|^| Home -> Editorial -> കൊറോണയെന്ന മുന്നറിയിപ്പ്

കൊറോണയെന്ന മുന്നറിയിപ്പ്

Sathyadeepam

ആളൊഴിഞ്ഞു മൂകമായ വത്തിക്കാന്‍ ചത്വരത്തിലേക്കു കരങ്ങള്‍ നീട്ടി ആശീര്‍വദിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ കരളുലയ്ക്കുന്ന ദൃശ്യം കൊറോണക്കാലത്തെ കണ്ണീര്‍ചിത്രമായി. ലോകം മുഴുവന്‍ സ്വയം അടച്ചിട്ടകത്തിരിക്കാന്‍ തുടങ്ങിയിട്ടു ദിവസങ്ങളേറെയായി. 2019 ഡിസംബറില്‍ ചൈനയിലെ വുഹാന്‍ നഗരത്തിലെ മത്സ്യമാര്‍ക്കറ്റില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട കൊറോണ വൈറസ്, അതിരുകള്‍ മായ്ച്ച് അതിവേഗം ഒരു ആഗോളദുരന്തമായി തുടരുമ്പോള്‍, ഇതെങ്ങനെ പ്രതിരോധിക്കണമെന്നറിയാതെ പരിഭ്രാന്തിയിലാണു ലോകസമൂഹം.

കോവിഡ് ബാധിതരുടെ എണ്ണം 170 രാജ്യങ്ങളിലായി 2,16,834 കടന്നുവെന്നാണ് ഏറ്റവും ഒടുവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മരണസംഖ്യ 8,908 ആയി ഉയരുകയും ചെയ്തു.

ആദ്യ രോഗസൂചന നല്കിയ ഞെട്ടലില്‍ നിന്നും അതിവേഗമുണര്‍ന്ന ചൈന അതിശക്തമായി സ്വീകരിച്ച നടപടികളിലൂടെയും, മാസങ്ങള്‍ നീണ്ട തീവ്രപ്രതിരോധ പ്രയത്നങ്ങള്‍ക്കൊടുവിലും കോവിഡ് 19-നെ ഒരുവിധം വരുതിയിലാക്കിക്കഴിഞ്ഞു.

എന്നാല്‍ തുടക്കത്തില്‍ത്തന്നെ കൊറോണഭീഷണിക്കെതിരെ പുലര്‍ത്തിയ അസാധാരണമായ അലംഭാവത്തിന് ഇറ്റലി വലിയ വില കൊടുക്കേണ്ടി വന്നു. ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടകരാജ്യം അങ്ങനെ യൂറോപ്പിനെ മുഴുവന്‍ രോഗഗ്രസ്തമാക്കുന്നതിനു നിമിത്തമായെന്നു മാത്രമല്ല, സ്വയം ‘ക്വാറന്‍റൈനി’ ലേക്ക് ഒതുങ്ങി ഒറ്റപ്പെടുകയും ചെയ്തു.

ഇന്ത്യയില്‍ കൊറോണയുടെ ആദ്യറിപ്പോര്‍ട്ടിംഗ്, കേരളത്തിലായിരുന്നു. ലോകാദരവ് നേടിയ ‘നിപ്പ’ പ്രതിരോധ പരിപാടികള്‍ നല്കിയ ആത്മവിശ്വാസത്തില്‍, കേരളത്തിലെ ആരോഗ്യ വകുപ്പു സ്വീകരിച്ച മുന്‍കരുതലുകള്‍, രോഗബാധിതരെ നിര്‍ണയിക്കുവാനും രോഗവ്യാപനത്തെ നിയന്ത്രിക്കാനും സഹായിച്ചു.

എന്നാലിപ്പോള്‍ അതിന്‍റെ രണ്ടാം ഘട്ടത്തില്‍ വലിയ പരിഭ്രാന്തിയിലാണു കേരളവും ആരോഗ്യപ്രവര്‍ത്തകരും. കൊറോണബാധിതരാജ്യങ്ങളില്‍ നിന്നും അവധിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി എത്തിയ സ്വദേശികളും വിദേശികളും ആരോഗ്യവകുപ്പിന്‍റെ ജാഗ്രതാനിര്‍ദ്ദേശങ്ങളോടു നിരന്തരമായി നിസ്സഹകരിച്ചതോടെ സ്ഥിതി വഷളാവുകയായിരുന്നു.

ഇന്ത്യയില്‍ ആദ്യകൊറോണ മരണം കര്‍ണാടകയിലും പിന്നീടു ഡല്‍ഹിയിലുമായിരുന്നു. രാജ്യത്താകെ രോഗബാധിതരുടെ എണ്ണം 100 കടന്നപ്പോള്‍ത്തന്നെ അതീവജാഗ്രതയുടെ അസാധാരണ മുന്നറിയിപ്പുകളോടെ രാജ്യവും ഉണര്‍ന്നു. 50 പേരിലധികം വരുന്ന ആള്‍ക്കൂട്ടനിയന്ത്രണവും രാജ്യാന്തര അതിര്‍ത്തികള്‍ അടിച്ചിടാനുള്ള അടിയന്തിരനിര്‍ദ്ദേശവും സാഹചര്യത്തിന്‍റെ ഗൗരവം അടയാളപ്പെടുത്തുന്നതായി.

