സഹജീവനമെന്ന അതിജീവനം

സഹജീവനമെന്ന അതിജീവനം

2013-ലാണ് അനില്‍ രാധാകൃഷ്ണമോനോന്‍റെ 'നോര്‍ത്ത് 24 കാതം' എന്ന സിനിമ പുറത്തിറങ്ങുന്നത്. കോവിഡ് 19 സങ്കല്പത്തില്‍ പോലുമില്ലാതിരുന്ന കാലത്തു ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഹരികൃഷ്ണന്‍ എന്ന കഥാപാത്രം എപ്പോഴും കയ്യില്‍ കരുതിയ സാനിറ്റൈസറും കൂടക്കൂടെ കൈ കഴുകുന്ന സ്വഭാവവും അതിശയോക്തിപരമായതിനാല്‍ അല്പം അവിശ്വസനീയതയോടെയാണ് അന്ന് സ്വീകരിക്കപ്പെട്ടത്. മനഃശാസ്ത്രപരമായി ഡിസോഡര്‍ ആയ 'വൃത്തിവെപ്രാളം' പുതിയ കാലത്ത് ഓര്‍ഡര്‍ ആയി പരിശീലിപ്പിക്കപ്പെടുമ്പോള്‍ കോവിഡാനന്തരകാലത്തെ മാറുന്ന ജീവിതശൈലികളില്‍ പ്രഥമസ്ഥാനത്തത് തുടരുമെന്നതാണിപ്പോഴത്തെ കൗതുകം.

കോവിഡ് കൂട്ടത്തോടെ തോല്പിച്ച രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ മനസ്സിടിഞ്ഞു മടങ്ങിയെത്തുകയും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ രോഗവ്യാപനത്തോതു കുറയ്ക്കാന്‍ ചില ഇളവുകളോടെ ലോക്ക്ഡൗണ്‍ നിലനിര്‍ത്തുക മാത്രമാണു പ്രതിവിധി.

"ലോകം കൂടുതല്‍ സംയോജിപ്പിക്കപ്പെടുന്നതോടെ ചെറിയ പ്രാദേശിക ദുരന്തങ്ങള്‍ക്കുപോലും ആഗോളമാനം കൈവരുന്നു" വെന്ന പ്രശസ്ത ഇടതു തത്ത്വചിന്തകനായ സ്ലാവോജ് ജീജെക്കിന്‍റെ വാക്കുകളില്‍ കോവിഡിന്‍റെ ഉല്പത്തി സൂചന മാത്രമല്ല, ഇനിയുള്ള പുറപ്പാടുയാത്രകളിലെ പുതിയ സമീപനസമവാക്യങ്ങളുടെ ഉള്ളടക്കവുമുണ്ട്.

'സോപ്പ്, മാസ്ക്, സാമൂഹ്യാകലം' എന്ന വിഷമവൃത്തത്തില്‍ ലോകം കറങ്ങിത്തിരിയുമ്പോഴും അതിജീവനമെന്നാല്‍ സഹജീവനം കൂടിയാണെന്ന അര്‍ത്ഥതലങ്ങളിലേക്കുകൂടി അതു വികസ്വരമാകുന്നുണ്ട്. കോവിഡിനു മുമ്പ്, ശേഷം എന്ന മട്ടില്‍ വിഭജിതമായൊരു ലോകക്രമത്തില്‍ വൈറസിനെ സഹയാത്രികനാക്കുക മാത്രമാണിനി കരണീയം. കാരണം അണുവിനെ ഒഴിവാക്കാനാവില്ല, അകലെ നിര്‍ത്താനേ പറ്റൂ. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച്, ലോകത്തൊട്ടാകെയുള്ള മരണങ്ങളുടെ രണ്ടാമത്തെ പ്രധാന കാരണം പ്രതിവര്‍ഷം 13 ദശലക്ഷം പേരുടെ ജീവന്‍ അപഹരിക്കുന്ന പകര്‍ച്ചവ്യാധികളാണ്. വികസ്വരരാജ്യങ്ങളില്‍ ആകെയുള്ള മരണനിരക്കിന്‍റെ 45 ശതമാനം പകര്‍ച്ചവ്യാധികള്‍ കൊണ്ടാണെന്നും റിപ്പോര്‍ട്ടുണ്ട്. ഈ പരിക്ഷീണഘട്ടത്തിലേക്കാണു കോവിഡിന്‍റെ വരവെന്നതിനാല്‍ ലോകാരോഗ്യ പ്രതിസന്ധി പതിന്മടങ്ങാകുന്നുവെന്നു മാത്രമല്ല, വൈകുന്ന വാക്സിന്‍ വൈതരണിയെ വഷളാക്കുന്നുമുണ്ട്.

