|^| Home -> Editorial -> കരടുനയത്തിലെ ‘കരടു’കള്‍

കരടുനയത്തിലെ ‘കരടു’കള്‍

Sathyadeepam

രാജ്യത്തെ വിദ്യാഭ്യാസരീതികളില്‍ സമഗ്ര മാറ്റത്തിനു നാന്ദി കുറിച്ചുകൊണ്ടുള്ള ദേശീയ വിദ്യാഭ്യാസനയത്തിന്‍റെ കരടു റിപ്പോര്‍ട്ടും സംസ്ഥാനത്തെ ഹൈസ്കൂള്‍-ഹയര്‍ സെക്കന്‍ഡറി ഏകീകരണത്തിനുള്ള നിര്‍ദ്ദേശമുള്‍ക്കൊള്ളുന്ന എം.എ. ഖാദര്‍ റിപ്പോര്‍ട്ടും ഒരുമിച്ചെത്തിയ പുതിയ അദ്ധ്യയന വര്‍ഷാരംഭത്തില്‍, ഗൗരവമേറിയ ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും അതു വഴിയൊരുക്കിയിരിക്കുകയാണ്.

12-ാം ക്ലാസ്സ് വരെയുള്ള പഠനം 15 വര്‍ഷം നീളുന്ന നാലു ഘട്ടങ്ങളായി പുനഃക്രമീകരിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസനയവും പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് എന്നിവ ലയിപ്പിച്ച്, ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എഡ്യൂക്കേഷന്‍ എന്ന പുതിയ സംവിധാനത്തിലൂടെ, സംസ്ഥാന പൊതു വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഘടനാപരവും ഭരണപരവുമായ അഴിച്ചുപണി അനിവാര്യമാക്കുന്ന പുതിയ നയവും കുട്ടികളുടെയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ഇടയില്‍ ചെറുതല്ലാത്ത ആശങ്കയാണ് ഉളവാക്കിയിട്ടുള്ളത്. ദേശീയ വിദ്യാഭ്യാസ നയത്തിന്മേലുള്ള പ്രതികരണ സമയപരിധി ജൂണ്‍ 30-ന് അവസാനിക്കുമെന്നിരിക്കെ ഗൗരവവും വിശദവുമായ ചര്‍ച്ചകളെയും സംവാദങ്ങളെയും അതു ലക്ഷീകരിക്കുന്നില്ലെന്നതും ദുരൂഹമാണ്.

വിദ്യാഭ്യാസ നയരൂപീകരണ സമിതിയദ്ധ്യക്ഷന്‍ ഡോ. കെ. കസ്തൂരിരംഗന്‍, കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊക്രിയാലിനു നല്കിയ റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശയില്‍, മൂന്നു മുതല്‍ എട്ടു വയസ്സുവരെയുള്ള ഫൗണ്ടേഷന്‍ സ്റ്റേജ് മുതല്‍ ഒരു വിദ്യാര്‍ത്ഥിയുടെ ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കണമെന്ന നിര്‍ദ്ദേശമുണ്ട്. വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ വ്യാപ്തിയെ വിപുലീകരിക്കുന്ന ഈ നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണ്. എന്നാല്‍ സംസ്കൃതപഠനത്തിനുള്ള പ്രാമുഖ്യം ഉറപ്പുവരുത്തുന്ന പുതിയ നയം, അദ്ധ്യയനത്തിലും അദ്ധ്യാപനത്തിലും ദേശീയതയിലൂന്നിയുള്ള വന്‍മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുമ്പോള്‍, ദേശീയതയ്ക്കും തീവ്രദേശീയതയ്ക്കുമിടയിലെ വരമ്പിപ്പോള്‍, വഴുക്കുന്നതാകയാല്‍, ഹിന്ദി ഭാഷാപഠനം ഇനി മുതല്‍ അഭികാമ്യമല്ലാതെ, അനിവാര്യതയാകുമെന്ന് ഉറപ്പാണ്. സ്വകാര്യ സ്കൂളുകള്‍ക്കു സ്കൂള്‍ മാനേജുമെന്‍റ് കമ്മിറ്റികള്‍ നിര്‍ബന്ധമാക്കുന്ന പുതിയ നയത്തിലൂടെ, നടത്തിപ്പിന്‍റെ സുതാര്യത ഉറപ്പാക്കാനാകുമെന്നാണു കേന്ദ്രസര്‍ക്കാര്‍ വാദം. അന്യായവും അനാവശ്യവുമായ ബാഹ്യഇടപെടലുകളിലൂടെ വിദ്യാലയങ്ങളുടെ സമാധാനാന്തരീക്ഷം തര്‍ക്കാനാണിതെന്നാണു മാനേജുമെന്‍റുകള്‍ കരുതുന്നത്.

