വിപ്ലവത്തിന്റെ ക്രിസ്തീയഭാഷ്യം

വിപ്ലവത്തിന്റെ ക്രിസ്തീയഭാഷ്യം

കേരളസഭയ്ക്ക്, വിശിഷ്യ കേരളത്തിലെ സീറോ-മലബാര്‍ സഭയ്ക്ക്, ആഴത്തിലുള്ള ആത്മപരിശോധനയുടെ ആഴ്ചകളാണ് ഈ വര്‍ഷത്തെ നോമ്പുകാലം. അപരനിലേക്കല്ല, അവനവനിലേക്ക് ഒരു വിശ്വാസി നടത്തുന്ന യാത്രയാണല്ലോ നോമ്പ്. അതു വളരെ ദീര്‍ഘവും കഠിനവുമാണെന്ന ഡാഗ് ഹാമര്‍ഷോള്‍ഡിന്‍റെ നിരീക്ഷണം എത്രയോ ശരി. ഭൂമിവില്പന വിവാദവുമായി ബന്ധപ്പെട്ടു നടക്കുന്ന സംഭവങ്ങളും കോടതി പരാമര്‍ശങ്ങളും തന്നെയാണ് ഇവിടത്തെ വിവക്ഷ. കേരളസഭയിലെ വിശ്വാസികള്‍ മുഴുവനും നേരിലേക്കുള്ള ഈ യാത്രയുടെ നെരിപ്പോടിലാണ്.

ആത്മവിമര്‍ശനത്തിന് ആര്‍ജ്ജവം കാണിച്ചവര്‍; സ്വന്തം സഭാഗാത്രത്തിന്‍റെ മുറിവ് രോഗമാണെന്നു തിരിച്ചറിഞ്ഞവര്‍; അതിനെ മൂടിവയ്ക്കാതെ ചികിത്സിച്ചു ഭേദമാക്കണമെന്ന് ആവശ്യപ്പെട്ടവര്‍; ആദരവര്‍ഹിക്കുന്ന പ്രവാചകദൗത്യമാണു കേരളസഭയിലും സമൂഹത്തിലും ഇവര്‍ നിര്‍വഹിച്ചത്. രോഗസൗഖ്യം സാദ്ധ്യമാക്കുന്നതിനുള്ള വിവിധ നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞ നിലയ്ക്ക് ഇനി വേണ്ടതു ശാന്തതയാണ്, പ്രാര്‍ത്ഥനയോടെയുള്ള കാത്തിരിപ്പാണ്. അലറി മറിയുന്ന കടലിന് ആഴങ്ങളില്‍ ശാന്തമാകാനും കഴിയണം.

ആള്‍ക്കൂട്ടത്തിന്‍റെ ആക്രോശങ്ങളിലല്ല, ആഴമുള്ള ആത്മീയബോദ്ധ്യങ്ങളില്‍ നിന്നു ദൈവസ്വരം തിരിച്ചറിയാന്‍ കാതുകൂര്‍പ്പിക്കുന്നവരാണു ദൈവജനം. സഭയ്ക്കകത്തെ പ്രശ്നത്തിനും പ്രതിസന്ധികള്‍ക്കും ഉത്തരം സഭയുടെ മണവാളനായ ക്രിസ്തുവില്‍ത്തന്നെയുണ്ട്. സഭയുടെ നഷ്ടപ്പെട്ട താക്കോല്‍ ലോകം നല്കുന്ന ചെറുവെട്ടങ്ങളുടെ അടിയിലല്ല, ക്രിസ്തുവിന്‍റെ കൈപിടിച്ച് അതു കളഞ്ഞുപോയ ഇടത്തില്‍ നിന്നുതന്നെ കണ്ടെടുക്കാം; ഈ നോമ്പുകാലം അതിനുള്ളതാണ്.

