Latest News
|^| Home -> Editorial -> ഉടഞ്ഞ് ഉയിരാകാന്‍

ഉടഞ്ഞ് ഉയിരാകാന്‍

Sathyadeepam

അതിരുകളെ സ്നേഹത്താല്‍ അടയാളപ്പെടുത്തണമെന്ന ആഹ്വാനത്തോടെയാണു ക്രിസ്തുദൗത്യം അവസാനിപ്പിച്ചത്. ശിഷ്യര്‍ തുടങ്ങുന്നതും അവിടെനിന്നാണ്. ആ ശ്ലൈഹികതുടര്‍ച്ച നല്കുന്ന അഭിഷേകത്തിന്‍റെ അനന്തരാവകാശികളാണു മെത്രാന്മാരും വൈദികരും. സുവിശേഷവത്കരണത്തിന്‍റെ ഈ ആഗോളദൗത്യം അതിന്‍റെ അനുഷ്ഠാനതലത്തിലും സഭാത്മകസമ്പ്രദായത്തിലും സഭ നിരന്തരം നിര്‍വഹിച്ചുപോന്നതു അതിശക്തമായ വൈദിക-സന്ന്യാസ സമൂഹങ്ങളിലൂടെയാണ്.

എന്നാല്‍ പുറത്തുവരുന്ന പുതിയ കണക്കുകള്‍ സഭയുടെ സമര്‍പ്പിതസമ്പത്തിലെ ശോഷണങ്ങളുടെ കഥ പറയുന്നവയാണ്. കഴിഞ്ഞ ദശകത്തില്‍ കത്തോലിക്കരുടെ എണ്ണം മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ വൈദികരുടെ എണ്ണത്തില്‍ കുറവുണ്ടായി. അതേസമയം ബിഷപ്പുമാരുടെയും സ്ഥിരം ഡീക്കന്മാരുടെയും എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാവുകയും ചെയ്തു. കത്തോലിക്കരുടെ എണ്ണം എല്ലാ ഭൂഖണ്ഡത്തിലും വര്‍ദ്ധിച്ചതായാണു കണക്കുകള്‍.

എന്നാല്‍ ലോകമെമ്പാടും വൈദികരുടെ എണ്ണം 2016-ലെ 414969-ല്‍ നിന്ന് 414582 ആയി കുറഞ്ഞു. സന്ന്യാസികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. 2013 മുതല്‍ തുടര്‍ച്ചയായി 1.6 ശതമാനത്തിന്‍റെ കുറവുണ്ടാകുന്നുണ്ട്. 2001-ല്‍ 79200 സന്ന്യാസികളുണ്ടായിരുന്നപ്പോള്‍ 2017-ല്‍ 648910 ആയി കുറഞ്ഞതു ഗൗരവമായി കാണണം. വൈദിക-സന്ന്യാസാര്‍ത്ഥികളുടെ എണ്ണത്തിലും കുറവുണ്ടാകുന്നുണ്ട്. 2016-ല്‍ 116160 അര്‍ത്ഥികളുണ്ടായിരുന്നത്. 2017-ലേക്കെത്തിയപ്പോള്‍ 115328 ആയി കുറഞ്ഞു. 2019-ലെ പൊന്തിഫിക്കല്‍ ഇയര്‍ബുക്കും The Annuarium Statiscum Ecclesiae 2017 ഉം സംയുക്തമായി സമാഹരിച്ചു പ്രസിദ്ധീകരിച്ച കണക്കുകളാണിവ. എന്നാല്‍ നാം കൂടുതല്‍ ഭയപ്പെടേണ്ടതു ഗുണനിലവാരത്തകര്‍ച്ചയെയാകണം.

2017 ഒക്ടോബര്‍ 7-ന് വത്തിക്കാനിലെ വൈദികര്‍ക്കുവേണ്ടിയുള്ള കാര്യാലയം സംഘടിപ്പിച്ച വൈദികപരിശീലന പഠന ശിബിരത്തില്‍ പങ്കെടുത്തുകൊണ്ടു ഫ്രാന്‍സിസ് പാപ്പ നടത്തിയ നിരീക്ഷണങ്ങള്‍ വൈദികരെക്കുറിച്ചും അവരുടെ പരിശീലനത്തില്‍ സ്വീകരിക്കേണ്ട സമീപനങ്ങളെക്കുറിച്ചും വ്യക്തവും വ്യത്യസ്തവുമായ നിലപാടുകളാല്‍ ശ്രദ്ധേയമായി.

