സ്വദേശത്തെ പരദേശികൾ

സ്വദേശത്തെ പരദേശികൾ

ആത്മാഭിമാനം സംസ്കാരത്തിന്‍റെ ലക്ഷണമാണ്. അത് ഒരാളെ, ഒരു സമൂഹത്തെ വളര്‍ച്ചയിലേക്കും ഉപരി നന്മകളിലേക്കുമാണു നയിക്കേണ്ടത്. ആത്മാഭിമാനത്തോടു ദുരഭിമാന ചിന്ത കലരുമ്പോള്‍ കെവിന്‍-നീനു ദുരന്തസംഭവങ്ങള്‍ അനിവാര്യമാകുന്നു. വര്‍ഗ-വര്‍ണങ്ങളുടെ പേരിലുള്ള അയിത്തവും വിവേചനവും നിയമംമൂലം നിരോധിച്ചിട്ടളള നാടാണു നമ്മുടേത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15-ലെ ഒന്നാംവകുപ്പ് മതത്തിന്‍റെ പേരിലുള്ള എല്ലാത്തരം വിവേചനങ്ങളെയും ഇല്ലാതാക്കിയിട്ടുള്ളതാണ്. ഈ നിരോധനാജ്ഞ, സമത്വാവകാശ നിയമം, ഭരണഘടനയുടെ കടലാസില്‍ മാത്രമാണുള്ളതെന്നും അതു ഭാരതീയ പൗരന്‍റെ അനുദിനവ്യവഹാരങ്ങളിലേക്കും തീരുമാനങ്ങളിലേക്കും ഇറങ്ങിയിട്ടില്ല എന്നും തെളിയിച്ചു, സമീപകാലത്തുണ്ടായ കെവിന്‍വധം.

വിവരത്തിലും സംസ്കാരത്തിലും കാതം ഏറെ മുന്നിലാണെന്നഭിമാനിക്കുന്ന കേരള കത്തോലിക്കരുടെ മനസ്സില്‍ നിന്നു ജാതി-വര്‍ഗ-വര്‍ണ-വിവേചനചിന്ത വിട്ടുപോയിട്ടില്ലെന്നു തെളിയിക്കാന്‍ കെവിന്‍വധം വരെ പോകേണ്ടതില്ല; സ്കൂള്‍ പ്രവേശനം മുതല്‍ സഭാമേലദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പില്‍ വരെ നിഴലിക്കുന്ന സമുദായ-വര്‍ഗചിന്തകള്‍ പരിശോധിച്ചാല്‍ മതിയാകും. എന്തു പറഞ്ഞു എന്നതിനേക്കാള്‍ ആരു പറഞ്ഞു എന്നതില്‍ അമിത ശ്രദ്ധ നല്കുന്നതും കഴിവിനേക്കാളുപരി അയാള്‍ ഏതു വിഭാഗത്തില്‍പ്പെട്ടയാളാണെന്നതിനു നിയമനസമയത്തു മുന്‍ഗണന നല്കുന്നതും വിശ്വാസത്തിനു മുകളില്‍ തന്നെയാണു ജാതിയും സമുദായവും എന്നതിന്‍റെ തെളിവുകളാണ്.

കത്തോലിക്കാസഭയുടെ നാലു ലക്ഷണങ്ങളില്‍ ഒന്ന് അതു സാര്‍വത്രികമാണ് എന്നതാണ്. കത്തോലിക്കാസഭയില്‍ സമുദായങ്ങള്‍ക്കുവേണ്ടി രൂപതകളില്ല. എന്നാല്‍ എല്ലാ രൂപതകളിലും വിവിധ സമുദായങ്ങളുണ്ട്; ഓരോ സമുദായത്തിനും അവരവരുടെ പാരമ്പര്യങ്ങളും തനത് ആചാരങ്ങളും പാലിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ജന്മംകൊണ്ടു പല സാമുദായിക തട്ടുകളിലാണു നാമെങ്കിലും മാമ്മോദീസ സ്വീകരിച്ചു കഴിയുമ്പോള്‍ എല്ലാവരും ഏകദൈവത്തിന്‍റെ മക്കളും യേശുവിന്‍റെ മൗതികശരീരത്തിലെ അംഗങ്ങളുമാണ്. "നിങ്ങളുടെ പഴയ ജീവിതത്തില്‍ നിന്നും രൂപംകൊണ്ട കലുഷിതമായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍. മനസ്സിന്‍റെ ചൈതന്യത്തില്‍ നവീകരിക്കപ്പെട്ട, യഥാര്‍ത്ഥമായ നീതിയിലും വിശുദ്ധിയിലും ദൈവത്തിന്‍റെ സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട, പുതിയ മനുഷ്യനെ ധരിക്കുവിന്‍. എല്ലാവരും ക്രിസ്തുവില്‍ ഒന്നാണ്" (എഫേ. 4: 22-24). മാമ്മോദീസായിലൂടെ ഒരു വിശ്വാസി സ്വീകരിക്കുന്ന ഈ പുതിയ സംസ്കാരത്തിന്‍റെ സാക്ഷാത്കാരത്തിലേക്കു നാമിനിയും വളരാനുണ്ട്.

