വാർത്തകളിലെ ‘ഉൽപ്രേക്ഷ’കൾ

വാർത്തകളിലെ ‘ഉൽപ്രേക്ഷ’കൾ
Published on

"മറ്റൊന്നിന്‍ ധര്‍മ്മയോഗത്താല്‍ അതുതാനല്ലയോ ഇത് എന്നു വര്‍ണ്യത്തിലാശങ്ക ഉല്‍പ്രേക്ഷാഖ്യാലംകൃതി" എന്ന മലയാള വ്യാകരണത്തിലെ ഉല്‍പ്രേക്ഷ അലങ്കാരവിശേഷണത്തെ ഓര്‍മ്മിപ്പിക്കുന്നു, ആധുനിക വാര്‍ത്താമാധ്യങ്ങളിലെ പല വാര്‍ത്താവിശകലനങ്ങളും. ഈ പശ്ചാത്തലത്തില്‍, ലോക മാധ്യമദിനത്തോടനുബന്ധിച്ചു ഫ്രാന്‍സിസ് പാപ്പ നല്കിയ സന്ദേശം പ്രസക്തമാകുന്നു. വ്യാജവാര്‍ത്തകള്‍ ആധുനികമനുഷ്യന്‍റെ ചിന്താ-പ്രവര്‍ത്തക മണ്ഡലങ്ങളില്‍ ഉണ്ടാക്കുന്ന ക്ഷതങ്ങളെക്കുറിച്ചും മാധ്യമങ്ങളുടെ യഥാര്‍ത്ഥ പ്രവര്‍ത്തനലക്ഷ്യങ്ങളെക്കുറിച്ചും മാര്‍പാപ്പ വാചാലനാകുന്നു.

ആശയവിനിമയത്തിനുള്ള നമ്മുടെ സാദ്ധ്യത വികലമാക്കപ്പെടുന്നതു നാം അഹന്തയ്ക്കും സ്വാര്‍ത്ഥതയ്ക്കും കീഴ്പ്പെടുമ്പോഴാണ്. അസത്യത്തെയും അര്‍ദ്ധസത്യത്തെയും അതിഭാവുകത്വത്തിന്‍റെ മഷിയില്‍ ചാലിച്ച്, വര്‍ണശബളമാര്‍ന്ന അവതരണത്തിന്‍റെ അലങ്കാരങ്ങളും ചാര്‍ത്തിയെടുക്കുമ്പോള്‍ വാര്‍ത്തകളില്‍ വ്യാജം കലര്‍ന്നു 'വ്യാജവാര്‍ത്തകള്‍' പിറവിയെടുക്കുന്നു. വ്യാജവാര്‍ത്തകള്‍ക്കു കൂടുതല്‍ സ്വീകാര്യതയും പ്രചാരവും ലഭിക്കുന്നതിന്‍റെ കാരണം യഥാര്‍ത്ഥ വാര്‍ത്ത തെറ്റായിരിക്കാമെന്നു തോന്നുംവിധം അവതരിപ്പിക്കുന്നതുകൊണ്ടും തെറ്റായ വാര്‍ത്തയെ വിശ്വസിക്കാവുന്ന രീതിയില്‍ അവതരിപ്പിക്കുന്നതുകൊണ്ടുമാണ്.

സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങള്‍ക്കുള്ള വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ 'Inter mirifica' മുതല്‍ മാധ്യമങ്ങളുടെ സ്ഥാനവും പ്രാധാന്യവും സഭ തന്‍റെ അജപാലനവിഷയമാക്കിയിട്ടുണ്ട്. 1972-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ മാധ്യമലോകത്തിനു നല്കിയ "സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങള്‍ സത്യത്തിനുള്ള സേവനത്തിന്" എന്ന സന്ദേശത്തിന്‍റെ അന്തസ്സത്തയോടു പങ്കുചേര്‍ന്നാണു ഫ്രാന്‍സിസ് പാപ്പ ഈ വര്‍ഷത്തെ ലോക മാധ്യമദിന സന്ദേശം തയ്യാറാക്കിയത്. വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയും ബെനഡിക്ട് പതിനാറാമന്‍ പാപ്പയും ഫ്രാന്‍സിസ് പാപ്പയും മുഖ്യധാരാ മാധ്യമങ്ങള്‍ മാത്രമല്ല നവമാധ്യമങ്ങളും ഉപയോഗിച്ചുകൊണ്ടുതന്നെയാണു മാധ്യമധര്‍മ്മത്തെപ്പറ്റിയുള്ള തങ്ങളുടെ ഉള്‍ക്കാഴ്ചകള്‍ ലോകത്തിനു നല്കുന്നത്.

