സംശയിക്കാത്ത നവഫാസിസം

സംശയിക്കാത്ത നവഫാസിസം

അമേരിക്കന്‍ തത്ത്വചിന്തകനായ ജെസണ്‍ സ്റ്റാന്‍ലിയുടെ 2018-ല്‍ പുറത്തിറങ്ങിയ 'How Fascism Works' എന്ന പുസ്തകത്തില്‍ ഭാഷയും വിശ്വാസവും ജനങ്ങളെ 'ഞങ്ങളും', 'നിങ്ങളും' എന്ന വിധത്തില്‍ വേര്‍തിരിക്കുന്നതെങ്ങനെയെന്നു വിശദമാക്കുന്നുണ്ട്. "രാഷ്ട്രചരിത്രത്തെ മിത്തായി മാറ്റിയും ജനാധിപത്യഭാഷയെ വഴിതെറ്റിച്ചും ന്യൂനപക്ഷവിദ്വേഷം പ്രചരിപ്പിച്ചും യുക്തിരഹിത നിലപാടുകളിലൂടെ കലാശാലകളെ നിര്‍വീര്യമാക്കിയും ഒരു സ്വേച്ഛാധിപത്യനേതൃത്വത്തിനനുയോജ്യമായ പരിസരമൊരുക്കുന്നുണ്ട് നിശ്ശബ്ദ ഫാസിസം."

കൃത്യം ഒരു നൂറ്റാണ്ടു മുമ്പ്, 1919-ല്‍ ലോകത്തിലേക്കു മൂന്ന് ആശയങ്ങള്‍ പ്രവേശിച്ചു. ആദ്യത്തേതു ഖിലാഫത്താണ്. ലോകത്തെവിടെയുമുള്ള മുസ്ലീങ്ങള്‍ ഒരു ഖലീഫയുടെ കീഴില്‍ ഒന്നാകണമെന്നതാണത്. ഇതിന്‍റെ ഏറ്റവും വികൃതവും പ്രാകൃതവുമായ രൂപമാണ് ഐഎസ്ഐഎസിന്‍റെ (ISIS), തീവ്ര മതഭീ കരത. ഭൗതികതയുടെ സമ്പൂര്‍ണാധിപത്യത്തിലൂടെ രാഷ്ട്രീയ മോചനമെന്ന സന്ദേശവുമായി ഒപ്പം കമ്യൂണിസമെത്തി. പിന്നാലെ ജനാധിപത്യമൂല്യങ്ങളെ പരിപൂര്‍ണമായി പടിയിറക്കുന്നസര്‍വാധിപത്യ തത്ത്വശാസ്ത്രമായ ഫാസിസവും. ഇന്ന് ഒരു നൂറ്റാണ്ടിനിപ്പുറം, കമ്യൂണിസം എങ്ങുമില്ല; കലര്‍പ്പില്ലാതെ. എന്നാലും ഖിലാഫത്തും ഫാസിസവും വളരെ ശക്തമായി തുടരുന്നുണ്ട്, പുതിയ മുനയും മൂര്‍ച്ചയുമായി.