2016 ഡിസംബറില്‍ ഭാരതത്തിലെ പിന്നോക്ക വിഭാഗ ക്രിസ്ത്യാനികളുടെ ഉന്നമനത്തിനായി ഒരു നയരേഖ സിബിസിഐ പുറപ്പെടുവിക്കുകയുണ്ടായി. ഭാരതത്തിലെ 173-ഓളം വരുന്ന രൂപതകളോടു തങ്ങളുടെ രൂപതാതിര്‍ത്തിയില്‍ എല്ലാത്തരത്തിലുമുള്ള വിവേചനങ്ങളും ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനപദ്ധതികള്‍ അവതരിപ്പിക്കണമെന്ന് ഇതില്‍ ആഹ്വാനം ചെയ്തിരുന്നു. ഭാരതത്തിലെ സാധാരണ കത്തോലിക്കര്‍ക്കിടയില്‍ മാത്രമല്ല, സഭയുടെ ഭരണസംവിധാനത്തില്‍പോലും മായാതെ കിടക്കുന്ന വര്‍ണവിവേചനത്തെക്കുറിച്ചു സിബിസിഐക്കു ബോദ്ധ്യമുണ്ടായിരുന്നു. അതിനാല്‍ത്തന്നെ ആ നയരേഖ ഒരേസമയം ഒരു താക്കീതും ഒരു ആത്മവിമര്‍ശനവുമായിരുന്നു.

ഭാരതത്തിലെ 20 മില്യനടുത്തുവരുന്ന ക്രിസ്ത്യാനികളില്‍ 12 മില്യന്‍ സമൂഹത്തിലെ പിന്നോക്ക സമുദായവിഭാഗങ്ങളില്‍ നിന്നു വിശ്വാസം സ്വീകരിച്ചു ക്രിസ്ത്യാനികളായവരാണ്. ഭാരതത്തിലെ 240-ഓളം ബിഷപ്പുമാരില്‍ ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ കേവലം 12 പേരേയുള്ളൂ എന്ന വസ്തുത നമുക്കിടയില്‍ നിലനില്ക്കുന്ന വിവേചനത്തിന്‍റെ ഒരു പ്രത്യക്ഷ ഉദാഹരണമാണ്. കാലം മാറിയതോടെ നമുക്കിടയിലെ ദലിത് ക്രൈസ്തവര്‍ നേരിടുന്ന വിവേചനങ്ങള്‍ക്കു 'ന്യൂജെന്‍' മാനവും വന്നിട്ടുണ്ട്.

ജൂണ്‍ 20-ന് അനുസ്മരിക്കപ്പെട്ട ലോക അഭയാര്‍ത്ഥിദിനത്തില്‍ ഫ്രാന്‍സിസ് പാപ്പ നല്കിയ സന്ദേശത്തിന്‍റെ തലക്കെട്ട് "വാതിലുകള്‍ തുറക്കുക" എന്നതായിരുന്നു. ദലിത് ക്രൈസ്തവര്‍ ഒരര്‍ത്ഥത്തില്‍ അഭയാര്‍ത്ഥികള്‍ തന്നെ. ക്രിസ്തുവിശ്വാസത്തിന്‍റെ പേരില്‍ സ്വസമുദായത്തിന്‍റെ ആനുകൂല്യങ്ങളില്‍ നിന്നു പുറത്താക്കപ്പെട്ടവര്‍. എന്നാല്‍ തങ്ങള്‍ ചെന്നുചേരാനാഗ്രഹിച്ച സഭാസമൂഹം അവര്‍ക്കു മുന്നില്‍ സമീകരണത്തിന്‍റെ വാതില്‍ പൂര്‍ണമായും തുറന്നുമില്ല. സ്വദേശത്തു പരദേശികളായി കഴിയാന്‍ വിധിക്കപ്പെട്ട ഇവരെ പാരമ്പര്യവും വിശ്വാസപൗരാണികത്വവും പറഞ്ഞു നെഞ്ചുവിരിച്ചു നില്ക്കുന്നവര്‍ തങ്ങളുടെ തോളൊപ്പം എന്നാണ് ചേര്‍ത്തുനിര്‍ത്തുക?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org