സത്യാനന്തരകാലത്തെ വേദപ്രചാരണം

സത്യാനന്തരകാലത്തെ വേദപ്രചാരണം

വസ്തുതകള്‍ക്കു മീതെ എപ്പോഴും മറ്റൊന്നു പ്രതിഷ്ഠിക്കപ്പെടുന്ന സത്യാനന്തരകാലത്ത്, ഏറ്റവും ആദ്യവും വേഗവും എന്തു പ്രചരിപ്പിക്കപ്പെടുന്നുവോ അതു സത്യമായി സ്വീകരിക്കപ്പെടുന്നതിന്‍റെ അപകടത്തെ ഒഴിവാക്കാനായാലും അവഗണിക്കാനാവില്ല എന്നിരിക്കെ, സഭയുടെ വേദപ്രചാരണ പരിപാടികളെ ഒരു പുനര്‍വായനയ്ക്കു വിധേയമാക്കേണ്ടതുണ്ട്.

ഈ വരുന്ന ഒക്ടോബര്‍ 20 മിഷന്‍ ദിനമായും ഒക്ടോബര്‍ മിഷന്‍ മാസമായും ആചരിക്കുന്നതിനു മുന്നോടിയായി, ഫ്രാന്‍സിസ് പാപ്പ പുറപ്പെടുവിച്ച, 'സ്നാനപ്പെട്ട് അയയ്ക്കപ്പെട്ടവര്‍; ക്രിസ്തുവിന്‍റെ സഭ ലോകത്തിലെ ദൗത്യത്തില്‍' എന്ന സന്ദേശം നല്കുന്ന ചില ഊന്നലുകള്‍ സഭയുടെ പ്രേഷിതാഭിമുഖ്യത്തെ പുനര്‍നിര്‍ണയിക്കാന്‍ പ്രാപ്തവും സാക്ഷ്യജീവിതത്തിന്‍റെ സ്വകാര്യവത്കരണത്തെ തള്ളിക്കളയുന്നതുമാണ്.

"ദൈവവുമായുള്ള നമ്മുടെ ബന്ധം സ്വകാര്യതലത്തില്‍ ഒതുങ്ങുന്നതല്ല. ലോകത്തെ ദൈവത്തിന്‍റെ കണ്ണുകളിലൂടെ നോക്കാന്‍ യേശുക്രിസ്തുവിലുള്ള വിശ്വാസം നമ്മെ പ്രാപ്തരാക്കുന്നു." പാപ്പ ഇതാദ്യമായല്ല, വിശ്വാസജീവിതത്തിന്‍റെ സ്വകാര്യവത്കരണത്തെ നിരാകരിക്കുന്നത്. 2012-ല്‍ റോമില്‍ നടന്ന സിനഡിന്‍റെ നിര്‍ദ്ദേശങ്ങളെ ആസ്പദമാക്കി 'സുവിശേഷത്തിന്‍റെ സന്തോഷം' എന്ന പ്രബോധനത്തില്‍, പ്രേഷിതചൈതന്യം പ്രത്യക്ഷത്തില്‍ ഉളവാക്കാന്‍ പര്യാപ്തമല്ലാത്ത അജപാലനപരിപാടികള്‍ സ്വാഭാവികമായും അന്തര്‍മുഖ സ്വഭാവമുള്ളവയായിരിക്കും എന്ന മുന്നറിയിപ്പ് നല്കുന്നുണ്ട്. എല്ലാം 'പരിപാടികളാ'യി മാറുന്നതിന്‍റെ അപകടമാണിത്. പരിപാടിയായതിനാല്‍ വിജയിപ്പിക്കേണ്ടതുണ്ട്. വിജയിപ്പിക്കാന്‍ ആളും അര്‍ത്ഥവും വേണം.

