സത്യവെളിച്ചത്തെ ഭയക്കുന്നവർ

സത്യവെളിച്ചത്തെ ഭയക്കുന്നവർ

2019-ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു ഡല്‍ഹി ആര്‍ച്ച്ബിഷപ് അനില്‍ കുട്ടോ തന്‍റെ അതിരൂപതയിലെ വിശ്വാസികള്‍ക്കു വേണ്ടി പുറപ്പെടുവിച്ച ഇടയലേഖനം വിവാദമായി. ഭാരതത്തിന്‍റെ ജനാധിപത്യസ്വഭാവത്തിനും മതനിരപേക്ഷതയ്ക്കും എതിരെ ഉയരുന്ന ഭരണഘടനാവിരുദ്ധമായ എല്ലാ രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ തന്‍റെ വിശ്വാസികള്‍ പ്രതിജ്ഞാബദ്ധരാകണമെന്നും പ്രാര്‍ത്ഥിക്കണമെന്നുമായിരുന്നു കത്തിന്‍റെ ഉള്ളടക്കം. മോദി ഗവണ്‍മെന്‍റ് കേന്ദ്രത്തില്‍ ഭരണത്തില്‍ വന്നതിനുശേഷം സമാന സ്വഭാവമുള്ള പല ആഹ്വാനങ്ങളും ക്രിസ്തീയസഭകളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. 2017 ഡിസംബറില്‍ ഗുജറാത്ത് ഇലക്ഷനോടനുബന്ധിച്ചു ഗാന്ധിനഗര്‍ ആര്‍ച്ച്ബിഷപ് തോമസ് മക്വാനും നാഗാലാന്‍റ് ഇലക്ഷനോടനുബന്ധിച്ചു നാഗാലാന്‍റ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് നേതാക്കള്‍ സംയുക്തമായും കഴിഞ്ഞ കര്‍ണാടക തിരഞ്ഞെടുപ്പിനോടനുബന്ധിച്ചും ഇത്തരം പ്രസ്താവനകള്‍ ഉണ്ടായി.

വര്‍ത്തമാന രാഷ്ട്രീയഭരണ നേതൃത്വത്തിനെതിരെ ഉയരുന്ന ന്യൂനപക്ഷങ്ങളുടെ ഇത്തരം പ്രതികരണങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഇത്തരം പ്രതികരണങ്ങളെ മാധ്യമ സ്വാധീനമുപയോഗിച്ചും അമിതമായി രാഷ്ട്രീയവത്കരിച്ചും താറടിച്ചു കാണിക്കാനും വിവാദവത്കരിക്കാനുമുള്ള വ്യഗ്രത ഭരണപക്ഷത്തിരിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടാവുന്നതു ഖേദകരമാണ്. രാജ്യത്തെ 110 കോടി വരുന്ന ജനങ്ങളെ ഭരിക്കുന്നവര്‍ കേവലം ഒരു ലക്ഷത്തില്‍ താഴെ മാത്രം വരുന്ന വിശ്വാസികള്‍ക്കായി അവരുടെ ഒരു ആത്മീയനേതാവ് എഴുതിയ കുറിപ്പിനെ ആവശ്യത്തിലധികം ഭയക്കുന്നതും അതിനെ ഒരു ദേശീയ പ്രശ്നമാക്കാന്‍ വ്യഗ്രതപ്പെടുന്നതും രണ്ടു കാര്യങ്ങളെ വെളിപ്പെടുത്തുന്നു. ഒന്ന്, ഭാരതത്തില്‍ സഭയുടെ ധാര്‍മ്മിക ശബ്ദത്തിനു പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. രണ്ട്, വര്‍ത്തമാനകാലത്തില്‍ ഭരണം കയ്യാളുന്നവര്‍ ചെറിയൊരു വിമര്‍ശനത്തെപ്പോലും അമിതമായി ഭയക്കുന്നു.

കേന്ദ്ര ഭരണനേതൃത്വവും ഡല്‍ഹി ആര്‍ച്ച്ബിഷപ്പും തമ്മിലുള്ള ഈ വിവാദം, 1163-1170 കാലയളവില്‍ ഇംഗ്ലണ്ട് രാജാവ് ഹെന്‍റി രണ്ടാമനും കാന്‍റര്‍ബറി ആര്‍ച്ച്ബിഷപ് തോമസ് ബെക്കറ്റും തമ്മിലുണ്ടായ ശീതസമരത്തെ അനുസ്മരിപ്പിക്കുന്നുണ്ട്. രാജാവിന്‍റെ ചാന്‍സലര്‍ ആയിരിക്കുമ്പോഴാണു തോമസ് ബെക്കറ്റ് ആര്‍ച്ച്ബിഷപ്പായി അവരോധിക്കപ്പെടുന്നത്. മെത്രാനായതിനുശേഷം ആഡംബരജീവിതം പരിപൂര്‍ണമായി ഉപേക്ഷിച്ചു ലളിതജീവിതം നയിച്ച തോമസ് ബെക്കറ്റ് രാജാവിന്‍റെ അനീതികളെ വിമര്‍ശിക്കുകയും സഭാകാര്യങ്ങളില്‍ രാജാവ് അമിതമായി ഇടപെടുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തു. തദ്ഫലമായി ആര്‍ച്ച്ബിഷപ് നാടു കടത്തപ്പെടുകയും 1170-ല്‍ രാജകിങ്കരന്മാരാല്‍ വധിക്കപ്പെടുകയു ചെയ്തു.

