തെരഞ്ഞെടുക്കപ്പെട്ട ‘മുറിവുകള്‍’

തെരഞ്ഞെടുക്കപ്പെട്ട ‘മുറിവുകള്‍’

"യുദ്ധം ആര് ശരിയാണെന്നു നിര്‍ണയിക്കുന്നില്ല; ആര് അവശേഷിക്കണം എന്നു മാത്രമാണ് അതു തീരുമാനിക്കുന്നത്." തത്ത്വചിന്തകനായ ബര്‍ട്രാന്‍ഡ് റസ്സലിന്‍റെ ഈ നിരീക്ഷണം തെരഞ്ഞെടുപ്പു യുദ്ധാനന്തര ഭാരതത്തില്‍ ഏറെ പ്രസക്തമാണ്.

ശേഷിക്കുന്നതിലധികവും മുറിവുകളും, മുറിവേറ്റവരുമാണ്. നിണമണിഞ്ഞൊറ്റ മുറിവായി ആദ്യം മുമ്പില്‍ ഇന്ത്യയുടെ മതേതരമുഖം തന്നെയാണ്. മതേതരഭാരതം ഇക്കുറി പ്രചാരണ വിഷയമാക്കിയില്ലെന്നു മാത്രമല്ല, അതിനെതിരെ ശക്തമായി സംസാരിക്കുകയും തീവ്രഹിന്ദുത്വ നിലപാടുകള്‍ നിര്‍ലജ്ജം ആവര്‍ത്തിക്കുകയും ചെയ്ത ബിജെപി, ഇന്ത്യ, ഹിന്ദുക്കളുടേത് മാത്രമാണെന്നു വ്യക്തമായി പറയുകപോലും ചെയ്തു. ഗാന്ധിജിയുടെ ഘാതകര്‍ക്കു രാജ്യസ്നേഹിപ്പട്ടം പതിച്ചുനല്കുവോളം വെറുപ്പിന്‍റെ രാഷ്ട്രീയം കളം നിറഞ്ഞാടി.

തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ മാന്യതയുടെ മുഖം സമാനതകളില്ലാത്തവിധം വികൃതമാക്കപ്പെട്ട ഒരു തെരഞ്ഞെടുപ്പാണു കടന്നുപോയത്. ആശയങ്ങള്‍ തമ്മിലായിരുന്നില്ല പലപ്പോഴും പോരാട്ടം. വ്യക്തിപരമായ അധിക്ഷേപങ്ങള്‍കൊണ്ട് അന്തരീക്ഷം വിഷമയമായി. അധികാരത്തിന്‍റെയും പണത്തിന്‍റെയും ആധിപത്യം അക്രമാസക്തമാക്കിയ തെരഞ്ഞെടുപ്പു നാളുകളെ ഭാരതം ഭീതിയോടെ കണ്ടു.

തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളുടെ തെരഞ്ഞെടുപ്പില്‍പ്പോലും അനീതിയുടെ വിതരണക്രമമുണ്ടായി. രാജ്യം തെരഞ്ഞെടുപ്പിനൊരുങ്ങിയപ്പോള്‍ ജനം അഭിമുഖീകരിച്ച പ്രശ്നങ്ങള്‍ വളരെ വ്യക്തവും കൃത്യവുമായിരുന്നു. 'ജുഡീഷ്യറി ഉള്‍പ്പെടെ ജനാധിപത്യ സംവിധാനങ്ങളുടെ മേല്‍ നടത്തപ്പെട്ട ബോധപൂര്‍വകമായ കയ്യേറ്റം, നോട്ടുനിരോധനം, ജി എസ്ടിയുടെ അപ്രായോഗിക പ്രയോഗം, ഇന്ധനവില വര്‍ദ്ധന, റഫാല്‍ ഇടപാടിലെ സംശയങ്ങള്‍, വ്യക്തമായ വര്‍ഗീയ ധ്രൂവീകരണം, ദളിതരുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും മേലുള്ള നിരന്തരമായ ആക്രമണം. ഭക്ഷണത്തിലുള്‍ പ്പെടെ സ്വയം നിര്‍ണായകത്വം തുടങ്ങി, ഭരണഘടനാവകാശങ്ങളുടെ നിരന്തരമായ ലംഘനങ്ങള്‍… പക്ഷേ, ഏഴു ഘട്ടമായി നീണ്ട സുദീര്‍ഘവും സങ്കീര്‍ണവുമായ തെരഞ്ഞെടുപ്പു പ്രക്രിയയിലൊരിടത്തും ഈ പ്രശ്നങ്ങള്‍ ജനകീയവിചാരണയ്ക്കു വരാത്തവിധം മുഖ്യധാരാ 'മോഡിഫൈഡ്' മാധ്യമങ്ങള്‍ ഓരോ ഘട്ടത്തിലും ബി.ജെ.പി. നിശ്ചയിച്ച മുദ്രാവാക്യങ്ങള്‍ക്കു പുറകെ പോവുകയോ അതാണു വലിയ പ്രശ്നമെന്ന മട്ടില്‍ അവതരിപ്പിക്കുകയോ ചെയ്തു. പ്രതിപക്ഷമാകട്ടെ ബിജെപി മുന്‍കൂട്ടി തീരുമാനിച്ച ചോദ്യങ്ങള്‍ക്കും വിഷയങ്ങള്‍ക്കും മറുപടി നല്കി പ്രതിരോധത്തിലും. ചുരുക്കത്തില്‍ ഒരു ഭാഗത്തു മോദിയും മറുഭാഗത്തു മറ്റുള്ളവരും എന്ന മട്ടിലേക്കു തെരഞ്ഞെടുപ്പു ലളിതവത്കരിക്കപ്പെട്ടു.