“ഒരു ശില്പിയുടെ കയ്യിലെ കളിമണ്ണുപോലെ വൈദികാര്‍ത്ഥികള്‍ തങ്ങളെത്തന്നെ ദൈവകരങ്ങളിലേക്കു സമര്‍പ്പിക്കേണ്ടതുണ്ട്. വിധേയത്വത്തിന്‍റെ ഈ വിട്ടുകൊടുക്കലിലാണു ക്രിസ്തുവിന്‍റെ ഹൃദയത്തിനിണങ്ങിയ മട്ടില്‍ വൈദികരുടെ രൂപമാറ്റം സംഭവിക്കുന്നത്.”

പരിശീലനം പരിപൂര്‍ണമായും ദൈവികപ്രവൃത്തിയാകയാല്‍, പരിശീലകരും ഈ ‘പാത്രനിര്‍മിതി’യില്‍ “നിത്യശില്പിയുടെ പണിശാലയില്‍” തങ്ങളെത്തന്നെ സഹായികളാക്കേണ്ടതുണ്ടെന്നു പാപ്പ ഓര്‍മിപ്പിക്കുന്നു. “വെറും കളിമണ്ണു മാത്രമാകാതെ ദൈവകൃപയുടെ ഉത്തരവാദിത്വമുള്ള സഹകാരികളാകാനുള്ള കടമ വൈദികര്‍ക്കും വൈദികാര്‍ത്ഥികള്‍ക്കുമുണ്ടെ”ന്നു പാപ്പ കൂട്ടിച്ചേര്‍ക്കുന്നു.

വൈദികപരിശീലനത്തില്‍ ദൈവജനത്തിന്‍റെ പങ്കും പങ്കാളിത്തവും ശ്രദ്ധേയമാണ്. “മണ്‍പാത്ര നിധിയുടെ നിര്‍മാണശാലയിലെ പ്രധാന മൂശ ദൈവജനം തന്നെയാണ്. അവരുടെ പ്രതീക്ഷകളും, മുറിവനുഭവങ്ങളുമാണ് ആത്മീയ-അജപാലക-ബൗദ്ധിക പരിശീലനങ്ങളെ സാദ്ധ്യമാക്കുന്ന യഥാര്‍ത്ഥ പരിശീലനക്കളരി.”

ഓരോ വൈദികനും ക്രിസ്തുവില്‍ അനുദിനം പരിവര്‍ത്തിതമാകാതെ പോകുന്നതിന്‍റെ അപകടവും പാപ്പ ചൂണ്ടിക്കാണിക്കുന്നു. “ദൈവവചനത്തോട് ആത്മാര്‍ത്ഥതയും ദൈവജനത്തോടു പ്രതിബദ്ധതയുമില്ലാതെ, ശുശ്രൂഷയില്‍ കയ്പും മടുപ്പും നിറഞ്ഞവസാനിക്കുന്ന അപചയമാണത്.”

ആടിന്‍റെ ചൂരുള്ള നല്ലിടയമാതൃകയിലേക്കുള്ള അകലത്തെ അളന്നു പറയുന്നുണ്ട് പാപ്പ ഇവിടെ. അധികാരത്തോടു നിര്‍മമതയും സമ്പത്തിനോടു നിര്‍വികാരതയും ശരീരത്തോടു നൈര്‍മല്യവും പുലര്‍ത്തുന്നതാണ് ഒരു വൈദികനിലെ ദൈവികത്വം. കടന്നുപോകുന്ന ഒരു ജീവിതത്തെ നിരന്തരം അടയാളപ്പെടുത്തേണ്ടയാള്‍, തന്നെ കടന്നുപോകുന്നവരെ ആദരിക്കാത്തത് കഷ്ടമല്ലേ? പൊറുതിയുടെ പുണ്യം പൂവായി വിരിയേണ്ട വാക്കുകളില്‍ വെറുപ്പിന്‍റെ മുള്ളും മുനയും ഒളിച്ചുകളിക്കുന്നതു സങ്കടകരമല്ലേ? കാര്യസ്ഥതയുടെ കണക്കുകളില്‍ ഉടമസ്ഥതയുടെ ധാര്‍ഷ്ട്യം വഴിതെറ്റിയവന്‍റെ അതാര്യതാസൂചനയല്ലേ? കെട്ടിടനിര്‍മാണത്തേക്കാള്‍, കൂട്ടായ്മാനിര്‍മിതിയാണു പ്രധാനമെന്ന ജ്ഞാനത്താല്‍ സ്നാനപ്പെടാത്തതു ‘പേരു’ദോഷമല്ലേ?

ഔപചാരികതയില്ലാതെ ആരിലേക്കുമിറങ്ങുന്ന തിരുഹൃദയവിശാലതയുടെ അര്‍ത്ഥപൂര്‍ണമായ ആവിഷ്കാരമാകണം ക്രിസ്തീയ പൗരോഹിത്യം. കാരണം ക്രിസ്തുവിനെ വേണ്ടിടത്തൊക്കെ അവന്‍റെ പുരോഹിതനെയും വേണം.

Leave a Comment

*
*