|^| Home -> Editorial -> ദുരന്തങ്ങള്‍ ആഘോഷിക്കരുത്

ദുരന്തങ്ങള്‍ ആഘോഷിക്കരുത്

Sathyadeepam

പൗരന്‍റെ സുരക്ഷയുടെ കണ്ണും കാതുമാണു രാജ്യത്തെ പൊലീസും പട്ടാളവും. നാം സുഖമായുറങ്ങാന്‍ ഉണര്‍ന്നിരിക്കുന്നവര്‍; നാം സമാധാനത്തിലായിരിക്കാന്‍ സ്വന്തം സമാധാനം പ്രതിസന്ധിയിലാക്കുന്നവര്‍. എന്നാല്‍ അവരുടെ സുരക്ഷയോ?

സിആര്‍പിഎഫിന്‍റെ വാഹനവ്യൂഹത്തിലേക്കു കാഷ്മീരുകാരന്‍ തീവ്രവാദി ആര്‍ഡിഎക്സ് നിറച്ച വാഹനം ഇടിച്ചുകയറ്റി സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമയിലെ സംഭവവും അതേത്തുടര്‍ന്നു പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ വാക്കുകൊണ്ടും തോക്കുകൊണ്ടും നടന്ന ആക്രമണ പ്രത്യാക്രമണങ്ങളും രാജ്യത്തെ പൗരന്മാരുടെയും സൈനികരുടെയും സുരക്ഷയെ സംബന്ധിക്കുന്ന അനേകം ചോദ്യങ്ങളാണ് ഉയര്‍ത്തിവിട്ടിരിക്കുന്നത്. രാജ്യത്തെ സംരക്ഷിക്കാന്‍ ജീവിതം ബലി നല്കുന്ന ജവാന്മാര്‍ക്കു മരണാന്തരബഹുമതികള്‍ നല്കാനും അവരുടെ മരണത്തെ വീരമൃത്യുവെന്നു വിശേഷിപ്പിച്ചാഘോഷിക്കാനും ഭരണനേതൃത്വം കാണിക്കുന്ന ഉത്സാഹം അവരുടെ ജീവന്‍ സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിലും അവരുടെ ജീവനുള്ള ശരീരത്തെ ബഹുമാനിക്കുന്നതിലും പുലര്‍ത്താനാകണം.

സ്വന്തം യശസ്സുയര്‍ത്താനും സ്വന്തം പാര്‍ട്ടിയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനും സൈനികാക്രമണങ്ങളെയും ദുരന്തങ്ങളെയും ഉപയോഗിക്കുന്ന പ്രവണത ദേശീയതലത്തില്‍ വര്‍ദ്ധിച്ചുവരികയാണ്. നരേന്ദ്ര മോദി താന്‍ നയിക്കുന്ന പാര്‍ട്ടിയുടെ പ്രധാനമന്ത്രിയല്ല, ഈ രാജ്യത്തിന്‍റെ മുഴുവന്‍ പ്രധാനമന്ത്രിയാണെന്നുള്ള സ്മരണ ഉണ്ടാകണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ പ്രസ്താവം ഈ സത്യത്തിലേക്കു വിരല്‍ചൂണ്ടുന്നു. സ്വന്തം ഉത്തരവാദിത്വ നിര്‍വഹണത്തിലെ വീഴ്ച മൂലമുണ്ടാകുന്ന ദുരന്തങ്ങളെ മൂടിവയ്ക്കാന്‍ മാത്രമല്ല അതിനെ ദേശസ്നേഹത്തിന്‍റെയും ദേശീയതയുടെയും പേരുപറഞ്ഞു ജനത്തിന്‍റെ കയ്യടി നേടുന്ന കാര്യങ്ങളാക്കി മാറ്റാനും ശ്രമിക്കുന്ന ഒരു ദേശീയ നേതൃത്വമാണു നമുക്കുള്ളതെന്നോര്‍ത്തു ലജ്ജിക്കുക.

പുല്‍വാമയില്‍ നടന്ന ദാരുണമായ സൈനികമൃത്യുവിന്‍റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ മേഖലയില്‍ നാം നടത്തിയെന്ന് അവകാശപ്പെടുന്ന വ്യോമാക്രമണവും ദേശസ്നേഹം കുത്തിനിറച്ച പ്രധാനമന്ത്രിയുടെ ചൂടുള്ള പ്രസംഗങ്ങളും വരാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പിനെയും സാധാരണ ജനത്തിന്‍റെ വോട്ടിനെയും ലക്ഷ്യമാക്കിയുള്ളതാണെന്ന് അല്പം അവധാനതയോടെ ചിന്തിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. സ്വന്തം അധികാരക്കസേര ഉറപ്പിക്കാനും അജണ്ടകള്‍ നടപ്പിലാക്കാനും ഇത്തരം കസര്‍ത്തുകള്‍ നടത്തുന്നവരുടെ ഗൂഢതന്ത്രങ്ങള്‍ നാം തിരിച്ചറിയണം. രാജ്യത്തിനു സുരക്ഷയും സമാധാനവും പ്രദാനം ചെയ്യുന്ന സൈനികരുടെ ത്യാഗസമര്‍പ്പണത്തിന്‍റെ തണലില്‍ ഇത്തരം ഭരണനേതൃത്വങ്ങള്‍ കയ്യടി നേടരുത്.

വസ്തുതകളെ വളച്ചൊടിച്ചു സ്വപക്ഷത്തിനനുകൂലമാക്കാനും പാരമ്പര്യത്തിന്‍റെയും സഭാസ്നേഹത്തിന്‍റെയും പേരുപറഞ്ഞ് ആത്മവിമര്‍ശനത്തിന്‍റെ മുനയൊടിക്കാനുമുള്ള പ്രവണത നമുക്കിടയിലും പതുക്കെ വേരോടിത്തുടങ്ങിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചകളിലും നമ്മുടെ ചില പരസ്യപ്രസ്താവങ്ങളിലും കടന്നുവരുന്ന ഈ കപടഭാവത്തെ തപസ്സുകൊണ്ടു തകര്‍ക്കുന്നതാകട്ടെ ഈ നോമ്പുകാലത്തിലെ നമ്മുടെ കുരിശുവഴി.

Leave a Comment

*
*