കുട്ടികളുടെ സംരക്ഷകരാകാം…!

കുട്ടികളുടെ സംരക്ഷകരാകാം…!

കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച ആഗോളസഭയിലെ മെത്രാന്മാരുടെ ചതുര്‍ദിനസംഗമം വത്തിക്കാനിലെ സിനഡുകളില്‍ കഴിഞ്ഞയാഴ്ച നടന്നു. മെത്രാന്മാര്‍, കര്‍ദിനാളന്മാര്‍, പൗരസ്ത്യ സഭാതലവന്മാര്‍, ഇതര സഭൈക്യ പ്രതിനിധികള്‍, വിദഗ്ദ്ധര്‍ എന്നിവരടങ്ങുന്ന 200 പേരിലധികമുള്ള ഈ സുപ്രധാന സമ്മേളനത്തിന് കേരളസഭയിലെ ചിന്താ-ചര്‍ച്ചാതലങ്ങളില്‍ വേണ്ടത്ര പരിഗണനയും ശ്രദ്ധയും ലഭിക്കാതെ പോയോ എന്ന സന്ദേഹം ശക്തമാണ്.

സമ്മേളനം ആരംഭിക്കുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പു സഭാശുശ്രൂഷകരുടെ ഇരകളായ ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുള്ള വിവിധ പ്രായക്കാരും തരക്കാരുമായ സ്ത്രീ-പുരുഷന്മാരുമായി ഫ്രാന്‍സിസ് പാപ്പ നടത്തിയ കൂടിക്കാഴ്ച ഹൃദയസ്പര്‍ശിയായി. അവരുടെ സാക്ഷ്യവും ഹൃദയം തുറന്നുള്ള പങ്കുവയ്ക്കലും പ്രശ്നങ്ങളുടെ ഗൗരവാവസ്ഥയെക്കുറിച്ചു സമ്മേളനത്തെ മനസ്സിലാക്കി കൊടുക്കാന്‍ സഹായകമായി.

സഭയെയും ലോകത്തെയും മുറിപ്പെടുത്തുന്ന ഈ വിപത്തിനെ ഇല്ലായ്മ ചെയ്യാന്‍ ദൈവാത്മാവില്‍ ആശ്രയിച്ച് ആത്മാര്‍ത്ഥമായി നാം പരിശ്രമിക്കാനുള്ള സമയമാണ് ആഗതമായിരിക്കുന്നത്. മാനുഷിക പീഡനങ്ങളോടു നിസ്സംഗത പുലര്‍ത്തുന്ന വിശ്വാസവും അതിന്‍റെ പ്രകടനങ്ങളുമെല്ലാം മിഥ്യയാണെന്നുള്ള മനില അതിരൂപത കര്‍ദിനാള്‍ ലൂയി താഗ്ലേയുടെ സന്ദേശവും വിശുദ്ധിയും വിശ്വസ്തതയുമുള്ള ദാസരെയാണു സഭാസേവനത്തിന് ആവശ്യം എന്ന വത്തിക്കാന്‍ വിശ്വാസ തിരുസംഘം ഉപകാര്യദര്‍ശി ആര്‍ച്ച്ബിഷപ് ചാള്‍സ് ഷിക്ലൂനയുടെ ചിന്തയും കേരള സഭാനേതൃത്വത്തിനും സമര്‍പ്പിതര്‍ക്കുംകൂടിയുള്ള ഒരു ഉണര്‍ത്തുപാട്ടാണ്.

കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങളും ശിശുക്കളുടെ സംരക്ഷണവും സംബന്ധിച്ച കാര്യങ്ങള്‍ അങ്ങകലെ പാശ്ചാത്യസഭയിലെ പ്രശ്നങ്ങളാണെന്നുള്ള ധാരണയില്‍ ഈ പ്രശ്നത്തോട് ഒരു 'കാണിയുടെ നിസ്സംഗത' പുലര്‍ത്താന്‍ കേരളത്തിലെ വിശ്വാസിസമൂഹത്തിനാവില്ല. നമ്മുടെ സംസ്കാരത്തിന്‍റെയും ചിന്താരീതികളുടെയും നന്മകളെ സംരക്ഷിച്ചുകൊണ്ടുതന്നെ ഈ വിഷയത്തിലെ മാറുന്ന സാഹചര്യങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കാന്‍ നമ്മുടെ സഭാനേതൃത്വത്തിനാകണം.

കുട്ടികളുടെ സംരക്ഷണം സംബന്ധിച്ചു പാപ്പ നല്കുന്ന പ്രായോഗികനിര്‍ദ്ദേശങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചര്‍ച്ചാവിഷയമാക്കാനും പ്രാവര്‍ത്തികമാക്കാനും നാം ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാവൂ. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ആരോപിതരായവരെ സംരക്ഷിക്കാനുള്ള അമിത പ്രതിരോധവും ന്യായീകരണ പ്രസ്താവങ്ങളും ഒഴിവാക്കണം. വ്രണിതരെയും ചൂഷണം ചെയ്യപ്പെട്ടവരെയും ശ്രവിക്കുക, സംരക്ഷിക്കുക, പിന്തുണയ്ക്കുക എന്നതിനായിരിക്കണം ഊന്നല്‍. ഇക്കാര്യങ്ങളെക്കുറിച്ച് ആശയപരവും മാധ്യമസൃഷ്ടവുമായ തര്‍ക്കങ്ങളും ചര്‍ച്ചകളും ഒഴിവാക്കണം.

കുട്ടികളോടുളള അതിക്രമങ്ങള്‍ ഇന്നിന്‍റെ മാത്രം ഒരു പ്രതിഭാസമല്ല. UNICEF, WHO പോലുള്ള യു.എന്‍ പ്രസ്ഥാനങ്ങളുടെ പക്കലുള്ള സ്ഥിതിവിവരക്കണക്കുകള്‍ ഈ ദുരവസ്ഥയുടെ പഴക്കവും വ്യാപ്തിയും വെളിവാക്കുന്നുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളേക്കാള്‍ എത്രയോ അധികം തിരശ്ശീലയ്ക്കു പിന്നിലുണ്ടാകും.

ശിശുക്കളെ പീഡനത്തില്‍ നിന്നും അക്രമങ്ങളില്‍ നിന്നും സംരക്ഷിക്കാനുള്ള നിയമങ്ങള്‍ ഉണ്ടാക്കുന്നതോടൊപ്പം അവര്‍ക്കു നാം നല്കേണ്ട സ്നേഹവും വാത്സല്യവും കരുതലും കൂടെ നമ്മുടെ ചിന്താമണ്ഡലത്തെ പൊള്ളിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org