Latest News
|^| Home -> Editorial -> തെരഞ്ഞെടുപ്പിലെ ‘തെരഞ്ഞെടുപ്പുകള്‍’

തെരഞ്ഞെടുപ്പിലെ ‘തെരഞ്ഞെടുപ്പുകള്‍’

Sathyadeepam

പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കേളികൊട്ടുയര്‍ന്നു. മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥിപട്ടികയുടെ അന്തിമ മിനുക്കുപണിയിലാണ്. ശതകോടികളുടെ തെരഞ്ഞെടുപ്പു ചെലവുകള്‍ ഇന്ത്യപോലുള്ള ഒരു വികസ്വരരാജ്യത്തിനു താങ്ങാവുന്നതിനപ്പുറമെങ്കിലും ജനാധിപത്യശരീരത്തിന്‍റെ പ്രാണവായുതന്നെ, അഞ്ചാണ്ടിലൊരിക്കലെത്തുന്ന, ഈ ഭരണഘടനാബാദ്ധ്യത.

135 കോടി ജനസംഖ്യയില്‍ 90 കോടി ആളുകളാണ് ഇക്കുറി തങ്ങളുടെ ജനാധിപത്യാവകാശം വിനിയോഗിക്കുക. അതില്‍ 8.4 കോടി പേര്‍ പുതിയ വോട്ടര്‍മാരാകും. രാഷ്ട്രത്തിന്‍റെ വിഭവശേഷിയില്‍ ഏറിയ പങ്കും ഈ വലിയ തെരഞ്ഞുപ്പുത്സവത്തിലേക്ക് ഏകീകരിക്കപ്പെടുമ്പോള്‍ അതുയര്‍ത്തുന്ന വെല്ലുവിളികള്‍ നാം തിരിച്ചറിയണം.

ജാതി-മത-വര്‍ഗ-വര്‍ണ ഭേദമെന്യേ മനുഷ്യന്‍റെ സമഗ്രവിമോചനം പ്രധാന പ്രവര്‍ത്തന പരിപാടിയാക്കുന്ന രാഷ്ട്രീയത്തെ തന്നെയാണു ജനം ആദ്യം തിരിച്ചറിയേണ്ടതും തിരഞ്ഞെടുക്കേണ്ടതും. വെവ്വേറെ നില്ക്കാനുള്ള കാരണങ്ങളെ വേഗത്തില്‍ തിരയുന്ന ഇക്കാലത്ത്, പരസ്പരം ചേര്‍ത്തുനിര്‍ത്തുന്ന കാര്യങ്ങളുടെ കര്‍മ്മക്രമമുണ്ടാകണം. കോര്‍പ്പറേറ്റുകളുടെ വളര്‍ച്ചാവേഗവിന്യാസങ്ങളില്‍ വേരു പറിയുന്നവരുടെ വേദനയ്ക്കൊപ്പം നില്ക്കുന്ന വേദവും വേണം. ഒപ്പം നാടിനോടുള്ള കൂറും വിശ്വാസ്യതയുമുള്ള വ്യക്തികള്‍ നേതൃനിരയിലേക്കെത്തുന്നുവെന്ന് ഉറപ്പാക്കണം. കാരണം, പരിപാടികളുടെ പ്രായോഗികത നല്ല നേതൃത്വത്തിലൂടെയാണു നിലയുറപ്പിക്കുന്നത്. നിലപാടുകളിലെ സത്യസന്ധതയും വീക്ഷണങ്ങളിലെ വിശാലതയും രാഷ്ട്രീയത്തെ നവീകരിക്കുന്നു, രാഷ്ട്രത്തെയും.

ജനകീയപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും, നീതിപൂര്‍വ്വകവും സുതാര്യവുമായ തിരഞ്ഞെടുപ്പുചട്ടം പാലിക്കപ്പെടുകയും വേണം. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ജനാധിപത്യമൂല്യങ്ങളില്‍ അടിസ്ഥാനമിട്ട, ഇന്ത്യന്‍ ഭരണഘടന ഉറപ്പുതരുന്ന പൗരാവകാശങ്ങളുടെ പ്രായോഗികക്ഷമത പരിശോധിക്കപ്പെടുന്ന അവസരമാണ് ഓരോ തിരഞ്ഞെടുപ്പും. കാരണം “ജനാധിപത്യമെന്നാല്‍ ഒരു ഭരണസംവിധാനമെന്നതിനപ്പുറം സഹജീവിയോടുള്ള അഗാധമായ ആദരവും ബഹുമാനവുമാണെ”ന്ന് പഠിപ്പിച്ചത് ഭരണഘടനാശില്പിയായ ഡോ. അംബേദ്ക്കര്‍ തന്നെയാണ്.

തെരഞ്ഞെടുപ്പ് ഏറ്റവും തികഞ്ഞതിനെ തിരിച്ചറിയാനുള്ള അവസരമാണ്. രാജ്യത്തിനും രാജ്യസേവനത്തിനും തികഞ്ഞയാള്‍; രാഷ്ട്രീയത്തിനപ്പുറത്ത് രാഷ്ട്രത്തെ ഒന്നായും ഒന്നാമതായും കാണാന്‍ കഴിയുന്നയാള്‍. എല്ലാവര്‍ക്കും ഉടുക്കാനുള്ള തുണി തികഞ്ഞിട്ടു മതി, തനിക്ക് ഉടു തുണി എന്ന അറിവില്‍, അരച്ചാണ്‍ ഉടുപ്പില്‍ തന്നെയൊതുക്കിയ ‘ആ അര്‍ദ്ധനഗ്നത’ ഇന്ത്യയുടെ കൊടിയടയാളമാക്കുന്നയാള്‍ മതി. അവസാനത്തെയാള്‍ക്കു വരെ ‘തന്നെയത്താഴമാക്കു’വോളം ‘അള്‍ത്താര’യ്ക്കൊരു രാഷ്ട്രീയമുണ്ടെന്നറിയിച്ച ‘സുവിശേഷം’ തെരഞ്ഞെടുക്കുന്നവര്‍ക്കും തെരഞ്ഞടുക്കപ്പെടുന്നവര്‍ക്കും നല്ല പാഠമാകട്ടെ.

നേതൃത്വത്തിന്‍റെ ക്രിസ്തുശൈലി സമഭാവനയുടെ സമാശ്ലേഷണമാണെന്ന സൂചന നല്കുന്ന രണ്ടു ലേഖനങ്ങള്‍ ഈ ലക്കത്തില്‍ മുഖക്കുറിയായി ചേര്‍ത്തിട്ടുണ്ട്. എല്ലാവര്‍ക്കും ഇടം കൊടുക്കുവോളം സ്വയം ചിതറി മാറിയവന്‍റെ സുവിശേഷം പുതിയ നേതൃത്വത്തെ നേരും നെറിയുമുള്ളതാക്കട്ടെ.

Leave a Comment

*
*