Latest News
|^| Home -> Editorial -> മതസ്വതന്ത്ര്യവും മനുഷ്യാന്തസ്സും സർവ്വപ്രധാനം

മതസ്വതന്ത്ര്യവും മനുഷ്യാന്തസ്സും സർവ്വപ്രധാനം

Sathyadeepam

അന്താരാഷ്ട്ര അതിര്‍ത്തികള്‍ അപ്രസക്തമാക്കുന്ന തരത്തിലുള്ള കുടിയേറ്റങ്ങളും അഭയാര്‍ത്ഥിപ്രവാഹങ്ങളും ലോകമെങ്ങും അരങ്ങേറിക്കൊണ്ടിരിക്കുന്നു. അഭയാര്‍ത്ഥികളുടെ ആതിഥ്യരാഷ്ട്രങ്ങളില്‍ ആശങ്കകളുണ്ട്. തങ്ങളുടെ സമ്പദ്വ്യവസ്ഥയ്ക്കും സാമൂഹ്യസന്തുലനത്തിനും സാംസ്കാരിക നിലവാരത്തിനും സ്വൈരജീവിതത്തിനും അഭയാര്‍ത്ഥികള്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുമെന്ന ഭീതി ഈ രാജ്യങ്ങളിലെ സാമാന്യജനത പൊതുവെ പുലര്‍ത്തുന്നു. അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരായ ഈ വികാരത്തിന്‍റെ എരിതീയില്‍ വംശീയതയുടെ എണ്ണയൊഴിക്കുന്ന വലതുതീവ്രവാദ സംഘങ്ങളുടെ ശക്തിയും ചില രാജ്യങ്ങളില്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്.

അമേരിക്കയിലെ ട്രംപ് ഭരണകൂടം നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയത് ലോകമെങ്ങും വലിയ പ്രതിഷേധമുയര്‍ത്തുകയുണ്ടായി. ലാറ്റിനമേരിക്കയില്‍ നിന്നു നിയമപരമായ രേഖകളുടെ പിന്‍ബലമില്ലാതെ അതിര്‍ത്തി കടന്നു വരുന്ന കുടുംബങ്ങളിലെ കുട്ടികളെയും മാതാപിതാക്കളേയും വേര്‍പെടുത്തുന്ന നയമാണ് അമേരിക്ക സ്വീകരിച്ചത്. കൂടുതല്‍ പേര്‍ ഇപ്രകാരം വരാതിരിക്കാനുള്ള ഒരു മുന്‍കൂര്‍ പ്രതിരോധ നടപടിയെന്ന നിലയ്ക്കു കൂടിയാണ് അമേരിക്ക ഇതിനെ കണ്ടത്. എന്നാല്‍ അമേരിക്കയിലെയും ലാറ്റിനമേരിക്കയിലെയും കത്തോലിക്കാസഭ ഇതിനെ ശക്തമായി എതിര്‍ത്തു. കുട്ടികള്‍ മാതാപിതാക്കളുടെ സ്വന്തമാണെന്നും മാതാപിതാക്കള്‍ക്കൊപ്പം കഴിയുക കുട്ടികളുടെ അവകാശമാണെന്നും സഭ വ്യക്തമാക്കി.

കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും അനുകൂലമായ നിലപാടാണ് കത്തോലിക്കാസഭയും മാര്‍പാപ്പയും സ്വീകരിച്ചു വരുന്നത്. പാശ്ചാത്യ വികസിത രാജ്യങ്ങളിലെ കത്തോലിക്കാ വിശ്വാസികളുടെയിടയില്‍, മനുഷ്യത്വപരമായ ഈ നിലപാടിനോടു വിമുഖത പുലര്‍ത്തുന്നവര്‍ ചിലരുണ്ട്. അവര്‍ ഒളിഞ്ഞും തെളിഞ്ഞും വത്തിക്കാനെതിരെ വിമര്‍ശനങ്ങളുന്നയിക്കുകയും ചെയ്യുന്നു. എന്നാല്‍ മനുഷ്യനെ മറ്റെല്ലാത്തിനും മുകളില്‍ പ്രതിഷ്ഠിക്കുന്ന മൂല്യബോധത്തില്‍ വെള്ളം ചേര്‍ക്കാന്‍ സഭയ്ക്കു സാധിക്കില്ല. അതുകൊണ്ട് മതവും വംശവും ഭേദമില്ലാതെ മനുഷ്യാന്തസ്സിനു വേണ്ടി നിലകൊള്ളുകയാണു സഭ. യുദ്ധത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും പ്രകൃതിദുരന്തങ്ങളുടെയും കെടുതികളില്‍ നിന്നു രക്ഷ തേടി പലായനം ചെയ്യുന്നവരോട് അനുഭാവപൂര്‍വം പെരുമാറണമെന്നു വത്തിക്കാന്‍ ആവശ്യപ്പെടുന്നു. ഈ പലായനങ്ങള്‍ക്കിടെ സ്വന്തം മതവിശ്വാസം സംരക്ഷിക്കാനും അഭയാര്‍ത്ഥികള്‍ക്കു കഴിയേണ്ടതുണ്ടെന്നാണ് സഭയുടെ നിലപാട്.

