Latest News
|^| Home -> Editorial -> പൊതുഭവനത്തെ കരുതുക

പൊതുഭവനത്തെ കരുതുക

Sathyadeepam

കാലവര്‍ഷക്കെടുതികളിലൂടെ കടന്നു പോകുകയാണു കേരളം. 99 ലെ വെള്ളപ്പൊക്കത്തിന്‍റെ ഓര്‍മ്മകള്‍ ഓടി നടക്കുന്നു. കേരളചരിത്രത്തിലെ ഭീതിദമായ ആ അദ്ധ്യായത്തെ അനുസ്മരിക്കുവാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പേമാരിയും അനുബന്ധ ദുരന്തങ്ങളും കേരളത്തിലുണ്ടായി എന്നാണ് അതിനര്‍ത്ഥം.

99 ലെ വെള്ളപ്പൊക്കമെന്നത് ക്രിസ്തുവര്‍ഷം 1924 ല്‍ ഉണ്ടായതാണ്. ഇപ്പോള്‍ 94 വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. നൂറോളം വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ദീര്‍ഘമഴകളും പ്രളയവും ഉണ്ടാകുക പ്രകൃതിയുടെ സ്വാഭാവികമായ ഒരു പ്രതിഭാസമാണെന്നു നിരീക്ഷണമുണ്ട്. പ്രകൃതി പതിവില്ലാതെയുണ്ടാക്കുന്ന ഇത്തരം പ്രതിബന്ധങ്ങളെ മറികടന്നു പോകാനും സാധാരണ ജീവിതം നിലനിറുത്താനും എത്രത്തോളം സജ്ജരാണു നാം?

2015 ല്‍ ചെന്നൈയിലുണ്ടായ പ്രളയം നല്‍കിയ പാഠങ്ങളില്‍ നിന്ന് നാം എന്തെല്ലാം പഠിച്ചു, പ്രയോഗിച്ചു എന്നു പരിശോധിക്കാനുള്ള ഒരവസരമാണ് ഈ പെരുമഴക്കാലം നമുക്കു സമ്മാനിച്ചിരിക്കുന്നത്. ഈ പരിശോധനകള്‍ നടത്തുകയും അതിന്‍റെ വെളിച്ചത്തിലുള്ള പ്രായോഗിക നടപടികള്‍ സ്വീകരിക്കുകയും ആവശ്യമാണ്. അല്ലാത്തപക്ഷം ദുരന്തങ്ങള്‍ ആവര്‍ത്തിക്കും. അഞ്ഞൂറോളം മനുഷ്യരുടെ ജീവനെടുത്ത ചെന്നൈയിലെ പ്രളയം അപരിഹാര്യങ്ങളായ അനേകനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടാണ് പടിയിറങ്ങിയത്. കേരളം തമിഴ്നാടില്‍നിന്നു ഭിന്നമായി ഒരു വലിയ പട്ടണമായി തന്നെ നിലനില്‍ക്കുന്നതിനാല്‍ സമാനമായൊരു പേമാരിപ്പരമ്പര ഇവിടെ സൃഷ്ടിച്ചേക്കാവുന്ന ആഘാതം ചെന്നൈയിലെ പ്രളയത്തേക്കാള്‍ വലുതായിരുക്കുമെന്നു നാം സങ്കല്‍പിക്കേണ്ടതുണ്ട്.

ചെന്നൈയിലെ പ്രളയദുരന്തം തീവ്രമാക്കിയത് മഴയുടെ തീവ്രതയേക്കാള്‍ വികസനത്തിലെ അശാസ്ത്രീയതയായിരുന്നു. മഴ പെയ്യുമെന്നും വെള്ളം ഒഴുകിപ്പോകേണ്ടി വരുമെന്നും കണക്കാക്കാതെ ഓടകളും തോടുകളും തടഞ്ഞും നികത്തിയും പണിതു കൂട്ടിയ വന്‍ കെട്ടിടങ്ങള്‍ വലിയ വെള്ളക്കെട്ടുകള്‍ ക്കും പ്രളയദുരന്തത്തിനും യഥാര്‍ത്ഥ കാരണമായി മാറി. ഗ്രാമനഗരഭേദമില്ലാതെ കേരളത്തിലും വികസനം വളര്‍ന്നു പോയ വഴികള്‍ സമാനമാണ്. വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തപ്പെട്ടു, കാടുകള്‍ ദരിദ്രമായി, പുഴകള്‍ മെലിഞ്ഞു. ഇതെല്ലാം മലകളില്‍ പെയ്യുന്ന മഴവെള്ളത്തെയടക്കം അതിവേഗം ജനവാസകേന്ദ്രങ്ങളിലെത്തിക്കുകയും ജനജീവിതം ദുരിതപൂര്‍ണമാക്കുകയും ചെയ്യുന്നു. ഒരു പ്രളയത്തെ നേരിടാന്‍ എന്തൊക്കെ മുന്‍കരുതലുകളെടുക്കണമെന്നു വിലയിരുത്താനും നടപടികള്‍ സ്വീകരിക്കാനും കേരളം ഇനിയും വൈകിക്കൂടാ.