എം.എ. ഖാദര്‍ റിപ്പോര്‍ട്ടിന്‍റെ ചുവടുപിടിച്ചു സംസ്ഥാന സര്‍ക്കാര്‍ തിടുക്കത്തില്‍ കൊണ്ടുവന്ന ഹയര്‍ സെക്കന്‍ഡറി ഏകീകരണ പദ്ധതി പൊതുവിദ്യാഭ്യാസത്തെ അശാന്തമാക്കാനാണെന്ന വിമര്‍ശനം വിവിധ അദ്ധ്യാപകസംഘടനകള്‍ ഉയര്‍ത്തിക്കഴിഞ്ഞു. വികേന്ദ്രീകരണത്തിലൂടെ കാര്യക്ഷമമായ പ്രവര്‍ത്തനം എന്ന അംഗീകരിക്കപ്പെട്ട സംവിധാനത്തില്‍ നിന്നും വ്യതിചലിച്ച്, വ്യത്യസ്ത വിഭാഗങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുമ്പോള്‍, സ്കൂളുകളുടെ പൊതുവായ പ്രവര്‍ത്തനക്ഷമതയും അച്ചടക്കവും ഗുണനിലവാരവും അപകടത്തിലാകുമെന്ന ആശങ്ക അസ്ഥാനത്തല്ല. പഠിതാവിന്‍റെ അനുദിന ജീവിതവ്യവഹാരത്തിലെ പൊതുവായ നൈപുണികളെ ആര്‍ജ്ജിക്കാന്‍ സഹായകമായ സെക്കന്‍ഡറി തലവും ഒരു വ്യക്തി സമൂഹത്തില്‍ സ്വന്തം കാലില്‍ നില്ക്കുന്നതിനാവശ്യമായ കഴിവുകള്‍ ആര്‍ജ്ജിക്കുന്ന, വ്യത്യസ്ത പഠന ലക്ഷ്യങ്ങളുളള ഹയര്‍ സെക്കന്‍ഡറി തലവും സംയോജിപ്പിക്കുമ്പോള്‍, കുട്ടികള്‍ക്കിടയിലെ ശാരീരിക, മാനസിക പ്രത്യേകതകളെ ഗൗരവപൂര്‍വം പരിഗണിക്കാതെയാണിതെന്നുള്ള നിരീക്ഷണം ഗൗരവമുള്ളതാണ്. ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ വൈസ് പ്രിന്‍സിപ്പലാകുന്നതിലൂടെ ഉണ്ടാകുന്ന അനാരോഗ്യ സമ്മര്‍ദ്ദം വേറെയും.

ഒരു നാടിന്‍റെ അസ്തിത്വത്തെത്തന്നെ അടയാളപ്പെടുത്തുന്ന വിദ്യാഭ്യാസം പോലുള്ള മേഖലകളില്‍ വരുത്തുന്ന ചെറിയ വ്യത്യാസംപോലും ദൂരവ്യാപകമായ പ്രത്യാഘാതമാണു കൊണ്ടുവരുന്നതെന്നിരിക്കെ, വേണ്ടത്ര ആലോചനയോടെയും അവധാനതയോടെയുമാണോ ഈ മാറ്റങ്ങള്‍ എന്ന സംശയം ബന്ധപ്പെട്ടവര്‍ക്കുണ്ടാവുക സ്വാഭാവികമാണ്. “ജനാധിപത്യത്തിന്‍റെ വിജയം അതില്‍ പങ്കുചേരുന്നവരുടെ ബുദ്ധിപൂര്‍വകമായ തെരഞ്ഞെടുപ്പിനെ ആശ്രയിച്ചിരിക്കയാല്‍ അതിനു സഹായിക്കുന്ന വിധത്തില്‍ രൂപപ്പെടുത്തുന്ന വിദ്യാഭ്യാസമാണു ജനാധിപത്യത്തെ സുരക്ഷിതമാക്കുന്നത്” എന്ന ഫ്രാങ്ക്ളിന്‍ ഡി. റൂസ്വെല്‍റ്റിന്‍റെ നിരീക്ഷണം, ദേശീയ സാക്ഷരതാനിരക്ക് 74.04% മാത്രമായ ഇന്ത്യയില്‍ എത്രയോ പ്രസക്തമെന്നോര്‍ക്കാം. ദിശയും ദര്‍ശനവും നഷ്ടപ്പെട്ട ഭരണകൂടം താത്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി വിഭാഗീയതയുടെ വിഭജനരാഷ്ട്രീയം കളിക്കുമ്പോള്‍ നഷ്ടമാകുന്നത്, നാനാത്വത്തിലൂന്നിയ ഇന്ത്യന്‍ ദേശീയതയും അതിനു പരിസരമൊരുക്കുന്ന വിശ്വമാനവികതയുടെ വിദ്യാഭ്യാസദര്‍ശനവും. പ്രശ്നം ദൂരക്കാഴ്ചയുടേതാണ്; അതു കേരളത്തിലാണെങ്കിലും, കേന്ദ്രത്തിലാണെങ്കിലും.

Leave a Comment

*
*