മതസ്വാതന്ത്ര്യമാണ് മനുഷ്യാവകാശങ്ങളുടെ മൂലക്കല്ലെന്നു വത്തിക്കാന്‍ കരുതുന്നു. വ്യത്യസ്ത മതവിശ്വാസങ്ങള്‍ അനുഷ്ഠിക്കുന്നവരിലെല്ലാം മനുഷ്യരെന്ന നിലയ്ക്കുള്ള അന്തസ്സ് സഹജമാണെന്നും അതിനെ യാതൊരു സാഹചര്യത്തിലും നിഷേധിക്കാന്‍ ഇടവരരുതെന്നും വത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനു നിയമപരവും സാംസ്കാരികവുമായ പരിഹാരങ്ങള്‍ എല്ലാ രാജ്യങ്ങളിലും ഉണ്ടാകണമെന്നും സഭ വ്യക്തമാക്കിയിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളുടെ പശ്ചാത്തലത്തിലാണ് മതസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള സഭയുടെ അവകാശപ്രഖ്യാപനങ്ങള്‍ ഈ ചരിത്രഘട്ടത്തില്‍ പ്രധാനമായും മനസ്സിലാക്കപ്പെടുന്നത്. എന്നാല്‍ പാശ്ചാത്യരാജ്യങ്ങളിലേയ്ക്കു കുടിയേറുന്ന മനുഷ്യര്‍ക്കു മാത്രമുള്ളതല്ല മതസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും എന്നതു തികച്ചും വ്യക്തമാണ്.

പ്രവാസികളായി പോയവര്‍ക്ക് പാശ്ചാത്യ നാടുകളില്‍ മതസ്വാതന്ത്ര്യമുണ്ടാകണമെന്നു വാദിക്കുന്നവര്‍ ആദ്യം സ്വന്തം രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ തയ്യാറാകണമെന്നു ലെബനോനില്‍ നിന്നുള്ള ക്രൈസ്തവ നേതാക്കള്‍ ഈയിടെ ആവശ്യപ്പെടുകയുണ്ടായി. മധ്യപൂര്‍വദേശത്തെ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്ന് പാശ്ചാത്യ രാജ്യങ്ങളിലേയ്ക്കു കുടിയേറിയവരുടെ കാര്യമാണ് ഇവര്‍ സൂചിപ്പിച്ചത്. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ക്രൈസ്തവരുള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് ഇപ്പോഴും മതസ്വാതന്ത്ര്യവും അവകാശങ്ങളും ഇല്ല. അവര്‍ രണ്ടാംകിട പൗരന്മാരായാണ് പരിഗണിക്കപ്പെടുന്നത്. മതദൂഷണ നിയമങ്ങള്‍ പോലെയുള്ള ഭരണകൂട ഉപകരണങ്ങള്‍ ഉപയോഗിച്ചു ക്രൈസ്തവരെ പീഡിപ്പിക്കുന്നതും സാധാരണം. ഇതിനെതിരെ നിസംഗത പാലിക്കുന്നവരാണെങ്കിലും പാശ്ചാത്യ രാജ്യങ്ങളില്‍ ചെന്നെത്തുമ്പോള്‍ തങ്ങള്‍ക്കു മതസ്വാതന്ത്ര്യം വേണമെന്ന കാര്യത്തില്‍ ഇവര്‍ക്കാര്‍ക്കും തെല്ലും സംശയമില്ല. ഇതൊരു വൈരുദ്ധ്യമായി ആരെങ്കിലും കണ്ടാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല.

മതസ്വാതന്ത്ര്യവും മനുഷ്യാവകാശവും മത, ദേശ ഭേദമെന്യേ സകല മനുഷ്യര്‍ക്കും വേണ്ടതാണ്. മധ്യപൂര്‍വദേശ രാഷ്ട്രങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇവയില്ലെന്നതു ചരിത്രത്തിന്‍റെയോ പാരമ്പര്യത്തിന്‍റെയോ പേരില്‍ ഇനിയും അവഗണിക്കാന്‍ പാടില്ല. മുസ്ലീം രാഷ്ട്രങ്ങളില്‍ അതു സ്വാഭാവികമാണെന്ന മുന്‍വിധിയോടെയാണ് ലോകം അതിനെ സമീപിക്കുക പതിവ്.

അധികം ആഗോള ശ്രദ്ധ കിട്ടാത്ത മറ്റൊരു സംഘര്‍ഷഭൂമിയാണ് ആഫ്രിക്ക. അവിടെയും ഭീകരവാദത്തിന്‍റെ ഫലമായി മതസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ലഭിക്കാതെ ദുരിതജീവിതം പിന്നിടുകയാണ് ക്രൈസ്തവന്യൂനപക്ഷങ്ങള്‍. നൈജീരിയായിലെ ഫുലാനി തീവ്രവാദികള്‍ നുറുകണക്കിനു ക്രൈസ്തവരെയാണു കൊന്നൊടുക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘത്തില്‍ നിന്നു ലഭിക്കുന്ന അത്യാധുനിക ആയുധങ്ങളുപയോഗിച്ചാണ് അവരുടെ അക്രമപരമ്പരകളെന്നു വാര്‍ത്തകളുണ്ട്. ഇത്തരം വംശീയ ഉന്മൂലനങ്ങള്‍ക്കും മതമര്‍ദ്ദനങ്ങള്‍ക്കുമെതിരെ ലോകത്തിന്‍റെ ശബ്ദമുയരണം. അതിര്‍ത്തികളെ അപ്രസക്തമാക്കിക്കൊണ്ട് ഇപ്പോള്‍ നടക്കുന്ന മനുഷ്യനീക്കങ്ങള്‍ മതഭേദമെന്യേ മാനവൈക്യത്തിന്‍റെ ആഗോളവത്കരണത്തിനും മതസ്വാതന്ത്ര്യ, മനുഷ്യാവകാശസംരക്ഷണത്തിനും പ്രേരണയായിത്തീരട്ടെ.

Leave a Comment

*
*