പരിസ്ഥിതിക്കിണങ്ങുന്ന ജീവിതശൈലികളും വികസനപദ്ധതികളും നാം സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകതയിലേ യ്ക്കാണ്, ദുരന്തനിവാരണനടപടികളുടെ ആസൂത്രണത്തേക്കാള്‍ ഈ മഴക്കാലം വിരല്‍ചൂണ്ടുന്നത്. കാടുകള്‍ തെളിച്ചതും മലകള്‍ ഇടിച്ചതും വയലുകള്‍ നികത്തിയതും ചതുപ്പുകളില്‍ വമ്പന്‍ കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തിയതും ആത്മഹത്യാപരമായിരുന്നു എന്ന തിരിച്ചറിവിലേയ്ക്കു നാം ഉണരേണ്ടതുണ്ട്. ഭൂതകാലത്തിലേയ്ക്കു തിരികെ പോയി തിരുത്തുക സാദ്ധ്യമല്ലാത്ത അനേകം കാര്യങ്ങളുണ്ട്. അവയെ യാഥാര്‍ത്ഥ്യബോധത്തോടെ ഉള്‍ക്കൊണ്ടുകൊണ്ട്, സാദ്ധ്യമായ പരിവര്‍ത്തനങ്ങള്‍ തുടര്‍ന്നുള്ള നടപടികളില്‍ സ്വീകരിക്കുവാന്‍ നാം തയ്യാറാകണം.

പരിസ്ഥിതി സംരക്ഷണത്തില്‍ വഹിക്കേണ്ട പങ്കിനെ കുറിച്ചുള്ള ആത്മവിചിന്തനത്തിനു കേരള ക്രൈസ്തവസമൂഹവും തയ്യാറാകേണ്ട ഒരു സമയമാണിത്. ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ച ‘ലൗദാത്തോ സി’ എന്ന ചാക്രികലേഖനം ഇക്കാര്യത്തില്‍ നമുക്കു വ്യക്തമായ ദിശാബോധം പകരുന്നുണ്ട്. കാലഘട്ടത്തിന്‍റെ ആവശ്യങ്ങളോടുള്ള ഉത്തരവാദിത്വപൂര്‍ണമായ പ്രതികരണമായിരുന്നു അത്. ഭൂമിയെന്ന പൊതുഭവനത്തെ കരുതുകയും സംരക്ഷിക്കുകയും ഭാവിതലമുറയ്ക്കു കൈമാറുകയും ചെയ്യുക എന്നത് മനുഷ്യവംശത്തിന്‍റെയാകെയും സവിശേഷമായി സഭയുടെയും ധാര്‍മ്മിക ബാദ്ധ്യതയാണ്.

പരിസ്ഥിതി സംരക്ഷണം വിശ്വാസികളുടെ നിര്‍ബന്ധിത കടമയായി കാനോന്‍ നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സഭയുടെ നിയമപാഠ കാര്യാലയത്തിന്‍റെ മുന്‍ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ഫ്രാന്‍സെസ്കോ കോക്കോപാല്‍മിറോ കഴിഞ്ഞയാഴ്ച ആവശ്യപ്പെടുകയുണ്ടായി. “കാനോന്‍ നിയമ സംഹിതയിലെ 208 മുതല്‍ 221 വരെയുള്ള കാനോനകള്‍ സകല വിശ്വാസികളുടേയും കടമകളേയും അവകാശങ്ങളേയും കുറിച്ചാണു പ്രതിപാദിക്കുന്നത്. ഏറ്റവും പ്രധാനമായ പരിസ്ഥിതിസംരക്ഷണം ഇതില്‍ പരാമര്‍ശിക്കപ്പെടുന്നില്ല. വിശ്വാസികള്‍ ജീവിക്കുന്ന സ്വാഭാവിക പരിസ്ഥിതിയെ സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യുക വിശ്വാസികളുടെ കടമയായി വ്യവസ്ഥ ചെയ്യുന്ന ഒരു കാനോന്‍ കൂടി ഇവിടെ ഉള്‍പ്പെടുത്തണം.” ഇതാണു കാര്‍ഡിനല്‍ പറഞ്ഞത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാലത്ത് ഇങ്ങനെയൊരു പുതിയ കാനോന്‍ കൂടി സഭയുടെ കാനോന്‍ നിയമസംഹിതയിലേയ്ക്കു ചേര്‍ക്കപ്പെട്ടാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. പരിസ്ഥിതി സംരക്ഷണത്തിന്‍റെ ആവശ്യകതയെ കുറിച്ചുള്ള അവബോധം സമകാലികലോകത്തില്‍ അത്രമാത്രം ശക്തമായിരിക്കുന്നു.

കാനോന്‍ നിയമസംഹിതയില്‍ ഉള്‍പ്പെടുത്തുക എന്നത് ഔപചാരികത മാത്രമാണ്. പരിസ്ഥിതിയെ സംരക്ഷിക്കുക, പ്രകൃതിദുരന്തങ്ങള്‍ക്കു കാരണമാകാതിരിക്കുക എന്നത് ഏറ്റവും ക്രിസ്തീയമായ ഒരു കടമയാണെന്നു കാണാന്‍ ലിഖിതനിയമങ്ങളുടെ ആവശ്യമില്ല. പ്രളയങ്ങള്‍ക്കും വരള്‍ച്ചകള്‍ക്കും ഇടയുണ്ടാകാത്ത തരത്തില്‍ ഭൂമിയെന്ന നമ്മുടെ ഈ പൊതുഭവനത്തെ കാത്തു സംരക്ഷിക്കുന്ന ശൈലികള്‍ സ്വീകരിക്കാനും പ്രചരിപ്പിക്കാനും സഭ മുന്നിട്ടിറങ്ങണം. ഈ മഴക്കെടുതികള്‍ക്ക് ഇരകളായവര്‍ക്ക് ആശ്വാസമെത്തിക്കുന്നതിനായി മുന്നണിയില്‍ നിന്നു പ്രവര്‍ത്തിക്കാനും സഭയ്ക്കു സാധിക്കട്ടെ.

Leave a Comment

*
*