തോമാശ്ലീഹായോ യേശുക്രിസ്തുവോ?

തോമാശ്ലീഹായോ യേശുക്രിസ്തുവോ?

തോമാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തിന്‍റെ ചരിത്രപരത വിശകലനം ചെയ്യുന്ന ഒരു ദീര്‍ഘ പ്രബന്ധം സത്യദീപത്തിന്‍റെ ദുക്റാനനാളിലിറങ്ങുന്ന ഈ പതിപ്പില്‍ പ്രസിദ്ധീകരിക്കുകയാണ്. അടുത്ത കാലത്ത് എറണാകുളം ജില്ലയിലെ പറവൂരിനടുത്തു പട്ടണത്തു നടത്തിയ പുരാവസ്തു ഉത്ഖനനത്തില്‍ നിന്നു കണ്ടെടുത്ത തെളിവുകളടക്കം നിരത്തി വച്ചുകൊണ്ട്, ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയിലെ ചരിത്രവിഭാഗം പ്രൊഫസറും കോതമംഗലം രൂപതാവൈദികനുമായ ചരിത്രപണ്ഡിതന്‍ ഫാ. ഡോ. പയസ് മലേക്കണ്ടത്തില്‍ തികഞ്ഞ അക്കാദമിക വീക്ഷണകോണില്‍ ഈ വിഷയത്തെ സമീപിക്കുകയാണ്. ദൈവപുത്രന്‍റെ അപ്പസ്തോലനായ തോമാശ്ലീഹായുടെ ഒന്നാം നൂറ്റാണ്ടിലെ സുവിശേഷപ്രഘോഷണമാണ് ഭാരതത്തില്‍ ക്രൈസ്തവസമൂഹത്തിനു ബീജാവാപം ചെയ്തതെന്ന ഭാരതക്രൈസ്തവസമൂഹത്തിന്‍റെ വിശ്വാസത്തിനു കൂടുതല്‍ ബലമേകുന്നവയാണ് ഇപ്പോള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പുറത്തു വന്നിരിക്കുന്ന അനിഷേധ്യമായ ചരിത്രവസ്തുതകള്‍.

ക്രിസ്തുവിന്‍റെ മനുഷ്യാവതാരം നിറവേറി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, ക്രിസ്തുവിന്‍റെ പന്ത്രണ്ട് അപ്പസ്തോലന്മാരില്‍ ഒരാളില്‍ നിന്നു തന്നെ ക്രിസ്തുവിനെ കുറിച്ചു കേള്‍ക്കുവാനും ക്രിസ്തീയതയെ ആശ്ലേഷിക്കുവാനും ഭാഗ്യം ലഭിച്ച നാടാണു കേരളമെന്ന വിശ്വാസം, ദൈവത്തിന്‍റെ സവിശേഷമായ തിരഞ്ഞെടുപ്പിനു പാത്രമായവരെന്ന അഭിമാനം കേരള ക്രൈസ്തവസമൂഹത്തിനു പകരുന്നു. കേവലമായ അഭിമാനത്തിലൊതുങ്ങാതെ ഈ വിശ്വാസത്തിന് അനുസൃതമായ ദൗത്യബോധമാര്‍ജിക്കുവാനും കര്‍മ്മോത്സുകരാകാനും അത് ഈ സമൂഹത്തിനു പ്രചോദനം പകരേണ്ടതുണ്ട്. അപ്പസ്തോലികപാരമ്പര്യത്തിനുടമകളായ ഒരു ക്രൈസ്തവസമൂഹം ഒരു മിഷണറി സഭയാകാന്‍ കടപ്പെട്ടിരിക്കുന്നു. സ്വന്തം സുഖമേഖലകള്‍ വിട്ടിറങ്ങുവാനും ലോകത്തിന്‍റെ അതിരുകളിലേയ്ക്കു സുവിശേഷസന്ദേശവുമായി പോകാനും ശ്ലൈഹികസഭകള്‍ക്കു പ്രത്യേകമായ കടമയുണ്ട്. ഈ കടമ നിറവേറ്റുന്നതില്‍ കേരളസഭ എത്രത്തോളം വിജയിച്ചു എന്ന് ആത്മശോധന ചെയ്യുന്നതിനുള്ള അവസരം കൂടിയാണ് തോമാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെ കുറിച്ചുള്ള വിചിന്തനങ്ങള്‍.

