നീതിയുടെ കസ്റ്റഡിമരണം

നീതിയുടെ കസ്റ്റഡിമരണം

ഇടുക്കി, നെടുങ്കണ്ടത്ത് റിമാന്‍ഡ് പ്രതി രാജ്കുമാര്‍ കസ്റ്റഡി മര്‍ദ്ദനമേറ്റ് മരിച്ച കേസ് പുതിയ വഴിത്തിരിവില്‍. 'ഹരിത ഫിനാന്‍സി'ന്‍റെ പ്രധാന നടത്തിപ്പുകാരനായ രാജ്കുമാറിനെ നിക്ഷേപകര്‍ പിടികൂടി പൊലീസിലേല്പിക്കുന്നതു മുതല്‍, മരണവിവരം ബന്ധുക്കളില്‍ നിന്നു മറച്ചുവച്ചതുള്‍പ്പെടെ വിവാദങ്ങളുടെ വേലിയേറ്റത്തില്‍, മുഖം നഷ്ടപ്പെട്ടാണിപ്പോഴും ആഭ്യന്തരവകുപ്പ്.

ഹരിത ഫിനാന്‍സ് അവസാനത്തേതല്ല. പക്ഷേ, കസ്റ്റഡിമരണം…? മലയാളിയുടെ പണത്തോടുള്ള ആര്‍ത്തിക്ക് അവസാനം എളുപ്പമല്ലാത്തതിനാല്‍, നിക്ഷേപതട്ടിപ്പുകളുടെ തുടര്‍പരമ്പരകള്‍ ഇനിയുമുണ്ടാകും. കസ്റ്റഡി മരണവും കേരളത്തിനു പുതിയ അനുഭവമല്ല. യുഡിഎഫിന്‍റെ കാലത്ത് എട്ടെണ്ണമായിരുന്നു, ഔദ്യോഗിക ലിസ്റ്റില്‍. മൂന്നു വര്‍ഷംകൊണ്ട് ഏഴെണ്ണം തികച്ച് ഇപ്പോള്‍ത്തന്നെ വന്‍മുന്നേറ്റം നടത്തിയിരിക്കുകയാണ്, എല്‍ഡിഎഫ്. നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങളുടെ ക്രൂരതകളരങ്ങേറിയ അടിയന്തിരാവസ്ഥയുടെ പരിഹാസ്യമായ ഓര്‍മ പുതുക്കലിന്‍റെ ദിവസം തന്നെ, കേരളം കണ്ട ഏറ്റവും പ്രാകൃതവും ക്രൂരവുമായ ഒരു കസ്റ്റഡിമരണത്തെക്കുറിച്ചു നിയമസഭയില്‍ മറുപടി പറയേണ്ടി വന്നതില്‍, മുമ്പു പൊലീസ് കസ്റ്റഡിയില്‍ കൊടിയ മര്‍ദ്ദനമേറ്റ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ തന്‍റെ ജാള്യത മറച്ചുവച്ചില്ല.

നിക്ഷേപകരുടെ കൂട്ടത്തില്‍ സ്ഥലത്തെ ചില പൊലീസുകാരുടെയും പാര്‍ട്ടിക്കാരുടെയും പണം ഉണ്ടായിരുന്നതിനാല്‍, തെരയാനും തിരിച്ചെടുക്കാനുമുള്ള ആവേശം അതിരുവിട്ടപ്പോള്‍ വൈദ്യപരിശോധന നടത്തി മാത്രം കസ്റ്റഡിയിലെടുക്കുക എന്ന നിയമം അവഗണിച്ചുവെന്നു മാത്രമല്ല, മജിസ്ട്രേറ്റിനെ അറിയിക്കാതെ പതിവു സമയം കഴിഞ്ഞും കസ്റ്റഡിയില്‍ സൂക്ഷിക്കാനും സാഹചര്യമൊരുങ്ങി. തീര്‍ത്തും അവശനായി ജയിലിലെത്തിയ പ്രതി, അവിടെയും നേരിട്ടത് അതിക്രൂരമായ മര്‍ദ്ദനമുറകളായിരുന്നത്രേ! പോസ്റ്റ്മോര്‍ട്ടത്തിലെ ജാഗ്രതക്കുറവും ദുരൂഹതയുണര്‍ത്തുന്നു. പരുക്കുകളുടെ പഴക്കം നിര്‍ണയിക്കാഞ്ഞതും, ആന്തരികാവയവങ്ങള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് അയയ്ക്കാഞ്ഞതും പൊലീസിലെ ക്രിമിനല്‍വത്കരണത്തിന്‍റെ ആഴത്തെ മാത്രമല്ല, നിയമവാഴ്ചയുടെ നിരുത്തരവാദിത്വത്തെയും നന്നായി അവതരിപ്പിക്കുന്നുണ്ട്.

