|^| Home -> Editorial -> ചുരുങ്ങുന്ന പെണ്ണിടങ്ങള്‍

ചുരുങ്ങുന്ന പെണ്ണിടങ്ങള്‍

Sathyadeepam

പെണ്‍പെരുമ വാഴ്ത്തിന്‍റെ ആരവാഘോഷങ്ങളോടെ മറ്റൊരു വനിതാദിനംകൂടി കടന്നുപോകുമ്പോള്‍, കലണ്ടറക്കത്തിലെ നാലു ‘ചുവരുകള്‍’ക്കപ്പുറം അവളുടെ ജീവിതം അടയാളപ്പെട്ടുവോ എന്ന അന്വേഷണം അനിവാര്യമാകുന്നുണ്ട്. ശരിയാണ്, അതിജീവിച്ചവരെയും, അതിശയിപ്പിച്ചവരെയും അക്കമിട്ട് അണിയിച്ചൊരുക്കിത്തന്നെയാണു മാര്‍ച്ച് 8-ലെ പത്രമാസികകളും ദൃശ്യമാധ്യമങ്ങളും സ്ത്രീമാഹാത്മ്യത്തെ അവതരിപ്പിച്ചത്. എന്നാല്‍ ഇതിങ്ങനെ എപ്പോഴും അസാധാരണമാകുന്നിടത്തു തന്നെയാണു സ്ത്രീശാക്തീകരണ സമീപനങ്ങളുടെ അപചയവും.

അര നൂറ്റാണ്ടിലധികമായി തുടരുന്ന ഫെമിനിസ്റ്റ് സംവാദങ്ങളും ചര്‍ച്ചകളും സ്ത്രീനവോത്ഥാന വഴികളില്‍ അവള്‍ക്കു വിളക്കായോ എന്നു പരിശോധിക്കേണ്ടതുണ്ട്. തൊഴിലിടങ്ങളിലെ ലിംഗവിവേചനത്തെയും സാമ്പത്തിക-വികസനനയങ്ങളിലെ പുറന്തള്ളലുകളെയും അതുവഴി താഴെത്തട്ടിലുള്ള ബഹുഭൂരിപക്ഷം സ്ത്രീകളും അനുഭവിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളെയും ക്രിയാത്മകമായി അഭിമുഖീകരിക്കാന്‍ കഴിയാതെ സംവിധാനങ്ങളെ പഴിച്ചും പരസ്പരം പതം പറഞ്ഞും അവയൊക്കെയും ഒഴിഞ്ഞുമാറിയോ എന്നതും ചര്‍ച്ചാവിഷയമാകണം. വസ്ത്രവിതരണശാലകളില്‍ പകലന്തിയോളം പണിയെടുക്കുന്ന പാവപ്പെട്ട പെണ്ണുങ്ങള്‍ ഇടയ്ക്കൊന്നിരുന്നതുപോലും ഈ അടുത്ത കാലത്താണ് എന്നതും നാം മറക്കരുത്. അപ്പോഴുംഅനാവശ്യമായ ആര്‍ത്തവചര്‍ച്ചകളുടെ ആവര്‍ത്തനങ്ങളില്‍ അവളിലെ ‘അയിത്ത’മോര്‍മിക്കുകയും ചെയ്തു.

സ്ത്രീകളെ കുടുംബത്തിലേക്കു തന്നെ ചുരുങ്ങാന്‍ നിര്‍ബന്ധിതമാക്കുന്ന സാമ്പത്തികവ്യവഹാരങ്ങളെ ചോദ്യം ചെയ്യുകയോ പ്രശ്നവത്കരിക്കുകയോ ചെയ്യാതുള്ള എല്ലാ ഇടപെടലുകളും തൊലിപ്പുറത്തെ ചികിത്സ മാത്രമേ ആകുന്നുള്ളൂ. ആണധീശ സമൂഹത്തിന്‍റെ ആജ്ഞകള്‍ക്കടിയില്‍ ഒതുങ്ങിയുമുടഞ്ഞും അവസാനിക്കാതെ സമൂഹത്തിന്‍റെ സമസ്തമേഖലകളെയും സഹായിച്ചും സ്വാധീനിച്ചും സാക്ഷാത്കാരത്തിന്‍റെ പുതിയ സാദ്ധ്യതകളെ അവള്‍ ഇനിയും കണ്ടെത്തണം. അതിനവളെ പ്രാപ്തയാക്കുകയാണു നാം ചെയ്യേണ്ടത്.