സ്വന്തം രാജ്യത്തിനകത്തു ശത്രുജനതയെ കൃത്രിമമായി സൃഷ്ടിക്കാനും പിന്നീടതിനു യാഥാര്‍ത്ഥ്യ പ്രതീതി നല്കുവാനുള്ള നവഫാസിസത്തിന്‍റെ ഗൂഢാലോചനയാണ്, 17-ാം ലോക്സഭാ വിജയത്തിന്‍റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. 'വികാസപുരുഷ'ന്‍റെ വേഷമഴിച്ച്, 'അവതാര്‍' പുരുഷനായ മോദി ജയിച്ചതല്ല, ഇന്ത്യ തോറ്റതാണ് 2019-ലെ പ്രധാന തെരഞ്ഞെടുപ്പുവിശേഷം. തെരഞ്ഞെടുപ്പു വിജയനാനന്തരം 'ഒറ്റ രാഷ്ട്രം ഒറ്റ വോട്ട്' എന്ന ആവശ്യവുമായി പ്രധാന പ്രതിപക്ഷകക്ഷികളുടെ എതിര്‍പ്പു മറികടന്നു സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍, തെരഞ്ഞെടുപ്പ് ഒരു പ്രധാന പ്രതിഷേധ മാര്‍ഗമാക്കാനുള്ള ജനാധിപത്യ അവകാശമാണ് അവസാനിക്കുന്നത്. തെരഞ്ഞെടുത്തു വിട്ടാല്‍പ്പിന്നെ ഇടയ്ക്കു തിരികെ വിളിക്കാനുള്ള അവസരമില്ലാത്ത ഇന്ത്യന്‍ ജനാധിപത്യഭാഷയെ പുതിയ നീക്കത്തിലൂടെ വഴിതെറ്റിക്കുകയാണിവിടെ. ചോദ്യങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലാത്ത ആള്‍ക്കൂട്ടത്തോടു മാത്രം പ്രസംഗിക്കുന്ന ഒരു പ്രധാനമന്ത്രി നാടു ഭരിക്കുമ്പോള്‍, സംഭാഷണവും സംവാദവും നാടു കടത്തപ്പെടും. ദേശസ്നേഹത്തിന്‍റെ ചിഹ്നങ്ങളത്രയും ഏകപക്ഷീയമായി നിര്‍മിക്കപ്പെടുന്ന നവഫാസിസ്റ്റ് കാലത്ത്, 'ജയ് ശ്രീരാം' വിളികള്‍ തെരുവില്‍ നിന്നും പാര്‍ലമെന്‍റിലെക്കെത്തുക സ്വാഭാവികം. 'ഒതുങ്ങിക്കഴിയുക അല്ലെങ്കില്‍ പുറത്തു പോവുക' എന്നതാണു ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രോശം. എന്തു കഴിക്കണം എന്നതില്‍ തുടങ്ങി, എന്തു ധരിക്കണമെന്നതിലൂടെയിനി, എന്തു ചിന്തിക്കണമെന്ന പ്രാമാണ്യത്തിലേക്ക് ഏകനുക ഫാസിസം പുരോഗമിക്കുമ്പോള്‍, ഉന്നത വിദ്യാഭ്യാസ മേഖല ചങ്ങാത്ത മുതലാളിത്തത്തിന്‍റെ മറ്റൊരു സംരംഭയിടം മാത്രമായി മാറ്റപ്പെടും. മറുപടിയോ മറുചോദ്യമോ ആര്‍ഭാടമാകുന്നിടത്ത് 'റേഡിയോ' സര്‍ക്കാരിന്‍റെ പ്രധാന പ്രചാരണ പ്രവാഹമാകും. തിരികെയൊന്നും കേള്‍പ്പിക്കാതെ, കേള്‍ക്കുക എന്നതു മാത്രം പ്രധാന രാഷ്ട്രീയപ്രവര്‍ത്തനമാകുന്നതോടെ സര്‍വാധിപത്യം സമ്പൂര്‍ണമാകും. ഒച്ചയടയ്ക്കാനുള്ള ആയുധമായി അച്ചടക്കം മാറുന്നതോടെ അടിയന്തിരാവസ്ഥ ഔപചാരികമാകും.

'ഇഷ്ടം' എന്നത് ഒരു ആസൂത്രിത സാമൂഹിക നിര്‍മിതിയാകയാല്‍ (Social conditioning) ചുറ്റുമുള്ളവയോടു വേഗത്തില്‍ സമരസപ്പെടാന്‍ സമ്മര്‍ദ്ദമുണ്ടാകും. സംയമനം ഒരു പുണ്യമായി ആഘോഷിക്കപ്പെടുമ്പോള്‍ ചോദ്യങ്ങള്‍ അവസാനിക്കുകയോ ഉത്തരമാക്കി പരിവര്‍ത്തിപ്പിക്കുകയോ ചെയ്യും. ചോദ്യങ്ങള്‍ സ്വയം ചോദിക്കാതിരിക്കുന്ന അപകടമാണ് ആത്മീയ ഫാസിസം. അനുനയത്തെ പ്രധാന നയമാക്കുന്ന ഏതൊരു സംഘടിത സംവിധാനവും കൂട്ടായ്മയേക്കാള്‍ മെരുക്കപ്പെട്ട കൂട്ടത്തെയാണിഷ്ടപ്പെടുക.

ചേര്‍ന്നു നില്ക്കുക എന്നതിനര്‍ത്ഥം തന്നില്‍ ചേരാത്തതിനെയൊക്കെ ചേരുംപടിയാക്കുകയെന്നല്ല. ചേരിചേരാനയത്തിന്‍റെ നിഷ്പക്ഷതപോലും നിരുത്തരവാദിത്വപരമാണ്. ദൈവത്തോടുള്ള അനുസരണം മനുഷ്യരോടുള്ള അനുസരണക്കേടാകുന്ന പുതിയ നിയമത്തിന്‍റെ "നടപടി"ക്രമം, സഭാക്രമമാകണം. ഓര്‍ക്കുക, 'സംശയിക്കുന്ന തോമ്മ' ക്രിസ്തുവിനെ അലോസരപ്പെടുത്തിയില്ല; പുതിയ വെളിപാടുകളിലേക്ക് അത്ഭുതപ്പെടുത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org