‘ആര്‍ട്ടിക്കിള്‍ – 15;’ സിനിമയും ജീവിതവും

‘ആര്‍ട്ടിക്കിള്‍ – 15;’ സിനിമയും ജീവിതവും

ഇന്ത്യന്‍ ഭരണഘടനയിലെ സമത്വത്തിന്‍റെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ആര്‍ട്ടിക്കിള്‍ – 15. ജാതി, മതം, ലിംഗം, വംശം, പിറന്ന ഇടം എന്നിവയുടെ പേരില്‍ ആരെയും വിവേചനത്തിനു വിട്ടുകൊടുത്തുകൂടാ എന്നുള്ള ഭരണഘടനയുടെ അവകാശതിട്ടൂരം. ഈ അടുത്തകാലത്തു പുറത്തിറങ്ങിയ ആര്‍ട്ടിക്കിള്‍-15 എന്ന സിനിമയും ചര്‍ച്ച ചെയ്യുന്നത്, വിവേചനത്തിന്‍റെ പുതിയ രാഷ്ട്രീയത്തെയാണ്.

ഉത്തര്‍പ്രദേശിലെ ലാല്‍ഗൂണ്‍ എന്ന ഗ്രാമത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട രണ്ടു ദളിത് പെണ്‍കുട്ടികളുടെ മരണത്തിലെ ദുരൂഹതയന്വേഷിക്കാനെത്തുന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന കണ്ടെത്തലുകള്‍ ഇന്ത്യയില്‍ ഇന്നും തുടരുന്ന ജാതിവിവേചനത്തിന്‍റെ ഭീതിദമായ അതിരടരുകളെ അടയാളപ്പെടുത്തുന്നു. വെറും മൂന്നു രൂപയുടെ കൂലിവര്‍ദ്ധനയാവശ്യപ്പെട്ടതാണ് ആ കുട്ടികള്‍ മേലാളന്മാരുടെ അതിക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെടാനും പിന്നീടു വധിക്കപ്പെടാനും ഇടയായത് എന്ന ഞെട്ടലിപ്പോള്‍ പ്രേക്ഷകരുടെ കൂടിയാണ്. നിത്യദാരിദ്ര്യത്തിന്‍റെ നീരാളിപ്പിടുത്തത്തില്‍ ഒന്നു കുതറിപ്പിടയാനുള്ള അവസരംപോലും നിഷേധിക്കപ്പെടുവോളം ജാതിബോധത്തിന്‍റെ വിഷവ്യാപനം എത്രയോ ശക്തമെന്ന് ഈ സിനിമ കാട്ടിത്തരുന്നു. ജാതിവ്യവസ്ഥ നിശ്ചയിച്ച ചില അതിരുകള്‍ക്കുള്ളില്‍ അടങ്ങിയൊതുങ്ങി കഴിയണമെന്ന മുന്നറിയിപ്പുകൂടിയാണത്; അതു തന്നെയാണിതിന്‍റെ രാഷ്ട്രീയവും.

ഭരണഘടനാ ശില്പിയായിരുന്ന ഡോ. ബി.ആര്‍. അംബേദ് കര്‍ 1949 നവംബര്‍ 25-ന് ഭരണഘടനാ അസംബ്ലിയില്‍ നല്കിയ മുന്നറിയിപ്പു വളരെ പ്രസക്തമാണ്. "നമ്മള്‍ പുതിയ വൈരുദ്ധ്യത്തിലേക്കു കടക്കുകയാണ്. രാഷ്ട്രീയമായ സമത്വമുണ്ട്. എന്നാല്‍ സാമൂഹികരംഗത്തും സാമ്പത്തികരംഗത്തും സമത്വമില്ല. ഇതു രണ്ടും ഭരണഘടനയ്ക്കു പുറത്തു നടക്കേണ്ട കാര്യങ്ങളാണ്. സാമൂഹികവും സാമ്പത്തികവുമായ രംഗങ്ങളില്‍ സ്വാതന്ത്ര്യം നടപ്പായില്ലെങ്കില്‍ വ്യവസ്ഥിതിയാല്‍ പീഡിപ്പിക്കപ്പെടുന്നവര്‍ ഭരണഘടന വലിച്ചെറിയും."

ഭരണഘടന നിലവില്‍ വന്നിട്ട് 69 വര്‍ഷം പൂര്‍ത്തിയാവുകയാണ്. പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളില്‍പ്പോലും സംവരണത്തിന്‍റെ സൗമനസ്യത്തില്‍ ദളിത് വംശജര്‍ മാറിമാറിയിരുന്നിട്ടും കാര്യമായ വ്യത്യാസം കാര്യക്രമങ്ങളിലുണ്ടാകാതെ പോയത് ദളിത് വീക്ഷണത്തില്‍ വായിക്കപ്പെടാതെ പോയ ഒരു ഭരണഘടനയോ, ദളിതനെ ഭരണഘടന മനസ്സിലാക്കാതെ പോയതോ എന്നതു വെറുമൊരു ചോദ്യമാകാതെ ഇന്ത്യയുടെ ആത്മാവിനെ അറിയുന്ന അന്വേഷണമാകണം.