രാജ്യത്തിന്‍റെ സുസ്ഥിതിക്കും സദ്ഭരണത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമന്ന് ആഹ്വാനം ചെയ്യുന്ന ഒരു കുറിപ്പിനെ വലിയൊരു വിവാദമാക്കി അവതരിപ്പിക്കാനുള്ള ചിലരുടെ ഗൂഢതന്ത്രത്തിന് ഒരു ഇരയായി ആര്‍ച്ച്ബിഷപ് മാറിയതു നിര്‍ഭാഗ്യകരമായി. ചാനല്‍ചര്‍ച്ചകള്‍ നിയന്ത്രിക്കുന്നവരുടെ ചതിക്കുഴികള്‍ മനസ്സിലാക്കാനാവാതെ ചെന്നായ്ക്കള്‍ക്കിടയിലെ കുഞ്ഞാടുപോലെയായി ആര്‍ച്ച്ബിഷപ്.

പിതാവിന്‍റെ ഇടയലേഖനം സുതാര്യവും വിശദീകരണമോ ന്യായീകരണമോ ആവശ്യമില്ലാത്തതുമാണ്. അതിനെ വളച്ചൊടിച്ച് അനാവശ്യ കോലാഹലങ്ങള്‍ ഉണ്ടാക്കുക വഴി സമൂഹത്തിന്‍റെ മുന്നില്‍ തെറ്റിദ്ധാരണകളുടെ ഒരു പുകമറ സൃഷ്ടിക്കുകയാണ് അവതാരകര്‍ ചെയ്തത്. ഇലക്ഷന്‍ അടുക്കുമ്പോഴും വോട്ടിങ്ങ് സമയത്തും രാഷട്രീയലോകത്തുതന്നെ തിരഞ്ഞെടുപ്പിനെ തുരങ്കം വയ്ക്കുന്ന ഒട്ടനവധി കാര്യങ്ങള്‍ നടക്കുന്നുണ്ട്. എതിര്‍ചേരിയിലെ നേതാക്കള്‍ക്കെതിരെയുള്ള നുണപ്രചരണങ്ങള്‍, വര്‍ഗീയതയും സാമുദായിക സ്പര്‍ദ്ധയും വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള കവലപ്രസംഗങ്ങള്‍, വോട്ടുബാങ്കിനെ ലക്ഷ്യമിട്ടുള്ള നോട്ടുകളികള്‍, കൂറുമാറുന്നതിനുള്ള വിലപേശലുകള്‍… ഇലക്ഷന്‍ കാലത്തെ ഇത്തരം ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാനോ അന്വേഷിച്ചു കുറ്റവാളികളെ ശിക്ഷിക്കാനോ അധികമാരും മിനക്കെടാറില്ല. ഇലക്ഷന്‍ കാലത്തു നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍, വോട്ടിങ്ങ് യന്ത്രത്തിലെ സാങ്കേതിക പിഴവുകള്‍ തുടങ്ങി പല അതിക്രമ സംഭവങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കു ശിക്ഷയും ഇരകള്‍ക്കു നീതിയും ഇനിയും ലഭിച്ചിട്ടില്ല.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 നല്കുന്ന ആശയസംവേദന സ്വാതന്ത്ര്യത്തിനകത്തുനിന്ന് ആര്‍ച്ച്ബിഷപ് അനില്‍ കുട്ടോ പുറപ്പെടുവിച്ച ഈ ഇടയലേഖനത്തെച്ചൊല്ലിയുള്ള അനാവശ്യ വിവാദങ്ങള്‍ അവസാനിപ്പിക്കണം. തന്‍റെ അജപാലന പരിധിയിലുള്ള വിശ്വാസികളെ സത്യത്തിന്‍റെ പ്രകാശത്തിലേക്കു നയിക്കാനുള്ള ഒരു ആത്മീയാചാര്യന്‍റെ പ്രവര്‍ത്തനസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org