പ്രതിരോധത്തിന്‍റെ ഔഷധശൈലി ക്ഷിപ്രസാദ്ധ്യമല്ലാത്തതിനാല്‍, ചില ജീവിതശൈലികളെ ഔഷധമാക്കുകയാണു വേണ്ടത്. ജീവിതത്തിന്‍റെ സമസ്തമേഖലകളെ സമദര്‍ശിക്കുന്ന സമഗ്രസമീപനത്താല്‍ ആധികാരികമാകുന്ന പെരുമാറ്റശൈലിയുടെ സാമൂഹ്യപാഠമുണ്ടാകണം. ജീവിച്ചിരിക്കുകയെന്നതുതന്നെ പരമപ്രധാനമാകയാല്‍ മറ്റെന്തും അതിനെ പിന്‍പറ്റിയേ സാദ്ധ്യമാകൂ. ഇളവുകള്‍, കാര്യങ്ങള്‍ പഴയതുപോലെയായതുകൊണ്ടോ, എല്ലാം പഴയതുപോലെയാക്കാനോ അല്ല. അടച്ചകത്തിരുന്നതും അകലം പാലിച്ചതും പുതിയ ജീവിതക്രമത്തിലേക്കു പരുവപ്പെടുത്തിയതാണ്. ആളും ആരവവുമൊഴിഞ്ഞ തെരുവുകള്‍ ഇനിയും തുടരേണ്ടതുണ്ട്. താനൊരു സൂക്ഷ്മാണുവാഹകനാണെന്ന ജാഗ്രതാഭാവത്തോടെ വേണം നമ്മുടെ ഇനിയുള്ള സാമൂഹ്യവ്യവഹാരങ്ങള്‍.

ജോലിക്കു നിശ്ചിതയിടം, സമയം എന്ന നിഷ്കര്‍ഷയില്ലാതാവുകയാണ്. വീട്ടിനകത്ത് 'ജോലിക്കാര്‍' പെരുകുമ്പോള്‍ 'വീട്ടുകാരുടെ' എണ്ണം കുറയാതെ നോക്കണം. ശ്രമത്തിനും വിശ്രമത്തിനുമിടയിലുള്ള ഇടവേളകളിലെപ്പോഴും 'വീട്' തിരികെയെത്തണം; 'വീട്ടിലും'. ഒപ്പം, അതു പ്രാഥമിക വിദ്യാലയമെന്ന സംജ്ഞയിപ്പോള്‍ കൂടുതല്‍ സത്യമാവുകയുമാണ്.

അടച്ചിട്ട നാളുകള്‍ അനുഷ്ഠാനബദ്ധമല്ലാത്ത ആത്മീയതയുടെ പരിശീലനകാലം കൂടിയായിരുന്നു. പള്ളിയില്‍ കേട്ടതു വീട്ടിലെത്തിച്ചു; വിട്ടുപോന്നതിന്‍റെ വേദന അറിഞ്ഞു. ചില നിയന്ത്രണങ്ങളോടെ ദേവാലയം വീണ്ടും തുറക്കുമ്പോള്‍, അവസരം ആരാധനയ്ക്കു മാത്രമെന്ന് ഉറപ്പാക്കണം. അനാവശ്യമായ കൂട്ടംചേരലുകള്‍ക്കു ദേവാലയാങ്കണം വേദിയാകരുത്. അമിത വൈകാരികതയ്ക്കിപ്പോഴും ഇളവില്ലെന്നോര്‍ക്കാം. ഇപ്പോള്‍ത്തന്നെ വിശ്വാസപരിശീലനവും ദമ്പതീപരിശീലനവും ഓണ്‍ലൈനിലേക്കു മാറ്റിയ രൂപതകളുണ്ട്.

കൊറോണ ആദ്യം വിലക്കിയതു സ്പര്‍ശത്തെയാണ്. സാര്‍വലൗകികവും സാര്‍വകാലികവുമായ ഭാഷയാണു സ്പര്‍ശം. വാക്കുദിക്കും മുമ്പേപിറന്ന സ്പര്‍ശഭാഷണം നിരോധനപ്പട്ടികയിലൊന്നാമതാകുമ്പോള്‍ നാം കൈകൂപ്പി കടക്കുന്നതു പുതിയ വ്യവഹാരലോകത്തിലേക്കാണ്. അനിശ്ചിതത്വത്തിന്‍റെ അരക്ഷിതകാലത്തേയ്ക്കുള്ള തയ്യാറെടുപ്പുകള്‍ അതിനാല്‍ത്തന്നെ കര്‍ക്കശതയോടെയാകേണ്ടതുണ്ട്. മിതവ്യയശീലം ഇനി മുതല്‍ ഒരലങ്കാരമല്ല, അനിവാര്യതയാണ്. വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തുന്ന ഒരു ചെറുപയര്‍ച്ചെടിപോലും സ്വയംപര്യാപ്തതയുടെ അതിജീവനാടയാളവുമാണ്.

കരം കുലുക്കാതെ, കൈ കഴുകിയും മുഖം മറയ്ക്കുമ്പോഴും മനസ്സ് തുറന്നും കൂട്ടമാകാതെ കൂടെനിന്നും നമുക്കീ വിഷാണു കാലവും കടന്നുപോകണം. ഓര്‍ക്കുക, അതിജീവനമെന്നാല്‍ ഇനി സഹജീവനമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org