കേരളത്തില്‍ രൂപം കൊണ്ട പ്രഥമ ഏതദ്ദേശീയ സന്യാസസമൂഹമായ സിഎംഐ ആഗോളപ്രേഷിതത്വത്തില്‍ കൈവരിച്ച നേട്ടങ്ങളെ കുറിച്ചുള്ള ഒരു ലേഖനം കഴിഞ്ഞ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും സിഎംഐ വൈദികര്‍ ഇന്നു മിഷന്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യുവാക്കള്‍ സിഎംഐ വൈദികരും വൈദികവിദ്യാര്‍ത്ഥികളുമായിരിക്കുന്നു. ഈ നേട്ടങ്ങളെ കേരളസഭയുടെ പൊതുവിലുള്ള മിഷന്‍ ആഭിമുഖ്യത്തിന്‍റെ പ്രതീകമായി കാണാം. വ്യത്യസ്തങ്ങളായ സന്യാസസഭകളിലും മിഷന്‍ പ്രദേശങ്ങളിലെ രൂപതകളിലും അംഗങ്ങളായി ചേര്‍ന്നുകൊണ്ട് നൂറു കണക്കിനു കേരള സഭാമക്കള്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നുണ്ട്. ദുര്‍ഗമങ്ങളായ ഗ്രാമങ്ങളിലും വനപ്രദേശങ്ങളിലും ചെന്നു കഠിനമായി അദ്ധ്വാനിക്കുകയും പതിതരായ മനുഷ്യര്‍ക്കായി ജീവിതം വ്യയം ചെയ്യുകയും സഭാസമൂഹങ്ങളെ കെട്ടിപ്പടുക്കുകയും ചെയ്ത മഹത്തുക്കളായ മിഷണറിമാരെ കേരള സഭ സംഭാവന ചെയ്തിട്ടുണ്ട്. അവരില്‍ പലരും രക്തസാക്ഷിത്വം വരിച്ചിട്ടുണ്ട്. പലരും മെത്രാന്മാരും സന്യാസസമൂഹമേധാവികളും ആയി സേവനം ചെയ്തിട്ടുണ്ട്, ചെയ്തു വരുന്നുണ്ട്. ഇതെല്ലാം നമുക്ക് അഭിമാനവും പ്രചോദനവും പകരുന്നു.

തോമാശ്ലീഹായുടെ പ്രേഷിതത്വത്തിന്‍റെ അനന്തരതലമുറകളെന്ന അഭിമാനബോധം ക്രൈസ്തവമല്ലാത്ത സവര്‍ണബോധത്തിനല്ല ഇന്ധനം പകരേണ്ടതെന്ന വസ്തുതയും മറന്നു കൂടാ. പില്‍ക്കാലനൂറ്റാണ്ടുകളില്‍ പാശ്ചാത്യമിഷണറിമാര്‍ ഭാരതസഭയ്ക്കു നല്‍കിയ സംഭാവനകളെ കൃതജ്ഞതാപൂര്‍വം വീക്ഷിക്കുക പ്രധാനമാണ്. പാശ്ചാത്യരാജ്യങ്ങളില്‍ നിന്നെത്തിയ അസംഖ്യം മിഷണറിമാരുടെ ജീവാര്‍പണമാണ് ഇന്നു കാണുന്ന ഭാരതസഭയുടെ അടിസ്ഥാനമുറപ്പിച്ച്, ആഗോളകത്തോലിക്കാസഭയുടെ അഭേദ്യഭാഗമായി ഈ സഭയെ പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണായകമായത്. ഭാരതത്തിന്‍റെ രണ്ടാം അപ്പസ്തോലനെന്നു വിശേഷിപ്പിക്കപ്പെടുന്ന വി.ഫ്രാന്‍സിസ് സേവ്യര്‍ വരികയും അനേകം മിഷണറിമാര്‍ക്കു വഴിയൊരുക്കുകയും ചെയ്തതിലൂടെയാണു ഭാരതസഭ ഇന്നത്തെ രൂപത്തിലേയ്ക്കു വളരുകയും പടരുകയും ചെയ്തത്.

സുവിശേഷം ശ്രവിച്ചത് എന്ന്, എവിടെ നിന്ന് എന്നതിനേക്കാളൊക്കെ സുപ്രധാനമായത് അതു വിശ്വാസത്തിനും അതിന്‍റെ ഫലങ്ങള്‍ക്കും കാരണമാകുന്നുണ്ടോ എന്നതാണ്. സങ്കുചിതമായ സാമുദായികചിന്തകള്‍ക്കു ക്രിസ്തുവിന്‍റെ സ്നേഹസന്ദേശത്തില്‍ സ്ഥാനമില്ല. ക്രിസ്തുവിനേക്കാള്‍ ഉപരിയല്ല അപ്പസ്തോലന്മാരെന്നും വചനത്തിനു വിരുദ്ധമാകരുത് പാരമ്പര്യമെന്നും സഭയ്ക്ക് അതീതമല്ല സമുദായമെന്നും ചിന്തിക്കാന്‍ നമുക്കു സാധിക്കണം.
എല്ലാവര്‍ക്കും വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ്മത്തിരുനാളിന്‍റെ മംഗളങ്ങള്‍!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org