Latest News
|^| Home -> Editorial -> തിരുമുറിവിന്റെ വിശ്വാസവാതിലുകൾ

തിരുമുറിവിന്റെ വിശ്വാസവാതിലുകൾ

Sathyadeepam

വിശ്വാസം ജീവിക്കാനും പ്രഘോഷിക്കാനുമുള്ളതാണെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഒരു ദുക്റാന തിരുനാള്‍ കൂടി കടന്നുപോയി. കാലുള്ള മനുഷ്യനു ചിറക് കൊടുക്കുന്നതാണു വിശ്വാസം. ജീവിതപ്രതിസന്ധികളിലും ദുഃഖങ്ങളിലും തട്ടിവീഴുന്ന മനുഷ്യനെ പ്രതീക്ഷയുടെ പച്ചപ്പിലേക്കും പ്രത്യാശയുടെ നീലിമയിലേക്കും ചിറകുവച്ചു പറക്കാന്‍ വിശ്വാസം സഹായിക്കുന്നു. അതാണു വി. തോമസ് അപ്പസ്തോലനെ കേരളത്തില്‍ എത്തിച്ചതും നമ്മെ കേരളം വിട്ടു മിഷന്‍ പ്രവര്‍ത്തനം നടത്താന്‍ പ്രേരിപ്പിക്കുന്നതും.

മറ്റുള്ളവര്‍ കാണാത്തതു കാണാന്‍ വിശ്വാസം നമ്മെ സഹായിക്കും. ‘തമസോമ ജ്യോതിര്‍ഗമയ’ എന്നു ഭാരതീയാചാര്യന്മാര്‍ പ്രാര്‍ത്ഥിച്ചത് ഈ വിശ്വാസത്തിന്‍റെ കരുത്ത് ഉപയോഗിച്ചാണ്. തോമസ് ശ്ലീഹാ കേരളത്തില്‍ വന്നോ ഇല്ലയോ എന്ന പാരമ്പര്യത്തിനു ശാസ്ത്രീയ തെളിവുകളും ചരിത്രരേഖകളും തേടി അലയേണ്ട കാര്യമില്ല. ശാസ്ത്രബോധവും ചരിത്രവിവരണമെഴുത്തും സാധാരണമല്ലാതിരുന്ന ഒരു കാലത്തു ക്രിസ്തു സാന്നിദ്ധ്യത്തെ വര്‍ത്തമാനകാലത്തിലേക്കു ചാലിക്കുന്നതിലാണ് ആദിമ ക്രിസ്തുവിശ്വാസികള്‍ ശ്രദ്ധ വച്ചത്.

ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസത്തിന്‍റെ മൂര്‍ത്ത ഭാവങ്ങളായിട്ടാണ് ആതുരശുശ്രൂഷയെയും സാമൂഹ്യസേവനത്തെയും സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തെയും സഭ ലോകത്തിനു നല്കിയത്. വിശ്വാസത്തെ ചരിത്രത്താളുകളില്‍ തളച്ചിടാതെ തങ്ങളുടെ വര്‍ത്തമാനകാലത്തില്‍ ജീവിക്കാന്‍ സഭ ശ്രമിച്ചതിന്‍റെ അടയാളങ്ങളായിരുന്നു അവയൊക്കെ.

നമ്മുടെ ശുശ്രൂഷകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മൂല്യശോഷണം സംഭവിക്കുന്നുണ്ടെങ്കില്‍ അതു നമ്മിലെ വിശ്വാസം ക്ഷയിക്കുന്നതിന്‍റെ ലക്ഷണമാണ്. നമ്മുടെ സ്കൂളുകളും ആശുപത്രികളും ആവശ്യത്തില്‍ കൂടുതല്‍ ‘സെക്കുലര്‍’ ആകുന്നെങ്കില്‍ അതും നമ്മിലെ വിശ്വാസജീവിതത്തിന്‍റെ ശോഷണത്തെയാണു സൂചിപ്പിക്കുന്നത്. നമ്മുടെ സ്ഥാപനങ്ങളെ ക്രിസ്തു തന്ന സമ്മാനങ്ങളും സമൂഹം തന്ന അംഗീകാരങ്ങളുമായി കരുതാനുള്ള പ്രവണത നമ്മില്‍ വളരുമ്പോള്‍ ഓര്‍ക്കുക, ക്രിസ്തുവിശ്വാസിയില്‍ നിന്നു ക്രിസ്തു പടിയിറങ്ങുകയാണ്.