പ്രുബദ്ധ കേരളത്തിനു നാണക്കേടുണ്ടാക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്തുകൊണ്ടാണ്? പൊലീസില്‍ നല്ലൊരു ശതമാനവും അഭ്യസ്തവിദ്യരാണെന്നിരിക്കെ, പ്രശ്നം പരിശീലനത്തിന്‍റേതാകാമെന്ന നിരീക്ഷണം ഗൗരവമുള്ളതാണ്. കേസ് തെളിയിക്കാനും കുറ്റം സമ്മതിപ്പിക്കാനും ഫോറന്‍സിക് സൈക്കോളജിപോലുള്ള ആധുനിക മനോവിശകലന സങ്കേതങ്ങളുടെ ശാസ്ത്രീയതയെ പ്രയോജനപ്പെടുത്താതെ തികച്ചും പ്രാകൃതമായ മര്‍ദ്ദനമുറകളെ ഇപ്പോഴും ആശ്രയിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ ചിന്തിക്കണം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരോ ക്രിമിനല്‍ സ്വഭാവമുള്ളവരോ പൊലീസിലെത്തുന്നില്ലെന്ന് ഉറപ്പാക്കണം. ജോലി സമ്മര്‍ദ്ദവും മേലുദ്യോഗസ്ഥരുടെ മാനസികപീഡനവും മൂലം ആത്മഹത്യ ചെയ്യുന്ന പൊലീസുകാര്‍ കേരളത്തിനു പുതിയ അനുഭവമാണ്.

പ്രതിയെ ആദ്യമായി കൈകാര്യം ചെയ്യേണ്ട ലോക്കല്‍ പൊലീസിന്‍റെ മാനസികാരോഗ്യവും ജോലി അന്തരീക്ഷവും കുറ്റാന്വേഷണ മികവും ഉറപ്പുവരുത്തേണ്ടതും മെച്ചപ്പെടുത്തേണ്ടതും ഇത്തരം ദാരുണസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കും. ഒപ്പം കുറ്റക്കാര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും വേണം. ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പിന്‍റെ നിലപാടുകള്‍ നിര്‍ണായകമാണ്. 'ജനമൈത്രി'യും 'കുട്ടിപൊലീസും' പോലുള്ള ജനസൗഹൃദസംവിധാനങ്ങളോടെ പൊലീസിനെ ജനകീയമാക്കാനുള്ള ശ്രമങ്ങള്‍ ഒരു ഭാഗത്തു പുരോഗമിക്കുമ്പോഴും പൊലീസും പൊലീസ് സ്റ്റേഷനും ഇന്നും സാധാരണക്കാര്‍ക്ക് അപ്രാപ്യവും അപരിചിതവുമായി തുടരുന്നതെന്തുകൊണ്ടാണെന്നു പരിശോധിക്കണം. നിഷ്പക്ഷതയും നീതിബോധവും നിര്‍ണായകമാകേണ്ട പൊലീസ് സേനയെ സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയവത്കരിച്ചതില്‍ ഇടതിനും വലതിനും ഒരുപോലെ പങ്കുണ്ട്. ഈ രാഷ്ട്രീയവത്കരണം തന്നെയാണ് ഒരു പരിധിവരെ പൊലീസിനെ ക്രിമിനല്‍വത്കരിച്ചതും ചിലപ്പോഴെല്ലാം നിര്‍വീര്യമാക്കുന്നതും.

ഭരിക്കുന്ന പാര്‍ട്ടിയുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച്, ഇഷ്ടക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വെറുമൊരു ഗുണ്ടാപ്പടയാകരുത് കേരള പൊലീസ്. ഈ അടുത്തകാലത്തു ചില കേസുക ളില്‍ കാണിക്കുന്ന അമിതാവേശവും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ചുള്ള അന്വേഷണപ്രഹസനങ്ങളും ജനം കാണുന്നുണ്ട്; അതിലെ താത്പര്യം തിരിച്ചറിയുന്നുമുണ്ട്. ബലവാന്‍റെ തോളില്‍ കയ്യിട്ടല്ല, ബലമില്ലാത്തവന്‍റെ ഹൃദയത്തില്‍ തൊട്ടാവണം പൊലീസ്.

നിയമപാലകനില്‍ നിന്നും നീതിപാലകനിലേക്കു ജനമൈത്രിയുടെ ജനകീയ പൊലീസുയരുമ്പോള്‍, ലാത്തിയുടെ ബലമില്ലാതെയും നിയമവാഴ്ചയുണ്ടാകും. ഭയം പൊലീസിനെയല്ലാതെ, നിയമത്തോടാകും. ഓര്‍മപ്പെടുത്താതെ പോലും ഉത്തരവാദിത്വമുണ്ടാകും. ഓര്‍ക്കുക, 'പേരുമാറ്റമല്ല', 'പെരുമാറ്റ'മാണു മാറേണ്ടതും മാറ്റമുണ്ടാക്കേണ്ടതും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org