വിനോദയാത്രകൾ വിലാപയാത്രകളാക്കരുത്

വിനോദയാത്രകൾ വിലാപയാത്രകളാക്കരുത്

"ആയിരം കാതം ദൈര്‍ഘ്യമുള്ള ഒരു യാത്ര ആരംഭിക്കുന്നത് ഒരു ചുവടില്‍നിന്നാണ്." ചിന്തകന്‍ ലാവോത്സെയുടെ ഈ വാക്കുകള്‍ക്ക് തീവില നല്കേണ്ടിവന്ന ഒരാഴ്ചയാണു കടന്നുപോയത്. യാത്രയുടെ ആദ്യചുവടു മാത്രമല്ല ഓരോ ചുവടും അതീവ ശ്രദ്ധയോടെയാവണം എന്ന് ഓരോ യാത്രാദുരന്തവും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

കേരള-തമിഴ്നാട് അതിര്‍ത്തിയിലുള്ള കൊളുക്കുമലയില്‍ സാഹസികയാത്രയ്ക്കു പോയ സംഘം കാട്ടുതീയില്‍പ്പെട്ട വാര്‍ത്ത നാം കേട്ടു. പരീക്ഷകള്‍ കഴിഞ്ഞു വേനല്‍ അവധി ആരംഭിക്കുകയാണ്; ഒപ്പം വിനോദയാത്രകളുടെ പെരുമഴക്കാലവും. ഇടവകയുടേതായും ഭക്തസംഘടനകളുടേതായും ധാരാളം വിനോദയാത്രകള്‍, തീര്‍ത്ഥയാത്രകള്‍ ഇക്കാലത്ത് സംഘടിപ്പിക്കപ്പെടും. വിനോദയാത്രകള്‍ക്കായി പോകുന്ന എല്ലാത്തരം സംഘങ്ങള്‍ക്കും അതിനു നേതൃത്വം നല്കുന്നവര്‍ക്കും ഒരു പാഠമാണ്, മുന്നറിയിപ്പാണ് കൊളുക്കുമല സംഭവം.

പ്രകൃതിസുന്ദരമായ ധാരാളം സന്ദര്‍ശനസ്ഥലങ്ങള്‍ നിറഞ്ഞതാണ് ദൈവത്തിന്‍റെ ഈ സ്വന്തം നാട്. ദര്‍ശനസുഖത്തോടൊപ്പം അപകടസാദ്ധ്യതയും ഇവിടെയൊക്കെയുണ്ട്. വിവരമുള്ളവരുടെ സാന്നിദ്ധ്യവും വേണ്ടത്ര മുന്‍കരുതലുകളും ഇല്ലെങ്കില്‍ വിനോദയാത്രകള്‍ വിലാപയാത്രകളായേക്കാം. കൊളുക്കുമല സംഭവത്തില്‍ വഴികാട്ടിയായി വന്നയാള്‍ അപകടസമയത്ത് ഓടി രക്ഷപെട്ടത്രേ. ഇത്തരം സാഹസികയാത്രകള്‍ക്കു പോകുന്നവര്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. പക്ഷേ, സന്ദര്‍ശനം നടത്തുന്ന സ്ഥലത്തെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങള്‍പോലും മിക്കയിടത്തും ലഭ്യമല്ല. 'ഗൂഗിള്‍ ഗുരു'വാണ് പലപ്പോഴും പലരുടെയും ആശ്രയം.

കേരളത്തില്‍ത്തന്നെ സര്‍ക്കാരിന്‍റെ ഔദ്യോഗിക വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍പ്പെടാത്ത നിരവധി സ്ഥലങ്ങളുണ്ട്. പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും ചെങ്കുത്തായ മലഞ്ചെരിവുകളുമൊക്കെ ഇതില്‍പ്പെടുന്നു. അവിടെയൊക്കെ മുന്നറിയിപ്പ് ബോര്‍ഡുകളോ ഗാര്‍ഡുകളോ ഇല്ലാത്തത് ഇനിയും ഇത്തരം ദുരന്തങ്ങള്‍ക്കു വഴിവയ്ക്കും.