പതിനായിരങ്ങളെ പങ്കെടുപ്പിക്കുന്ന കണ്‍വെന്‍ഷനുകളും, പള്ളിക്കു പുറത്തേയ്ക്കു നടത്തുന്ന പടുകൂറ്റന്‍ പ്രകടനങ്ങളും സഭയുടെ അന്തര്‍മുഖത്വത്തെയാണ് അടയാളപ്പെടുത്തുന്നത്; പ്രേഷിതഭാവത്തെയല്ല. എല്ലാം ശക്തിപ്രകടനമാക്കുമ്പോള്‍ സംഘാടകമികവു വിലയിരുത്തപ്പെടും. വിശ്വാസികളെ മുഴുവന്‍ പ്രായം തിരിച്ചും പരിപാടി നിശ്ചയിച്ചും വിവിധ സംഘങ്ങള്‍ക്കകത്താക്കി പുനഃസംഘടിപ്പിക്കുന്ന പുതിയ സഭാശൈലി 'സാച്ചുറേഷന്‍റെ' അപായനിലയെയാണ് ഓര്‍മിപ്പിക്കുന്നത്. ഉറവയിലെത്താത്ത ഉറവിടാന്വേഷണ ഗവേഷണങ്ങള്‍ രോഗാതുരമായ ഒരു സഭാഗാത്രത്തിന്‍റെ അവസാന അനക്കമാകാം. മിഷന്‍ പ്രവര്‍ത്തനം കേരളത്തിനു 'പുറത്തായത്' അത്ര നിഷ്കളങ്കമായ നേട്ടമൊന്നുമല്ല. ക്രൈസ്തവരിലെ 'ദളിതര്‍' 'വായിച്ചു തീരാത്ത' സുവിശേഷംതന്നെ. ചിലയിടങ്ങളിലെങ്കിലും, സെമിത്തേരിയിലും തുടരുന്ന അയിത്തം മറ്റെന്തിനെയാണ് അര്‍ത്ഥമാക്കുന്നത്? സഭയിലെ ദിനാചരണങ്ങളും വര്‍ഷാചരണങ്ങളും ആഘോഷങ്ങളുടെ ആള്‍ക്കൂട്ടബഹളമാകാതെ ക്രിസ്തുശൈലിയെ ഓര്‍മിപ്പിക്കുംവിധം ലളിതമാക്കാമോ? പാവങ്ങള്‍ക്കുവേണ്ടിയല്ല, പാവങ്ങളുടെ സഭയായി അവതരിക്കാനാകുമോ എന്നതാണു കാര്യം; പ്രശ്നവും.

"ഫലപ്രദമായ സുവിശേഷപ്രഘോഷണത്തിനു വിശുദ്ധ ജീവിതം അനിവാര്യമാണ്. ദൈവത്തെ പ്രഘോഷിക്കുന്നവന്‍ ദൈവമനുഷ്യനായിരിക്കണം" എന്ന ബെനഡിക്ട് പാപ്പയുടെ ഉപദേശം, ഫ്രാന്‍സിസ് പാപ്പ ഈ സന്ദേശത്തില്‍ ഉദ്ധരിക്കുമ്പോള്‍ സുവിശേഷമായി മാറുന്ന ഒരു ജീവിതം പ്രഘോഷണവിഷയമാകണമെന്ന അറിയിപ്പുണ്ട്.

പതിവുപോലെ മിഷന്‍ ഞായറാചരണം ഒരു പരിപാടിയായി അവസാനിക്കാതിരിക്കണം. മിഷനെ സഹായിക്കുന്ന പരമ്പരാഗത രീതി മാറി, മിഷനെ അറിയുവാനും അനുഭവിക്കുവാനുമുള്ള അവസരമുണ്ടാകണം. ഒപ്പം സുവിശേഷവത്കരിക്കേണ്ട ഇടങ്ങളെയും ഇടപെടലുകളെയും എന്നിലും എനിക്കു പുറത്തും ഞാന്‍ പുതുതായി കണ്ടെത്തുകയും വേണം.

മിഷന്‍ ദിനവും മാസാചരണവും നല്ലൊരു പ്രചാരണ പരിസരമാണ്. സത്യാനന്തരകാലത്തു പ്രധാന പ്രചാരണായുധം നാം തന്നെയാകുന്നതാണു നല്ലത്: അഞ്ചാമത്തെ സുവിശേഷം ജനം വായിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org