Latest News
|^| Home -> Editorial -> ഒളിപ്പിക്കാനാവാത്ത സമര’മുഖ’ങ്ങള്‍

ഒളിപ്പിക്കാനാവാത്ത സമര’മുഖ’ങ്ങള്‍

Sathyadeepam

‘സഖാവേ, നീ പൂക്കുന്നതാണു വസന്തം’ – തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐ കെട്ടിയുയര്‍ത്തിയ ഈ ബാനറിനു കീഴെയാണു ജൂലൈ 12-ന് അഖില്‍ എന്ന യുവാവ് തന്‍റെ സഹസഖാക്കളുടെ കത്തിമുനയില്‍ പിടഞ്ഞതും നെഞ്ചിലെ ചോരചുവപ്പില്‍ ‘പൂത്തുലഞ്ഞു’കിടന്നതും.

രണ്ടര നൂറ്റാണ്ടിലധികം അദ്ധ്യയന പാരമ്പര്യം അവകാശപ്പെടുന്ന, ജി ഗുപ്തന്‍നായര്‍, ഒ.എന്‍.വി. തുടങ്ങിയ സര്‍ഗപ്രതിഭകളുടെ ശിക്ഷണത്തില്‍ സംസ്കരിക്കപ്പെട്ട ഒരു കലാലയം, അന്ധവും അപരിഷ്കൃതവുമായ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിന്‍റെ അറപ്പുളവാക്കുന്ന ആക്രോശങ്ങളില്‍ ഒരിക്കല്‍കൂടി അലറിമറിഞ്ഞപ്പോള്‍, ചിതറിത്തെറിച്ച ചോരയിപ്പോള്‍ സാംസ്കാരിക കേരളത്തിന്‍റെ മിടിപ്പു നിന്ന നെഞ്ചത്താണ്. അതുകൊണ്ടാണു പാര്‍ട്ടിനേതാക്കള്‍പോലും ആ കൊലവിളിയെ തള്ളിപ്പറഞ്ഞത്.

സത്യത്തില്‍ അതു തല്ലിപ്പറയിപ്പിച്ചതാണ്. നൂറുകണക്കിനു കുട്ടിസഖാക്കള്‍, തങ്ങളുടെ നേതൃത്വത്തെ തള്ളിപ്പറഞ്ഞും തലതല്ലിക്കരഞ്ഞും പ്രതിഷേധമുയര്‍ത്തി റോഡില്‍ കുത്തിയിരുന്നപ്പോള്‍ ഉപരോധിക്കപ്പെട്ടത്, എസ്എഫ്ഐ നേതൃത്വത്തിന്‍റെ ധാര്‍ഷ്ട്യവും അനിഷേധ്യമായ അഹങ്കാരവും.

ദൃശ്യമാധ്യമങ്ങള്‍ക്കു മുമ്പില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കുട്ടികള്‍ പരാതികളുടെയും പരിദേവനങ്ങളുടെയും കെട്ടഴിച്ചു. ‘പഠിക്കാനും പാടാനും മാത്രമല്ല, വെറുതെയിറങ്ങി നടക്കാന്‍പോലും, കോളജിലെ എസ്എഫ്ഐ നേതൃത്വത്തിന്‍റെ അറിവും അനുവാദവും വേണമെന്ന വെളിപ്പെടുത്തലുകള്‍, രാഷ്ട്രീയ ഫാസിസത്തിന്‍റെ ഇരുണ്ട കാലങ്ങളെ ഓര്‍മപ്പെടുത്തി. അതിശയിപ്പിച്ചത്, പ്രതിഷേധ കൊടുങ്കാറ്റുയര്‍ത്തിയ ആ’മുഖ’ങ്ങള്‍ തന്നെയായിരുന്നു. അടക്കം പറയുകയായിരുന്നില്ല; അന്നുവരെയും അടക്കിവച്ചതൊക്കെയും, മുഖമുയര്‍ത്തിയും മുഖത്തു നോക്കിയും വിളിച്ചുപറയുകയായിരുന്നു. ‘മുഖം’ ഒരു സമരായുധമെന്ന് ഓര്‍മിപ്പിക്കുകയായിരുന്നു. നാളെ തങ്ങള്‍ക്കു സംഭവിക്കാന്‍ പോകുന്നതിനെ ഭയക്കാതെ, മുഖമൊളിപ്പിക്കാതെ, ഉറക്കെപ്പറയുകയായിരുന്നു.

