Latest News
|^| Home -> Editorial -> മണ്ണിലുറപ്പിക്കുന്ന മഹാമാരി

മണ്ണിലുറപ്പിക്കുന്ന മഹാമാരി

Sathyadeepam

രണ്ടര ലക്ഷത്തിലധികം മനുഷ്യജീവനെടുത്ത കൊറോണ വൈറസിന്‍റെ ആഗോളഭീഷണിയെ മാരകമാക്കിയത് അതിന്‍റെ അതിവേഗ വ്യാപനത്തിനുള്ള പ്രഹരശേഷിയാണ്. സാമൂഹികാകലത്തിലൂടെ ലോകം നിശ്ചലമായതങ്ങനെയാണ്. കര-വ്യോമ-ജലപാതകള്‍ ആളും ആരവവുമൊഴിഞ്ഞു വിജനമായി.

വലിയ തോതില്‍ ആശ്രിതോപഭോഗ സംസ്ഥാനമായി മാറിത്തീര്‍ന്ന കേരളത്തെ സംബന്ധിച്ചിടത്തോളം, അടച്ചിട്ട സംസ്ഥാനാന്തരപാതകള്‍, വിഭവവിതരണശൃംഖലയിലുയര്‍ത്തുന്ന വെല്ലുവിളി സമാനതകളില്ലാത്തതാണ്. യഥാര്‍ത്ഥത്തില്‍ കര്‍ണാടക മണ്ണിട്ടത് നമ്മുടെ അതിരുകളിലല്ല, സ്വയംപര്യാപ്തതയുടെ മലയാളി സ്വത്വബോധത്തിന്‍റെ ‘സുരക്ഷിത’ യിടങ്ങളിലാണ്. നമുക്കു വേണ്ടതു നാം തന്നെയിവിടെ ഉണ്ടാക്കണമെന്ന വെളിപാടിലേക്കാണ് ആ ‘പാത വീണ്ടും തുറക്കപ്പെടേണ്ടത്.’

കോവിഡാനന്തര കേരളത്തിന്‍റെ വികസനഭാവിയെന്താകണമെന്ന ചര്‍ച്ചകളില്‍ പുകള്‍ പെറ്റ ‘കേരള മോഡല്‍’ സജീവമാകുന്നുണ്ടിപ്പോള്‍. പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനായിരുന്ന ഡോ. കെ.എന്‍. രാജ്, ഐക്യരാഷ്ട്രസഭയ്ക്കുവേണ്ടി, 1975-ല്‍ നടത്തിയ ഒരു പഠനമാണ്, പില്ക്കാലത്ത് ഏറെ ആഘോഷിക്കപ്പെട്ട ‘കേരളമാതൃക’യുടെ അടിസ്ഥാനം. വ്യവസായ-കാര്‍ഷിക മേഖലകളില്‍ ശ്രദ്ധേയമായി മുന്നേറ്റമൊന്നുമാര്‍ജ്ജിക്കാത്ത ആളോഹരി വരുമാനം ഏറെ താഴ്ന്ന നിലവാരത്തിലായിരുന്ന കേരളം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ശുചിത്വം തുടങ്ങിയ സാമൂഹ്യക്ഷേമ സൂചികകളില്‍ മുന്നോക്കമായതിന്‍റെ അപൂര്‍വതയാണു സര്‍വരെയും ‘അത്ഭുതപ്പെടു’ത്തിയ പ്രശസ്തമായ കേരള മോഡല്‍. വ്യവസായം, കൃഷി തുടങ്ങിയ അടിസ്ഥാനമേഖലകളില്‍ കാര്യമായ പുരോഗതി കൈവരിക്കാതെ, സാമൂഹികജീവിത നിലവാരത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ നിലനില്ക്കുന്നവയല്ലെന്ന തിരിച്ചറിവ് എന്നിട്ടും കേരളത്തെ ഒന്നും പഠിപ്പിച്ചില്ല എന്നതിന്‍റെ തെളിവല്ലേ, പുതിയ വിഭവസമാഹരണസാദ്ധ്യതയായി, റിയല്‍ എസ്റ്റേറ്റും വിദേശനിക്ഷേപവും കൊണ്ടാടപ്പെട്ടത്. ഗള്‍ഫുനാടുകളുള്‍പ്പെടെ, വിദേശങ്ങളിലേക്ക് ആളുകളെ കൂട്ടത്തോടെ ‘നാടുകടത്തി’ നാട്ടിലെത്തിച്ച പണത്തിന്‍റെ സിംഹഭാഗവും ഭൂമിയില്‍ത്തന്നെ വീണ്ടും നിക്ഷേപിക്കപ്പെട്ടപ്പോള്‍, നീര്‍ത്തടങ്ങള്‍പോലും നികത്തി കെട്ടിടങ്ങളുയര്‍ന്നു. ചതുപ്പുപോലും ഊഹമഹാകമ്പോളത്തില്‍ മൂല്യമുള്ളതായി. കൃഷിപ്പണി വില കുറഞ്ഞതായി. വിളകള്‍ക്കു വിലയില്ലാതായി. പാടവും പാടിയും തരിശു കിടന്നു. വിവര-സാങ്കേതികവിപ്ലവത്തില്‍ ഐ.ടി. പുതിയ വ്യവസായമായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മണ്ണിലിറങ്ങുന്നതുപോലും മാനക്കേടായി.

