ഒഴിഞ്ഞ കല്ലറയും ഉപേക്ഷിച്ച കച്ചയും

ഒഴിഞ്ഞ കല്ലറയും ഉപേക്ഷിച്ച കച്ചയും

ലൗകികതയില്‍ തണുത്തു മരവിച്ചുപോയ നമ്മുടെ മനസ്സുകളെ ക്രിസ്തുസന്നിധിയിലിരുന്നു ചൂടുപിടിപ്പിക്കണം എന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനത്തോടെ നാം ആരംഭിച്ച നോമ്പുകാലം ഉയിര്‍പ്പിന്‍റെ തേജസിലേക്കു മിഴി തറക്കുകയാണ്. എല്ലാ സഹനങ്ങള്‍ക്കുമപ്പുറം ഉയിര്‍പ്പിന്‍റെ ഒരു ലോകമുണ്ട് എന്ന ഉറപ്പോടെ ഉത്ഥാനത്തിരുനാളിലേക്കു നമുക്കു പ്രവേശിക്കാം.

ഇറങ്ങുംതോറും ആഴമേറുന്ന ഒരു അത്ഭുതകുളമാണു വി. ഗ്രന്ഥം എന്ന് സഭാപിതാവ് വി. ജെറോമിന്‍റെ ഒരു നിരീക്ഷണമുണ്ട്. അടുക്കുംതോറും ആഴം കൂടുന്ന ഒരു അത്ഭുതക്കുളം തന്നെയാണ് ഉത്ഥിതന്‍ ഉപേക്ഷിച്ച ഈ കല്ലറയും. ഈ ഒഴിഞ്ഞ കല്ലറ ആനന്ദത്തിന്‍റെ നിറവാണ്; പത്തു മാസം ഉദരം നിറഞ്ഞുകിടന്നിരുന്ന ഒരു ജീവനെ ഉദരം ശൂന്യമാക്കി പുറത്തെടുത്ത് ഒരു പെണ്ണ് മാതൃത്വത്തിന്‍റെ ഉത്ഥാനമഹിമയിലേക്കുയരുന്നതുപോലെ. ഉയിര്‍പ്പ് സമ്പാദനത്തിന്‍റെ പടയോട്ടമല്ല, ശൂന്യമാക്കലിന്‍റെ കല്ലറകളാണു നമുക്കു സമ്മാനിക്കുന്നത്. ഈസ്റ്റര്‍ യേശുവിന്‍റെ ഉത്ഥാനമഹിമയെ നോക്കിനില്ക്കലല്ല; വ്യക്തിപരമായി അതില്‍ മുങ്ങിനിവരലാണ്.

യേശുവിന്‍റെ ഉത്ഥാനമഹിമയിലുള്ള വ്യക്തിപരമായ ഈ മുങ്ങിനിവരലിനു ശിഷ്യര്‍ക്കു പന്തക്കുസ്തവരെ കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ സ്ത്രീകളാകട്ടെ ഉത്ഥാന അനുഭവം കല്ലറയില്‍നിന്നുതന്നെ സ്വന്തമാക്കിയവരാണ്. എന്നാല്‍ ശിഷ്യര്‍ അവരുടെ വാക്കുകള്‍ പൂര്‍ണമായും വിശ്വസിച്ചില്ല. ഓസ്ട്രേലിയന്‍ എഴുത്തുകാരന്‍ ഹ്യൂമെക്കെ തന്‍റെ "The Good Life" എന്ന പുസ്തകത്തില്‍ ഒരു നല്ല ജീവിതത്തെ നിര്‍വചിക്കുന്നുണ്ട്. "വക്കുവരെ നിറഞ്ഞു തുളുമ്പി നില്ക്കുന്നതല്ല ഒരു നല്ല ജീവിതം; മറിച്ച് മറ്റുള്ളവര്‍ക്കായി ഒഴുക്കിക്കളയാന്‍ അതിനെ ചരിച്ചുപിടിക്കുന്നതാണ്."