ജീവിതത്തിലെ പിരിമുറുക്കങ്ങള്‍ കുറയ്ക്കാനും കൂട്ടായ്മ വര്‍ദ്ധിപ്പിക്കാനും വര്‍ദ്ധിതവീര്യത്തോടെ വീണ്ടും ജീവിതത്തിന്‍റെ ഉത്തരവാദിത്വങ്ങളിലേക്കു കടക്കാനുമുള്ള ടോണിക്കാണു വിനോദയാത്രകള്‍. നാം നടത്തുന്ന ഉല്ലാസയാത്രകള്‍ക്ക് അര്‍ത്ഥമുണ്ടാകുന്നതപ്പോഴാണ്. എന്നാല്‍ വിനോദയാത്രയുടെ പേരുപറഞ്ഞു നമ്മുടെ കോളജ്-സ്കൂള്‍-സംഘടനാതലങ്ങളില്‍ നടത്തപ്പെടുന്ന പല യാത്രകളും ഇത്തരത്തില്‍പെടുന്നവയാണോ എന്ന് ഗൗരവപൂര്‍വം ചിന്തിക്കേണ്ടിയിരിക്കുന്നു. വേണ്ടാത്ത കാര്യങ്ങള്‍ പറയാനും അകറ്റിനിര്‍ത്തേണ്ട ചില ശീലങ്ങള്‍ പരീക്ഷിക്കാനും അരുതാത്ത ചില ബന്ധങ്ങള്‍ ആരംഭിക്കാനും കാണരുതാത്ത ചില കാഴ്ചകള്‍ കാണാനും ഉല്ലാസയാത്രകള്‍ വേദികളാകുന്നുണ്ട്. മനുഷ്യനിലെ മൃഗീയവാസനകളെ കെട്ടഴിച്ചുവിടാനുള്ള ഒരവസരമാകരുത് വിനോദയാത്രകള്‍. മൃഗം, സംസ്കാരം സ്വന്തമാക്കിയതാണല്ലോ മനുഷ്യന്‍.

ഉല്ലാസയാത്രകളിലെ എന്‍റെ സന്തോഷം മറ്റുള്ളവരുടെയൊക്കെ സന്തോഷം തല്ലിക്കെടുത്തിക്കൊണ്ടുള്ളതാകരുത്. യാത്രയ്ക്കു പോകുന്ന എന്‍റെ ഉല്ലാസവഴികള്‍ എന്‍റെ വീട്ടിലുള്ളവര്‍ക്ക് അതിരില്ലാത്ത ഉത്ക്കണ്ഠയും ആധിയും സമ്മാനിക്കുന്നതാകരുത്. ഉല്ലാസയാത്രകളുടെ ഈ ഉള്‍ക്കാമ്പ് അറിയുന്നവരാകണം അവയെ നയിക്കേണ്ടതും നിയന്ത്രിക്കേണ്ടതും. എന്നാല്‍ പലപ്പോഴും വിനോദയാത്രകള്‍ക്കു ചുക്കാന്‍ പിടിക്കുന്നവര്‍ ഇത്തരം പിഴവുകള്‍ മനഃപൂര്‍വം കണ്ടില്ലെന്നു നടിക്കുന്നുണ്ട്; ചിലര്‍ അതിനെ ന്യായീകരിക്കുന്നുണ്ട്. ഓര്‍ക്കുക, ആഴമുള്ള ലക്ഷ്യബോധങ്ങളാണു നമ്മുടെ ജീവിതയാത്രയെ ജ്വലിപ്പിച്ചിട്ടുള്ളത്; അഭിനിവേശങ്ങള്‍ നമ്മുടെ യാത്രകളെ അവതാളത്തിലാക്കിയിട്ടുണ്ട്. വിനോദത്തിനായി കാടുകയറുമ്പോള്‍ കരുതല്‍ ഉണ്ടാകണം; എങ്കിലേ നാട്ടിലേക്കിറങ്ങുമ്പോള്‍ നമ്മില്‍ നന്മയുണ്ടാകൂ.

അവധിക്കാലം ആരംഭിക്കുകയാണ്; ചെറുതും വലുതുമായ നമ്മുടെ വിനോദയാത്രകളില്‍ കരുതലും മുന്‍കരുതലും ഒരുപോലെ ഉണ്ടാകട്ടെ. ഓര്‍ക്കുക, യഥാര്‍ത്ഥ ഉല്ലാസ യാത്രകള്‍ മനസ്സിലേക്കാണു നടത്തേണ്ടത്; പോകുന്ന സ്ഥലം അതിലേക്കുള്ള ചൂണ്ടുപലക മാത്രം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org