സംരംഭകത്വത്തിലെ സ്ത്രീസാന്നിദ്ധ്യം പെണ്‍പെരുമയായി ഇന്നു കണക്കാക്കപ്പെടുന്നുണ്ട്. പുതുതായി കടന്നുവരുന്ന സ്ത്രീ സംരംഭകര്‍ സ്ത്രീശാക്തീകരണത്തിന്‍റെ പുതിയ മുഖവും മുന്നേറ്റവുമായി വാഴ്ത്തപ്പെടുമ്പോള്‍ നിയോലിബറല്‍ ഇക്കോണമിയുടെ സുരക്ഷിത നിക്ഷേപസാദ്ധ്യതയാണവരെന്ന സത്യം എവിടെയോ മറയ്ക്കപ്പെടുന്നുണ്ട്. പൊതുവില്‍ കുടുംബം വിട്ടു ദൂരയൊന്നും പോകാറില്ലാത്ത, മാനഹാനി ഭയപ്പെടുന്ന സ്ത്രീയോളം സുരക്ഷിതമായ ‘നിക്ഷേപയിടം’ മറ്റൊന്നില്ല. ഒപ്പം കുടുംബം ഉദാരീകരണവിപണിയുടെ നല്ലൊരു വിളവെടുപ്പു കേന്ദ്രമായി മാറുന്ന അപകടത്തെയും മറന്നുകൂടാ. ഇത്തരം വ്യവഹാരയിടങ്ങളെ മറികടക്കാനുള്ള പരിവര്‍ത്തിതശക്തിയാലാണവള്‍ യഥാര്‍ത്ഥത്തില്‍ നിരന്തരം നിര്‍ണയിക്കപ്പെടേണ്ടത്. സ്ത്രീകള്‍ ‘അബല’കളാകയാല്‍ ചില സംവരണസൗജന്യങ്ങളുടെ ചുമരില്‍ അവരെ എപ്പോഴും ചാരിനിര്‍ത്തുന്ന സാമൂഹ്യനയത്തിലെ അന്യായമാണ് ആദ്യം തിരുത്തപ്പെടേണ്ടത്. ജൈവികഘടനയിലെ വ്യത്യാസം വേര്‍തിരിവിനുള്ള ലൈസന്‍സല്ല. ലിംഗസമത്വം ഭരണകൂടത്തിന്‍റെ ഔദാര്യമല്ല. ഭരണഘടന നല്കുന്ന അവകാശമാണ്.

സഭാതലത്തിലും സ്ത്രീകള്‍ എപ്രകാരം വ്യവഹരിക്കപ്പെടുന്നുവെന്നതും പ്രധാനപ്പെട്ടതാണ്. സൃഷ്ടിയില്‍ പുരുഷനോടൊപ്പമുള്ള അവളുടെ തുല്യത ദൈവഛായയുടെ സാദൃശ്യവും സാക്ഷാത്കാരവുമെന്നിരിക്കെ (ഉത്പ. 1:26, 27) ദൈവികപദ്ധതിയെപ്പോലും അട്ടിമറിക്കുംവിധം അവള്‍ രണ്ടാമൂഴക്കാരിയായത് എങ്ങനെയാണ്? എന്തുകൊണ്ടാണ്? “…സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. നിങ്ങളെല്ലാവരും യേശുക്രിസ്തുവില്‍ ഒന്നാണ് (ഗലാ. 3:28) എന്ന ക്രിസ്തുദര്‍ശനത്തില്‍ നിന്നും സമൂഹത്തോടൊപ്പം, സഭയും വഴുതിപ്പോയതിന്‍റെ കാരണങ്ങളിലുണ്ട്, അകത്തളങ്ങളിലൊതുങ്ങിപ്പോയ അവളുടെ ജീവിതദുരിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍. ക്രിസ്തുവിനെ അനുഗമിച്ച സ്ത്രീകളെ സഭ പിന്നീടു അവഗണിച്ചുവോ എന്നു പരിശോധിക്കണം. ഇന്ത്യയില്‍ കത്തോലിക്കാസഭയ്ക്ക് ഒരു ലിംഗസമത്വനയമുണ്ടായതുപോലും 2010-ലാണ്. 28-ാമത് അഖില ഭാരത മെത്രാന്‍ സമിതിയുടെ ജനറല്‍ അസംബ്ലിയുടെ നിര്‍ദ്ദേശങ്ങള്‍ക്കൊടുവില്‍ സ്ത്രീശാക്തീകരണത്തെ ലിംഗസമത്വത്തിന്‍റെ ആത്മാവായി അവതരിപ്പിച്ച ‘ജെന്‍ഡര്‍ പോളിസി’യുടെ നയപരിപാടികള്‍ സഭയില്‍ പിന്നീട് എപ്രകാരം നടപ്പിലാക്കപ്പെട്ടുവെന്നു ചിന്തിക്കണം. ഈയിടെ സമാപിച്ച ആമസോണ്‍ സിനഡ് സ്ത്രീകളെ സഭയുടെ ഹൃദയഭാഗത്തു പ്രതിഷ്ഠിക്കണമെന്നാണ് ആവശ്യപ്പെട്ടത്. അവര്‍ക്ക് എല്ലാത്തരം ഉത്തരവാദിത്വങ്ങളും പദവികളും നല്കാനും പാപ്പ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

എന്നാല്‍ വേദപാഠം പഠിപ്പിച്ചും പള്ളി ശുചീകരിച്ചും സ്വീകരണവേളകളില്‍ അലങ്കാരക്കുടയായും ‘ശക്തരാകുന്ന’ വനിതകളെക്കുറിച്ചു സഭ വാചാലയാകുമ്പോള്‍, ഭരണനിര്‍വഹണ തലങ്ങളില്‍ ഇപ്പോഴും തുടരുന്ന അവരുടെ നിശ്ശബ്ദതയും നിസ്സംഗതയും വല്ലാതെ ഒച്ചയുണ്ടാക്കുന്നുണ്ട്. പള്ളി ട്രസ്റ്റി പോലുള്ള ഉത്തരവാദിത്വങ്ങളിലേക്ക് അവളിപ്പോഴും ‘പാക’മായിട്ടില്ലെന്നു നമുക്കു നന്നായറിയാം…! ‘സ്ത്രീയെ നീയെന്തിനാണ് കരയുന്നതെന്ന്’ ഒരാള്‍ മാത്രമേ അവളോടു ചോദിച്ചിട്ടുള്ളൂ. അവളെ നിരന്തരം കരയിക്കുന്ന നമുക്ക് ഒഴിവാക്കുകയാണെളുപ്പം, അവളെയും ചില ചോദ്യങ്ങളെയും.

Leave a Comment

*
*