തന്‍റെ ശരീരം കിടന്ന കല്ലറയും തന്‍റെ മൃതശരീരം പൊതിഞ്ഞ കച്ചയും ഉപേക്ഷിച്ചതാണ് യേശുവിന്‍റെ ഉത്ഥാനം. കച്ചകള്‍ പൊതിഞ്ഞു കിടക്കാനുള്ള മനുഷ്യന്‍റെ ആഗ്രഹം അവനെ കല്ലറകളില്‍ ഒതുക്കിയിട്ടേയുള്ളൂ. കച്ചകള്‍ ഉപേക്ഷിക്കാനുള്ള തീരുമാനമാണ് ഉത്ഥാനം. അധികാരത്തിന്‍റെ, പണത്തിന്‍റെ, ഇന്ദ്രിയസുഖത്തിന്‍റെ പലവിധ കച്ചകളാല്‍ ചുറ്റിവരിയപ്പെട്ടവരാണു നാമെല്ലാം. നമ്മുടെ ജീവിതക്രമങ്ങളെ ചുറ്റിവരിഞ്ഞ് അതിനെ കല്ലറയോളം എത്തിക്കുന്ന ആ കച്ചകളെ ബോധപൂര്‍വം ഉപേക്ഷിക്കുന്നതാണു ക്രിസ്ത്യാനിയുടെ ഈസ്റ്റര്‍. ഈസ്റ്റര്‍, കവര്‍ന്നെടുക്കലിലല്ല, പകര്‍ന്നുകൊടുക്കലിലാണ്.

റബി ഹഫേസ് ഹയീം പ്രസിദ്ധ ചിന്തകനും ആത്മീയആചാര്യനുമാണ്. അദ്ദേഹത്തിന്‍റെ പ്രശസ്തി നേരില്‍ കാണാനും ആ ജ്ഞാനം സ്വന്തമാക്കാനും ആഗ്രഹിച്ച് വളരെ ദൂരെനിന്നു തീര്‍ത്ഥാടനം നടത്തി ഒരു ഭക്തനെത്തി. റബിയുടെ കൊച്ചുമുറിയും ദരിദ്രജീവിതവും കണ്ട് അത്ഭുതത്തോടെ ഭക്തന്‍ ചോദിച്ചു: "ലോകപ്രശസ്തനായ അങ്ങയുടെ വീടെന്താ ഇത്ര ചെറുത്? വീട്ടുപകരണങ്ങളും വളരെ കുറവ്. എന്താ ഇങ്ങനെ?" റബി തന്‍റെ കുനിഞ്ഞിരുന്നുള്ള എഴുത്തു നിര്‍ത്തി തീര്‍ത്ഥാടകനായ ആ ഭക്തനോടു ചോദിച്ചു: "താങ്കളുടെ കയ്യിലും വസ്തുക്കളും ഉപകരണങ്ങളും തീരെ കുറവാണല്ലോ? എന്താ ഇങ്ങനെ?" ഭക്തന്‍ പുഞ്ചിരിയോടെ പറഞ്ഞു: "എനിക്കെങ്ങനെ ഭാരിച്ച സാധനസാമഗ്രികള്‍ ചുമന്നു നടക്കാനാകും? ഞാന്‍ ഒരു യാത്രക്കാരനല്ലേ? ദേശങ്ങള്‍ താണ്ടി നടക്കുന്നവന്‍!" റബി മൊഴിഞ്ഞു: "ഞാനും താങ്കളെപ്പോലെതന്നെ; ഒരു യാത്രക്കാരന്‍, തീര്‍ത്ഥാടകന്‍."

ദര്‍ശനങ്ങളെ രൂപപ്പെടുത്തുന്നതു ചിന്തയല്ല, അനുഭവമാണ്. നമ്മിലെ കല്ലറകളും കച്ചകളും ഉപേക്ഷിക്കാതെ നമുക്കും ഉത്ഥാനമില്ല. നോമ്പുകാലത്തു നമ്മള്‍ ആര്‍ജ്ജിച്ചെടുത്ത പരിത്യാഗശൈലികളും പുത്തന്‍ ജീവിതസംസ്കാരങ്ങളും തുടരാനുള്ള കാലമായിരിക്കട്ടെ ഈ ഉയിര്‍പ്പുകാലം. നോമ്പില്‍ നാം ഭക്ഷിക്കാതെ മാറ്റിവച്ചിരുന്നവ ഈസ്റ്റര്‍കാലത്തു നമ്മെ ഭക്ഷിക്കാതിരിക്കട്ടെ. നോമ്പുകാലത്തു നാം വര്‍ജ്ജിച്ച പാനീയങ്ങള്‍ ഉയിര്‍പ്പുകാലത്തു നമ്മെ മുക്കിക്കളയാതിരിക്കട്ടെ.

ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org