മാധ്യമങ്ങള്‍ നല്കുന്ന വിവരങ്ങളെ വ്യാഖ്യാനിക്കാനും വിലയിരുത്താനും ജനങ്ങളെ സഹായിക്കുന്ന വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്കരിക്കാനുള്ള പരിശ്രമങ്ങള്‍ നടക്കുന്നതു ശ്ലാഘനീയമാണ്. ഈ പരിശ്രമങ്ങള്‍ ജനകീയമാകേണ്ടിയിരിക്കുന്നു. മാധ്യമങ്ങളിലൂടെ, പ്രത്യേകിച്ചു നവമാധ്യമങ്ങളിലൂടെ, തങ്ങള്‍ക്കു ലഭിക്കുന്ന തെറ്റായ വിവരങ്ങള്‍ ചിന്താശൂന്യരായി പ്രചരിപ്പിക്കാതെ, തെറ്റുകളെ തുറന്നു കാണിക്കുന്നതില്‍ സജീവമായി പങ്കുചേരാന്‍ അതു നമ്മെ സഹായിക്കും. എന്നിരുന്നാലും, വ്യജവാര്‍ത്താപ്രചരണത്തിന്‍റെ രീതിയെ തിരിച്ചറിയുകയും അതിനെ തടയുകയും ചെയ്യുക എന്നതു വിവേചിച്ചറിയലിന്‍റെ അഗാധവും ശ്രദ്ധാപൂര്‍വകവുമായ ഒരു പ്രക്രിയ ആവശ്യപ്പെടുന്നുണ്ട്.

വ്യാജവാര്‍ത്തകള്‍ സാമൂഹ്യരംഗത്തും രാഷ്ട്രീയ മണ്ഡലങ്ങളിലും മാത്രമല്ല, സഭാജീവിതത്തിലും സംഭ്രാന്തിയുടെ പുകമറ സൃഷ്ടിക്കുന്നുണ്ട്. സഭാനേതൃത്വത്തിലും വിശ്വാസികള്‍ക്കിടയിലും സമീപകാലങ്ങളില്‍ നടന്ന പല അനിഷ്ടസംഭവങ്ങളുടെയും സത്യസന്ധമായ അവതരണം നടക്കാതിരുന്നതുമൂലം സാമാന്യജനം തെറ്റിദ്ധരിക്കപ്പെടുകയും നവമാധ്യമങ്ങളില്‍ സഭാനേതൃത്വത്തിനെതിരെ അതിരുവിട്ട വികാരപ്രകടനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. സത്യത്തെ മറച്ചുപിടിച്ചതിനെയും അര്‍ദ്ധസത്യങ്ങളെയും അസത്യങ്ങളെയും സത്യമെന്നു തോന്നും വിധത്തില്‍ ചിത്രീകരിച്ചതിന്‍റെയും പരിണതഫലമായിരുന്നു അത്. "കാരമസോവ് ബ്രദേഴ്സ്" എന്ന പുസ്തകത്തിലെ ഡേറ്റോവ്സ്കിയുടെ നിരീക്ഷണം പ്രകാശം നല്കുന്ന ഒന്നാണ്. "തങ്ങളോടുതന്നെ നുണ പറയുകയും അതു പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ തങ്ങളില്‍ത്തന്നെയും മറ്റുള്ളവരിലുമുള്ള സത്യത്തെ തിരിച്ചറിയാനോ ശ്രവിക്കാനോ കഴിയാത്ത സ്ഥിതിയിലെത്തും. അങ്ങനെ അവര്‍ക്കു തങ്ങളോടും മറ്റുള്ളവരോടും ഉണ്ടായിരിക്കേണ്ട ബഹുമാനം നഷ്ടപ്പെടും."

നിപ്പ വൈറസ് ബാധ ഏറ്റവും കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ചിട്ടുള്ള കോഴിക്കോട് ജില്ലയിലെ താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ പുറപ്പെടുവിച്ച സര്‍ക്കുലറും ഇടവകകളുടെ പൊതുപരിപാടികളും ധ്യാനങ്ങളും ഔചിത്യബോധത്തോടെ മാറ്റിവയ്ക്കാന്‍ നല്കിയ നിര്‍ദ്ദേശവും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതു മേല്‍ സൂചിപ്പിച്ച പ്രവണത മൂലമാണ്. ഈ പശ്ചാത്തലത്തിലാണ് ഈശ്വരവിശ്വാസവും ആത്മീയതയും അപ്രസക്തമാണെന്നും ശാസ്ത്രത്തിനു മാത്രമേ അന്തിമ വിജയമുണ്ടാകൂ എന്നുമുള്ള ബാലിശമായ അനുമാനങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളിലെ ചില യുക്തിവാദസംഘങ്ങള്‍ എത്തിച്ചേര്‍ന്നത്.

അതുതാനല്ലയോ ഇത് എന്ന മട്ടില്‍ സത്യവും അസത്യവും തമ്മില്‍ കൂട്ടിക്കുഴച്ച് ജനങ്ങളുടെ വിവരാന്വേഷണ യാത്രകള്‍ക്ക് ആശങ്കകളുണ്ടാക്കുന്ന 'ഉല്‍പ്രേക്ഷകള്‍' സൃഷ്ടിക്കുന്നതല്ല വാര്‍ത്താ മാധ്യമങ്ങളുടെ ദൗത്യം. അസത്യങ്ങളെ തമസ്കരിക്കുകയും വാര്‍ത്തകളിലെ സത്യത്തെ സുവിശേഷമാക്കുകയും ചെയ്യുക എന്നതാണു ക്രൈസ്തവന്‍റെ മാധ്യമധര്‍മ്മം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org