മണ്ണെന്നാല്‍ വീടു വയ്ക്കാന്‍ മാത്രമല്ല, വിത്തെറിയാനുമുള്ളതാണെന്ന മനസ്സുതിരിവാണു മടങ്ങിവരേണ്ടത്. ആദ്യഉരുളയോടൊപ്പം, ആരാകണം എന്ന ചോദ്യത്തിനുള്ള കുഞ്ഞു മറുപടികളില്‍ കൃഷി കടന്നുവരാതിരിക്കാന്‍ നാം പുലര്‍ത്തിയ ജാഗ്രതയില്‍ തൊട്ടു തുടങ്ങണം, ഈ മടങ്ങവരവിന്‍റെ ആദ്യപാഠം. നേരമ്പോക്കായല്ലാതെ, നിലനില്പിനുള്ള ആദികാരണമായി, കൃഷിപാഠമുണ്ടാകണം. പുറത്തു പോകാനുള്ള പരിശീലനക്കളരി മാത്രമെന്നതില്‍ നിന്നും ഉന്നത വിദ്യാഭ്യാസമേഖല മോചിതമാകണം. കൃഷികേന്ദ്രീകൃത സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പ്രോത്സാഹിപ്പിക്കപ്പെടണം. സാങ്കേതികപ്രിയമായ (tech-friendly) സംവിധാനങ്ങളാല്‍ കാര്‍ഷികരംഗം മത്സരോന്മുഖമാകണം. കൃഷിവകുപ്പും വന-മൃഗ സംരക്ഷണവകുപ്പുകളും തമ്മിലുള്ള ക്രിയാത്മകമായ ഏകോപനം നയരൂപീകരണനിര്‍വഹണത്തില്‍ സമയോജിതമായി സംഭവിക്കുന്നുവെന്നു സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉറപ്പു വരുത്തണം. കാര്‍ഷികവായ്പ, വിള ഇന്‍ഷൂറന്‍സ്, ന്യായവില എന്നിവയിലൂടെ കൃഷി, സുരക്ഷിതസംരംഭമായി കര്‍ഷകന് ബോദ്ധ്യപ്പെടണം.

കൃഷിയുടെ ഹരിതപാഠങ്ങളിലേക്കു യുവതയെ മടക്കിവിളിക്കുന്നതില്‍ സഭയുടെ സംഘടിതസംവിധാനങ്ങള്‍ സംഘാതമായി നിറവേറ്റേണ്ട ചില ചുമതലകളുണ്ട്. ഇടവകാതിര്‍ത്തിയില്‍ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ തരിശുനിലങ്ങളെ വിളഭൂമിയാക്കാന്‍ യുവജനസംഘടനകളുടെ പിന്തുണയുറപ്പാക്കണം. ജൈവരീതിയില്‍ പരിപാലിക്കപ്പെട്ട കാര്‍ഷികഫലങ്ങളുടെ വിപണനം അതാതിടങ്ങളിലെ ആഴ്ചചന്തകളില്‍ ന്യായവിലയിലുറപ്പിക്കണം. കാര്‍ഷികവിളകളുടെ മൂല്യവര്‍ദ്ധിതസംരംഭങ്ങള്‍ സഭയുടെ സാമൂഹ്യസേവന വിഭാഗത്തിന്‍റെ അടിയന്തിര അജണ്ടയാകണം. വിവിധ രൂപതകള്‍ നേതൃത്വം നല്കുന്ന സാമൂഹ്യസേവനവിഭാഗങ്ങളെ കേരളത്തിന്‍റെ കാര്‍ഷിക സുരക്ഷയെന്ന പൊതുനന്മയിലേക്കു കുറേക്കൂടി സജീവമായും ക്രിയാത്മകമായും സമന്വയിപ്പിക്കാനാവുമോയെന്ന ചര്‍ച്ചകള്‍ക്കു കെസിബിസി നേതൃത്വം നല്കണം.

ഓര്‍ക്കുക, ‘മണ്ണിലുറച്ച’ തീരുമാനങ്ങളാകണം, കോവിഡാനന്തര കേരളത്തിന്‍റെ മനസ്സൊരുക്കേണ്ടത്.

Leave a Comment

*
*