അതിനായി സഭാസ്നേഹിയായ ഒരു വിശ്വാസിയുടെ ശ്രദ്ധ ഇനി തിരിയേണ്ടതു വ്യക്തികളിലേക്കല്ല, സംവിധാനങ്ങളുടെ ശുദ്ധീകരണത്തിലേക്കും ശാക്തീകരണത്തിലേക്കുമാണ്. അധികാരം കയ്യാളുന്ന രണ്ടോ മൂന്നോ വ്യക്തികള്‍ക്ക് അട്ടിമറിക്കാന്‍ സാധിക്കുംവിധം ദുര്‍ബലമാകരുത് സഭാസംവിധാനങ്ങള്‍. ക്രിസ്തു തന്‍റെ ശിഷ്യരായി തിരഞ്ഞെടുത്തതു പൂര്‍ണതയുടെ നിറകുടങ്ങളെയല്ല, കുറവുകളുള്ള സാധാരണക്കാരെയാണ്. പക്ഷേ, ക്രിസ്തുവിന്‍റെ ശിഷ്യത്വസംവിധാനത്തിലൂടെ അവര്‍ കടന്നുപോയപ്പോള്‍ അവര്‍ അപ്പസ്തോലരായി, സാക്ഷികളായി, ദൈവരാജ്യത്തിന്‍റെ പ്രചാരകരായി. ഈ ക്രിസ്തുവിനാല്‍ സ്ഥാപിതമായ സഭയുടെ സംവിധാനത്തിനും ഇതേ ശ്രേഷ്ഠതയുണ്ടാകണം. ഏതൊരു സാധാരണക്കാരനും ഈ സംവിധാനത്തിലൂടെ കടന്നുപോയി നിറവുള്ള സാക്ഷിയാകാന്‍ കഴിയണം. ശ്രേഷ്ഠര്‍ അധികാരികളാവുകയല്ല, ശ്രേഷ്ഠമായ സംവിധാനം അധികാരികളെ പൂര്‍ണരും ശ്രേഷ്ഠരുമാക്കുകയാണു വേണ്ടത്.

നേതൃത്വത്തോടു കലഹിക്കുകയും എന്നാല്‍ 'നിയമത്തെ അസാധുവാക്കാനല്ല, പൂര്‍ത്തിയാക്കാനാണു താന്‍ വന്നതെന്ന്' തെളിയിക്കുകയും ചെയ്ത വിപ്ലവകാരിയാണു ക്രിസ്തു. ആ പാത ക്രിസ്തുവിശ്വാസിയും പിന്തുടരുന്നതാണു ക്രിസ്തീയ വിപ്ലവം. ലൗകികശൈലികള്‍ സഭയിലേക്കു വരുന്നതിനെതിരെ ഫ്രാന്‍സിസ് പാപ്പ തന്‍റെ ശുശ്രൂഷയുടെ തുടക്കം മുതല്‍ മുന്നറിയിപ്പ് നല്കിയിട്ടുള്ളതാണ്. ഈ മുന്നറിയിപ്പ് നേതാക്കള്‍ക്കും വിശ്വാസികള്‍ക്കും ഒരുപോലെ ബാധകമാണ്. സഭയിലെ പ്രശ്നങ്ങളെ സഭാത്മകമല്ലാത്ത പദ്ധതികള്‍കൊണ്ടു പരിഹരിക്കാനാവില്ല. സഭാഗാത്രത്തിനേറ്റ മുറിവുകള്‍ ഉണക്കുന്നതിനുള്ള ചികിത്സ അതിനു നിയോഗിക്കപ്പെട്ടവര്‍ ആരംഭിച്ചിരിക്കെ, സഭയാകുന്ന കുടുംബത്തിലെ ഉത്തരവാദിത്വമുള്ള മക്കളെന്ന നിലയില്‍ നമ്മുടെ സത്വര ശ്രദ്ധ തിരിയേണ്ടതു മൂന്നു കാര്യങ്ങളിലേക്കാണ്: സഭാസംവിധാനത്തിലെ രോഗകാരണങ്ങള്‍ കണ്ടുപിടിക്കുക, സഭാപരിസരങ്ങളെ രോഗാണുവിമുക്തമാക്കുക, സഭാഗാത്രത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക.

2012-ലെ വിശുദ്ധ വാരത്തിലെ ക്രിസം കുര്‍ബാന മദ്ധ്യേ ബെനഡിക്ട് പതിനാറാമന്‍ പാപ്പ പറഞ്ഞ വാക്കുകള്‍ പ്രസക്തമാണ്: "സഭാപ്രബോധനങ്ങളോടുള്ള നമ്മുടെ അഭിപ്രായഭിന്നതകള്‍ സഭയെ ശുദ്ധീകരിക്കുന്നില്ല. ക്രിസ്തു ചെയ്തതു ദൈവിക നിയമങ്ങള്‍ക്ക് എതിരായി നിന്ന മാനുഷിക സംവിധാനങ്ങളുടെ പൊളിച്ചെഴുത്താണ്. വിശ്വാസത്തിന്‍റെ സന്തോഷത്തില്‍ ശരണപ്പെട്ട്, ഉപവിയോടെ പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരത്തിലുള്ള ഒരു സംവിധാന നവീകരണം ക്രിസ്തുശിഷ്യനും സാദ്ധ്യമാകും."

പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിന്‍റെ പേരിലല്ല, പ്രശ്നങ്ങളെ സഭാത്മകമായും ക്രിയാത്മകമായും പരിഹരിച്ചതിന്‍റെ പേരിലാകട്ടെ ചരിത്രം നമ്മെ ഓര്‍മ്മിച്ചെടുക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org