അത്ഭുതങ്ങളും സൗഖ്യങ്ങളും സൗജന്യമായും സമ്മാനമായും ജനത്തിനു നല്കിയപ്പോഴൊക്കെ യേശു അവിടെ നിന്നു പിന്‍വാങ്ങിയിട്ടുണ്ട്. അപ്പം വര്‍ദ്ധിപ്പിച്ചപ്പോഴും രോഗിയെ സുഖപ്പെടുത്തിയപ്പോഴും അതുണ്ടാക്കിയ ആരവങ്ങളില്‍ നിന്ന് അപ്രത്യക്ഷനാവുകയാണു ചെയ്തത്. പരിധികളില്ലാതെ സമ്മാനങ്ങളും സൗഖ്യങ്ങളും അത്ഭുതങ്ങളും കൈപ്പറ്റുമ്പോള്‍ നാം ഓര്‍ക്കുക, നാം യേശുവിന്‍റെ കൂടെയില്ല; അവന്‍ നമ്മെ വിട്ടുപോയിരിക്കുന്നു. ‘കുരിശിന്‍റെ വഴി’യിലെ ആബേലച്ചന്‍റെ പ്രാര്‍ത്ഥന അര്‍ത്ഥവത്താണ്. “അവിടുത്തെ അത്ഭുതപ്രവൃത്തികള്‍ കണ്ടവരും അവയുടെ ഫലമനുഭവിച്ചവരും ഇപ്പോള്‍ എവിടെ?” സമ്മാനങ്ങള്‍ കയ്യില്‍ പിടിച്ചവരല്ല, വിശ്വാസം നെഞ്ചിലേറ്റിയവനാണു രക്ഷകന്‍റെ കുരിശിനടുത്തുണ്ടാവുക.

സൂഫിഗുരു ജലാലുദ്ദീന്‍ റൂമി യേശുവിന്‍റെ ജീവിതത്തെക്കുറിച്ചെഴുതിയ മനോഹരമായൊരു നിര്‍വചനമുണ്ട്: “അവന്‍ പറഞ്ഞതായിരുന്നില്ല, അവന്‍ ചെയ്തതുമായിരുന്നില്ല. മറിച്ച്, അവന്‍ തന്നെയായിരുന്നു അത്ഭുതം.” ‘എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ’ എന്നു പ്രഘോഷിച്ചു കര്‍ത്താവിനെ തിരിച്ചറിഞ്ഞ തോമാശ്ലീഹായെപ്പോലെ യേശുവിന്‍റെ ജീവിതത്തെ അതിന്‍റെ സകല സൗകുമാര്യത്തോടുംകൂടി മനസ്സിലാക്കിയ ഒരാളായിരുന്നു റൂമി.

തോമാശ്ലീഹാ സ്ഥാപിച്ച കോക്കമംഗലം പള്ളി നവീകരിച്ചത് അടുത്തിടെയാണ്. മറ്റു പള്ളികളില്‍ നിന്നും വ്യത്യസ്തമായി നാലു ദിക്കിലേക്കും പ്രധാന കവാടങ്ങള്‍ ഈ ദേവാലയത്തിനുണ്ട്; നാലു ദിക്കുകളിലേക്കും ആനവാതിലുകള്‍. ഒരു ക്രിസ്ത്യാനിക്കുണ്ടായിരിക്കേണ്ട തുറവിയെയും ഒപ്പം പ്രഘോഷണ ദൗത്യത്തെയും ഓര്‍മ്മപ്പെടുത്തുന്ന ആനവാതിലുകള്‍. സ്വദേശത്തേക്കും, സമുദായങ്ങളിലേക്കും ഒതുങ്ങിപ്പോകുന്ന നമ്മുടെ വിശ്വാസപ്രഘോഷണജീവിതത്തിനൊരു ബദല്‍ ശൈലി ആവശ്യമാണെന്ന് ഈ വാതിലുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

എല്ലാവരിലേക്കും തുറക്കുന്ന, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ക്രിസ്തുസമൂഹമാകാന്‍ യേശുവിനുണ്ടായ തിരുമുറിവുകള്‍ നമുക്കും ഉണ്ടായേ തീരൂ. വി. ആന്‍റണിയുടെ മുന്നില്‍ യേശുവിന്‍റെ കപടവേഷത്തില്‍ പ്രത്യക്ഷപ്പെട്ട പിശാചിനെ വിശുദ്ധന്‍ തിരിച്ചറിഞ്ഞതും ഈ മുറിവുകള്‍ ഇല്ലാത്തതിന്‍റെ പേരിലാണ്. വിശ്വാസം നല്കുന്ന തിരുമുറിവുകളാണ് ഒരുവനെ ക്രിസ്ത്യാനിയാക്കുന്നത്; സഭയെ തിരുസഭയാക്കുന്നത്.

Leave a Comment

*
*