Latest News
|^| Home -> Editorial -> നില’വിളി’യുടെ ദൈവദൂരം

നില’വിളി’യുടെ ദൈവദൂരം

Sathyadeepam

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ സഭാപ്രസിദ്ധീകരണത്താളുകളിലെ പ്രധാന പരസ്യവിശേഷം ദൈവവിളിയുടേതാണ്. കുട്ടികളിലെ സമര്‍പ്പിതാഭിമുഖ്യത്തെ തിരിച്ചറിയാനും തെരഞ്ഞെടുക്കാനും സഹായിക്കുന്ന ആദ്യ ഔദ്യോഗിക പരിസരം ദൈവവിളി ക്യാമ്പുകള്‍ തന്നെയാണ്. ബ്രഹ്മചര്യം പോലുള്ള ഗൗരവമായ തീരുമാനത്തിനു പാകമായ ഒരു പ്രായത്തിലല്ല ഇത്തരം തെരഞ്ഞെടുപ്പുകള്‍ എന്നൊരു വാദമുണ്ട്. പക്ഷേ, പരിശീലനം സാദ്ധ്യമാകുന്നത് ഒരാളുടെ ജീവിതത്തിലെ ആദ്യഘട്ടങ്ങളിലാണെന്ന വസ്തുതയും മറന്നുകൂടാ. ഒപ്പം തത്ത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങളിലൂടെ പുരോഗമിക്കുന്ന ദീര്‍ഘമായ വൈദികപരിശീലനത്തിന്‍റെ ഏതു ഘട്ടത്തിലും പുനരാലോചനയ്ക്കുള്ള അവസരവുമൊരുക്കുന്നുണ്ട്.

ഒരു ‘നിലവിളി’ ഉറക്കം നഷ്ടപ്പെടുത്തുന്നിടത്താണ് ഒരാളുടെ ദൈവവിളിയുടെ ആദ്യലക്ഷണം. ഒരു ജനതയുടെ നിലവിളിയാണു മോശയെ വലിയ നിയോഗത്തിന്‍റെ മല കയറ്റിയത്.

“ഈജിപ്തിലുള്ള എന്‍റെ ജനത്തിന്‍റെ ക്ലേശങ്ങള്‍ ഞാന്‍ കണ്ടു. അവരില്‍ നിന്ന് ഉയര്‍ന്നുവന്ന രോദനം ഞാന്‍ കേട്ടു” (പുറ. 3:7). ഈ നിലവിളിയുടെ വ്യക്തതയ്ക്കായി ഒരാള്‍ തന്‍റെ കണ്ണും കാതും മനസ്സും ഹൃദയവും വചനവെട്ടത്തില്‍ പരിവര്‍ത്തനം ചെയ്യുന്നതത്രേ വൈദികപരിശീലനം. പിന്നെയാ ‘നിലവിളി’ക്കു പിന്നാലെയുള്ള അലച്ചില്‍, സമര്‍പ്പിതജീവിതവും.

ഒടുവില്‍ അത് അവസാനിക്കേണ്ടതും ഒരു നിലവിളിയില്‍ത്തന്നെയാണ് (ലൂക്കാ 23:46). പക്ഷേ, അതു കൈവിട്ടതിന്‍റെ സങ്കടത്താലല്ല; എല്ലാം കയ്യേല്പിച്ചതിന്‍റെ മനോഗുണത്താല്‍.

നിരന്തരം പരിവര്‍ത്തിതമാകുന്ന സമൂഹത്തിന്‍റെ മാറ്റത്തിന്‍റെ വേഗതയ്ക്കൊപ്പം നില്ക്കണം നമ്മുടെ വൈദികപരിശീലനം. ഗുരുകുലത്തിന്‍റെ മല്പാനേറ്റില്‍നിന്ന്, സംഘാതവും സങ്കീര്‍ണവുമായ സെമിനാരി പരിശീലനത്തിലേക്കതു വികസിച്ചപ്പോള്‍, ക്രിസ്തുവിന്‍റെ മനസ്സറിയുന്ന പരിശീലകരെയും അവന്‍റെ ഹൃദയത്തിനിണങ്ങിയ ഇടയരെയും സമൂഹം പ്രതീക്ഷിക്കുന്നുണ്ട്.

‘നാം സ്നേഹിക്കുന്നതെന്തും നമ്മെക്കുറിച്ചു പറയുമെന്ന്’ ലോകത്തോടു പറഞ്ഞതു തോമസ് അക്വീനാസാണ്. ‘ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുത’യെന്നു വചനസാക്ഷ്യം. ലോകത്തില്‍ തുടരുമ്പോഴും, ലോകത്തിന്‍റേതാകാതിരിക്കാനുള്ള ശ്രമങ്ങളിലുടെതന്നെയാണ് ഒരാളുടെ സമര്‍പ്പണം പുരോഗമിക്കുന്നത്.

“പിതാവായ ദൈവത്തിന്‍റെ അനിതരസാധാരണമായ കരുണയുടെ സാക്ഷികളും ശുശ്രൂഷകരുമാണു വൈദികര്‍ എന്ന ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മപ്പെടുത്തല്‍, നമ്മുടെ വൈദികപരിശീലനത്തിന്‍റെ ദിശയെ നിര്‍ണയിക്കണം. അരികുകളിലെ നിലവിളികളെ ദൈവവിളിയായി സ്വീകരിക്കുമ്പോള്‍ ആടിന്‍റെ ചൂരുള്ള ഇടയന്മാരുണ്ടാകും.

ഈ ലക്കത്തില്‍, കന്ദമാലിന്‍റെ കണ്ണീര്‍ത്തുള്ളി, സി. മീനയുടെ തുറന്നു പറച്ചില്‍, കടന്നുപോകുന്ന ക്രിസ്തുവിനെ അടയാളപ്പെടുത്തുന്നു. ദൈവവിളിയുടെ സത്യവും മിഥ്യയും തേടുന്ന മുഖലേഖനം ദീര്‍ഘകാലം സെമിനാരി പരിശീലകനും റെക്ടറുമായിരുന്ന ബഹു. ആന്‍റണി നരികുളമച്ചന്‍റേതാണ്.

ഒരാള്‍ക്കു ക്രിസ്തു ഒരു ശല്യമായി കടന്നുകൂടുന്നതുതന്നെയാണു ദൈവവിളി. ദൈവവിചാരം ഏകവിചാരമാക്കുമ്പോഴും, തനിക്കു ചുറ്റും സംഭവിക്കുന്നവയെപ്പറ്റി പലവിചാരപ്പെടുമ്പോഴാണ് ഉത്ഥാനനന്തരം ‘ഗലീലി’ യില്‍ കാത്തുനിന്നവന്‍ യഥാര്‍ത്ഥ വഴിയും വാതിലുമാകുന്നത്.

Leave a Comment

*
*