പരസ്പര സമ്പര്‍ക്കം രോഗവ്യാപനത്തിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുമെന്ന തിരിച്ചറിവില്‍ അത്തരം സാഹചര്യങ്ങള്‍ ബോധപൂര്‍വം ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളോടു വളരെ ക്രിയാത്മകമായാണു ക്രൈസ്തവസഭകള്‍ പൊതുവിലും കത്തോലിക്കാസഭ പ്രത്യേകിച്ചും പ്രതികരിച്ചത്. മാര്‍ച്ച് 19-ലെ ഊട്ടുനേര്‍ച്ചകളുള്‍പ്പെടെയുള്ള വലിയ ആള്‍ക്കൂട്ടസാദ്ധ്യതകളെ ഒഴിവാക്കിയും ധ്യാനപരിപാടികളും മറ്റും റദ്ദാക്കിയും കൊറോണ നിര്‍മ്മാര്‍ജ്ജനശ്രമങ്ങളില്‍ പൊതുസമൂഹത്തോടൊപ്പം നിന്ന സഭയുടെ സമീപനം മാതൃകാപരമാണ്. ആവശ്യമെങ്കില്‍ പ്രായമായവരെയു കുട്ടികളെയും ഒഴിവാക്കിക്കൊണ്ടു ദിവ്യബലിയര്‍പ്പണവേളകളിലെ നിയന്ത്രണം തുടരാവുന്നതാണ്. മുഖാവരണങ്ങള്‍ സൗജന്യമായി നിര്‍മിച്ചു നല്കി ഇടവകകൂട്ടായ്മകളുംസോഷ്യല്‍ സര്‍വീസ് ഫോറങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാനെത്തിയതും ശ്രദ്ധേയമായി.

അസാധാരണമായ ഈ സ്ഥിതിവിശേഷത്തില്‍ ലോകം ഒറ്റക്കെട്ടായി പ്രതിരോധവഴികളിലൊന്നിക്കുമ്പോള്‍ പ്രതിലോമകരമായ പ്രവര്‍ത്തനങ്ങളിലൂടെ ഭീതിയുടെയും വൈരത്തിന്‍റെയും ‘വൈറസ്’ സന്ദേശവ്യാപനത്തിനും സോഷ്യല്‍ മീഡിയ സാക്ഷ്യം വഹിച്ചു. ‘മതം തോറ്റു, ശാസ്ത്രം ജയിച്ചു’ എന്ന തരത്തി ലുള്ള സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പരസ്പര സമ്പര്‍ക്കമൊഴിവാക്കാനുള്ള സാമൂഹ്യ ഉത്തരവാദിത്വത്തോട് സക്രിയമായി പ്രതികരിച്ചുകൊണ്ടു മതപരമായ ചടങ്ങുകള്‍ മാറ്റിവയ്ക്കുകയോ നിയന്ത്രിക്കുകയോ ചെയ്ത പശ്ചാത്തലത്തിലായിരുന്നു അത്തരം അസംബന്ധ പ്രചാരണങ്ങള്‍ അരങ്ങു വാണത്. അതേസമയം ‘സമൃദ്ധിയുടെ സുവിശേഷകര്‍’ക്കുള്ള താക്കീതായി കൊറോണയെ കൂട്ടുപിടിച്ചവരുമുണ്ടായി.

രോഗം വരാതെ നോക്കുകതന്നെയാണു പ്രധാന പ്രതിവിധി. അപ്പോഴും പുറത്തിറങ്ങാതെ ഒരു നാടു മുഴുവന്‍ എത്രകാലം അകത്തിരിക്കണമെന്ന ചോദ്യമുണ്ട്. അതുളവാക്കുന്ന സാമ്പത്തികാഘാതത്തിന്‍റെ അളവെത്രയെന്ന നിരാശയുണ്ട്. ഇത്തരം പകര്‍ച്ചവ്യാധികളുടെ അടുത്ത വരവ് അതിശക്തമായാല്‍, പ്രതിരോധിക്കാന്‍ നമ്മുടെ കയ്യിലെന്തുണ്ട് എന്ന ആകുലതയുണ്ട്. ഒഴിഞ്ഞ തെരുവുകള്‍ ദിവസവേതനക്കാരായ ഒരുപാട് സാധാരണക്കാര്‍ക്കു നല്കുന്ന വേവലാതികള്‍ കൊറോണയില്‍ മുങ്ങിപ്പോകുന്നതിന്‍റെ സങ്കടമുണ്ട്.

കൊറോണ ഒരു മുന്നറിയിപ്പാണ്. സാമൂഹിക ഉത്തരവാദിത്വത്തിന്‍റെ കരുതല്‍ വഴികളില്‍ ജാഗ്രതയോടെ നാമിനിയും മുന്നേറാനുണ്ടെന്ന മുന്നറിയിപ്പ്.

Leave a Comment

*
*