ഏതാനും മാസങ്ങള്‍ക്കുമുമ്പു മോദിയുടെ രണ്ടാമൂഴത്തെ സംശയത്തിന്‍റെ ഗൗരവനിഴലിലാക്കിയത്, ആവര്‍ത്തിക്കപ്പെട്ട ദളിത് പീഡനങ്ങളുടെയും ആള്‍ക്കൂട്ട കൊലപാതകങ്ങളുടെയും പട്ടികകണക്കുകളായിരുന്നിട്ടും അസാധാരണമായ ഭൂരിപക്ഷത്തോടെ ഭരണത്തില്‍ തിരികെയെത്തിയെങ്കില്‍ പിന്നോക്കക്കാരുടെ കണക്കുകള്‍ പിന്നെയും തെറ്റിക്കുന്നതും, അവരെ തെറ്റിദ്ധരിപ്പിക്കുന്നതും ആരാണ് എന്ന ചോദ്യം എല്ലാവരുടേതുമാകണം. 2019 മേയ് 10-നും ജൂലൈ 2-നുമിടയില്‍ 22 പേരാണു മോദിയുടെ 'പുതിയ ഇന്ത്യയില്‍' ദാരുണമായി കൊല്ലപ്പെട്ടത്. പശുവിനെ 'കടത്തി'യെന്നാക്ഷേപിച്ചും ബീഫ് 'കണ്ടെത്തി'യെ ന്നാരോപിച്ചും ആള്‍ക്കൂട്ടക്കൊലകള്‍ പെരുകുകയാണ്. ആക്രമിക്കപ്പെട്ടവരേറെയും ദളിതരും ന്യൂനപക്ഷസമുദായാംഗങ്ങളുമാണ്. 'ജയ്ശ്രീരാം' വിളികള്‍ കൊലവിളികളാകുന്ന പുതിയ പ്രവണതയുമുണ്ട്. യു.പി.യിലെ സോന്‍ഭദ്രയില്‍ പത്ത് ആദിവാസികളെ വെടിവച്ചു കൊന്നതാണ് ഈ നിരയില്‍ ഒടുവിലത്തേത്.

ജവഹര്‍ലാല്‍ നെഹ്റുവിനോടു പ്രശസ്ത ഫ്രഞ്ചു നോവലിസ്റ്റും പത്രപ്രവര്‍ത്തകയുമായ 'ആന്ദ്രേമല്‍റോ' ഒരിക്കല്‍ 'സ്വതന്ത്രഭാരതത്തില്‍ താങ്കള്‍ നേരിടുന്ന മുഖ്യപ്രശ്നം എന്താണെന്ന്' ചോദിച്ചപ്പോള്‍, 'ഒരു മതരാജ്യത്തെ മതേതരരാഷ്ട്രമാക്കി മാറ്റുക' എന്നുള്ളതെന്നായിരുന്നു മറുപടി. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ അടിസ്ഥാനപ്രമാണങ്ങളിലൊന്നായ മതേതരത്വത്തെക്കുറിച്ച്, ഔദ്യോഗിക ഇടങ്ങളിലൊക്കെ, ഔപചാരിക മൗനം തുടരുന്ന മോദി സര്‍ക്കാര്‍, ഒളിഞ്ഞും തെളിഞ്ഞും നെഹ്റുവിന്‍റെ മതേതര ഇന്ത്യയെ ഹിന്ദു ഭൂരിപക്ഷത്തിന്‍റെ മതരാഷ്ട്രമാക്കി മാറ്റാനുള്ള പരിശ്രമങ്ങളെ തീവ്രമാക്കുന്നതിനെ മാത്രമല്ല, ജാതിചിന്തയുടെ വേരുകള്‍ തീവ്രമതബോധത്തിനകത്ത് ആഴ്ന്നിരിക്കുന്ന ഇന്ത്യയുടെ പ്രത്യേക പരിസരത്തെക്കൂടിയാണ് ഭയപ്പെടേണ്ടതും എതിര്‍ക്കേണ്ടതും. ഹിന്ദൂയിസമെന്നാല്‍ സവര്‍ണ ഹിന്ദൂയിസമെന്നു തന്നെയാണര്‍ത്ഥം; തെരഞ്ഞെടുപ്പു കാലത്തെ ചില നീക്കുപോക്കുകളിലൊഴികെ. മടങ്ങിപ്പോകേണ്ടതും മടക്കിവിളിക്കേണ്ടതും ഇന്ത്യയുടെ മതേതരമനസ്സിനെ തന്നെയാണ്; മതനിരാസമല്ലാത്ത തുല്യനീതിയുടെ, മതസഹവര്‍ത്തിത്വത്തിന്‍റെ മതേതരത്വം. ജനിച്ച ഇടത്തിന്‍റെയോ വിശ്വസിക്കുന്ന മതത്തിന്‍റെയോ പേരില്‍ വിവേചനമില്ലാത്ത വിശ്വഭാരതസങ്കല്പം.

കാരണം ഇന്ത്യന്‍ മതേതര മനസ്സിന്‍റെ സമത്വസുന്ദര സ്വാതന്ത്ര്യപ്രഖ്യാപനമായ ആര്‍ട്ടിക്കിള്‍ 15-നാണ്, ആഗസ്റ്റ് 15-ന്‍റെ അര്‍ത്ഥവും അടിസ്ഥാനവും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org