ പടരുകയാണ്. മനുഷ്യനെ മൃഗമാക്കുന്ന അടക്കിവച്ച പകയുടെ ഈ ബഹിര്‍സ്ഫുരണങ്ങളെ സംയമനത്തിന്‍റെയും വിവേകത്തിന്‍റെയും വെള്ളമൊഴിച്ചു നിയന്ത്രിക്കാന്‍ അമാന്തിച്ചുകൂടാ.

Leave a Comment

*
*