ഇതുവരെയും യൂണിവേഴ്സിറ്റി കോളജില്‍ നിന്നും ജാഥകള്‍ ‘പുറത്തേ’യ്ക്കായിരുന്നു. ‘പുറം’ വെടിപ്പാക്കാനുള്ള വെപ്രാളമായിരുന്നു, അതെല്ലാം. ഇപ്പോള്‍ ജാഥ ‘അകത്തേയ്ക്ക്’ കയറുകയാണ്. വിദ്യാര്‍ത്ഥികളുടെ പഠിക്കാനുള്ള അവകാശത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ആ പ്രതിഷേധം വ്യത്യസ്തമായതെങ്ങനെയാണ്? സഹിഷ്ണുതയും സഹവര്‍ത്തിത്വവും പ്രധാന രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണെന്നു സ്വയം ഓര്‍മിക്കുകയും ഓര്‍മപ്പെടുത്തുകയും ചെയ്തു, ആ കുട്ടികള്‍.

അപരന്‍റെ മുഖം ഒരു ക്ഷണവും വെല്ലുവിളിയുമാണെന്ന്, താത്ത്വികമായി പറഞ്ഞത് ഇമ്മാനുവേല്‍ ലെവീനാസാണ്. അതൊരു നിലവിളിയാകാമെന്നതിനാല്‍ നിലപാടു വേണമെന്നു നിരന്തരമോര്‍മ്മിപ്പിക്കുന്നുണ്ട്, പുതിയ കാലത്ത്, ഫ്രാന്‍സിസ് പാപ്പ.

സമരങ്ങള്‍ വഴിയില്‍നിന്നു വീട്ടിലായിട്ടു നാളുകളേറെയായി. സോഷ്യല്‍ മീഡിയായുടെ ഒതുക്കമുള്ള ഉമ്മറത്തിരുന്നാണിപ്പോള്‍ പോരാട്ടം. അതാണെളുപ്പവും. ചിലപ്പോള്‍ ചില കമന്‍റുകള്‍, ‘ട്രോളുകളു’ടെ ഫോര്‍വേര്‍ഡുകള്‍, ‘ഇമേജു’കളുടെ കലപിലകള്‍. പുതിയ കാലത്തെ സമരരീതിയാണിത്. സോഷ്യല്‍ മീഡിയ ഒരു നല്ല സമരപന്തലായി തോന്നുമെങ്കിലും, ‘മുഖപുസ്തകം’ മുഖം മറയ്ക്കാനുള്ളതാണെന്നതാണു വാസ്തവം. മറയ്ക്കാനും, മറഞ്ഞിരിക്കാനും ഒരുപാടു സാദ്ധ്യതകളുള്ള ഒന്നാന്തരം ഒളിവിടമാണത്. പുറത്തേക്കിറങ്ങുന്നതും, പുറത്തറിയുന്നതും ചിലപ്പോഴെങ്കിലും അപകടമാകയാല്‍ സമരവേദികളുടെ ഈ സ്ഥലംമാറ്റം സത്യാനന്തരകാലത്തെ പ്രധാന പ്രലോഭനമാണ്.

‘കായേന്‍ നീ എവിടെ’ എന്ന ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള ചോദ്യത്തെ സ്വയം മറച്ചയാള്‍ നേരിട്ടപ്പോള്‍, ഒളിപ്പിച്ചതു മുഖം മാത്രമല്ല, ജീവിതം കൂടിയായിരുന്നു. ‘മഖ്ന’ മറയ്ക്കുന്നത് ഒരു മുഖത്തെ മാത്രമല്ലെന്ന അവബോധം അതിലെ പ്രതിഷേധക്കാര്‍ക്കെങ്കിലുമുണ്ട്. ‘ഛായ’യില്‍ സൃഷ്ടിക്കപ്പെട്ടുവെന്നതിനര്‍ത്ഥം, ദൈവത്തിന്‍റെ മുഖഛായയില്‍ എന്നു തന്നെയെന്നതിനാല്‍ മറമാറ്റിയ മുഖം സ്വാതന്ത്ര്യപ്രഖ്യാപനം തന്നെയാണ്.

സഭയുടെ മുഖം സത്യത്തിന്‍റെ മുഖമാണ്. സത്യത്താല്‍ സ്വതന്ത്രരാക്കപ്പെട്ടവരുടെ സമൂഹമാകയാല്‍ ക്രിസ്തുമുഖത്തെയതു നിരന്തരം വെളിപ്പെടുത്തേണ്ടതുണ്ട്. സുരക്ഷിതത്വത്തിന്‍റെ ചില ഒളിവിടങ്ങളില്‍ നിന്നും, വിചാരണമുറിയില്‍ ഒറ്റയ്ക്കു മുഖമുയര്‍ത്തി നിന്ന ക്രിസ്തുവെട്ടത്തിലേക്കിറങ്ങി പ്രകാശിതരാകാന്‍, ഈ പുതിയ സമരകാലങ്ങളില്‍ സഭയ്ക്കും കഴിയട്ടെ.

Leave a Comment

*
*