തെരഞ്ഞെടുപ്പു പ്രക്രിയയുടെ പരിശുദ്ധിപോലും ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ 'മുറിവ്'പൂര്‍ണമായി. തെരഞ്ഞെടുപ്പിലുടനീളം തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നിലപാടുകള്‍ പക്ഷപാതപരമെന്ന ആരോപണം പലവട്ടമുയര്‍ന്നു. വോട്ടിംഗ് മെഷീന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഗൗരവമായ പരാതികള്‍പോലും കാര്യമായി ചര്‍ച്ച ചെയ്യപ്പെടാതെ പോയി. പഴയ ബാലറ്റ് രീതിയിലേക്കു മടങ്ങണമെന്ന ആവശ്യമുള്‍പ്പെടെ കമ്മീഷന്‍റെ സത്യസന്ധവും സുതാര്യവും നിഷ്പക്ഷവുമായ പ്രവര്‍ത്തനശൈലിയുടെ വീണ്ടെടുപ്പ് ഒരു ജനാധിപത്യസംവിധാനത്തിന്‍റെ സുരക്ഷിതവും സ്വതന്ത്രവുമായ നിലനില്പിന് അത്യാന്താപേക്ഷിതമാണ്.

പരാജയകാരണങ്ങളുടെ പരിശോധന സ്വാഭാവികമായും തോറ്റു പോയവരുടെ തലവിധിയാണ്. പട നയിച്ച രാഹുല്‍ ഒറ്റയ്ക്കായിരുന്നു എന്ന കണ്ടെത്തല്‍ ലളിതമെങ്കിലും സംഘടനാസംവിധാനത്തിന്‍റെ അസാന്നിദ്ധ്യമുയര്‍ത്തുന്ന പ്രശ്നങ്ങള്‍ സങ്കീര്‍ണമാണ്. രാഹുല്‍ പറഞ്ഞ 'ന്യായ്' പോലുള്ള നല്ല കാര്യങ്ങള്‍ അണികള്‍ക്കുപോലും മനസ്സിലായില്ല. അഥവാ അവരിലേക്കെത്തിയില്ല. ഒരു വ്യക്തിയുടെ ധാര്‍ഷ്ട്യത്തിന്‍റെ ഭാരവും ബാദ്ധ്യതയും ഒരു പാര്‍ട്ടി ഏറ്റെടുക്കേണ്ടിവന്നതാണു പരാജയ കാരണമെന്നതു ശത്രുപക്ഷ വീക്ഷണമായി തള്ളിക്കളഞ്ഞാലും നവോത്ഥാന മൂല്യങ്ങളുടെ മൊത്തവിതരണം തങ്ങള്‍ക്കു മാത്രമല്ലെന്ന തിരിച്ചറിവ് എല്‍ഡിഎഫിനും വേണ്ടതാണ്.

വ്യക്തമായ ഭൂരിപക്ഷത്തോടെതന്നെയാണു ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തിയത്. ജാതി-മത-വര്‍ഗ-വര്‍ണ-ലിംഗ ഭേദമെന്യേ ഇന്ത്യ എല്ലാവരുടേതുമാണ്, എല്ലാവര്‍ക്കുമുള്ളതാണെന്ന സമന്വയത്തിന്‍റെ സാഹോദര്യസന്ദേശം പങ്കുവയ്ക്കുന്നതായിരുന്നു പാര്‍ലമെന്‍റിലെ സെന്‍ട്രല്‍ ഹാളില്‍, ഇന്ത്യന്‍ ഭരണഘടനയെ തൊഴുതു നടത്തിയ മോദിയുടെ ആദ്യമൊഴികള്‍. മൊഴിയും വഴിയും ഒന്നാകുന്ന സമഭാവനയുടെ വികസിതഭാരതത്തെ തിരികെ നല്കാന്‍ പുതിയ പ്രധാനമന്ത്രിക്കാകട്ടെ. കേരളത്തിലെ യുഡിഎഫ് വിജയം ശബരിമലയ്ക്കുള്ള വോട്ട് മാത്രമല്ലെന്നും ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയുള്ള മലയാളിയുടെ ചെറുത്തുനില്പുതന്നെയായിരുന്നു എന്ന തിരിച്ചറിവ് യുഡിഎഫിനും ജനമനമറിഞ്ഞുള്ള ജനകീയ നടപടികളിലൂടെ പാര്‍ട്ടിക്കപ്പുറത്തേക്കിറങ്ങാന്‍ എല്‍ഡിഎഫിനും ഈ തെരഞ്ഞെടുപ്പു കാരണമാകണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org